Thursday 8 February 2018

വിഷനീല

വിഷനീല
..............

കടും ബ്രൗണില്‍
''ഒലിവ് ബ്ളാക്കി''ന്‍റെ നിഗൂഢത ചാലിച്ചപ്പോള്‍
ക്യാന്‍വാസില്‍
നിന്‍റെ   ഇരുള്‍ക്കൂടാരം പുളഞ്ഞു..
............................................
.....ഇടംകാല്‍ മടമ്പിലൊരിഴയല്‍!
നിന്‍റെ കരിശല്‍ക്കങ്ങളെന്തു സുഖദം..

പടര്‍ന്നിഴയുന്ന പാണലില്, ചേരില് 
ആ പഴമൂണിപ്പാലയില്.,എരുക്കില്
നിന്‍റെ സാമ്രാജ്യത്തിന്‍റെ  ഹരിതകം വരയാന്‍
ഞാന്‍ പച്ചയുടെ  നിറഭേദം
''ടെറാ വെര്‍ട്ട ''ചാലിച്ചു..
.................................
....നീ ഫണമൊരുക്കണ്ട.
ആ കരിനീലയേറ്റാന്‍
ഇന്നെനിക്ക് മനസ്സില്ല..

നീ ഊളിയിടുന്ന
കരിയിലപ്പറ്റങ്ങള്‍ക്കിനി
''ബിസ്റ്റര്‍ ബ്രൗണി''ന്‍റെ തനിമയൊഴുക്കണം,
നിന്‍റെ നിമ്നോന്നതങ്ങള് പതിഞ്ഞ
ഇളംപൂഴിക്കൊരു സ്ളൈറ്റ് '' സിയന്ന ബ്രൗണി''ന്‍റെ
മണ്ണത്തം  ചാര്‍ത്തണം...
..................................................
....ഇന്നത്തെ എന്‍റെ നട്ടുച്ച സ്വപ്നത്തില്‍
നിറയെ നിന്‍റെ വിഷപ്പല്ലുകളുടെ
ചാരുതയായിരുന്നു..

''കൊബാള്‍ട്ട് ബ്ളൂ''വിനെന്നും
ആകാശത്തിന്‍റെ   ലയഭംഗിയാണ്,
നിന്‍റെ   മേല്‍ക്കൂര കടുപ്പിക്കാന്‍
ഞാനതില് ''കാര്‍ബണ്‍ ബ്ളാക്കി''ന്‍റെ ഗാഢത ചേര്‍ക്കും
.....    .,.....,.  നിന്‍റെ ഉടലിപ്പോള്‍
സ്നിഗ്ദ്ധമൊരു ‍പാദസരച്ചുറ്റ്.
   നീ എന്നെ കൊത്തുമോ?

നിന്‍റെ വന്യസ്ഥലിയിലെ
കത്തിയുതിര്‍ന്ന തിരിനാമ്പുകള്‍ക്ക്
''വെര്‍മില്യോണി''ന്‍റെ  ചുവപ്പുരഹസ്യം കൊടുത്തതിനെ
''വെല്‍ഡ് യെല്ലോ''യുടെ   മൂര്‍ച്ചകൊണ്ടറ്റം കൂര്‍പ്പിക്കും..
''യുറേനിയം മഞ്ഞ''യില്
മഞ്ഞളലിഞ്ഞെഴുന്ന നിന്‍റെയുടല്‍രൂപങ്ങളിലെ
പച്ചപ്പായല് തെളിഞ്ഞുനില്‍ക്കും.....,..

...,....,,..................
നീയൊന്നുയര്‍ന്നുപൊങ്ങി,തല നീട്ടി..
ആ കണ്ണുകള്‍, രണ്ട് ജീര്‍ണതകള്‍,
   എന്‍റെ മൃതിയുഴിയുന്ന പോലെ..

ഈ ജനലഴിക്കരികിലെ
കറുകപ്പൊന്ത,
നവോത്ഥാനത്തിന്‍റെ ''വിറിഡിയന്‍ ഗ്രീനി''ല്‍
പടമുരിഞ്ഞെറിഞ്ഞ നിന്‍റെ
പൂര്‍വ്വാശ്രമത്തിന്‍റെ ഗാഥകള്‍ പാടും..
   ആ നാവോറേറ്റുന്ന പുള്ളോന്‍വീണകളെ
''സെപ്യ ബ്രൗണി''ന്‍റെ  കടുംരാശിയാല്‍ ഞാന്‍
സമ്മോഹിപ്പിക്കും......
നിന്‍റെ തിടുക്കത്തിലുമെന്തൊരു
ലാസ്യമാണ്!

എന്‍റെ   ബ്രഷ്ബ്രസ്സല്‍സ്
നിന്‍റെ ഉടല്‍വളവുകളില്‍ പുളയണം.
ഈ ക്യാന്‍വാസില്‍ നീ
നിഗൂഢമയക്കത്തിലാഴുന്ന
   നിന്‍റെ കനവിറ്റുന്ന, രതിയുണരുന്ന,
പകലെത്താത്ത,പച്ച കറുത്ത
ഊഷരസങ്കേതം വിടരണം..
നിന്‍റെ സീല്‍ക്കാരം, കനല്‍‍ചുവപ്പാണ്,
ആ രൗദ്രദംശങ്ങള്‍‍, നീല ഖരീഭവിച്ച
'' സെറിലിയന്‍ ബ്ളൂ'' വായി  കൊത്താനായുമ്പോള്‍
ഞാന്‍ പകയുതിരുന്നയാ തീക്കണ്ണില്‍
''ഓക്കര്‍ റെഡി''ന്‍റെ  ധാര്‍ഷ്ട്യം നിറയ്ക്കും..
സര്‍വ്വമിതില്‍ വരയണമെനിക്ക്..
ചായത്തട്ടില്‍ ഭ്രാന്തം
ഞാന്‍ നിന്‍റെ നിറക്കൂട്ടൊരുക്കട്ടെ..
വിരുദ്ധവര്‍ണങ്ങളെ ഇണ ചേര്‍ക്കട്ടെ,
നിറഭേദങ്ങളെ ഉണര്‍ത്തി ക്യാന്‍വാസില്‍
നിന്‍റെ ചുരുള്‍ വഴികള്‍ക്ക്  ചാലു കീറട്ടെ..

തെല്ലിട  നീ ആ വിഷനീല വിഴുങ്ങുക
കറുംപത്തി താഴ്ത്തുക,
എന്‍റെ   ബ്രഷ് വരപ്പാടുകളില്‍
കായല്‍പച്ചയുടെ
അഗാധനീലയുടെ
തീച്ചുവപ്പിന്‍റെ സങ്കീര്‍ത്തനങ്ങള്‍  പകരുക..
പൗരാണികതയുടെ    ''ഗ്രേ ടോണ്‍'' ഭിത്തിയില്‍ നിന്ന്
എന്‍റെ ഹൃദയച്ചുവപ്പിലേയ്ക്ക് നീ  
ഇഴഞ്ഞു കയറുക..