Thursday, 16 June 2016

നിദ്രായനം

നിദ്രയെന്താണ,തിരുട്ടുകോട്ട തന്‍ തളത്തിലൂടോരിരച്ചു പാച്ചിലോ?
മയക്കി നാസാരന്ധ്രംതുറപ്പിക്കും ഗന്ധപ്രവാഹമോ?
കറുപ്പുചാലിച്ചൊരുങ്ങി മേവുന്നൊരു നിശാ ശാലയോ,
കറുപ്പുതിന്നങ്ങു പുളച്ചു പൊങ്ങിയൊരു കൊടുംകാടോ..

കുളിര്‍ന്ന മേടോ നിരന്ന മേഘച്ചടുലപ്രവാഹമോ,
നനുത്ത കാറ്റോ പിറന്ന കുഞ്ഞിന്‍റെ നവമൃദുസ്മേരമോ,
രാവോ നിലാവോ ചിരിയോ സ്വരങ്ങളോ രാക്കിളിപ്പാട്ടോ,
നീരറ്റകണ്ണിന്നൊടുക്കമായൂറിയോ-രശ്രുപ്രവാഹമോ?

തികച്ചുമദ്ഭുതപ്രപഞ്ചമാണെന്നെയുറക്കുമീ നിദ്ര,
കിണഞ്ഞുനോക്കിലും
പിടിതരാത്തൊരു കടംകവിതപോല്‍
കരങ്ങള്‍ മാന്ത്രികം വിരിച്ചുനീട്ടി മയക്കുമക്ഷണം
നയിച്ചുകൊണ്ടങ്ങു കടത്തിടും, മേനി തളര്‍ത്തിടും,പിന്നെ
ഇരുളു പൊന്തുന്ന കാണാക്കയങ്ങളില്‍ നടത്തിടും ,
പല മിഴിഞ്ഞ കാഴ്ചകള്‍ കുടഞ്ഞിടുമെന്‍റെയടഞ്ഞ കണ്‍കളില്‍..

ഉയര്‍ന്ന ചില്ല മേലൂയലാടിച്ചങ്ങു പറത്തിയോടിക്കും,
കുരുന്നു തെന്നലിന്‍ തോളിലേറ്റിച്ച് പാല്‍കാവടിയാട്ടും,
ഇടയ്ക്കിടെ തെല്ലുഭയപ്പെടുത്തുവാന്‍ കണ്ണുകെട്ടിച്ചങ്ങ്,
പറത്തിടും കുന്തമുനയിലേറ്റിയൊരു താരവേഗത്തൊടെ..

പരീക്ഷീണര്‍ ഞങ്ങളുടല്‍- സമരങ്ങളില്‍ മടുത്തുപോയവര്‍ 
തുടിച്ചു നീന്തിക്കരപറ്റിയിട്ടും പേര്‍ത്തലച്ചിടുന്നവര്‍
അതൊക്കയാവാം നിദ്രേ! നിനക്കു വശംവദര്‍ ഞങ്ങള്‍
കൊതിച്ചിടുന്നു ,സര്‍വ്വം മറന്നാ നിതാന്തനിദ്രക്കായ്ക്കായ്!

1 comment: