Wednesday, 10 May 2017

സസ്നേഹം കൊബയാഷി മാഷ്ക്ക്

സസ്നേഹം
*കൊബയാഷി മാഷ്ക്ക്..
===========================

ഇന്നലെ..
നീല സില്‍ക്ക് വിരിപ്പിന്‍റെ സുഭഗതയില്‍
ഇണ ചേര്‍ന്നുറങ്ങിയ ഞങ്ങള്‍,
ഉണര്‍ന്നെണീറ്റത്
പൂഴിമണ്ണിന്‍റെ വിശാലതയിലേക്ക്...!

ഇളംമണ്ണ് വിതാനിച്ച ഉടലുകളേറി
ഞങ്ങള്‍ പ്രഖ്യാപിച്ചു;
''ഇനി പ്രകൃതിയിലേയ്ക്ക്''..

ആദ്യം ഞങ്ങള്‍ നഗ്നരായി..
പാദുകങ്ങളും ആഭരണങ്ങളും
ഊരിയെറിഞ്ഞു..
വെയില്‍ച്ചൂടിലാവോളം
ഊറാടി മറിഞ്ഞു,
സന്ധ്യയില്‍
ഞങ്ങളിഴുകി കറുത്ത്
സുഭഗമോരോ ഇരുള്‍ചിത്രങ്ങളായി.
രാത്രി ,ആശങ്കയേതുമില്ലാതെ
മരച്ചുവട്ടില് പുണര്‍ന്നുകിടന്ന്
വന്യമൊരുറക്കത്തിന്റെ തേരേറി.

ഞാന്‍ പെറുന്നത്,
ഈ മണ്‍പായിലേയ്ക്കായിരിക്കുമെന്നും,
ഉടച്ചുമറിച്ചെന്നെ,ശൂന്യയാക്കി
അവന്‍ എത്തി,
ശേഷം കുതിച്ചാര്‍ക്കുമെന്നും,
പച്ചമീന്‍ തിന്ന്,പുഴയില്‍ മറിഞ്ഞ്,
കരയില്‍ മദിച്ച്,
മരത്തിനോടും മാനിനോടും
ചങ്ങാത്തം കൂടി
ഇവിടെയിങ്ങനെ
ജീവിച്ചുതിമിര്‍ക്കുമെന്നും
ഞങ്ങള്‍ ആലോചിച്ചുറപ്പിച്ചു!

പകലുകളോടിത്തളര്‍ന്നു കിതച്ചു..
രാത്രിയനേകം നക്ഷത്രവെളിച്ചങ്ങളെ
ദത്ത്‌ വാങ്ങി,പലവുരു പകലായി...
കാലം തെറ്റാത്ത മഴയില്‍
പരിവര്‍ത്തനം ചെയ്യപ്പെട്ട്,ബീജങ്ങള്‍
തലനീട്ടി സജീവരായി.

''അമ്മേ..
ഈ മൂവന്തിയ്ക്കെന്തിനാണിത്ര ചോപ്പ്?
ഈ മലകള്‍ മേലെ ആകാശം മുട്ട്വോ?
ചുറ്റിനും കിളികള്‍ പാടുന്നമ്മേ;
ഈ വസന്തമൊടുവില്‍
ഞാന്‍ പാകിയ വിത്ത് മുളക്ക്യോ?

ഹായ്!ദൂരെയതാ ഒരു പുതിയവെട്ടം..
വൈദ്യുതവെട്ടമത്രേ.
അമ്മേ, അവര്‍ കുറെ കുട്ട്യോളാണ്,
അവര്‍ക്ക് നെടുനെടുങ്കന്‍ കുപ്പായങ്ങളുണ്ട്,
അവരുടെ നീളന്‍ കാല്‍ശരായികള്‍
പൊടിപിടിയ്ക്കാതെ തിളങ്ങുന്നുണ്ട്,
കയ്യിലെ കടലാസുകെട്ടുകളില്‍
മുഖം പൂഴ്ത്തി,അവരെപ്പോഴും
എന്തോ ഉരുവിട്ടുകൊണ്ടേയിരിക്കും,
അവര് ചിരിയ്ക്കാറില്ല,
പരസ്പരം നോക്കാറില്ല,
അവര്‍ക്കെല്ലാം മുതുകില്‍
കൂനുകളുണ്ട്;വിളറിയ വിരലുകളും
ഒളിപോയ കണ്ണുകളുമുണ്ട്,
ഇടുങ്ങിയ ചില്ലുപാതയിലൂടെനോക്കി
അവര്
പ്രഭാതങ്ങളെ നിറം കെട്ടവയെന്നും
നദികളെ നിശ്ചേഷ്ടങ്ങളെന്നും
പ്രഖ്യാപിക്കും;കാടെന്താണെന്നും
മനുഷ്യരാരാണെന്നും
അവര് ആക്ഷേപിച്ചുകൊണ്ടേയിരിക്കും.
എന്റെ ചോദ്യങ്ങളൊരു പിടിയുണ്ടമ്മേ,
ഞാനവ പോയി ചോദിക്കട്ടെ''?

ഞങ്ങള്‍ കാടിന്റെ ഉര്‍വ്വരതയിലേയ്ക്ക്
അവനെ കൈചൂണ്ടിക്കാണിച്ചു,
തൊടുത്തുവിട്ട പോലൊരു
കൊള്ളിയാന്‍ പാഞ്ഞപ്പോള്‍
അതിന്റെയനായാസവേഗത്തിനെ
ഇമ വെട്ടാതെ നോക്കാന്‍ പറഞ്ഞു,
പുഴയൊഴുകുന്ന വഴികള്‍,
ദിക്കറിയുന്ന വിധം,
വെള്ളം വെള്ളമായിട്ടിരിക്കുന്നതെങ്ങനെ,
പുതുമഴ മണക്കുന്നതെങ്ങനെ,
പൂവ് കൊഴിയുന്നതെങ്ങനെ..
എല്ലാം തിരയാന്‍ പറഞ്ഞു,
വിളറിയ മരക്കൂട്ടങ്ങളെ
ഹരിതം തേച്ചൊരുക്കാന്‍ പറഞ്ഞു,
പിന്നെ
ഉണങ്ങിയ നനവിടങ്ങളില്‍
അവനെക്കൊണ്ടുറവിന്റെ
വിത്തുപാകിപ്പിച്ചു,
ആകാശത്തൂയലാടിപ്പിച്ചു,
നക്ഷത്രങ്ങളെക്കൊണ്ടുമ്മ വെയ്പിച്ചു,
ഒടുക്കം,
ഉറക്കെയാശ്ളേഷിച്ച്
നിതാന്തനിര്‍വൃതിയിലാഴ്ത്തി..

*പരമ്പരാഗത സ്കൂളിംഗ് രീതികളെ തച്ചുടച്ച ഒരു നല്ല അധ്യാപകന്‍,
ടോട്ടോച്ചാന്‍ ലെ കഥാപാത്രം

No comments:

Post a Comment