Thursday, 23 January 2014

പ്രാകൃതികം

ഇന്നലെ..
നീല സില്‍ക്ക് വിരിപ്പിന്‍റെ സുഭഗതയില്‍
ഇണ ചേര്‍ന്നുറങ്ങിയ ഞങ്ങള്‍,
ഉണര്‍ന്നെണീറ്റത്,
പൂഴിമണ്ണിന്‍റെ വിശാലതയിലേക്ക്...!

ഇളംമണ്ണ് വിതാനിച്ച ഉടലുകളേറി
ഞങ്ങള്‍ പ്രഖ്യാപിച്ചുഃ
""ഇനി പ്രകൃതിയിലേയ്ക്ക്""...

ആദ്യം ഞങ്ങള്‍ നഗ്നരായി..
പാദുകങ്ങളും ആഭരണങ്ങളും
ഊരിയെറിഞ്ഞു..

കുളിക്കാതെ പുണര്‍ന്നു.
പല്ലുതേയ്ക്കാതെ ഞങ്ങള്‍ കൈമാറിയത്,
ലഹരി പുകയുന്ന കഞ്ചാവുമ്മകള്‍..
നഖങ്ങള്‍ വളര്‍ത്തി
പുലിത്തേറ്റകളാക്കി..
ജടപിടിച്ച മുടിയിലെ പേനുകള്‍
പുതിയ നൈസര്‍ഗ്ഗികസുഖത്തില്‍
തുള്ളിച്ചാടി,വര്‍ഗ്ഗസങ്കരണത്തിന്‍റെ
ഗാഥകള്‍ പാടി..

പകല്‍ത്തണുപ്പില്
ഇളംവെയിലിന്‍റെ ചില്ലകള്‍
കൂട്ടിയിട്ട് ഞങ്ങള്‍ തീകാഞ്ഞു..

രാത്രിയില്‍
നിഗൂഢഗന്ധങ്ങള്‍  ഉതിര്‍ത്തുവരുന്ന
ദിക്കറിയാക്കാറ്റുകള്‍
ഞങ്ങളുടെ ഊഷരസങ്കേതങ്ങളെ
തണുപ്പിച്ചു..

പാതിരാനേരത്ത്..
വന്യസൗന്ദര്യമാകെ-
പ്പ്രദര്‍ശിപ്പിച്ചുഴറുന്ന
നിശാചരികളുടെ മായക്കാഴ്ചകള്‍
കാണാന്‍ ഞങ്ങള്‍
പതുങ്ങിനടന്നു..

ഞാന്‍ പെറുന്നത്..
ഈ മണ്‍കിടക്കയിലേയ്ക്കായിരിക്കുമെന്നും,
ഉടച്ചുമറിച്ചെന്നെ,ശൂന്യയാക്കി
അവന്‍ വന്ന്.,
ശേഷം കുതിച്ചാര്‍ക്കുമെന്നും,
പച്ചമീന്‍ തിന്ന്,പുഴയില്‍ മറിഞ്ഞ്,
കരയില്‍ മദിച്ച്,
മരത്തിനോടും മാനിനോടും
ചങ്ങാത്തം കൂടി
ഇവിടെയിങ്ങനെ
ജീവിച്ചുതിമിര്‍ക്കുമെന്നും
ഞങ്ങള്‍ ആലോചിച്ചുറപ്പിച്ചു!

അന്നു രാത്രി..
നിലാവടര്‍ന്നുവീണു വെളുത്ത
മണല്‍പരപ്പില്‍,മലര്‍ന്നുകിടക്കെ...

കടകവളകളണിഞ്ഞൊരു കൈത്തലം
ഞങ്ങളെ പിടിച്ചുയര്‍ത്തി..!
കയ്യിലൊരു ചായക്കൂട്ട് വച്ചു നീട്ടിയിട്ട്
വിളറിയ മരക്കൂട്ടത്തിനെ
ഹരിതം തേച്ചോരുക്കാന്‍ പറഞ്ഞു,

ഉണങ്ങിയ നനവിടങ്ങളില്‍
പിന്നെ ഞങ്ങളെക്കൊണ്ട്
ഉറവിന്‍റെ വിത്ത് പാകിപ്പിച്ചു..
ആകാശത്തൂയലാടിപ്പിച്ചു..
നക്ഷത്രങ്ങളെക്കൊണ്ടുമ്മ വെയ്പിച്ചു..
ഒടുവില്‍..
ക്ഷീണിച്ചുതളര്‍ന്ന ഞങ്ങളെ

ഉറക്കെയാശ്ളേഷിച്ച്,
നിതാന്ത നിര്‍വ്യതിയിലാഴ്ത്തി...

4 comments:

  1. Straight from the bosom of nature…raw, naked and beautiful…

    ReplyDelete
  2. കവിതകള്‍ സ്വന്തം ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണൊ....??....അല്ല.....ചുമ്മാ ചോദിച്ചെന്നേ....ഒള്ളൂ....

    ReplyDelete