Monday, 2 June 2014

എഴുതിവച്ചത്..എഴുതിവെയ്ക്കാത്തത്

"ചുംബിക്കുമ്പോള്‍
കാലുകള്‍ ഇനി നമുക്കു പിണച്ചുവയ്ക്കാം,"
അവന്‍ പറഞ്ഞു.

ഞാനപ്പോള്‍ നിലാവിനെ നോക്കുകയായിരുന്നു.
"മുറ്റത്തെ അരളിപ്പൂക്കളില്‍
ഞാന്‍ എന്‍റെ പ്രണയം കുടഞ്ഞിട്ടിട്ടുണ്ട്
എന്‍റെ ഉന്മാദം മുഴുവന്‍നിറച്ചെടുത്ത്
അവയിപ്പോള്‍ ചുവന്ന് തുടുത്തിട്ടുണ്ടാകും..
ഒരു പൂ നീ പറിച്ചോളൂ.."
നിലാവ് പറഞ്ഞു.

അവനെന്‍റെ ഉടലിന്നടിയിലൂെട
നീണ്ടുകൊണ്ടിരുന്നു..
ചുംബനങ്ങള്‍ എങ്ങനെ സ്വാഭാവികങ്ങളാക്കാമെന്നെങ്ങോ
വായിച്ചു പഠിച്ചിട്ടുണ്ടത്രേ..
ജാലകവിടവിലൂടെ
മഴതോര്‍ന്നൊരോലത്തുമ്പ്,
തന്‍റെ അവസാന തുള്ളി പ്രണയജലവുമൂറ്റി
മണ്ണിനിറ്റിക്കുന്നത്കണ്ട്
വരണ്ടുണങ്ങിയ നാവ് ഞാന്‍ നൊട്ടിനുണഞ്ഞു..
ആര്‍ക്കുന്ന തൊണ്ടയുംകൊണ്ടവനോടൊട്ടിയാ
കുതിവെള്ളപ്പാച്ചിലിലൊഴുകാന്‍ തുനിയവെ,
പരവശതയില്‍,
കുനിഞ്ഞ് തലയിണയടിയില്‍
മറന്ന പാഠം തപ്പുന്നയവന്‍റെ മുഖംകണ്ട്
ഹതാശമൊരു ചാലിലൂടെ
ഞാന്‍ വീണ്ടും നിലാവിലേയ്ക്കൂളിയിട്ടു..

അവന്‍ ചോദ്യങ്ങള്‍ തുടങ്ങി.
എന്തുതരം ചുംബനങ്ങളാണ് നിനക്ക് പ്രിയം,
അവയ്ക്ക് സ്വാദ് വേണമോ?
ഇരുളിലതു തിളങ്ങണമോ
ചുണ്ടുകള്‍ തമ്മില്‍ കൊരുക്കുമ്പോള്‍ നിനക്ക് പൊള്ളണമോ....

ഞാനവന്‍റെ നട്ടെല്ലിലൂടെ
കൃത്യമായി താഴോട്ടൊഴുകുന്ന
ഒരു വിയര്‍പ്പുചാല്‍ കണ്ടുപിടിക്കുകയായിരുന്നു..
ഞാന്‍ പറഞ്ഞു:
"നോക്കൂ,ഇതാണ് പ്രണയനദി..
തുടങ്ങിയാല്‍ ഇടതടവില്ലാതെ
ദിശയില്ലാതെ
ദിക്ക് മറന്ന്
നിയമം നോക്കാതെ
രോമകൂപങ്ങളെ വരെ കടപുഴക്കി
തിളപ്പിച്ചുരുക്കി നമ്മെ ലാവയാക്കുന്നത്..
അതിലൂടൊഴുകിയാല്‍
ഇടയ്ക്ക്,അറിയാതെ നമ്മള്‍
അഭിമുഖമാവും,
അറിയാതെ പുണരും,
കാലുകള്‍ പിണയും,
ദേഹങ്ങളൊട്ടും,
അറിയാതെ വരുന്നയൊരു തൃഷ്ണ,
ഒരു തേരിലേറ്റി
നമ്മളറിയാതെ നമ്മെ കൊണ്ടുപോകും.."

"വരുംചുംബനങ്ങള്‍
സ്വാഭാവികവും സ്വാദിഷ്ടവുമായിരിക്കും പ്രിയനെ!"