Monday, 9 December 2013

കിനാവീട്

പൊഴിയടര്‍ന്ന
പായ്മേല്‍
ചുരുണ്ടടങ്ങി
ജോസഫ്
നനുത്ത പല്ലിക്കാലുകള്‍
കിനാക്കണ്ടു..

കാപ്പിമട്ടൂര്‍ത്തിയ
ചവര്‍പ്പ്
തലകറക്കിയപ്പോള്‍
കയ്ചു കാര്‍ക്കിച്ചാ-
ക്കനവിനെയവന്‍
തുപ്പിയോടിച്ചു..

പണിതീരാത്ത
വെട്ടുകല്‍ച്ചുമരില്‍
കുത്തിയിരുന്ന്
വെളുക്കോളം
കൊത്തങ്കല്ല്
കളിച്ചിട്ടിപ്പോള്‍
നടുകടച്ചില്!

നാളത്തെക്കളിയിലാ
മാലാഖക്കൊച്ചിനെ
തോല്‍പിച്ചു
പതം വരുത്തുമെ-
ന്നവനാണയിട്ടു.

ഇന്നലെയടര്‍ന്നു-
വീണ നക്ഷത്ര-
മൊരോമനപ്പാടു -
വീഴ്ത്തിയ നിലംനോക്കി
ആവലാതിപ്പെട്ടൊടുക്കം
ജോസഫ് തന്‍റെ
സ്വപ്നവീട്ടിലെ
മണ്‍തറയില്
നെടുവീര്‍പ്പു കുഴച്ചൊഴിച്ച്
കോണ്‍ക്രീറ്റിട്ടു.

ചുമര്‍ തുഴഞ്ഞേറിയ
പല്ലിക്കാലുകളിടയ്ക്ക്
വഴിമുട്ടി
മുഖംതിരിച്ച്
കണ്‍മിഴിച്ചവനെ
കളിയാക്കിയപ്പോള്‍
അവനാ
പണിതീരാവീട്ടില്
നിസ്സഹായതയുടെ-
യൊടുക്കത്തെ
കട്ട പാകി..

കാടു മടുത്ത
കരിനാഗങ്ങ-
കളകത്തിഴഞ്ഞു കേറി-
യിണ ചേര്‍ന്ന് നിത്യം
പെരുകിയപ്പോള്‍
വേഗമവന്‍
വീട്ടിന്നൊരര-
ക്ഷിതാവസ്ഥയുടെ
കതകുണ്ടാക്കി..

ഇടയ്ക്കൊന്നൂയലാടാന-
കത്തൊളിച്ചു കേറിയ
മേഘക്കുഞ്ഞുങ്ങളെ
കണിശം പുറത്താക്കാ-
നവനാ വീട്ടിനൊര-
പകര്‍ഷതയുടെ
ഷീറ്റു മേഞ്ഞു..

ചുമരില്‍
അനിശ്ചിതത്വത്തിന്‍റെ
വെള്ള പൂശി
ഗതികേടു കറുപ്പിച്ച
കല്ലടുപ്പില്‍
പാലുകാച്ചി
ഇന്നു ജോസഫ് പുരകേറി..

2 comments:

  1. you write for your students also?

    ok, have a look at my blog post :P

    ReplyDelete
  2. ei teacher
    enjoy the festive season ahead..
    may you have a grace-filled Christmas and Happy New Year

    ReplyDelete