Wednesday, 22 November 2017

പ്രരോദനം

പ്രരോദനം
========

'ത്ഫൂ..എന്നൊരാട്ടും
എറിഞ്ഞിട്ടു തന്നു പോയതാണ്..
പടിയിറങ്ങുന്നേരം
അയയിലെ ആ മഞ്ഞസാരി
ഒന്നു കിണുങ്ങിക്കാണും,
അയല്‍പക്കത്തെ ആശാരിച്ചി
വന്നെത്തി നോക്കിക്കാണും,
ഉറപ്പാണ്
കാറ്റ് പുറകെ വന്നു പോകല്ലേ
എന്നു പറഞ്ഞു കാണും,
കാറ്റേ...പെണ്ണേ..
എന്റെ പൊന്നുപെണ്ണേ...
പിന്നല് പൊട്ടിച്ചൊരു മുടിയിഴ
ഈ കട്ട്ലപ്പടിയില്..
ദേ നമ്മുടെ കുറിഞ്ഞി
വിശന്നു ചിണുങ്ങുന്നു,
ഹോ!എടിയേ..

കുറിഞ്ഞിക്ക് പാലു കൊടുത്തില്ല  നീ
മീന്‍കൂട്ടാന്‍ അടുപ്പത്ത്,
മുറ്റത്ത് കരിയില പാറി,
തേച്ചു മോറാത്ത പാത്രം നിരന്ന്,
ഒരുമ്പെട്ടോളേ..
തിരിച്ചിങ്ങു വാടീ നീ
തൊഴിച്ചുപറപ്പിക്കും,ങ്ഹാ..
പട്ടയടിച്ച് പെരുവഴിയില്
ഞാന്‍ ഒടിഞ്ഞുകിടക്കും,
ആ ചോപ്പന്‍ അടിപ്പാവാട
കണ്ടംതുണ്ടം കീറി തീയിടും,
മുറ്റത്തെ നിന്റെ മഞ്ഞറോസിന്റെ
ചോട്ടില് ദിവസവും മൂത്രമൊഴിക്കും,
പങ്കജാക്ഷിയുടെ പര്യമ്പുറത്ത്
പരതി നടക്കും....
നിര്‍ത്തി.
നിര്‍ത്തി ഞാന്‍ ,കരള് കത്തണു,
എന്റെ കൊടല് കത്തണു.
പുര കത്തണു.
തൊടി മിണ്ടാതായി,
നിലാവ് ഉതിരാതായി,
ന്റെ കുഞ്ഞോളേ..
എന്റെ കുഞ്ഞോളമേ..
പട്ടയടിച്ച് ഈ പെരുവഴിയില്
ഞാന്‍ ഒടിഞ്ഞുകിടക്കുകയാണ്..

No comments:

Post a Comment