Friday, 18 October 2013

തുരുമ്പിയന്‍

നൂറരിവാളുകളന്നുകോറി
ഇളംവാനില്‍ കരുത്തിന്‍ ചുവപ്പുചിത്രം
നൂറായിരം മിഴിയിന്നു ഹതാശമായ്
തേടുന്നു വാനിലാ ഭഗ്നചിത്രം..

ദൂരമപാരമിനിയുമുണ്ട് താര-
വേഗമായ് താണ്ടുവാനെന്നവണ്ണം
നേരമടരാനിനിയുമുണ്ട് ശീല-
ക്കേടുവറ്റീടുമാക്കാലം വരാന്‍..

പഞ്ഞക്കൊടുംചൂടിന്‍ നോവുകേറി
കോരനിന്നും വയറാകെയാളി നില്‍പ്പൂ..
ചേറുംവിയര്‍പ്പുമുടുമുണ്ട് കീറെ
കാണാമൊരസ്ഥി തന്‍ ദൈന്യരൂപം

ആകെപ്പകച്ചുവിറച്ചലറി-
ക്കേഴൂ, പാളുമാച്ചിന്തയുമായ് യുവത..
കൂരിരുള്‍പ്പാളി ചുമലിലേറ്റി വേച്ചു-
വേച്ചങ്ങലക്ഷ്യം കിതച്ചിടുന്നു..

ഇന്നലത്തെ നിണപ്പാടുകളോ ചോന്നു-
വൊന്നുകൂടിച്ചോര ചേര്‍ന്ന്..
ചിന്തുമാത്തുള്ളി ഞാനൊന്നു-
കണ്ടതാണിന്നലെയെന്‍ തോഴനുള്ളില്‍

മാംസപ്പടുത മതിയാമോ നിന്‍റെ
നിര്‍ലജ്ജനേത്രം മറയ്ക്കാന്‍?
എങ്കിലെടുക്കുകാകാശമേ നീയത്
ഇന്നലെ ചീന്തിയ സ്ത്രീത്വം..

കാലുഷ്യക്കാറിരുള്‍ കാക്കക്കറുപ്പുമായാ-
ളുമുടലുകള്‍ ചൂഴ്ന്നു നില്‍ക്കെ
മിഴിനീട്ടിയുച്ചം വിളിക്കയാണായിരം
നീരറ്റ കണ്ഠങ്ങള്‍ ഘോരഘോരം..
"എവിടെയാണെങ്ങു നീ ചെഞ്ചുവപ്പേ"യങ്ങു-
കടലെടുത്തോ നീരാവിയായോ?
നിരയിടും പന്തങ്ങള്‍ക്കരുണാഭ പകരുവാ-
നിണയാക നീ ചോരച്ചെംചിരാതേ..

മാറട്ടെയീക്കരിമാനപ്പുകച്ചുരുള്‍
പടര്‍ന്നേറട്ടെ ചെന്നിണച്ചാറു ചാലായ്
ഏറട്ടെ കാതുകളിലങ്ങനുസ്യൂതമായ്
വീറിന്‍റെ വിപ്ളവച്ചോപ്പുമന്ത്രം!





3 comments:

  1. നന്നായിരിക്കുന്നു തുടരുക

    ReplyDelete