Monday, 25 March 2019

Mandakrantha sen

കവിത: Mandakranta Sen
മലയാളംഃനിഷാനാരായണന്‍

നീ ആവശ്യപ്പെടുംവണ്ണം
ജീന്‍സ് ധരിക്കുന്നത് ഞാന്‍ നിര്‍ത്തിക്കോളാം,
തികച്ചും മറ്റൊരു പെണ്ണായിക്കോളാം,
എണ്ണ തേയ്ക്കാത്ത ,ഇറക്കം കുറഞ്ഞ മുടിയുമായി നടക്കില്ലിനി,
നിന്റെ ആഗ്രഹം പോലെ തന്നെ
നാളെമുതല്‍ ഞാന്‍ പുതിയൊരാളായിരിക്കും.
നീ എന്റെ കൂടെ ഉണ്ടെങ്കില്‍
ഉറപ്പായും നിന്റെ കാല്‍ച്ചോടെ
ഈ നീല ധനിയാഖലി സാരി വിരിച്ചിടും; എടുത്തോളൂ..
ജീന്‍സ് വലിച്ചെറിഞ്ഞുകളഞ്ഞപോലെ
കെട്ടതെല്ലാം കളഞ്ഞോളാം,
ആ കാലുകള്‍ക്കു ചുറ്റും
ഒരു പുഴയായങ്ങുതന്നെ  ഒഴുകിയേക്കാം.

ഞാനൊരു പുഴയാവുകയാണെങ്കില്‍
ചെക്കാ,നിനക്കതില്‍ നീന്താനറിയുമോ?

Anna akhmatova

കവിതഃAnna Akhmatova
മലയാളംഃനിഷാനാരായണന്‍

എത്ര പ്രകാശമാനമാണ് ഈ സായന്തനം!
ആകെ മഞ്ഞനിറം..
ഏപ്രിലാണ്..
ഏപ്രിലിനിപ്പോഴും ഹൃദയാലുവായ ഒരുതണുപ്പ് ബാക്കിയുണ്ട്..ഹാ!
വര്‍ഷം കുറെ കഴിഞ്ഞെങ്കിലും
നീ വന്നല്ലോ..സന്തോഷമുണ്ട്.

ഇരിക്കൂ..
എന്നോട് ചേര്‍ന്നിരിക്കൂ.
എന്നിട്ട് കൗതുകത്തോടെ എന്നെ നോക്കൂ,
ഇതുകണ്ടോ..ഈ നീല നോട്ടുബുക്ക്..
ഇതുനിറയെ കുട്ടിക്കാലത്തെ
എന്റെ കുത്തിക്കുറിക്കലുകളാണ്.

ക്ഷമിക്കൂ..
എന്നോട് ഇനിയൊന്ന് ക്ഷമിക്കൂ...
ഞാന്‍ വേദനയില്‍ ജീവിച്ചു,
സൂര്യവെളിച്ചത്തെ നിരാകരിച്ചു,
മഴയേയും മഞ്ഞിനേയും തമസ്കരിച്ചു.
ഹോ! ക്ഷമിക്കൂ,
ക്ഷമിക്കെന്നോട്..
ഒരുപാട് കാര്യങ്ങളെ
ഞാന്‍ തെറ്റിദ്ധരിച്ചുപോയി..

നിനക്കുവേണ്ടി.

Ozymandias

Ozymandias -BY PERCY BYSSHE SHELLEY
വിവര്‍ത്തനം: നിഷാനാരായണന്‍

അടിമുടിപൊടിമണ്ണു ചൂടിയാകാല്‍കള്‍രണ്ടും
മരുഭുവിലിതു കാണ്മൂ രണ്ടുകപ്പല്‍ കണക്കെ,
ഒരു പ്രതിമ!..ഉടലാകെയെപ്പൊഴോ ധൂളിയായ്
ധരയതിലലിഞ്ഞിരുകാലുകള്‍ മിച്ചമായി.
തലയതുപൊടിഞ്ഞഥ വീണുപോയ്തെല്ലുദൂരെ,
മുഖമതിലിരുണ്ടൊരു
സ്ഥായിയാംക്രൗര്യഭാവം.
നിപുണതയൊടുശില്പി
കേമമായ്കാര്‍ന്നെടുക്കേ ,
കണിശവുമനന്യവുമായതിന്‍ രൂപഭാവം''

പഥികനൊരുവന്‍ഒരു പ്രാക്തനനാട്ടുകാരന്‍,
മിഴിവൊടെകഥചൊല്ലീയാദ്യന്തംസൂക്ഷ്മമായി

''അറിയണമിനിയെങ്കിലാരുടേതീ കുരൂപം,
അടിയിലൊരു വക്കിലായ് കൊത്തിയിട്ടുണ്ടു  പേരും.
അരചന്‍ ഒസിമന്‍ഡീയസ്സ് ,മന്നരില്‍മന്നനാ-
ണറിയുകയവനൊട്ടു കൂസലില്ലൊന്നിനേയും.
സകലരുമൊരുപോലെ പേടിച്ച വീരനാണീ-
മൃതിയുടെ പൊടിമൂടി മൗനമാര്‍ന്നീ കിടപ്പൂ''.
ക്ഷിതിയതില്‍നശ്വരംമര്‍ത്ത്യ! തവ ജീവഭാവം
പെരുമയുമര്‍ഥവുംക്ഷണേന നിരര്‍ത്ഥമാകും.
അരചനൊസിമന്‍ഡീയസ്സെപ്പൊഴേ മണ്‍മറഞ്ഞൂ,
ഇനിയിവിടെയുള്ളശിലാസ്മൃതി മാത്രമായി'' .

ഒരുനിമി!അടര്‍ന്നുപോം ശുഷ്കമീമര്‍ത്ത്യജന്മം ,                              
കല!നിത്യമമരത്വഭംഗിയാലേ  ലസിപ്പൂ!!.

Saturday, 23 February 2019

Herman hesse

ഒരു ശ്രമം.

How Heavy The Days


How heavy the days are.
There's not a fire that can warm me,
Not a sun to laugh with me,
Everything bare,
Everything cold and merciless,
And even the beloved, clear
Stars look desolately down,
Since I learned in my heart that
Love can die.

Hermann Hesse

എത്ര മാറാപ്പിന്‍ ക്ളിഷ്ടത പേറിയാ-
ണിദ്ദിനങ്ങള്‍ പൊഴിയുന്നതീയിടെ.
ഇല്ല,തീയൊന്നുമെന്നെ തപിപ്പിക്കാന്‍
ഇല്ലൊരര്‍ക്കനുമൊപ്പം സ്മിതം തൂകാന്‍.
ആകെ നഗ്നം; തണുപ്പിന്റെ ക്രൂരത-
യാലുടൽ വിറച്ചീടുന്നു, ശൂന്യത!
അത്രമേല്‍ പ്രാണനായുള്ള താരകള്‍
നിര്‍വികാരം മിഴികള്‍ താഴ്ത്തീടവേ,
ഓര്‍ത്തു കൃത്യമായോമലേ,സ്നേഹവു-
മാര്‍ക്കുമില്ലാതെ വേരറ്റുപോയിടാം.

Friday, 15 February 2019

അവനും അവളും പ്രേമിക്കുമ്പോള്‍

അവനും അവളും പ്രേമിക്കുമ്പോള്‍
==========================

*ഓഡന്‍ കവിതകളെപ്പറ്റി നിരന്തരം പറയുമ്പോഴും
അവള്‍ ഷെല്ലിയുടെ **ബ്ളിത്ത് സ്പിരിറ്റിനെ
ധ്യാനിച്ചുകൊണ്ടിരിക്കും.
ഓര്‍ക്കിഡ് പൂവിന്റെ അപാരവയലറ്റില്‍
കണ്ണലിയിക്കുമ്പോഴും
ശംഖുപുഷ്പത്തിന്റെ നീലകൃസരിയില്‍
വിലയിച്ച് അവളിരിക്കും.
അവളൊരു ആനയിലയന്‍ ഹൈഡ്രാഞ്ചിയയാണ്.

അവള്‍ ഇങ്ങനെപറയുകയാണ്
നിങ്ങളോടു ഞാനിനി മിണ്ടുകയേയില്ല
എന്നെങ്കില്‍
അവളേ...
അവള്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത്
പുറകില്‍ നിന്നെന്നെ വന്നൊന്നു ഇറുക്കെ പൂണരൂ,ഈ കടല്‍ക്കാറ്റേറ്റ് മുക്കാലും നനഞ്ഞിരിക്കുകയാണ് ഞാനെന്നാണ്.
അവള്‍ മിന്നിമിന്നുന്ന ചെയ്ഞ്ച്റോസയാണ്.

അവളെ പ്രേമിക്കുമ്പോള്‍
അവന്‍ മിഠായിത്തെരുവിലെ ഏതെങ്കിലും
ഹല്‍വാക്കടയിലും അവളേതോ
പയ്യെപ്പോകുന്ന മെമു ട്രെയിനിലെ ഏകാന്തതയിലുമായിരിക്കും.
അല്ലെങ്കിലവന്‍ അക്കാഡമിയിലെ
അക്രിലിക് ചിത്രവരയുടെ
അമൂര്‍ത്തതയില്‍ തല മുക്കിയിരിക്കുന്നേരം
അവളൊരു ഇടുങ്ങിയ ബസ് സ്റ്റാന്‍ഡില്‍
വിയര്‍പ്പിന്റെ റിയലിസ്റ്റിക് സ്ട്രോക്കുകള്‍ വരയുകയാവും.
അവനേ..അവനൊരു **ക്യൂപിഡ്ദേവനാണ്.

അവനെ പ്രേമിക്കുമ്പോള്‍,
അവള്‍ വെളുപ്പിനുള്ള രണ്ട്മുപ്പത് മണിയിലൂടെ
ഒരു സ്വപ്നത്തെ തള്ളിനീക്കുകയാകും.
അവനോ അപ്പോള്‍ യുവന്റസിന്റെ
ഗോള്‍വല കുലുക്കിയ തോല്‍വിയുടെ കുപ്പായവും കീറി,ചാനലുകള്‍ സ്ക്രോള്‍ ചെയ്തുകളിക്കുകയാകും.
അവനൊരു
ഒട്ടും തുളുമ്പാത്ത
ഇറാനിയന്‍ ചായയാണ്.

അവനും അവളും പ്രേമിക്കുമ്പോള്‍
ബസ്സ്സ്റ്റാന്‍ഡിന്റെ തെക്കെ മൂലയിലെ
പാരഡൈസ് ഹോട്ടലിനു മുന്നിലെ
നട്ടപ്പ്രവെയിലില്‍, ഒരു കറുത്ത ഫ്രോക്ക്ടൈപ്പ് ചുരിദാറില്‍ അവളും,
അവന്‍-പയറുപച്ചടീഷര്‍ട്ടില്‍ , തന്റെ റെഡ്പജേറോ
പാര്‍ക്ക് ചെയ്യാനുള്ള തത്രപ്പാടില്‍
താലൂക്കാഫീസ് റോഡിലെ
അരമണിക്കൂര്‍ ബ്ളോക്കിന്റെ വാലറ്റത്തുമായിരിക്കും.

''നാ......ന്‍
നനൈന്തിടും തീയാ.....
പെയ്യും നിലാ നീ..യാ..''
നാന്‍,
നീ,
ഞാനുംനീയും,
അവളും അവനും.

ഞാനും നീയും പ്രേമിക്കുമ്പോള്‍,
അവളും അവനും പ്രേമിക്കുമ്പോള്‍,

ഇന്ന് കാലത്ത് പത്തുമണിയായിരിക്കും.
മരങ്ങളെല്ലാം തണുപ്പ് വെടിഞ്ഞുതുടങ്ങിയിരിക്കും.
പൊന്തിത്തുടങ്ങിയ വെയിലില്‍
ഒരു കിളി മാത്രം  ചിറക് വിതാനിച്ചിരിക്കുകയാകും  .
അടുത്ത വീട്ടില്‍നിന്ന് പരിപ്പുകറിയുടെ
കടുകുവറമണം പൊങ്ങുകയാകും.
പ്രേമത്തിലായ ഒരു വിയറ്റ്നാംമേഘവും
ഒരുകനേഡിയന്‍മേഘവും,
അവര്‍
എന്നെങ്കിലുംകണ്ടുമുട്ടുമ്പോള്‍
പങ്കുവെയ്ക്കേണ്ട ദാര്‍ശനികവൈരുദ്ധ്യങ്ങളെപ്പറ്റി
ചിന്തിക്കുകയാകും.
അവള്‍ അവന്റെ കാതില്‍
ഒരു കാരണവുമില്ലാതെ
'യു ഫക്ക്ഡ് മീ വിത്തൗട്ട് കിസ്സിംഗ്'
എന്ന് പുലമ്പുകയാവും.

നിലാവ് പെയ്യുകതന്നെയാണ്..
അവനും അവളും പ്രേമിക്കുമ്പോഴും,
ഞാനും നീയും പ്രേമിക്കുമ്പോഴും,
ഈ ലോകം എത്ര മേല്‍ സ്വാഭാവികമാണെന്നു പറഞ്ഞ്
നാം പിന്നീട് അദ്ഭുതപ്പെടും; ഊറിച്ചിരിക്കും.

*W H  Auden-കവി
**ഷെല്ലിയുടെ west wind എന്ന കവിതയിലെ പ്രയോഗം
***പ്രേമത്തിന്റെ ദേവന്‍

 





Wednesday, 5 December 2018

പൊഴേ..

പൊഴേ...
=====

*മെര്‍ദ്...
ഇല്ലിച്ചൂണ്ടയില്‍ അവസാന ഇരയും കോര്‍ത്ത്
കണ്ണും കാതും മനസ്സും പൊങ്ങില്‍ ചേര്‍ത്ത്...
വരാലോ മുഷിയോ ചെമ്പല്ലിയോ?
പുഴ പറഞ്ഞു 'മെര്‍ദ്'.
ഓളക്കൈകള്‍ ഉറക്കെപ്പറഞ്ഞു;
മെര്‍ദ് മെര്‍ദ് മെര്‍ദ്...
പുഴേ...

മുതലക്കടവ്,ബംഗ്ളാ കടവ്
മേക്കാലടി കടവ്,കൊറ്റമം കടവ്
ഈറ്റക്കടവ് ,കല്ലുകടവ്,
മൂഴിക്കടവ്..........
പൊഴേ...കാലടിപ്പൊഴയേ..
പ്രളയമൊഴിഞ്ഞുണങ്ങിയ മടിത്തട്ട്,
നീലക്കുഞ്ചലമിട്ട് മെടഞ്ഞിട്ട മുടിയൊഴുക്ക്,
നാണത്തിന്റെ മണല്‍ഞൊറി,
കൈയൊന്നില്‍ പാറോത്തും മറ്റേതില്‍ കൈനാറിയും പൂത്ത്,
ചുണ്ടോരോന്നിലും ചെത്തിപ്പഴവും
തൊണ്ടിപ്പഴവും ചോന്ന്,
നീലവിശാലഗഗനമേ...ഹാ!
നീ ഒന്നായടര്‍ന്നിവളില്‍!
ഗ്ളക്ക്.....കൊത്തിയോ!
വരാലോ മുഷിയോ ചെമ്പല്ലിയോ?
ഉങ്ങിന്‍കായൊന്ന് തണ്ടടര്‍ന്ന് വീണതാണ്.
പറയൂ പുഴേ, 'മെര്‍ദ്'..
പുഴ പറഞ്ഞു 'മെര്‍ദ് '
തേരകവും ചേരും തുടരെപ്പറഞ്ഞൂ 'മെര്‍ര്‍ദ്'
കുന്തങ്കാല് വെടിഞ്ഞു
പടഞ്ഞിരുന്നു; ഒരു പള്ളത്തിപ്പട പാഞ്ഞുവരുന്നുണ്ട് .
വെയിലുറച്ചു;സ്ഫടികജലം.
കാരിയും ചെമ്പല്ലിയും പിലോപ്പിയും
തെന്നിപ്പറ്റി നില്‍പുണ്ട്.
തഡ്! ഉശിരോടെ ഒരു 'വാള' പൊങ്ങിത്താണു,
**ഖഷോഗി എന്ന് പേരിട്ടതിനെ വിളിച്ചപ്പോള്‍
ചുറ്റും
അശാന്തിയുടെ ചോപ്പന്‍ വരകള്‍!
ഖഷോഗീ!!ചുറ്റും ഒരു പള്‍പ്ഫിക്ഷന്റെ ക്രൂരത!
പുഴ തേങ്ങി.
ഊത്ത പിടിക്കുമ്പോള്‍ വാള തന്നെവീഴണം
വലയിലതിന്റെ 'മല്ല്'കാണണം
കൂര്‍മ്പന്‍ അരിപ്പല്ലുകള് ചെത്തിയെടുത്ത്
കണ്ടം തുണ്ടം വെട്ടിനുറുക്കണം
പുഴ വീണ്ടും തേങ്ങി..
കൈ കെട്ടപ്പെട്ട്,നാവുരിയപ്പെട്ട്
പുഴ ഏങ്ങിത്തേങ്ങി.
പുഴേ പറയൂ,.മെര്‍ദ്...
പുഴ മിണ്ടീല്ല..
പാണലും കയ്യോന്നിയും ചേരും മിണ്ടീല്ല..                                                                                                                                                                                                          
ചൂണ്ട ദൂരെയെറിഞ്ഞു,
വക്കത്തെ വെള്ളിലത്തേയും അയനിയേയും
തോണ്ടിവിളിച്ചു,
ചാടിയിറങ്ങി,
അടിമണ്ണില്‍ കാല്‍ പൂഴ്ത്തി,
കയ്യാല്‍ പുഴ വാരിയെടുത്തു ,
പുഴയില്‍ കിണുങ്ങി,പുഴയോടെയൊഴുകി,
***പുഴയായപുഴയൊക്കെ പുഴയെന്ന്മൂളി,
വിങ്ങി ,
വിങ്ങിവിങ്ങി
പുഴയില്‍ മലര്‍ന്നു..
ജലശയനം!!

പുഴ ചിരിച്ചു 'മെര്‍ദ്'
തീരം ചിരിച്ചു 'പര്‍ദോം'
ആ കൈതയും കടവും തുടരെച്ചിരിച്ചു
' മെര്‍ദ് പര്‍ദോം'!!

*മെര്‍ദ്-good luck എന്നര്‍ഥം വരുന്ന  ഫ്രഞ്ച് പദം
**വധിക്കപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി

***മുല്ലനേഴിക്കവിത

                             -  നിഷാനാരായണന്‍

Monday, 3 December 2018

അന്നൊക്കെ

ഇന്നത്തെ ജനയുഗം വാരാന്തത്തില്‍ കവിതയുണ്ട്.

അന്നൊക്കെ..
........................

എൺപതുകളിലെ
പ്രണയമൊക്കെ
എങ്ങനെയായിരുന്നാവോ?

അന്നൊക്കെ
നിലാവ് കൂടുതൽ
പൊഴിഞ്ഞിരുന്നാവോ..
*പേരറിയാത്ത മരങ്ങളില്‍,
*വീട്ടിലേയ്ക്കുള്ള വഴിയില്‍..
സര്‍വ്വത്ര ഊര്‍ന്നുവീണിട്ടുണ്ടാകാം
നിലാശീലുകള്‍.

കലാലയങ്ങളിലന്ന്
ചുവപ്പുവാകകള്‍
നിറയെനിറയെ പൂത്തിരുന്നത്രേ,
ഒരു വശ്യച്ചുവപ്പായവ
ഓരോ കരളിലും
പടര്‍ന്നുകിടന്നിരുന്നത്രേ,
സിരകളില്‍ വിപ്ളവത്തിന്റെ
ചോര പായിച്ചത്രേ..

അന്നൊക്കെ
കാല്‍പനികതയുടെ
ഓടം തുഴഞ്ഞ്,ആളുകള്‍
ബ്രഹ്മാണ്ഡം മുഴുക്കെ
ഉലാവി രസിച്ചു കാണും.
**"ഷീ,ഷാഡോ ഓഫ് സം  ഗോള്‍ഡന്‍ ഡ്രീം,
ടെന്‍ഡര്‍ റിഫ്ളക്ഷന്‍ ഓഫ് ദി ഇറ്റേര്‍ണല്‍ മൂണ്‍''..
ആ ''അനശ്വരചന്ദ്രിക''യില്‍
''അവളു''ണ്ടെന്ന് പറഞ്ഞ
''ഷെല്ലി''യോടൊപ്പം
മഞ്ഞലിഞ്ഞ സസക്സിന്റെ
തെരുവീഥിയിലൂടെ
ദേവഗന്ധമുള്ളൊരു പ്രണയിനിയെ
കിനാക്കണ്ട്
അവരൊക്കെ
നടനടന്നിട്ടുണ്ടാകാം,

ഉറച്ച തൈരിനും
അച്ചിങ്ങാപ്പയറ് തോരനുമൊക്കെ
അന്ന് കുറച്ചൂടെ
സ്വാദായിരുന്നു കാണും,
പക്ഷിക്കൂട്ടങ്ങളന്ന്
ഏറ്റവും ധാരണയോടെ
കൂടുതല്‍ നിര്‍ഭീകരായി
പറന്നുനടന്നിട്ടുണ്ടാകും,
എങ്കിലും ഭയപ്പിക്കുന്ന
കടലിരമ്പങ്ങള്‍
അന്നും ഉണ്ടായിരുന്നുകാണും,
വിശ്വാസങ്ങള്‍
നിനയാതെ
തകര്‍ന്നിട്ടുണ്ടാകാം ,
സാമ്രാജ്യങ്ങള്‍ പൊടുന്നനെ
നിപതിച്ചിട്ടുണ്ടാകാം ,
സ്വപ്നം പൊലിഞ്ഞ്
ഒരു ജനത
യാഥാര്‍ഥ്യത്തിന്റെ തേങ്ങല്‍
തൊണ്ടയില്‍ കുരുക്കിയിട്ട്
നിസ്വരായി,കുറേ നേരമിരുന്നിരിക്കാം...

എങ്ങനെയായിരുന്നാവോ
ശരിക്കും എണ്‍പതുകളിലെ
പ്രണയം..
ശാസനങ്ങളെ ഭേദിച്ച്,
വാതില്‍പൂട്ട് പൊട്ടിച്ച്,
പുറത്തുകടന്നതൊരു
ഗഗനചാരിയായി,
സ്വര്‍ഗ്ഗവാതിലുകള്‍
മുട്ടിത്തുറപ്പിച്ചാവോ ..
അത് 
നവ്യ പാരിജാതമണ-
മുതിര്‍ത്തിരുന്നാവോ..
ജീവിതത്തിന്റെ
മണല്‍പ്പുറത്ത്
ഇണചേര്‍ന്നുണര്‍ന്ന്,
വീണ്ടുമിണചേര്‍ന്ന്
മരണം വന്നപ്പോള്‍ മാത്രം
മുറിച്ചു കഷണപ്പെട്ടുപോകുന്ന
രണ്ടാത്മാക്കളുടെ,
ശരീരങ്ങളുടെ
ഇഴചേര്‍ന്നിഴുകലായിരുന്നാവോ..
അതോ അതൊരു
ഇന്ദ്രജാലമായിരുന്നോ........

ചങ്ങാതി,
ഈ എണ്‍പതുകളിലെ
പ്രണയം
എങ്ങനെയായിരുന്നാവോ?

*ഡി.വിനയചന്ദ്രന്‍ കൃതികള്‍
**ഷെല്ലിയുടെ വരികള്‍  Epipsychidion എന്ന കവിതയില്‍ നിന്നും