Monday, 20 March 2017

കലി

കലി
=====
കുടിക്ക വേണ്ടയീ കിണറ്റുവെള്ള-
മതിരട്ടി കയ്പ്പയ്ക്ക
ചവച്ചരച്ച പോൽ.

കിളിയെ,യെണ്ണണ്ടിനി വരില്ലവ
തൊടിയിലെത്തോപ്പി-
ലിരുളു വീണുപോയ്.

ചിറക് നീട്ടുമാ സുഭഗ വാനമോ,
പകുതിയായിന്നൊ-
തുങ്ങിച്ചതുരമായ്..

ഇസങ്ങളൊക്കെ കിടക്കയാണി-
ന്നുറക്കു പൂണ്ടോരോ
തുരുമ്പിടങ്ങളിൽ

കരമൊരുക്കേണ്ടു-
യർത്തേണ്ടൊരിക്കലും,
കൊടികൾ മങ്ങിഗ്ഗുണം കെട്ടുപോയെടോ.

കനവിലിട്ടിട്ട് കരുണ കേറ്റിയ,
കഥകൾ പാതിയും
പനി തിന്നു തീർന്നുപോയ്..

പിറന്ന കുഞ്ഞിന്റെ
കരള് നീറുന്നിടവഴികളിൽ
ചതി മണക്കുന്നു,
കതിര് കാണാതെ വിതുമ്പുന്ന നെല്ലിന്നിരുപുറംകാറ്റിൻ
പദമിടറുന്നു.

എവിടെ രക്ഷ?ഇനി
വ്യഥിതവാനമേ!
കടലെടുക്കാൻ
തുടങ്ങുന്ന തീരമേ..
മിഴിയടയ്ക്കയാ-
ണിനി വേണ്ട കാഴ്ചകൾ
ഇരുളിലിഴുകി-
ക്കരിയായിടും വരെ..

ഓണ്യോമെട്ടോപ്പിക്

ഓണ്യോമെട്ടൊപ്പിക്
................................

സ്പ്രിംകിള്‍-
ഇത്തിരിയുള്ളൊരു
വെള്ളത്തിന്റെ
ഇത്തിരി ത്തൂകല്,
ബ്ളൂപ്-നിലയ്ക്കാത്ത
കടല്‍സമ്മര്‍ദ്ദങ്ങളിലൊരു
തിരയുടെ വിങ്ങല്‍ .

ക്ളാങ്ങ്-ഒടുങ്ങാത്ത 
പെണ്‍കരച്ചിലുകളുടെ
അനുനാദങ്ങള്‍,
ക്ളിംക്-വഴിയുഴറും
എെഡിയോളജികളുടെ
കൂട്ടിമുട്ടലുകള്‍,
വ്യര്‍ത്ഥാനുരണനങ്ങള്‍.

മെര്‍മര്‍-ഒരു സന്ധ്യയുടെ
പേടിച്ചുള്ള പിറുപിറുക്കല്‍,
ഗ്രൗള്‍- മുരളുന്ന രാത്രിവന്യത.

ഫ്ളട്ടര്‍-നിശ്ശബ്ദതയുടെ ചിറകടി
ഗ്യാസ്പ്-അതിന്റെ ഊര്‍ദ്ധ്വംവലികള്‍

ക്ളക് ക്ളക് ബോക് ബോക്
ടോക് ടോക് കോട്ട് കോട്ട്,
അര്‍ഥാന്തരപ്പെടേണ്ടവ,
വ്യാഖ്യാനിയ്ക്കപ്പെടേണ്ടവ,
ഇനിയുമെത്ര?
അതെ,
വീ ആര്‍ ഗെറ്റിംഗ് മോര്‍
ഓണ്യോമെട്ടൊപ്പിക്.
====================
onomatopoeia-the formation of a word by the imitation of the sound made by the referent.

Eg, splash, cuckoo, bray

Tuesday, 7 March 2017

കണ്ടു കണ്ടിരിയ്ക്കെ

കണ്ടു കണ്ടിരിയ്ക്കെ..
.....................................

കണ്ടു കണ്ടിരിയ്ക്കെ
കെട്ടുപോകുന്ന പകലൊരു
പ്രേമത്തിന്റെ വിടുതല്‍ സിഗ്നലാണ് ദെമിത്രിയൂസ്*

നോക്കിനോക്കിയിരിക്കെ
ചോപ്പ് ചോര്‍ന്നൊരാകാശം
ഒരു റെവല്യൂഷണറിയുടെ
അവസാനത്തെ പുകയാണ്
ദാസാ**,

അങ്ങനെയിരിക്കെ കെട്ടുപോയ വിശപ്പ്,
രുചിരാഗങ്ങളില്‍
വെള്ളിവീണപ്പോഴത്തെ
ആമാശയങ്ങളുടെ
നിത്യനിതാന്തമായ
ഒട്ടലുകളാണ് പ്രിയപ്പെട്ട
അന്നമ്മ മാത്യൂസേ***,

ഓര്‍ത്തോര്‍ത്തിരിക്കെ
മങ്ങിയൂര്‍ന്നുപോയ പച്ച,
കോരിയെടുക്കെ തീര്‍ന്നുപോയ
ഒരു കുമ്പിള്‍ നീര്,
ഓര്‍ക്കാപ്പുറത്തൊടുങ്ങിപ്പോയ ചിരികള്‍,
ഒക്കെ ഓരോരോ
കരള്‍ ഞടുക്കലുകളാണ്..
മനമിറുക്കലുകളാണ്.

നോക്കൂ
വഴിവക്കില്‍ കിടക്കുന്ന
ഈ  ചോര പറ്റിയ പാവാട,
പൊട്ടിക്കാത്ത ഒരു ചോക്ളേറ്റു കൂട്,
കുറെ കുപ്പിവളത്തുണ്ടും..
എന്താണിവയെന്നാല്‍
ഈശോ,
ഈ കെട്ട കാലത്തിന്റെ നെറികേടുകളാണ് !!
നമ്മുടെയെന്നത്തേയും
പൊറുതികേടുകളാണെന്റെ
പൊന്നീശോ.

* ഹെര്‍മിയയുടെ പ്രേമം തിരസ്കരിക്കപ്പെട്ട ഷേക്സ്പീരിയന്‍ നായകന്‍

**ശ്രീ മുകുന്ദന്റെ ദാസന്‍
***മിസ്സിസ് കെ. എം.മാത്യു

Saturday, 21 January 2017

കേള്‍ക്കൂ

കേള്‍ക്കൂ..
========

വക്ക് മടങ്ങാത്ത
വൃത്തിയുള്ള നോട്ട്ബുക്കില്‍
വെണ്‍മയുടെ പേജില്‍
നീയെന്നെ
വല്ലാതെ അടയാളപ്പെടുത്തുന്നു,

കണൗട്ട് പ്ളേയ്സിലെ
തിരക്കുകളിലൂടെ
നീയെന്നെ വല്ലാതെ ചുമന്നുകൊണ്ടോടിപ്പോകുന്നു,

എന്റെ മുറിയില്‍
അടച്ച വാതിലിനും
ജനാലകള്‍ക്കുമുള്ളില്‍
എന്തൊരു പുഴുക്കം!
നീ വല്ലാതെയെന്നോട്
ചേര്‍ന്നിരിക്കുന്നു..

നീയെന്നെ വല്ലാതെ വകവെയ്ക്കുന്നു..
ച്ഛെ!

മങ്ങിയ ലാപ്ടോപ്പ് സ്ക്രീനില്‍
എന്റെ വാക്കുകള്‍ക്കിടയില്‍
പ്രിയനേ,
നീ വല്ലാതെ വിങ്ങുന്നൊരു
ബ്ളിംകിംഗ് കഴ്സര്‍..

Sunday, 15 January 2017

എന്തിനാണിപ്പോള്‍
ഇതൊക്കെ ആലോചിക്കുന്നത്?

എട്ട് മക്കളുണ്ടായിട്ടും
ആ വല്യവീട്ടിലൊറ്റയ്ക്ക് കഴിയുന്ന
വല്യമ്മച്ചിയുടെ കാര്യം,

മണ്ണൊട്ടും നനയ്ക്കാതെ
ഒന്നിനെയുമുണര്‍ത്താതെ
കാലം തെറ്റി വന്ന്,
പെയ്തു തീര്‍ന്നെന്നു
പറഞ്ഞുപോയ
ഇക്കൊല്ലത്തെ മഴകളെ,

നഗരത്തിലിന്നലെ
മത്സരയോട്ടത്തില്
ഒറ്റയിടിയ്ക്ക് തീര്‍ന്ന
രണ്ട് പിച്ചക്കാര് പിള്ളേരെപ്പറ്റി,

കണാരേട്ടന്റെ
മുടിഞ്ഞുപോയ കൃഷിയേയും
ബസ് സ്റ്റോപ്പിലെ
പൂട്ടിപ്പോയ
ഏക പെട്ടിക്കടയേയും കുറിച്ച്..

എന്തിനാണ് ഇതൊക്കെയിപ്പോഴും
ആലോചിക്കുന്നത്?

കുപ്പമഞ്ഞളിന്റെ
ചുവപ്പുമഞ്ഞയെ,
ഉച്ചയ്ക്ക്
കൂട്ടുകാരന്‍ തന്ന
ഉമ്മയെ,
കളഞ്ഞുപോയ
ആ ഓറഞ്ചുപെന്‍സിലിനെ,
എപ്പോഴും പിണങ്ങുന്ന
നാലാം ക്ളാസ്സിലെ
സെലിന്‍ ജോസഫിനെ ,

സെലിന്‍..
അവള് പറയാറുണ്ട്,
നീയൊക്കെ തനി ക്ളീഷേയാണെന്ന് ..
അവളെ കേട്ട്,
ബോബ് ഡിലന്റെ
''ത്ര്യൂ ഇറ്റ് ആള്‍ എവേ''മൂളി,
ചുമ്മാതെയുള്ളൊരു
ജാഥയില്‍
ചുമ്മാതെയൊന്ന് 
കേറിയിറങ്ങി,
ക്ഷീണിച്ച്,

ഒടുക്കം  പിന്നെയും
ഈ കലുങ്കേലിരുന്ന് ,
കുന്നിറങ്ങി വരുന്നൊരു
ചൂട്ടുകററയെ ഓര്‍ത്ത്,
ബി.പി.എല്ലുകാര്‍ക്ക്
വെട്ടിക്കുറച്ച
ഇരുപത് കിലോ
റേഷനരി വീതത്തേപ്പറ്റി
ആലോചിക്കാന്‍ തുടങ്ങി..





































എന്തായാലും ഷുവര്‍

          എന്തായാലും ഷുവര്‍..
           ================

  പതിവുപോലെ
അമ്മൂമ്മയ്ക്ക്
മുറുക്കാന്‍
ഇടിച്ചുകൊടുത്ത് ,

അമ്മേടെ മീന്‍കറിയാണ്
ഈ ലോകത്തിലേയ്ക്കും വച്ച്
ഉഗ്രന്‍ ന്ന് പറഞ്ഞ്,

അനിയത്തിയോടൊന്ന്
ഇടികൂടി,

തെക്കേലെ
ഗ്ളാമര്‍ പ്രസാദിനെ നോക്കി-
യൊന്നു കണ്ണിറുക്കി,

അഴേലിട്ടിരുന്ന
അച്ഛന്റെ മുണ്ട്
അകത്തേയ്ക്കെടുത്തിട്ട്,

മുറ്റത്തെ ചെമ്പകത്തില്‍നിന്ന്
ഒന്നിറുത്ത് തലേല്‍ ചൂടി,

നാളെ..
മാവോ കണാരേട്ടാ,
എന്റെ പ്രണയം
നിങ്ങടെ കൂടെ ഒളിച്ചോടും.




















Thursday, 8 December 2016

അതെ,സഹൃദയരെ

അതെ,
സഹൃദയരെ...
==========

കാഥികൻ
കഥ പറഞ്ഞുതുടങ്ങി,

രാത്രി പുറത്ത്
തെരുവിന്റെ പരിയമ്പുറത്ത്
പെണ്ണ് തന്റെ
കൂരവാതിലിന്
ഒരു കൊളുത്തുറപ്പിക്കുകയാണ്,
ആണി വളഞ്ഞുപോയി,
ചുറ്റിക ദൂരെക്കളഞ്ഞ്
അവള്
പായിൽ ഇരിപ്പുറപ്പിച്ചു..
അതാ അങ്ങോട്ടുനോക്കൂ...
കാഥികൻ വിരലറ്റത്ത്
ജീവിതം പൊലിപ്പിച്ചുതുടങ്ങി.

ഉറങ്ങിക്കളയാം,
കതക് വിടവിലേയ്ക്ക്
പതുക്കെപ്പതുക്കെ  അവളുടെ
കൺപൂഴ്ത്തൽ,
കഥയ്ക്കിടെ പാട്ട്,
ഹാർമോണിയക്കട്ട
പെരുപ്പിച്ച്
കാമുകന്റെ വ്യൂപോയിന്റിൽ
കാമുകിയുടെ
അംഗപ്രത്യംഗ വർണന,
കാഥികൻ രണ്ടരക്കട്ടയിൽ
തൊണ്ട പായിക്കുന്നു..
മുഖത്ത് ഭാവാഭിനയതീക്ഷ്ണത.

പെണ്ണ്
സുഖമായി ഒരു
സ്വപ്നത്തിലുറങ്ങിത്തുടങ്ങി.
അപ്പൂപ്പൻതാടിപ്പുറത്ത്
പറന്നുപാറുന്നേരം
അവളൊന്ന് മിടയിറക്കി
ചിരിച്ചു.
മൈക്രോഫോണിന്നു
പുറകിൽ
അമിതാഭിനയ കേളി,
തുപ്പലഭിഷേകം,
നായകന്റെ ദിവ്യപ്രേമം
ഉൾക്കൊണ്ട്
അനുരാഗപരവശനായി
മുഖം വലിച്ചുമുറുക്കും
കാഥികന്റെ
ഭാവസംത്രാസം..

കേൾവിക്കാരില്ലാതെ
പെണ്ണിന്റെ കൂർക്കംവലി,
നല്ല ഉറക്കം,
ഉറക്കം ഒരു കറുത്ത
വ്യാഘ്രമായി
പൊരുന്ന വിട്ടെണീറ്റു,
ഇരയുടെ
കാലുകൾ വലിച്ചകത്തി..

കഥാമധ്യത്തിൽ
കാമുകീ കാമുകരുടെ
വേഴ്ച,
കാഥികൻ
പ്രണയാതുരത കാണിക്കാൻ
പുരികങ്ങൾ പൊക്കുന്നു,
കണ്ണുകളെ
അർധനിമീലിതങ്ങളാക്കി
കവിള് തുടുപ്പിച്ച്
ചുണ്ട് നേർപ്പിച്ച്
വയർ എക്ളിപ്പിച്ച്
കാൽ വിരലൂന്നി
നെഞ്ചുതള്ളിക്കുമ്പോൾ
പ്രണയത്തിന്റെ
രണ്ടാംഘട്ടമായ
പരിശുദ്ധവേഴ്ചയുടെ
ഓവർ എക്സ്പ്രഷനുകളിലേക്ക്
സദസ്സ്
രോമാഞ്ചം ചെലുത്തുന്നു.

ഇരയുടെ അലറിവിളി,
പിടച്ചില്,
ഭ്രാന്തിറുമ്മി വ്യാഘ്രം
ചുണ്ടുകൾ കടിച്ചെറിഞ്ഞു,
''അയ്യോ  അമ്മേ''
തൊണ്ടയമറുന്നു,
കാതില്ലാ ഓർക്കസ്ട്രേഷൻ
കരച്ചിലിന്റെ
ഒടുക്കത്തെ ഒലിയും കൊണ്ട്
പറക്കുകയാണ്.....

അതെ
കാഥികൻ ഇപ്പോൾ
പ്രണയം പാടുന്നു,
മൂന്നാംവരി എടുത്തുപാടി
ഉച്ചസ്ഥായിയിൽ
നാലാംവരി,,
തൊണ്ട നിന്നു!!
നിസ്തേജം മുഖം!
വേദിയിറങ്ങി
കസേരകൾ ചാടിക്കടന്ന്
കഥ പോകുകയാണ്!
നിലാവിനെ നോക്കാതെ
വഴിക്കാഴ്ച കാണാതെ
പാട്ടും താളവും പള്ളേലെറിഞ്ഞ്
കുതികുതിച്ചു,
തെരുവെത്തി ,
അവിടെ
പരിയമ്പുറത്ത്
കുത്തിയിരുന്ന്,
തല കുനിച്ച് ,
ഉടലൂരി,
കൈകാലുകൾ പറിച്ചെറിഞ്ഞ്
കഥ പൊഴിയാൻ തുടങ്ങി,
അതെ സഹൃദയരെ....
കഥ
പൊഴിഞ്ഞുതീരുകയാണ് ......