Sunday, 15 January 2017

എന്തായാലും ഷുവര്‍

          എന്തായാലും ഷുവര്‍..
           ================

  പതിവുപോലെ
അമ്മൂമ്മയ്ക്ക്
മുറുക്കാന്‍
ഇടിച്ചുകൊടുത്ത് ,

അമ്മേടെ മീന്‍കറിയാണ്
ഈ ലോകത്തിലേയ്ക്കും വച്ച്
ഉഗ്രന്‍ ന്ന് പറഞ്ഞ്,

അനിയത്തിയോടൊന്ന്
ഇടികൂടി,

തെക്കേലെ
ഗ്ളാമര്‍ പ്രസാദിനെ നോക്കി-
യൊന്നു കണ്ണിറുക്കി,

അഴേലിട്ടിരുന്ന
അച്ഛന്റെ മുണ്ട്
അകത്തേയ്ക്കെടുത്തിട്ട്,

മുറ്റത്തെ ചെമ്പകത്തില്‍നിന്ന്
ഒന്നിറുത്ത് തലേല്‍ ചൂടി,

നാളെ..
മാവോ കണാരേട്ടാ,
എന്റെ പ്രണയം
നിങ്ങടെ കൂടെ ഒളിച്ചോടും.




















Thursday, 8 December 2016

അതെ,സഹൃദയരെ

അതെ,
സഹൃദയരെ...
==========

കാഥികൻ
കഥ പറഞ്ഞുതുടങ്ങി,

രാത്രി പുറത്ത്
തെരുവിന്റെ പരിയമ്പുറത്ത്
പെണ്ണ് തന്റെ
കൂരവാതിലിന്
ഒരു കൊളുത്തുറപ്പിക്കുകയാണ്,
ആണി വളഞ്ഞുപോയി,
ചുറ്റിക ദൂരെക്കളഞ്ഞ്
അവള്
പായിൽ ഇരിപ്പുറപ്പിച്ചു..
അതാ അങ്ങോട്ടുനോക്കൂ...
കാഥികൻ വിരലറ്റത്ത്
ജീവിതം പൊലിപ്പിച്ചുതുടങ്ങി.

ഉറങ്ങിക്കളയാം,
കതക് വിടവിലേയ്ക്ക്
പതുക്കെപ്പതുക്കെ  അവളുടെ
കൺപൂഴ്ത്തൽ,
കഥയ്ക്കിടെ പാട്ട്,
ഹാർമോണിയക്കട്ട
പെരുപ്പിച്ച്
കാമുകന്റെ വ്യൂപോയിന്റിൽ
കാമുകിയുടെ
അംഗപ്രത്യംഗ വർണന,
കാഥികൻ രണ്ടരക്കട്ടയിൽ
തൊണ്ട പായിക്കുന്നു..
മുഖത്ത് ഭാവാഭിനയതീക്ഷ്ണത.

പെണ്ണ്
സുഖമായി ഒരു
സ്വപ്നത്തിലുറങ്ങിത്തുടങ്ങി.
അപ്പൂപ്പൻതാടിപ്പുറത്ത്
പറന്നുപാറുന്നേരം
അവളൊന്ന് മിടയിറക്കി
ചിരിച്ചു.
മൈക്രോഫോണിന്നു
പുറകിൽ
അമിതാഭിനയ കേളി,
തുപ്പലഭിഷേകം,
നായകന്റെ ദിവ്യപ്രേമം
ഉൾക്കൊണ്ട്
അനുരാഗപരവശനായി
മുഖം വലിച്ചുമുറുക്കും
കാഥികന്റെ
ഭാവസംത്രാസം..

കേൾവിക്കാരില്ലാതെ
പെണ്ണിന്റെ കൂർക്കംവലി,
നല്ല ഉറക്കം,
ഉറക്കം ഒരു കറുത്ത
വ്യാഘ്രമായി
പൊരുന്ന വിട്ടെണീറ്റു,
ഇരയുടെ
കാലുകൾ വലിച്ചകത്തി..

കഥാമധ്യത്തിൽ
കാമുകീ കാമുകരുടെ
വേഴ്ച,
കാഥികൻ
പ്രണയാതുരത കാണിക്കാൻ
പുരികങ്ങൾ പൊക്കുന്നു,
കണ്ണുകളെ
അർധനിമീലിതങ്ങളാക്കി
കവിള് തുടുപ്പിച്ച്
ചുണ്ട് നേർപ്പിച്ച്
വയർ എക്ളിപ്പിച്ച്
കാൽ വിരലൂന്നി
നെഞ്ചുതള്ളിക്കുമ്പോൾ
പ്രണയത്തിന്റെ
രണ്ടാംഘട്ടമായ
പരിശുദ്ധവേഴ്ചയുടെ
ഓവർ എക്സ്പ്രഷനുകളിലേക്ക്
സദസ്സ്
രോമാഞ്ചം ചെലുത്തുന്നു.

ഇരയുടെ അലറിവിളി,
പിടച്ചില്,
ഭ്രാന്തിറുമ്മി വ്യാഘ്രം
ചുണ്ടുകൾ കടിച്ചെറിഞ്ഞു,
''അയ്യോ  അമ്മേ''
തൊണ്ടയമറുന്നു,
കാതില്ലാ ഓർക്കസ്ട്രേഷൻ
കരച്ചിലിന്റെ
ഒടുക്കത്തെ ഒലിയും കൊണ്ട്
പറക്കുകയാണ്.....

അതെ
കാഥികൻ ഇപ്പോൾ
പ്രണയം പാടുന്നു,
മൂന്നാംവരി എടുത്തുപാടി
ഉച്ചസ്ഥായിയിൽ
നാലാംവരി,,
തൊണ്ട നിന്നു!!
നിസ്തേജം മുഖം!
വേദിയിറങ്ങി
കസേരകൾ ചാടിക്കടന്ന്
കഥ പോകുകയാണ്!
നിലാവിനെ നോക്കാതെ
വഴിക്കാഴ്ച കാണാതെ
പാട്ടും താളവും പള്ളേലെറിഞ്ഞ്
കുതികുതിച്ചു,
തെരുവെത്തി ,
അവിടെ
പരിയമ്പുറത്ത്
കുത്തിയിരുന്ന്,
തല കുനിച്ച് ,
ഉടലൂരി,
കൈകാലുകൾ പറിച്ചെറിഞ്ഞ്
കഥ പൊഴിയാൻ തുടങ്ങി,
അതെ സഹൃദയരെ....
കഥ
പൊഴിഞ്ഞുതീരുകയാണ് ......

Thursday, 16 June 2016

നിദ്രായനം

നിദ്രയെന്താണ,തിരുട്ടുകോട്ട തന്‍ തളത്തിലൂടോരിരച്ചു പാച്ചിലോ?
മയക്കി നാസാരന്ധ്രംതുറപ്പിക്കും ഗന്ധപ്രവാഹമോ?
കറുപ്പുചാലിച്ചൊരുങ്ങി മേവുന്നൊരു നിശാ ശാലയോ,
കറുപ്പുതിന്നങ്ങു പുളച്ചു പൊങ്ങിയൊരു കൊടുംകാടോ..

കുളിര്‍ന്ന മേടോ നിരന്ന മേഘച്ചടുലപ്രവാഹമോ,
നനുത്ത കാറ്റോ പിറന്ന കുഞ്ഞിന്‍റെ നവമൃദുസ്മേരമോ,
രാവോ നിലാവോ ചിരിയോ സ്വരങ്ങളോ രാക്കിളിപ്പാട്ടോ,
നീരറ്റകണ്ണിന്നൊടുക്കമായൂറിയോ-രശ്രുപ്രവാഹമോ?

തികച്ചുമദ്ഭുതപ്രപഞ്ചമാണെന്നെയുറക്കുമീ നിദ്ര,
കിണഞ്ഞുനോക്കിലും
പിടിതരാത്തൊരു കടംകവിതപോല്‍
കരങ്ങള്‍ മാന്ത്രികം വിരിച്ചുനീട്ടി മയക്കുമക്ഷണം
നയിച്ചുകൊണ്ടങ്ങു കടത്തിടും, മേനി തളര്‍ത്തിടും,പിന്നെ
ഇരുളു പൊന്തുന്ന കാണാക്കയങ്ങളില്‍ നടത്തിടും ,
പല മിഴിഞ്ഞ കാഴ്ചകള്‍ കുടഞ്ഞിടുമെന്‍റെയടഞ്ഞ കണ്‍കളില്‍..

ഉയര്‍ന്ന ചില്ല മേലൂയലാടിച്ചങ്ങു പറത്തിയോടിക്കും,
കുരുന്നു തെന്നലിന്‍ തോളിലേറ്റിച്ച് പാല്‍കാവടിയാട്ടും,
ഇടയ്ക്കിടെ തെല്ലുഭയപ്പെടുത്തുവാന്‍ കണ്ണുകെട്ടിച്ചങ്ങ്,
പറത്തിടും കുന്തമുനയിലേറ്റിയൊരു താരവേഗത്തൊടെ..

പരീക്ഷീണര്‍ ഞങ്ങളുടല്‍- സമരങ്ങളില്‍ മടുത്തുപോയവര്‍ 
തുടിച്ചു നീന്തിക്കരപറ്റിയിട്ടും പേര്‍ത്തലച്ചിടുന്നവര്‍
അതൊക്കയാവാം നിദ്രേ! നിനക്കു വശംവദര്‍ ഞങ്ങള്‍
കൊതിച്ചിടുന്നു ,സര്‍വ്വം മറന്നാ നിതാന്തനിദ്രക്കായ്ക്കായ്!

Saturday, 26 March 2016

പ്രകാശന്റെ ദൂരങ്ങൾ


പ്രകാശാ,നിന്റെ  സ്ഥിരം വഴികളേതൊക്കെ?
നടപ്പുകൊതി വീണു വീണ്
ചെത്തം കൂടിയ
പള്ളിക്കൂടം വഴിയോ?
പാൽമിഠായി മണമുള്ള
കാദർക്കാടെ പീടികവഴിയോ,
വിരഹം പറ്റിപ്പിടിച്ച് ദീർഘിച്ചുപോയൊരു
കുണ്ടിടവഴിയോ..

പള്ളിപ്പടി തൊട്ട്
ഷാപ്പ് വരെയുള്ള
അര ഫർലോംഗ്  വഴി
നിന്റെലഹരിയുടഞ്ഞൊഴുകി
കുതിർന്നുപോയ
ഒരു  തുറന്ന പാട്ടാണ്.
ചൂളമടിക്കുന്ന കലുങ്കുവഴിയിൽ
നിന്റെ കൗമാരത്തലപ്പുകൾ
കലഹം പറയുന്നുണ്ട്,
ആരവങ്ങൾ വഴിതിരിഞ്‌ഞ്
സ്ക്കൂൾ ഗ്രൗണ്ടിലേയ്ക്കൊരു
ചാലുവഴി തെളിച്ചിട്ടുണ്ട്,
വനജയുടെ വീട്ടിലേയ്ക്കുള്ള
വഴിയുടെ തുടക്കം
ഒരു  ദേവദാരം   നിൽപ്പുണ്ട്,
രണ്ട്  അണലികൾ, കെട്ടുപിണഞ്ഞൊരു വഴി
വടക്ക്വോറത്ത്
രതി തീരാതെ പുളഞ്ഞുകിടപ്പുണ്ട്,
പ്രണയം ഉതിർന്നു തീർന്ന
വേരുകൾ പിണഞ്ഞൊഴുകിയ മരങ്ങൾ
ഭാര്യവീട്ടിലേയ്ക്കുള്ള  വഴിയേ
തണൽ വിരിക്കുന്നുണ്ട്..
അച്ഛന്റെ
സ്ഥിരം നോട്ടം പതിഞ്ഞുരുകിയ
വീട്ടിലേയ്ക്കുള്ള  വഴി, പോക്കുവെയിലായിന്ന്
ചാരുകസാലയിൽ  കയറിക്കിടപ്പുണ്ട്.

നെറികെട്ട
ചില    ആവേഗങ്ങൾ,
തലച്ചോറ് തുളച്ച് കണ്ണുകെട്ടിയപ്പോൾ
നീ  പോയ
ആയുസ്സിണങ്ങാത്ത
പിരിയൻവഴി
തെക്കോട്ടായിരുന്നല്ലേ..
അച്ഛനിലേയ്ക്കുള്ള  ആ വഴി
നടന്നപ്പോൾ
ചിരിക്കുന്ന മാലാഖമാര്
കൂട്ടുനടന്നുകാണും;പ്രകാശാ
അന്ന് നീ എത്ര കാതം താണ്ടി?

ചതി


ചതി
---=-=

നമ്മൾ,
ആകാശം താഴെയാക്കി
ചക്രവാളത്തിലിണ ചേർന്നവർ.

മണൽ മുറിച്ചുകടന്ന
നമ്മുടെ കാൽപാടുകൾ
തിര മായ്ച്ചു മറച്ചുതന്നു.

സന്ധ്യ,നമ്മളെ
തിരഞ്ഞു മടുത്ത്
കറുത്തു.

നിലാവൊരു
അസൂയച്ചിരി തന്നത്
നോക്കണ്ടെന്ന്
നീ പറഞ്ഞു

രാക്കയങ്ങളിൽ
നമ്മളുണർന്നൊഴുകി,
പുലരി കുടിച്ചു വെളുത്തു,
ഇണ പിരിഞ്ഞൊരു
കപോതത്തെ
കണ്ടില്ലെന്നു നടിച്ചു,

വെയിലിന്റെ ഉച്ചത്തലപ്പിൽ
മിഴി ഒന്നടച്ചതേയുള്ളു,
നീ,യൊരു കുമ്പിൾ നിഴലിൽ
അലിയാൻ  പോയതെന്തിന്?

വാതിൽ

വാതിൽ
••••••••••••

വാതിൽ കടന്നുവരുന്നുണ്ട്

മാനം മുട്ടി താഴെ വീണൊരു തുമ്പിപ്പറക്കല്,
ഇന്നത്തെ  ഇളവെയില്,
വറവുമണമാറാത്തൊരു സ്വാദ്,
അയലത്തെ കളിചിരിക്കുട്ടി,
കാറ്റിന്റെയൊരു തൂവൽ,
മഴപ്പാറ്റല്,
പാറു വെല്ല്യമ്മ,
നേരം,
കുശലങ്ങൾ,
പൊതികൾ ചിരിക്കുന്നവ,
സുഹൃത്ത്,
വാക്ക്,
വര,

നീ,
ഒരു
മഴയോർമയും...

വാതിൽ

വാതിൽ
••••••••••••

വാതിൽ കടന്നുവരുന്നുണ്ട്

മാനം മുട്ടി താഴെ വീണൊരു തുമ്പിപ്പറക്കല്,
ഇന്നത്തെ  ഇളവെയില്,
വറവുമണമാറാത്തൊരു സ്വാദ്,
അയലത്തെ കളിചിരിക്കുട്ടി,
കാറ്റിന്റെയൊരു തൂവൽ,
മഴപ്പാറ്റല്,
പാറു വെല്ല്യമ്മ,
നേരം,
കുശലങ്ങൾ,
പൊതികൾ ചിരിക്കുന്നവ,
സുഹൃത്ത്,
വാക്ക്,
വര,

നീ,
ഒരു
മഴയോർമയും...