കണ്ടു കണ്ടിരിയ്ക്കെ..
.....................................
കണ്ടു കണ്ടിരിയ്ക്കെ
കെട്ടുപോകുന്ന പകലൊരു
പ്രേമത്തിന്റെ വിടുതല്‍ സിഗ്നലാണ് ദെമിത്രിയൂസ്*
നോക്കിനോക്കിയിരിക്കെ
ചോപ്പ് ചോര്‍ന്നൊരാകാശം
ഒരു റെവല്യൂഷണറിയുടെ
അവസാനത്തെ പുകയാണ്
ദാസാ**,
അങ്ങനെയിരിക്കെ കെട്ടുപോയ വിശപ്പ്,
രുചിരാഗങ്ങളില്‍
വെള്ളിവീണപ്പോഴത്തെ
ആമാശയങ്ങളുടെ
നിത്യനിതാന്തമായ
ഒട്ടലുകളാണ് പ്രിയപ്പെട്ട
അന്നമ്മ മാത്യൂസേ***,
ഓര്‍ത്തോര്‍ത്തിരിക്കെ
മങ്ങിയൂര്‍ന്നുപോയ പച്ച,
കോരിയെടുക്കെ തീര്‍ന്നുപോയ
ഒരു കുമ്പിള്‍ നീര്,
ഓര്‍ക്കാപ്പുറത്തൊടുങ്ങിപ്പോയ ചിരികള്‍,
ഒക്കെ ഓരോരോ
കരള്‍ ഞടുക്കലുകളാണ്..
മനമിറുക്കലുകളാണ്.
നോക്കൂ
വഴിവക്കില്‍ കിടക്കുന്ന
ഈ ചോര പറ്റിയ പാവാട,
പൊട്ടിക്കാത്ത ഒരു ചോക്ളേറ്റു കൂട്,
കുറെ കുപ്പിവളത്തുണ്ടും..
എന്താണിവയെന്നാല്‍
ഈശോ,
ഈ കെട്ട കാലത്തിന്റെ നെറികേടുകളാണ് !!
നമ്മുടെയെന്നത്തേയും
പൊറുതികേടുകളാണെന്റെ
പൊന്നീശോ.
* ഹെര്‍മിയയുടെ പ്രേമം തിരസ്കരിക്കപ്പെട്ട ഷേക്സ്പീരിയന്‍ നായകന്‍
**ശ്രീ മുകുന്ദന്റെ ദാസന്‍
***മിസ്സിസ് കെ. എം.മാത്യു
No comments:
Post a Comment