Wednesday, 24 May 2017

ശിഷ്ടം

ശിഷ്ടം
=====

*നിസ്സാര്‍ അഹമ്മദ്
മുണ്ട് മാടിക്കുത്തി
ശൗചക്കുഴി
കുത്തുന്നതില്‍
ഒരു മാനവികതയുണ്ട്.

എസ്.ജോസഫ്
കവിത ചൊല്ലുമ്പോള്‍
അതിലേയൊരു  പുഴ
കത്തിയൊഴുകുന്നുണ്ട്.

നടവഴിയിലൊരു
സൈക്കിള്‍ ടയറ്,
ആ നാടിന്റെ പാട്
ഉരുട്ടുന്നുണ്ട്.

സന്ധ്യയ്ക്കൊരു
ഇണചേരല്‍-
ശോണിമയുണ്ട്.

കേട്ടോ ചങ്ങായീ,
ഞങ്ങള് കാലടിക്കാര്,
മീന്‍ കറിയിലിപ്പോഴും
മല്ലീം മൊളകും
കല്ലേന്നരച്ചേ ചേര്‍ക്കൂ..

പേര് ഫാഷനാണേലും
''മിന്റു'ക്കുട്ടിയുടെ
പാവാടച്ചോപ്പിന്,
എന്റെയൊക്കെ-
യന്നത്തെ പ്രേമത്തിന്റെ
അതേ ഗുമ്മുണ്ട്,

രാത്രിക്ക്
കൂരിരുട്ടിന്റേയും
പകലിന്
വെളിച്ചത്തിന്റെയും
നൈതികതയുണ്ട് .

ആശ്വാസം!
നാടും **ഞാളും
ഇപ്പോഴും
കുറച്ചൊക്കെ
അങ്ങനൊക്കെത്തന്നെയുണ്ട് .

*ന്റുപ്പുപ്പായ്ക്കൊരാനേണ്ടാര്‍ന്ന് ലെ കേന്ദ്രകഥാപാത്രങ്ങളിലൊരാള്‍.

**ഞങ്ങളും

No comments:

Post a Comment