Tuesday, 9 February 2016

പ്രസന്റ് ടെൻസ്


പ്രസൻറ് ടെൻസ്
,,,,,,,,,,,,,,,,,,,,,,,,,,,,,,

ഇന്ന്
കടയിൽ
മുഖംമൂടികൾ
വിൽക്കുന്നുണ്ട്.

മൂലകളിൽ
ഭാണ്ഡങ്ങളുണ്ട്,
അവയിൽ
ഞെക്കിയമർത്തി
വരിഞ്ഞുമുറുക്കിയിരിക്കുന്നത്
പാർശ്വവത്കരിക്കപ്പെട്ട ചിരികളെയാണ്,

ഒരു കാറ്റ്
കരിഞ്ഞ് ചൂളം കൂത്തി
വിവശതയിലേക്ക്
പറക്കുന്നുണ്ട്,

കോൺഫറൻസ് ഹോളിൽ നിന്ന്
ഒഴുകിയിറങ്ങിയ
ഒരു വിഷച്ചിന്ത താണിറങ്ങി
മണ്ണിനെ തൊട്ടുനോക്കുന്നുണ്ട്,

ഒരു ബഹിർ ഗമനക്കുഴൽ വഴി
നിലാവിനെ പമ്പ് ചെയ്ത് നീക്കുന്നുണ്ട്,

രാത്രിയെ  മുറിച്ചുണക്കി
ആരോ കരയുന്നുണ്ട്,
കരച്ചിൽ വരകളാക്കിയ
ചതുരൻ ക്യാൻവാസുകൾ
ആകാശത്ത് പറക്കുന്നുണ്ട്,

ആദ്യമില്ലാത്ത കഥകൾ തെരുവിൽ തപ്പുന്നുണ്ട്,
ചൊടിയുണക്കി ഒരു പുഴ വറ്റുന്നുണ്ട്,
വഴികൾ ഇരുളിൽ കരിയുന്നുണ്ട്,
നിഴലുകൾ പിളരുന്നുണ്ട്,
കവിയുടെ പോളിഷ് ചെയ്തു മിനുക്കിയ ഒരു  വരി,
ശരണഗതിയില്ലാതെ
വിങ്ങുന്നുണ്ട്..

ദിവസം,
ഒടുവിലൊരു
പ്ളാസ്ററിക് പാത്തിയിലൂടെ വഴുതിയിറങ്ങവെ,
കടയിൽ അവസാനബോർഡും
തൂങ്ങുന്നുണ്ട്,
"നാളെ കിനാക്കൾ വിൽക്കപ്പെടും".

2 comments: