Monday, 20 March 2017

നിലപാട് വ്യക്തമാക്കുക..
അതിര്‍വരകള്‍ വരച്ച്,
കുഴികള്‍ വെട്ടി,
അതില്‍ മൈനുകള്‍ നിരത്തി,
ഇടയ്ക്കൊന്ന് പൂഴിക്കടകന്‍ പയറ്റി,
പതുങ്ങി,
എങ്കിലും കൊമ്പ് കൂര്‍പ്പിച്ച്,
പിന്തിരിപ്പനെന്ന് കാണിച്ച്,
തണുപ്പനെന്ന് തോന്നിപ്പിച്ച്,
ഒടുക്കം പള്ളേക്കുത്തുന്ന,
ആ ശത്രുരാജ്യനിലപാട്
കണിശം വ്യക്തമാക്കുക.

കുഴിയാനേ....

പ്രകാശന്റെ ദൂരങ്ങള്‍

പ്രകാശന്റെ ദൂരങ്ങൾ
==================

പ്രകാശാ,നിന്റെ  സ്ഥിരം വഴികളേതൊക്കെ?
നടപ്പുകൊതി വീണു വീണ്
ചെത്തം കൂടിയ
പള്ളിക്കൂടം വഴിയോ?
പാൽമിഠായി മണമുള്ള
കാദർക്കാടെ പീടികവഴിയോ,
വിരഹം പറ്റിപ്പിടിച്ച് ദീർഘിച്ചുപോയൊരു
കുണ്ടിടവഴിയോ..

പള്ളിപ്പടി തൊട്ട്
ഷാപ്പ് വരെയുള്ള
അര ഫർലോംഗ്  വഴി
നിന്റെലഹരിയുടഞ്ഞൊഴുകി
കുതിർന്നുപോയ
ഒരു  തുറന്ന പാട്ടാണ്.
ചൂളമടിക്കുന്ന കലുങ്കുവഴിയിൽ
നിന്റെ കൗമാരത്തലപ്പുകൾ
കലഹം പറയുന്നുണ്ട്,
ആരവങ്ങൾ വഴിതിരിഞ്‌ഞ്
സ്ക്കൂൾ ഗ്രൗണ്ടിലേയ്ക്കൊരു
ചാലുവഴി തെളിച്ചിട്ടുണ്ട്,
വനജയുടെ വീട്ടിലേയ്ക്കുള്ള
വഴിയുടെ തുടക്കം
ഒരു  ദേവദാരം   നിൽപ്പുണ്ട്,
രണ്ട്  അണലികൾ, കെട്ടുപിണഞ്ഞൊരു വഴി
വടക്ക്വോറത്ത്
രതി തീരാതെ പുളഞ്ഞുകിടപ്പുണ്ട്,
പ്രണയം ഉതിർന്നു തീർന്ന
വേരുകൾ പിണഞ്ഞൊഴുകിയ മരങ്ങൾ
ഭാര്യവീട്ടിലേയ്ക്കുള്ള  വഴിയേ
തണൽ വിരിക്കുന്നുണ്ട്..
അച്ഛന്റെ
സ്ഥിരം നോട്ടം പതിഞ്ഞുരുകിയ
വീട്ടിലേയ്ക്കുള്ള  വഴി, പോക്കുവെയിലായിന്ന്
ചാരുകസാലയിൽ  കയറിക്കിടപ്പുണ്ട്.

നെറികെട്ട
ചില    ആവേഗങ്ങൾ,
തലച്ചോറ് തുളച്ച് കണ്ണുകെട്ടിയപ്പോൾ
നീ  പോയ
ആയുസ്സിണങ്ങാത്ത
പിരിയൻവഴി
തെക്കോട്ടായിരുന്നല്ലേ..
അച്ഛനിലേയ്ക്കുള്ള  ആ വഴി
നടന്നപ്പോൾ
ചിരിക്കുന്ന മാലാഖമാര്
കൂട്ടുനടന്നുകാണും;പ്രകാശാ
അന്ന് നീ എത്ര കാതം താണ്ടി?

ട്രിഗ്നോമെട്രിയിലൊരു
പുഴയുടെ വീതി
നിര്‍ധാരണം ചെയ്ത്,
തെക്കേത്തൊടിയിലെ
മൂവാണ്ടന്‍ മഞ്ഞയിലേയ്ക്കെന്റെ
സ്വീറ്റ് ഡൈവ്..

ഒരു translation attempt
Gopan sir ഡെ കവിത
Idakulangara Gopan

കവിത

             രാവറുതിയിൽ

            ഇടക്കുളങ്ങര ഗോപൻ

ഞാൻ കാലം തെറ്റിപ്പെയ്ത പെരുമഴ.
നീ ഗ്രീഷ്മത്തിൽ വിരിഞ്ഞ പൂവ്.
നനഞ്ഞു നനഞ്ഞ് കുളിരുമ്പോഴും,
തിമർത്തു പെയ്യുകതന്നെയാണ്.
ആത്മാവിലേക്ക് പടരുന്നൊരു വേര്,
ആർത്തിയോടെ വളരുന്നുണ്ട്, ആഴത്തിലേക്ക്,
രക്തത്തിലൂടെ ഹൃദയത്തിൽ നിറഞ്ഞ്,
മോഹങ്ങളിലേക്ക് കവിഞ്ഞൊഴുകുമ്പോൾ,
ആരും കാണാത്തൊരു നിലാവ് ഉദിച്ചുയരും.
നമുക്കിടയിൽ പൂത്തതിന്റെ പരിമളം,
നമുക്കു മാത്രമനുഭവിക്കാനായിപ്പരക്കും.
തിളങ്ങുന്ന നീലക്കണ്ണുകളിൽ ,എന്നെയൊളിപ്പിച്ചത്,
ഏതുനോട്ടത്തിലും കാണാനാവുന്നുണ്ട്.
ജീവിതത്തിന്റെയറ്റത്തേക്ക്,
വിശ്വാസത്തെ വലിച്ചുകെട്ടുമ്പോൾ,
ആരും പഠിപ്പിക്കാത്തൊരഭ്യാസത്തിലാണു നാം.
കൊതിക്കാതെ കൊതിച്ച കുതിരസവാരികളിൽ,
കിതച്ചു കിതച്ച് പറക്കുമ്പോൾമാത്രമാണ്,
ഒരേകാഗ്രതയുടെ നൂൽപ്പാലത്തിലൂടെ,
തലച്ചോറിലാരൊക്കെയോ നടന്നു പോകുന്നത്.
അനന്തരം, ചുറ്റിവരിഞ്ഞൊരു ശയനത്തിൽ,
നമ്മൾ രണ്ടല്ല :ഒന്നുതന്നെയെന്നതോന്നൽ,
തിരിതെളിച്ച്, കിടപ്പറഭേദിച്ച്,
നിറമുള്ള സ്വപ്നങ്ങളിലേക്ക് പെയ്തു പെയ്തുപോകും.

When the night falls..
================

Me, an untimed rain so untamed,
You, a flower of summer's glory.

Getting  more wet to be shivered,
Yet growing more wild to be shattered,
Me  a luscious contradictory,
And you, the cause of that.

Yes,there  a craving root
Spreading its lustful clutches
Into the deep skin,
Into the deeper of blood,
In to the deepest of heart,
And then into my  abysmal desires,
There'll bloom the moonlight dear!
An unknown one.

My dearest!
the   fragrance that blossomed
Will share its splendid aroma
Only in between us.
Your eyes  so bluish
Will pass its zestful hits
Only towards mine.
True! We are the acrobats
Who with our untrained elegance
Balancing over the string of belief,
To our lives's end
What a confidence my maid!

Oh my dearest damsel...
In a  silky night's bed ,
When we   closely cling together
The absorbtion occures.
Like that in a horse ride,
We arise, fly and pant.
We, like two flames
Merge to each other,
Light up,
Break  all norms
And
Dream together...

കലി

കലി
=====
കുടിക്ക വേണ്ടയീ കിണറ്റുവെള്ള-
മതിരട്ടി കയ്പ്പയ്ക്ക
ചവച്ചരച്ച പോൽ.

കിളിയെ,യെണ്ണണ്ടിനി വരില്ലവ
തൊടിയിലെത്തോപ്പി-
ലിരുളു വീണുപോയ്.

ചിറക് നീട്ടുമാ സുഭഗ വാനമോ,
പകുതിയായിന്നൊ-
തുങ്ങിച്ചതുരമായ്..

ഇസങ്ങളൊക്കെ കിടക്കയാണി-
ന്നുറക്കു പൂണ്ടോരോ
തുരുമ്പിടങ്ങളിൽ

കരമൊരുക്കേണ്ടു-
യർത്തേണ്ടൊരിക്കലും,
കൊടികൾ മങ്ങിഗ്ഗുണം കെട്ടുപോയെടോ.

കനവിലിട്ടിട്ട് കരുണ കേറ്റിയ,
കഥകൾ പാതിയും
പനി തിന്നു തീർന്നുപോയ്..

പിറന്ന കുഞ്ഞിന്റെ
കരള് നീറുന്നിടവഴികളിൽ
ചതി മണക്കുന്നു,
കതിര് കാണാതെ വിതുമ്പുന്ന നെല്ലിന്നിരുപുറംകാറ്റിൻ
പദമിടറുന്നു.

എവിടെ രക്ഷ?ഇനി
വ്യഥിതവാനമേ!
കടലെടുക്കാൻ
തുടങ്ങുന്ന തീരമേ..
മിഴിയടയ്ക്കയാ-
ണിനി വേണ്ട കാഴ്ചകൾ
ഇരുളിലിഴുകി-
ക്കരിയായിടും വരെ..

ഓണ്യോമെട്ടോപ്പിക്

ഓണ്യോമെട്ടൊപ്പിക്
................................

സ്പ്രിംകിള്‍-
ഇത്തിരിയുള്ളൊരു
വെള്ളത്തിന്റെ
ഇത്തിരി ത്തൂകല്,
ബ്ളൂപ്-നിലയ്ക്കാത്ത
കടല്‍സമ്മര്‍ദ്ദങ്ങളിലൊരു
തിരയുടെ വിങ്ങല്‍ .

ക്ളാങ്ങ്-ഒടുങ്ങാത്ത 
പെണ്‍കരച്ചിലുകളുടെ
അനുനാദങ്ങള്‍,
ക്ളിംക്-വഴിയുഴറും
എെഡിയോളജികളുടെ
കൂട്ടിമുട്ടലുകള്‍,
വ്യര്‍ത്ഥാനുരണനങ്ങള്‍.

മെര്‍മര്‍-ഒരു സന്ധ്യയുടെ
പേടിച്ചുള്ള പിറുപിറുക്കല്‍,
ഗ്രൗള്‍- മുരളുന്ന രാത്രിവന്യത.

ഫ്ളട്ടര്‍-നിശ്ശബ്ദതയുടെ ചിറകടി
ഗ്യാസ്പ്-അതിന്റെ ഊര്‍ദ്ധ്വംവലികള്‍

ക്ളക് ക്ളക് ബോക് ബോക്
ടോക് ടോക് കോട്ട് കോട്ട്,
അര്‍ഥാന്തരപ്പെടേണ്ടവ,
വ്യാഖ്യാനിയ്ക്കപ്പെടേണ്ടവ,
ഇനിയുമെത്ര?
അതെ,
വീ ആര്‍ ഗെറ്റിംഗ് മോര്‍
ഓണ്യോമെട്ടൊപ്പിക്.
====================
onomatopoeia-the formation of a word by the imitation of the sound made by the referent.

Eg, splash, cuckoo, bray

Tuesday, 7 March 2017

കണ്ടു കണ്ടിരിയ്ക്കെ

കണ്ടു കണ്ടിരിയ്ക്കെ..
.....................................

കണ്ടു കണ്ടിരിയ്ക്കെ
കെട്ടുപോകുന്ന പകലൊരു
പ്രേമത്തിന്റെ വിടുതല്‍ സിഗ്നലാണ് ദെമിത്രിയൂസ്*

നോക്കിനോക്കിയിരിക്കെ
ചോപ്പ് ചോര്‍ന്നൊരാകാശം
ഒരു റെവല്യൂഷണറിയുടെ
അവസാനത്തെ പുകയാണ്
ദാസാ**,

അങ്ങനെയിരിക്കെ കെട്ടുപോയ വിശപ്പ്,
രുചിരാഗങ്ങളില്‍
വെള്ളിവീണപ്പോഴത്തെ
ആമാശയങ്ങളുടെ
നിത്യനിതാന്തമായ
ഒട്ടലുകളാണ് പ്രിയപ്പെട്ട
അന്നമ്മ മാത്യൂസേ***,

ഓര്‍ത്തോര്‍ത്തിരിക്കെ
മങ്ങിയൂര്‍ന്നുപോയ പച്ച,
കോരിയെടുക്കെ തീര്‍ന്നുപോയ
ഒരു കുമ്പിള്‍ നീര്,
ഓര്‍ക്കാപ്പുറത്തൊടുങ്ങിപ്പോയ ചിരികള്‍,
ഒക്കെ ഓരോരോ
കരള്‍ ഞടുക്കലുകളാണ്..
മനമിറുക്കലുകളാണ്.

നോക്കൂ
വഴിവക്കില്‍ കിടക്കുന്ന
ഈ  ചോര പറ്റിയ പാവാട,
പൊട്ടിക്കാത്ത ഒരു ചോക്ളേറ്റു കൂട്,
കുറെ കുപ്പിവളത്തുണ്ടും..
എന്താണിവയെന്നാല്‍
ഈശോ,
ഈ കെട്ട കാലത്തിന്റെ നെറികേടുകളാണ് !!
നമ്മുടെയെന്നത്തേയും
പൊറുതികേടുകളാണെന്റെ
പൊന്നീശോ.

* ഹെര്‍മിയയുടെ പ്രേമം തിരസ്കരിക്കപ്പെട്ട ഷേക്സ്പീരിയന്‍ നായകന്‍

**ശ്രീ മുകുന്ദന്റെ ദാസന്‍
***മിസ്സിസ് കെ. എം.മാത്യു