Monday, 20 March 2017

അറ്റം കീറിയ ഭൂപടം നോക്കി
വിലക്കപ്പെട്ട  അയല്‍രാജ്യത്തിന്റെ
അതിര്‍ത്തിവരച്ചു,
അതിരുകള്‍ അടയാളപ്പെടുത്തി,
സഞ്ചരിക്കാന്‍ ഒരിക്കലും സാധ്യതയില്ലാത്ത
റോഡുകള്‍,
ഒത്തുകൂടുമെന്ന് ഒരു പിടിയുമില്ലാത്ത
അവിടത്തെ പൊതുസ്ഥലങ്ങള്‍,
ഒരിക്കലും കാണില്ലെന്നുറപ്പുള്ള
വിനോദകേന്ദ്രങ്ങള്‍,
ചെന്നിറങ്ങാന്‍ ഒരിക്കലുമിടയില്ലാത്ത
വിമാനത്താവളങ്ങള്‍,
തുറമുഖങ്ങള്‍,
എല്ലാം കൃത്യമായി
മനസ്സിലാക്കി,
രേഖപ്പെടുത്തി,

അവന്റെ നെഞ്ചോട് ചേര്‍ന്ന്
ആ ചുണ്ട് കടിച്ചൊരുമ്മ..

തൃപ്പൂണിത്തുറ ഇരുമ്പനം റൂട്ടില്‍ ആലിന്‍ചോട് സ്റ്റോപ്പില്‍ ഇറങ്ങുക. അവിടെയൊരു ഇക്കോഫ്രണ്ട് ലി
റെസ്റ്റോറന്റ് ഉണ്ട്.അവിടത്തെ തെക്കേമൂലയിലെ രണ്ട്  കസേരകള്‍ നമുക്ക് റിസര്‍വ്വ്ഡ് ആണ്.രണ്ട് കോറിയാന്‍ഡര്‍ ബദാം മില്‍ക് ഷേക്  ഓര്‍ഡര്‍ ചെയ്ത്  നമുക്ക്  കണ്ണില്‍ കണ്ണില്‍
നോക്കിയിരിക്കാം..ഇമ കോര്‍ത്തിരിക്കുന്നേരം ഷേയ്ക്ക്
വരും. ഒരു സിപ് കുടിച്ച് ഗ്ളാസുകള്‍ വെച്ചുമാറാം.വിരലുകള്‍ പരസ്പരം  മൃദുവായി തലോടാം. അപ്പോള്‍ കുമാര്‍സാനുവിന്റെ "തൂ മേരി സിന്ദഗി ഹൈ" അവര്‍ പ്ളേ ചെയ്യും. പ്രണയത്തിന്റെ   epitome ആണ് ആ പാട്ട്. കേട്ടിരിക്കാം.നമുക്ക്  പുണരാനൊന്നും പക്ഷേ പറ്റില്ല. വീണിരിയ്ക്കാം..പരസ്പരം വീണിരിയ്ക്കാം..ചിലപ്പോള്‍ ഇടയ്ക്ക് തൊട്ടടുത്ത റ്റേയ്ബിളിലെ  സുന്ദരനായ പയ്യനെ  ഒന്ന് നോക്കിയെന്നിരിക്കും.
ക്യൂരിയോസിറ്റി കൊണ്ടാണ്.
അത് കൊണ്ട് മാത്രം...... ഇഷ്ടമുള്ളതെന്തായാലും അറിയാമല്ലൊ, അടുത്തിരിക്കുന്ന ആളെത്തന്നെയായിരിക്കും.സത്യം.
അതങ്ങനെയല്ലേ ആവൂ.എത്ര നാളായി ഈ ഇഷ്ടം തുടങ്ങിയിട്ട്.
ഭൗമമായ യാതൊന്നും ഈ ഇഷ്ടത്തെ അലട്ടുന്നില്ല.അതു- കൊണ്ടുതന്നെ ഒരുത്തനെ ഒന്നു നോക്കിയെന്നു കരുതി യുദ്ധത്തിനൊന്നും വരണ്ട. ഒന്നിനേയുംകൂട്ടിമുട്ടുന്നില്ലല്ലോ,
പിന്നെ ഒച്ചയനക്കി പോകേണ്ട കാര്യമെന്ത്?നമുക്ക്സംസാരിക്കാം.. നമ്മുടെ പ്രേമപാരവശ്യത്തെപ്പറ്റി,  മനോസംഘട്ടനങ്ങളെപ്പറ്റി,ഇനിയൊരു ദിവസം നമ്മള് ചിലപ്പോള്‍ ഏര്‍പ്പെടാന്‍ പോകുന്ന രതിയേപ്പറ്റി.
അതിനിടയില്‍ ചിലപ്പോള്‍ വീണ്ടും
ആ പയ്യനെ നോക്കിയെന്നിരിക്കും.
അത് കണ്ണങ്ങോട്ട് വെറുതെ   പോകുന്നതാണ്.അല്ലാതെ വേറൊന്നുമല്ല.ചിലപ്പോള്‍  അതുകാരണം  നമ്മള്‍  വഴക്കി-
ട്ടേക്കാം.ചീത്ത വിളിച്ചേക്കാം..ഹോ,
വേണ്ട,വല്ലാത്തൊരു ഹൃദയദ്രവീക-           രണമായേക്കുമത്.അത്  വേണ്ട..let us reconcile എന്നു പറഞ്ഞ് നമുക്ക്  സന്ധിയില്‍ ഏര്‍പ്പെടാം.എന്റെ രാജ്യം എനിക്കും നിന്റെരാജ്യം നിനക്കും മുഫ്ത്ത്...ഫ്രീ..no interfere at all..പരസ്പരം അധിനിവേശപ്പെടാതെ  എന്റെ മഖ്മല്‍ മൊഹബ്ബത്തേ, സ്വതന്ത്രമാകട്ടെ നമ്മുടെ പ്രണയാകാശം..

അപ്പോ പറഞ്ഞപോലെ നാളെ രാവിലെ..

എന്തിനാണിപ്പോള്‍
ഇതൊക്കെ ആലോചിക്കുന്നത്?

എട്ട് മക്കളുണ്ടായിട്ടും
ആ വല്യവീട്ടിലൊറ്റയ്ക്ക് കഴിയുന്ന
വല്യമ്മച്ചിയുടെ കാര്യം,

മണ്ണൊട്ടും നനയ്ക്കാതെ
ഒന്നിനെയുമുണര്‍ത്താതെ
കാലം തെറ്റി വന്ന്,
പെയ്തു തീര്‍ന്നെന്നു
പറഞ്ഞുപോയ
ഇക്കൊല്ലത്തെ മഴകളെ,

നഗരത്തിലിന്നലെ
മത്സരയോട്ടത്തില്
ഒറ്റയിടിയ്ക്ക് തീര്‍ന്ന
രണ്ട് പിച്ചക്കാര് പിള്ളേരെപ്പറ്റി,

കണാരേട്ടന്റെ
മുടിഞ്ഞുപോയ കൃഷിയേയും
ബസ് സ്റ്റോപ്പിലെ
പൂട്ടിപ്പോയ
ഏക പെട്ടിക്കടയേയും കുറിച്ച്..

എന്തിനാണ് ഇതൊക്കെയിപ്പോഴും
ആലോചിക്കുന്നത്?

കുപ്പമഞ്ഞളിന്റെ
ചുവപ്പുമഞ്ഞയെ,
ഉച്ചയ്ക്ക്
കൂട്ടുകാരന്‍ തന്ന
ഉമ്മയെ,
കളഞ്ഞുപോയ
ആ ഓറഞ്ചുപെന്‍സിലിനെ,
എപ്പോഴും പിണങ്ങുന്ന
നാലാം ക്ളാസ്സിലെ
സെലിന്‍ ജോസഫിനെ ,

സെലിന്‍..
അവള് പറയാറുണ്ട്,
നീയൊക്കെ തനി ക്ളീഷേയാണെന്ന് ..
അവളെ കേട്ട്,
ബോബ് ഡിലന്റെ
''ത്യ്രൂ ഇറ്റ് ആള്‍ എവേ''മൂളി,
ചുമ്മാതെയുള്ളൊരു
ജാഥയില്‍
ചുമ്മാതെയൊന്ന് 
കേറിയിറങ്ങി,
ക്ഷീണിച്ച്,

ഒടുക്കം  പിന്നെയും
ഈ കലുങ്കേലിരുന്ന് ,
കുന്നിറങ്ങി വരുന്നൊരു
ചൂട്ടുകററയെ ഓര്‍ത്ത്,
ബി.പി.എല്ലുകാര്‍ക്ക്
വെട്ടിക്കുറച്ച
ഇരുപത് കിലോ
റേഷനരി വീതത്തേപ്പറ്റി
ആലോചിക്കാന്‍ തുടങ്ങി..

രണ്ട് ഉന്മാദികള്‍

രണ്ട് ഉന്മാദികള്‍
==============

വെറോ..
നീയൊരു
30'' 22'' 32''
സീറോസൈസ്
ഉടല്‍ക്കാഴ്ച,

പിങ്ക് സാരിയിലൊരു
റോസ് ദലം,

നെഞ്ചിട തൊട്ടുഴിഞ്ഞൊരു
സില്‍ക്ക് നൂല്‍,

ഒരു തോപ്പ്,
തോട്,
തോരാത്തത്,

മഞ്ഞ്,
മഴ,
മണ്ണുതിര്‍ത്തത്,

വെറോണിക്കാ..
എന്താണിതെന്റെ
കാതിടയിലൊരു കാറ്റ്?!

                
              അത്....
        അതു ഞാന്‍ വെച്ച ഉമ്മയാണ്..

ഈ മുടിപ്പിന്നലി-
ലൂടകത്തു കയറ്റി,
ഒരിമയനക്കത്തി-
ലൂടുടലുലച്ച് ,
ഒരു ചെറു ജിമുക്കി-
യാട്ടത്തിലൂയലാടിച്ച് ,
നനുത്ത സാരിത്തൊടല്‍-
കൊണ്ടെല്ലാടവും  വിന്യസിപ്പിച്ച്,
കണ്‍കെട്ടി,
അര കോര്‍ത്ത്,
ചേര്‍ത്ത്,
ചേര്‍ത്തുചേര്‍ത്ത്

ഒടുക്കം ഒരു
വിരല്‍ഞൊട്ടയായി
താഴെയിട്ടങ്ങനെ ..

കാമുകൻ
••••••••••••••

ഇടത്തും വലത്തും
മുൻപിലും പുറകിലും
എന്റെ നടപ്പുവഴികളിൽ
എെന്ദ്രജാലികപ്പൂ വിരിയിക്കുന്നു,

  നിന്റെ ചോടുകളിൽ കുറുനരിച്ചൂര്.

ഒരു വര,
ഒരു കാല്‍പാടി-
ടയ്ക്കുലാവു-
മൊരിളംവെയിലൊ-
ഴുകിയകലു-
മൊരു പുഴ-
യിടം വലം
തിളയ്ക്കുമൊരു
കര,യകമുണങ്ങാ-
ത്തൊരഗ്നി,യിളം നിറ-
നീരാളമാ,മാകാശ-
മൊഴുകുമൊരാര്‍-
ത്തി,യിരുള്  കത്തും
കൊടും ക്രൗര്യ-
മുഴറിയൊഴുകു-
മൊരു  കാമ,മൊടുക്കത്തെ-
ദാഹ,മാര്‍ജ്ജവ-
മെന്നാല്‍ കറുപ്പു,
തിന്നുമാലസ്യ-
മെല്ലാമൊരു
പെണ്‍ജീനേറിയാ-
ലെങ്ങനെ?