Wednesday, 1 July 2020

=====

പ്രഭോ,
ഇവനെ കൊന്നാല്‍
അങ്ങയെ കാലം ഫ്യൂഡല്‍ബഡുവ
എന്ന് പുനര്‍നാമകരണം ചെയ്യും.
മാത്രമല്ല,
ഇവനില്ലാതാകുന്ന അതേ നിമിഷംതന്നെ
 അവനൊരു പിന്‍ഗാമി ഭൂജാതനായിവരും.
,ഇവന്‍ പറഞ്ഞപോലെയൊക്കെത്തന്നെ
അവനും പറയും.
ഉദ്ബോധിപ്പിക്കും.
അവന്റെ ആശയങ്ങള്‍
ആളുകളില്‍ ഉള്‍ഖനനം നടത്തും
അവരോരോരുത്തരായി 
അവന്റെ കൂടെ ഇറങ്ങിച്ചെല്ലും
അതില്‍ ഉത്പതിഷ്ണുക്കളായവര്‍
അവന്റെ പ്രവാചകരാവും
അവന്‍ പല പേരുകള്‍ കൈക്കൊള്ളും.
അവന്‍ ഒരുവര്‍ഗ്ഗത്തിലും
ചേരിയിലും പെടാതെ നില്‍ക്കും
എന്നാല്‍ വല്ലാതെ സ്വീകരിക്കപ്പെടുകയും ചെയ്യും.
പ്രഭോ,പണിയാവും.
ഇവനേപോലെതന്നെ
അവനേയും അങ്ങേയ്ക്ക് കൊല്ലേണ്ടിവരും.

പ്രഭോ,വിപ്ളവറഷ്യയില്‍
സര്‍ രണ്ടാമന്‍ 
തീവ്രവാദിയാക്കി വെടിവെച്ചുകൊന്ന
വാസ്ക കൊര്‍ച്ചാഗിന്റെ 
ഒന്നാന്തരമൊരുപ്രതിമ
പിന്നീടവര് തെരുവിലുയര്‍ത്തി.
സര്‍ രണ്ടാമന്റെ ഫോട്ടോയ്ക്ക്മേല്‍ തുപ്പി.
സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.
പിന്നീടൊരിക്കല്‍ സംഭവിക്കുന്നതൊക്കെ
 വേറെയായിരിക്കും.

വല്ലതും അറിയുന്നുണ്ടോ..
അങ്ങയുടെ സാമ്രാജ്യത്തിലെ
കുഞ്ഞുമക്കളിപ്പോള്‍ കാലത്തെ
മാറ്റിപ്പണിയുകയാണ്.
പിന്നീടൊരിക്കല്‍ സംഭവിക്കുന്നതൊക്കെ
 തികച്ചും വേറെയായിരിക്കും.

ഇവനെ കൊല്ലണ്ട..

നോട്ടം

=====

ആദ്യമായി കാണുന്ന ഒരാളെ
ചുഴിഞ്ഞുനോക്കി
അയാളില്‍ നിങ്ങളെത്തന്നെ തേടുന്നത്
ശരിയായൊരു കാര്യമാണോ?അറിയില്ല.
തീര്‍ച്ചയായും നോട്ടമേല്‍ക്കുന്നയാള്‍
ഇതെന്തു പരവേശനോട്ടം
എന്നന്ധാളിച്ചേക്കാം.
കണ്ണിന്റെ സ്ഖലനോത്സുകതയെപ്പറ്റി
തൊട്ടടുത്തുനില്‍ക്കുന്നയാളോട്
അടക്കം പറഞ്ഞേക്കാം..

നിങ്ങളാ കുഞ്ഞുപൂച്ചക്കുട്ടിയെ തപ്പുകയാണെന്ന് അയാള്‍ക്ക് അറിയില്ലല്ലോ.
എപ്പഴോ ഒരു മണ്‍സൂണ്‍മഴയത്ത്
ഒരുപിടി ചോറും തിന്ന് ഇറങ്ങിപ്പോയതാണ്.
തീവ്രനോട്ടങ്ങള്‍ ചിലരെ പ്രക്ഷുബ്ധരാക്കും
നിങ്ങളൊരു കവയിത്രിയോ ഇല്ലുസ്ട്രേറ്ററോ
ഫോട്ടോഗ്രാഫറോ ആണെന്നും
നിങ്ങളുടെ ഒരു കലാസൃഷ്ടിക്കായുള്ള ഫ്രെയിമൊരുക്കലാണ് ഈ നോട്ടമെന്നും
നുണപറഞ്ഞ് അയാളെ തെറ്റിദ്ധരിപ്പിച്ചോളൂ,
പാവം,ഫ്രോയിഡിനെയൊന്നും വായിച്ചിട്ടില്ലെങ്കില്‍
അയാളതില്‍ വീണുപോകും.
നിങ്ങളുടെ കാല്പനികനേത്രങ്ങളില്‍നിന്ന്
വനജ്യോത്സ്നയും മഞ്ഞുപാളികളും
ബഹുവര്‍ണച്ചിറകുള്ള കാക്കകളും
പ്രപഞ്ചത്തോടത്രയും ഉദാരതയോടെ
പുറത്തേയ്ക്ക് നൂണ്ടിറങ്ങി ഒരു ദൃശ്യമാകുന്നത്
അയാള്‍ വിസ്മയത്തോടെ നോക്കിനില്‍ക്കും.
ആ പൂച്ചക്കുട്ടി പണ്ടേ ഒരു ചാട്ടക്കാരനാണ്.
നിങ്ങള്‍ അതിനെ പിരിഞ്ഞു പരീക്ഷീണയായ
ഒരു യജമാനത്തിയും.
അതിന്റെ പിങ്ക്നിറമുള്ള മോണകളും 
ഈര്‍പ്പമുള്ള മൂക്കും പലവുരുസ്വപ്നം കണ്ട്
ഉറക്കത്തില്‍ നിങ്ങള്‍ വിമ്മിക്കരഞ്ഞിട്ടുണ്ട്.
യോസേ..ഫ്..നിങ്ങള്‍ അലറിവിളിച്ചിട്ടുണ്ട്..
ഒരിക്കല്‍ ഇരയുമായി വലിയ ഗര്‍വ്വോടെവന്ന
യോസഫ്പൂച്ചയെ നിങ്ങള്‍ അവഗണിച്ചു.
അതാണ് പറ്റിപ്പോയതെന്നു തോന്നുന്നു.
ഗര്‍വ്വഭംഗം ഒരു പൂച്ചപോലും സഹിക്കില്ല.
അന്നൊരിക്കല്‍ മട്ടുപ്പാവില്‍ മുടിയഴിച്ചിട്ടുനിന്ന്
മഴനനഞ്ഞുനിന്നുകൊണ്ടുള്ള നിങ്ങളുടെ
ഗിരിപ്രഭാഷണവും അവനെ മടുപ്പിച്ചുകാണും.

പിടയുന്നനോട്ടമുണ്ടെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
നോട്ടംകൊണ്ട് ഹൃദയത്തിലാക്കാന്‍ കഴിയണം.

പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കുപറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.

പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു
പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.
=================================

ആ തണുത്തുറഞ്ഞ  പ്രഭാതത്തില്‍-
 പുലര്‍കാലനടത്തം ശീലമാക്കിയിരുന്ന അയാള്‍-
അന്ന് വഴിതെറ്റി,പുല്ലാന്നി പടര്‍ന്നുകിടക്കുന്ന
തെക്കോട്ടുള്ള ഏങ്കോണിച്ച ഒരു വഴിയേ
അങ്ങു നടന്നുപോയി.
അയാള്‍ക്കുമുന്‍പെ 
ഒരു വൃദ്ധനും ഒരു കറുത്ത നായ്ക്കുട്ടിയും 
അതേവഴിയേ കടന്നുപോയിരുന്നു,
ആ വഴി ചെന്നുനില്‍ക്കുന്നത്
വിജനമായ ഒരു പാടത്തിലേക്കാണെന്നും
പിന്നീടങ്ങോട്ട് വേറെ വഴികളില്ലെന്നും
ഒരു പെണ്‍കുട്ടി പറഞ്ഞുകൊടുത്തിട്ടും
ആ വൃദ്ധനും നായ്ക്കുട്ടിയും 
പിന്‍വാങ്ങാതെ ഒരേ പോക്കുപോയി.
നടത്തത്തിന്നിടെ
അന്ന് വൈകിട്ട് അരങ്ങേറാന്‍ പോകുന്ന
നാടകത്തിലെ തന്റെ കഥാപാത്രത്തെപ്പറ്റി
ചിന്തിച്ചുനടന്നപ്പോഴാണ് 
അയാള്‍ക്ക് വഴിതെറ്റിയത്.
അയാളൊരു ഇരുത്തം വന്ന നാടകനടനാണ്.
തലേന്ന് തന്റെ നൂറ്റമ്പതാമത്തെ കഥാപാത്രത്തെ വേദിയില്‍
അവതരിപ്പിക്കാനുള്ള റിഹേഴ്സലിനിടയില്‍
പെട്ടെന്നയാള്‍ ഡയലോഗ് മറന്ന്
മല്ലയുദ്ധങ്ങളെപ്പറ്റിയും വാര്‍കോലും
കൊങ്കകളേപറ്റിയും ചിന്തിക്കാന്‍ തുടങ്ങി.
*'വാര്‍കോലും കൊങ്കകളില്‍ കാകോളം തേച്ചുചമച്ച' പൂതനാലോകത്തെ
പെട്ടെന്നങ്ങു മനസ്സില്‍ വിഭാവനംചെയ്തുതളര്‍ന്ന്
 രംഗമഞ്ചത്തിലെ നടുക്കിട്ട കസേരയില്‍ അയാള്‍ ഒടിഞ്ഞിരുന്നു.
അയാളുടെ അച്ഛനും ഇങ്ങനെയായിരുന്നു.
ഭാവനാസമ്പന്നനായിരുന്നു.
പെട്ടെന്നൊരു ദിവസം ആകാശത്തൊരു കപ്പല്‍ കണ്ടേ എന്നുറക്കെ വിളിച്ചുപറഞ്ഞ്
ഭൂതാവേശിതനായി തൊടിയിലെ
കവുങ്ങില്‍ പെരണ്ടുകയറി
**ആര്‍ബിനോയെപോലെ
സ്വര്‍ഗത്തിലേക്ക് കെട്ടുകെട്ടുകയായിരുന്നു.
ഹാ!ഘോരട്വിസ്റ്റുകള്‍ തന്നെ ജീവിതം.
ആ കസേരയില്‍ ഒടിഞ്ഞിരുന്ന്
അയാള്‍ തൊട്ടുതലേന്നു രാത്രിയെപ്പറ്റി ആലോചിച്ചു.
അന്ന് ഉറക്കത്തില്‍താന്‍ ഇബ്സന്റെ നോറയായി മാറിയതായി അയാള്‍ സ്വപ്നം കണ്ടിരുന്നു.
വീട് വിട്ടിറങ്ങിയ നോറ,ഏറെ നടന്ന്
No.1സഫ്ദര്‍ജംഗ്റോഡിലേക്ക് കയറിയപ്പോള്‍
പെട്ടെന്നൊരു നിമിഷംകൊണ്ട്
പത്തൊമ്പതു വെടിയുണ്ടകള്‍ക്ക് ഇരയായി
 കുഴഞ്ഞുവീണുമരിച്ചു.
പുതുതായി സ്വന്തമായി കിട്ടിയ മുലകള്‍
ഉറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്ന 
ആ ഒരുനിമിഷംകൊണ്ടാണ് അയാള്‍ക്ക്
ഇതൊക്കെ സംഭവിച്ചത്..
ഹാ!പൂതനാലോകം തന്നെ!
മരിച്ചുകിടന്ന, നീണ്ട മൂക്കിന്‍ തുമ്പത്ത്
ഉറഞ്ഞുകൂടിയിരുന്ന സിഖ്മൗനം 
കൊസാക്കിയന്‍ വാള്‍ത്തലപോലെ തിളങ്ങിനിന്നിരുന്നു.
എന്തൊരു സ്വപ്നമത്!
എന്നാല്‍ പല രാത്രികളിലും ഉറക്കമില്ലാതെ,
പാത്രാവിഷ്കാരത്തിന്റെ കേവുവഞ്ചികളില്‍
അയാള്‍ പൊങ്ങിത്തെങ്ങിനടന്നിരുന്നു.
പകലുകള്‍-വ്യാസമൗനങ്ങള്‍,
അര്‍ഥഗര്‍ഭങ്ങളായആണിക്കൂടുകളില്‍ ,
നിര്‍ധനനായ ഒരു പിശാചിനെപോലെ 
അയാള്‍ ചതഞ്ഞുകിടന്നിരുന്നു.
ഇവയ്ക്കൊക്കെ തൊട്ടുതലേന്നുവരെ
അയാളൊരു റേഷനിംഗ് ഓഫീസറായിരുന്നു.
പെട്ടെന്നൊരു ദിവസം അനധികൃതമായി കെട്ടിക്കിടക്കുന്നകൊമൊഡിറ്റികളെല്ലാം
അര്‍ഹതപ്പെട്ടവനിട്ടുകൊണ്ട്
അവസാനത്തെ ഒപ്പുമിട്ട് നിര്‍വ്യാജനായി
അയാള്‍ പടിയിറങ്ങുകയായിരുന്നു.
തലേന്നുതലേന്നിനെപറ്റി ചിന്തിച്ചുകൊണ്ടിരുന്നാല്‍
ആര്‍ക്കാണുറക്കം വരിക,സ്വപ്നങ്ങള്‍ കാണുക.
നോക്കൂ,
പെട്ടെന്നോരോ ദിവസങ്ങളില്‍ അയാള്‍ക്കു
പറ്റിയതൊക്കെ നിങ്ങള്‍ക്കും പറ്റാവുന്നതേയുള്ളൂ.
സ്ഥിരംവഴി തെറ്റുന്നത്,
നാടകത്തില്‍ ഡയലോഗ് മറക്കുന്നത്,
സ്വപ്നത്തില്‍ നോറയാവുന്നത് വെടിയേറ്റുവീഴുന്നത്
രാജി വച്ച റേഷനിംഗ് ആപ്പീസറാകുന്നത്..

പുലര്‍കാലനടത്തത്തില്‍ വഴിതെറ്റി
കാടുകേറിയ അയാളെ സംവിധായകന്‍
 മൈക്കിലൂടെ തിരിച്ചുവിളിച്ചു:
''നാടകരചന,സംഗീതം-പിരപ്പന്‍കോട് മുരളി
 രംഗപടം -സുജാതന്‍
നാടകസംവിധാനം -വക്കംഷക്കീര്‍''.

*കൃഷ്ണഗാഥ-പൂതനാമോക്ഷം
**കഥാപാത്രം-കോളറക്കാലത്തെ പ്രണയം

Friday, 19 June 2020

കേള്‍ക്കൂ

കേള്‍ക്കൂ..
======

സ്വയംകൊലയെപ്പററി ഇന്നലേയും ചിന്തിച്ചുകിടന്നു.
ഉറക്കത്തില്‍ കാട്ടുഞാവല്‍പഴങ്ങള്‍ സ്വപ്നം കണ്ടു.
അവയുടെ വയലറ്റ് കശേരുക്കളില്‍ 
നാക്കമര്‍ത്താന്‍ തോന്നി.
സ്വപ്നത്തിനും എന്തു സംത്രാസമാണ്.
താഴെ ഒരു മണ്ണ് അനാവൃതമായി.
പല ഋതുക്കള്‍ വന്നു ഭൂമി നിറഞ്ഞു.
വൃക്ഷങ്ങള്‍,മലകള്‍,കടലാകാശം
ചിരികള്‍,നുരകള്‍,പൊയ്കാഴ്ചകള്‍
രാവേ,പകലേ,തീക്ഷ്ണോര്‍ജ്ജങ്ങളേ
പ്രേമത്തിന്റെ പുഴകളേ..
സ്വപ്നങ്ങള്‍ക്കുപോലും എന്തു സംത്രാസമാണ്
തിരത്തള്ളലാണ്!

രാവിലെ ഒരു വിദേശപടം കണ്ടിരുന്നു
മൃദുവായിരുന്നു അത്!
മിതത്വമുള്ള ജനത.
പ്രശാന്തമായ ദിനചര്യകളോടെ
അവര്‍ ഒഴിവുസമയം പശുക്കളെ മേയ്ക്കുന്നു.
നിശബ്ദമായ ആവേഗങ്ങളെ
ഉള്ളിലൊതുക്കി പ്രണയഗീതങ്ങള്‍ മൂളുന്നു!
സ്വസ്വപ്നങ്ങളെ ആഗിരണം ചെയ്ത് നടക്കുന്ന
മഞ്ഞുമലകളെപ്പോലെ
അവര്‍ വല്ലാതെ തണുപ്പിക്കുന്നു.
അവര്‍ കുതറുന്നില്ല
പൊട്ടിത്തെറിക്കുന്നില്ല,
ശബ്ദമുയര്‍ത്താതെ സംസാരിച്ച്
ഇടവഴികള്‍ കടന്നുപോകുന്നു..

നമ്മുടെ സ്വപ്നങ്ങള്‍ക്കുപോലുമെന്നാല്‍
എന്തൊരു തിരത്തള്ളലാണ്.
സ്വപ്നത്തില്‍ നിന്നുണരുന്ന
അതേനിമിഷംതന്നെ നാം
സ്വയംകൊലയെപ്പറ്റി ചിന്തിക്കാം.
തകര്‍ന്നടിഞ്ഞ ഏതെങ്കിലുമൊരു സംസ്കൃതിയെപ്പറ്റി ചിന്തിച്ച്
നെഞ്ചലച്ചേക്കാം.
ഒരു പലായനാഭയാര്‍ഥിയെപോലെ
ഓടിക്കിതച്ചേക്കാം
വിച്ഛേദിക്കാത്ത ഇന്‍സുലേറ്റ്ചെയ്യാത്ത 
കോപ്പര്‍ വയറുകളില്‍ പച്ചകൊണ്ട്‌ വലതുകൈത്തണ്ടയും
ചുവപ്പുകൊണ്ട്
 ഇടതുകൈത്തണ്ടയും ബന്ധിച്ച്‌
220v കടത്തിവിട്ടേക്കാം.
ഇതൊരു തിരത്തള്ളലാണ്!

സ്വസ്ഥമായിരുന്ന്
ആ ഇഷ്ടപ്പെട്ട സിനിമയിലെ
അനുശീലനങ്ങള്‍
സ്വന്തമാക്കാന്‍ ശ്രമിച്ചാല്‍
എത്ര നന്നായിരുന്നു!

                        -നിഷാനാരായണന്

പ്രതിലോമം

പ്രതിലോമം
=========

ഏറെ പ്രേമിക്കുന്ന ഒരു യുവതിയോട്
പ്രേമം പറയുന്നതിനിടയില്‍
ആത്മവിചാരം പെരുത്ത്
തന്റെ കൈകാല്‍ചലനങ്ങള്‍ ശരിയാണോ
നടത്തം വക്രിച്ചുപോകുന്നുണ്ടോ
മുഖം, പേശികള്‍ വലിഞ്ഞ് വികൃതമാകുന്നുണ്ടോ എന്നൊക്കെ 
അനാവശ്യമായി ചിന്തിച്ച്,
ഒടുക്കം അപഹാസ്യരാകുന്ന കാമുകരുണ്ടാവും

മത്സരപ്പരീക്ഷ തൃപ്തികരമായി 
എഴുതാന്‍ കഴിയാതെ,നിരാശയില്‍
പുറത്തുകടന്ന്,ആദ്യം കണ്ട ആളോട്
ഒരു കാര്യവുമില്ലാതെ 
പ്രകോപനപരമായ സംവാദത്തില്‍ ഏര്‍പ്പെട്ട്
പരിഹാസ്യരായി തോറ്റുമടങ്ങുന്ന
ഉദ്യോഗാര്‍ത്ഥികളുണ്ടാവും.

സംവേദനങ്ങള്‍ ഇങ്ങനെ
പരാജയപ്പെട്ടാലോ..
കുറെ കഷ്ടമാണത്..

ഒരു കിറുക്കന്‍ വ്യവഹാരിയെപോലെ,
പ്രസന്നമായതൊന്നും പിടിക്കാത്തപോലെ,
നിങ്ങളെന്താണു ഹേ!ഇത്ര ശാന്തരായിരിക്കുന്നത്.
ലോകം തന്നെ അപഭ്രംശപ്പെട്ടുകൊണ്ടിരിക്കുകയാണ്.
നിങ്ങളൊഴിച്ചുള്ള ആളുകളെല്ലാം
വിഷണ്ണരും പ്രക്ഷുബ്ധരുമാണ് എന്നൊക്കെ
ഇവര്‍ ഇടയ്ക്കിടെ
നിറയൊഴിച്ചുകൊണ്ടേയിരിക്കും.

സംവേദനങ്ങള്‍ അത്രയ്ക്കും
വൈകാരികമാകുന്നതായിരിക്കും
ചിലപ്പോള്‍ കുഴപ്പമല്ലേ..

ഇത്തരക്കാര്‍ ജീവിതത്തിന്റെ
തെളിച്ചമുള്ള വഴികളിലേക്കൊന്നും നോക്കാറില്ലേ..?
ചായക്കടയില്‍ കാലിച്ചായകുടിക്കാന്‍ വരുന്ന
ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനോട്
പറ,പറ,നിങ്ങള്‍ക്കെന്തു സാമൂഹ്യപ്രതിബദ്ധതയാണുള്ളത്
എന്ന് ചോദിച്ച് സ്വയം അലുക്കുലുത്തായി
 സ്വസ്ഥതയും സമാധാനവും
നഷ്ടപ്പെടുത്തുന്ന ഇവര്‍
തങ്ങളുടെ സ്വകാര്യമുറികളില്‍
ആവശ്യത്തിലേറെ വലുപ്പത്തില്‍ പ്രിന്റുചെയ്ത
റോബ്സ്പിയറിന്റേയും റോസലക്സംബര്‍ഗിന്റേയും
പടങ്ങള്‍ സൂക്ഷിക്കും.
തങ്ങളുടെ ഗ്രന്ഥശാലകളില്‍ ജോണ്‍ലീയുടെ
ചെഗുവേര ജീവചരിത്രവും
സത്യാന്വേഷണപരീക്ഷണങ്ങളും പ്രദര്‍ശിപ്പിക്കും..

ങും..ഇത്തരക്കാര്‍ എന്നു നിങ്ങള്‍ ഇവരെ
വല്ലാതെ ക്യാറ്റഗറൈസ് ചെയ്യുന്നുണ്ട്.
എത്തരക്കാര്‍..പറയൂ ,എത്തരക്കാര്‍..
തലച്ചോറില്‍ ദിനംപ്രതി കൂടംകൊണ്ടടിയേല്‍ക്കുമ്പോള്‍
ഇവര്‍ വ്യവസ്ഥിതിയെ തള്ളിപ്പറയും.തെറ്റാണോ?
അരാജകത്വത്തിന്റെ കാല്‍പനികക്കലിപ്പെടുത്തിട്ട്
എനിക്ക് ചോരയാണ് പ്രിയം എന്നു ചുവക്കും.
അതവരുടെ കുറ്റമോ..
വിജനമായ വഴികളിലൂടെ നടക്കുമ്പോള്‍
പിന്‍വിളി കേട്ടെന്ന പോലെ അവര്‍
 വെറുതെ തിരിഞ്ഞുനോക്കും..
നിഷ്കളങ്കമായി ചിരിക്കും.
ദീര്‍ഘചുംബനങ്ങളില്‍ മുഴുകാതെ
പെട്ടെന്ന് അടര്‍ന്നുമാറി ഒരു ബീഡിയെടുത്ത് ചുണ്ടില്‍ തിരുകും.
അവര്‍ തേകാത്ത കിണറ്റില്‍ ചാടി ചത്തേക്കാം,
നിങ്ങളെ കിണറ്റില്‍ തള്ളിയിട്ടേക്കാം.
എങ്കിലും  മനുഷ്യരെ ഇഷ്ടമാണെന്ന്
ലോകം അവസാനിക്കുന്നതുവരെ
അവര്‍ പിറുപിറുത്തുകൊണ്ടേയിരിക്കും.

Monday, 15 June 2020

An interview with me

An  interview  with me
=================

നമസ്കാരം.
ഞാനൊരു ലോകപ്രശസ്ത എഴുത്തുകാരിയാണെന്നു വിചാരിക്കുക.
സുഹൃത്തേ,ചിരിക്കണ്ട.
ലേശം അങ്ങനെയങ്ങു വിചാരിക്കൂ.
നോവലാണ് എന്റെ തട്ടകം.
നോവല്‍ എന്ന സാഹിത്യത്തിന്
യാഥാര്‍ഥ്യവാദികള്‍ അയിത്തം കല്‍പിക്കുന്നതിനെപറ്റി എനിക്കറിയാം.
Fiction എന്ന പേരു തന്നെ ഫിക്ടീഷ്യസ് അത്രേ.
മൈക്ക് നേരെ പിടിച്ചാട്ടെ
എനിക്ക് ചിലത് പറയാനുണ്ട്.
അഭിമുഖങ്ങള്‍ പൊതുവെ ഞാന്‍ വെറുക്കുന്നു.
ഹേയ് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ
അഭിമുഖകാരന്‍ തനിക്ക് പ്രിയമുള്ള കാര്യങ്ങളേ ചോദിക്കുള്ളൂ.
നിങ്ങള്‍ വിഡ്ഢിയെപ്പോലെ അയാളുടെ
ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചുകൊണ്ടേയിരിക്കും.
പുറത്തുവരുന്നതില്‍ നിങ്ങളുണ്ടാവില്ല.
അമ്പരന്നു നില്‍ക്കുന്ന നിങ്ങളെ ടാബ്ളോയിഡുകള്‍ വലിച്ചുകീറും.
നിങ്ങള്‍ വിചാരിക്കും.
ജനങ്ങള്‍ ഇതൊക്കെ പെട്ടെന്നു മറന്നോളും.
എവിടെ,മാസങ്ങള്‍ക്കുശേഷം,
അടുത്ത അഭിമുഖകാരന്‍ ഇതുതന്നെ എടുത്തുചോദിക്കും.
അതൊക്കെ വിടൂ,നമുക്ക് നോവലിലേക്ക് വരാം.
നോവലുകളെ കല്‍പിതങ്ങളെന്ന്
കള്ള ക്കഥകളെന്ന് കളിയാക്കുന്ന നിങ്ങളോട്
മാര്‍ക്വേസിന്റെ ജോനാഹ് മറുപടിപറയും.
ജോനാഹ് പറയുന്നു.ഭാര്യേ,ഞാന്‍ വരാന്‍ മൂന്നുദിവസം വൈകിപ്പോയി.
എന്നെയൊരു തിമിംഗലം വിഴുങ്ങിയിരിക്കുകയായിരുന്നു.
സത്യമായും ഒരു തിമിംഗലം വിഴുങ്ങിയ ആള്‍
തൊട്ടടുത്ത നിമിഷം ഒരു ചാട്ടുളിയാല്‍
വയറുകീറപ്പെട്ട തിമിംഗലത്തില്‍ നിന്ന്
രക്ഷപ്പെട്ടു വീടെത്തുന്നതില്‍
എന്ത് കള്ളമാണുള്ളത്?
അഭിമുഖകാരാ,നിങ്ങള്‍ തറച്ചുനോക്കണ്ട.
എന്താണ് കവിതയെഴുതാത്തത്
 എന്നു നിങ്ങള്‍ ചോദിക്കുമായിരിക്കും.
ആത്മഭാഷണങ്ങളെ എനിക്കിഷ്ടമല്ല.
അവ പ്രസംഗപീഠത്തില്‍ നിന്നുകൊണ്ട്
തത്വോക്തി ചൊരിയുന്ന പണ്ഡിതനെപോലെയാണ്.
ഞാനെന്ന നോവല്‍കാരിയെ നിങ്ങളൊരു ഫോട്ടോഗ്രാഫറായി സങ്കല്‍പിക്കുക
അവള്‍ നിങ്ങളെ ഹാര്‍ദമായി സ്റ്റുഡിയോയിലേക്ക് സ്വാഗതം ചെയ്യും
നിങ്ങളുടെ കണ്ണ്,ചെവി,മൂക്ക്
ഇവയെപറ്റിയൊക്കെ കലാത്മകമായി സംസാരിക്കും.
നിങ്ങളെപറ്റിയാണ് ഞാന്‍ കൂടുതല്‍മിണ്ടുക
 സാഹിത്യം സഹജജ്ഞാനവും സഹജീവിബോധവും കൂടിയാണ് സുഹൃത്തേ.

ആഹാ,അടുത്ത ചോദ്യത്തിനുള്ള തയ്യാറെടുപ്പാണോ
നോവലിനെ നിര്‍വചിയ്ക്കാന്‍ മാത്രം എന്നോടു പറയരുതേ കുഞ്ഞേ,
ഞാനതിനാളല്ല.
ഉണക്ക നിര്‍വചനങ്ങള്‍ക്കപ്പുറം
മൊസാര്‍ട്ട് സിംഫണിപോലെ 
വിപ്ളവാത്മകമായ നൊട്ടെഷനുകളാണ് 
നോവലുകളെന്നും
ജീവിതമെന്ന അമൂര്‍ത്തപദത്തിന്റെ
രക്ഷപെടാനാവാത്ത പരാജയങ്ങളെ 
നേരിടുക എന്ന മൂര്‍ത്തതയാണ് നോവലെന്നും
ഒക്കെ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നാല്‍
നിങ്ങള്‍ വിയര്‍ക്കും,മൂന്നും നാലും കപ്പ്ചായ
എനിക്കുവേണ്ടി നിങ്ങള്‍
ഓര്‍ഡര്‍ ചെയ്യേണ്ടിവരും.ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കുകയും ചെയ്യും.

ആക്ച്വലി മറയാണെല്ലാം.
മറ എന്താണെന്നറിയാമോ ചോദ്യകാരാ
എല്ലായിടത്തും മറയുണ്ട്.
നിങ്ങളുടേയും എന്റേയും കണ്ണുകളില്‍ പോലും
ഓറഞ്ചുതൊലി പോലെ ഒന്ന്
ഒരു മാന്ത്രികമറ ഉണ്ടാക്കുന്നുണ്ട്.
അതിനെ മാര്‍ക്വേസിന്റെ  കണ്ണാടിനിര്‍മിതമായ
നഗരം മക്കോണ്ട വന്നു വലിച്ചുകീറി.
നോവലിന്റെ സാധ്യതയെ,വജ്രതയെ
മക്കോണ്ടയെന്ന മാന്ത്രികയാഥാര്‍ഥ്യം
പിടിച്ചുവലിച്ചുപുറത്തേയ്ക്കെടുത്തിട്ടു.
ഡിയര്‍ ,ചരിത്രത്തില്‍ നിന്നുകൊണ്ടുതന്നെ
ചരിത്രത്തില്‍നിന്നു വിടുതല്‍ നേടുന്ന 
പ്രക്രിയ എന്തെന്നറിയുമോ,അതു നോവലാണ്
അഭിമാനിക്കൂ,നിങ്ങളൊരു നോവലെഴുത്തുകാരിയോടാണ്
സംസാരിക്കുന്നതെന്നതില്‍.
ഇനി ഞാന്‍ മിലന്‍ കുന്ദേരയെപറ്റിപറയട്ടെ?
കാഫ്കയേപറ്റിയും ബാല്‍സാക്കിനെപറ്റിയും
പമേലയേയും ഉര്‍സുലയേയുംപറ്റി
പറഞ്ഞുകൊണ്ടേയിരിക്കട്ടെ,
വേണ്ടല്ലേ,സമയം കഴിയാറായല്ലേ,
എനിക്കെതിരെയുള്ള പ്രതിപ്പലകകള്‍
നിര്‍മിച്ചുകഴിഞ്ഞല്ലോ അല്ലേ
നാളെയത് പപ്പരാസികള്‍ക്ക് അയച്ചുകൊടുക്കൂ.
മാര്‍ക്വേസിനെപറ്റി പറയുമ്പോള്‍
ഞാനെന്നെപ്പറ്റിക്കൂടിയാണ് 
പറഞ്ഞുകൊണ്ടിരുന്നത്.
റോമിനേപറ്റിപറയുമ്പോള്‍
നിലയെത്താത്ത ചേരികളെപറ്റിക്കൂടിയാണ്
ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്.
നോവലിനെ പറ്റിപറയുമ്പോള്‍
ജീവിതമാണ് ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത്...

                                   -നിഷാനാരായണന്

Wednesday, 10 June 2020

ഭൂപ്

ഭൂപ്
====
നീളെ നീ മൊഴിഞ്ഞിട്ടോ
ചേലതില്‍ ചിരിച്ചിട്ടോ
പാത നാം നടന്നതിന്‍
സൗഭഗമിരട്ടിയായ്.

ചാരുവായ് വഴിനീളും
വാസനപ്പൂക്കള്‍ നിന്റെ 
ശോഭയാലുയിര്‍ വറ്റി
വല്ലാതെ വിളറിപ്പോയ്.

വീറൊടെന്‍ കണ്ണില്‍ പൂത്തു
നാലു താരകള്‍ ,നിന്റെ
ചാരെ മേവുമ്പോഴീയെന്‍
 പാഴുടല്‍ പോലും ധന്യം.

ഈ ദിനം നിശയുടെ
'ഭൂപി'ല്‍ നാമുണരവേ
രാഗമാണനുരാഗ-
ച്ചാലില്‍ നാമൊഴുകവേ
ഓടി നിന്‍ ചടുലമാം
ചോടുകള്‍ പിന്‍പറ്റവേ
മേഘവും പ്രണയമാം
നീരുതിര്‍ത്തൊപ്പം വന്നു.
 
പ്രേമമേ, പ്രതീക്ഷയാം
തോളില്‍ ഞാന്‍ തലചായ്ച്ചു.
സ്നേഹമാം ചുണ്ടാല്‍, കാതില്‍
കോറി നീ ''പ്രിയതരേ''
മെല്ലെയെന്‍ അരചേര്‍ത്തു-
ചുംബനച്ചൊടി കോര്‍ത്തു
കണ്ണിമയിണക്കി നാം
കാണാത്ത കര പാര്‍ത്തു.

നേരമായ്,നിലാവതിന്‍
ജാലകമടയ്ക്കാറായ്
രാവതിന്‍ നറുനീല-
കംബളം മടക്കാറായ്
ഭൂപ'തിന്‍ ആരോഹമാ-
യെപ്പൊഴൊ കടന്നുപോയ്
നീളവേ ബാലാര്‍ക്കന്റെ
കൈവിരല്‍ പതിക്കാറായ്

വേഗമങ്ങുണരെന്നു
വാസരം വിളിച്ചോതി-
യെങ്കിലുമനങ്ങാതെ-
യല്പവുമടരാതെ,
നിന്നു നാം മദ്ധ്യേ കാറ്റും
ലോകവുമസാധുവായ്.

ഭൂപ്-രാഗം,ഹിന്ദുസ്ഥാനി.