ഭാവാന്തരം
========
ഇന്നു കണ്ട ആ വരണ്ട ഗോഥിക് സ്വപ്നം...
ഹോ! അതില്‍ നിറയെ പൊടിക്കാറ്റായിരുന്നു.
സമയം പാതിരായും കൂറ്റാക്കൂറ്റിരുട്ടും.
പ്രണയികള്‍ പോലും ഉണര്‍ന്നിരിക്കാത്ത
കറുത്ത രാത്രിയുടെ കൊടും നിറം!
അതിലേയ്ക്ക്
എപ്പൊഴാണയാള്‍ കയറിവന്നത്?
നൂറ്റാണ്ടുകളുടെ അഴുകിയ
ഫൈബ്രിനോജന്‍ ഗന്ധം..
തിരിഞ്ഞുനോക്കി..
കറുത്ത നീണ്ട തുകല്‍കോട്ട്,
കൂര്‍പ്പിച്ചുയര്‍ത്തിയ ചെവികള്‍,
ചുവപ്പിച്ചെടുത്ത കണ്ണുകള്‍,
ഉയര്‍ത്തിയൊരുക്കിയ നെറ്റി,
ഒട്ടിച്ചുചേര്‍ത്ത ദംഷ്ട്ര..
ദൈവമേ..ലീ..?
*ക്രിസ്റ്റഫര്‍ ഫ്രാങ്ക് ലീ...!
എവിടെയാ ചോരച്ചുവപ്പിന്റെ
കാര്‍പാത്തിയന്‍ രൗദ്രത?
കണ്ണുകളില്‍ പകരമൊരു
വിഷാദസ്വപ്നത്തിന്റെ ആര്‍ദ്രത!
സര്‍,എന്താണിങ്ങനെ?
നോക്കൂ..
ഞാനൊരു ഭരണാധികാരിയുടെ കഥ പറയാം..
അദ്ദേഹം,വാഴ്ത്തപ്പെട്ട മധ്യവര്‍ഗ മിശിഹ..
നാളുകളായ്,കോര്‍പറേറ്റ് ഭീമരുടെ,
പി.ആര്‍ കമ്പനികളുടെ,
പ്രബലപ്രചാരണ വൈഫൈ വഴി
തലച്ചോറുകളില്‍ പ്രക്ഷാളനമഴിച്ചുവിട്ടൊരു
ചണ്ഡമാരുതന്‍..
നയങ്ങളില്‍,ജനവിരുദ്ധതയുടെ
ഗില്ലറ്റിന്‍ ഘടിപ്പിച്ചെന്നു പേരുവീണ
കൗടില്ല്യചിത്തന്‍..
സര്‍,അദ്ദേഹത്തെപ്പറ്റി പറയുമ്പോള്‍
നാവുകള്‍ക്ക് മൂര്‍ച്ച കൂടും,കേള്‍ക്കൂ..
സ്വയം ഉന്മത്തനാകൂ,വിരല്‍മറകള്‍ മാറ്റി ഘോരനഖങ്ങളെ പുറത്തെടുക്കൂ..
ചൊടികളില്‍ ചോര നുണയ്ക്കൂ..
അദ്ദേഹം-
ഒരു സൈക്കോളജിസ്റ്റിന്റെ ഭാഷയില്‍-
ഭരണാഭിനിവേശത്തിന്റെ ഇണ,
വികാരഹീനന്‍,ദ്വന്ദരൂപി..
-ഒരു രാഷ്ട്രതന്ത്രജ്ഞന്റെ ചിന്തയില്‍-
ഭരണനൈപുണ്യന്‍, ^നാലാം റെയ്ശ് പ്രയോക്താവ് ..
ഞാന്‍ പറയുന്നൂ ..ഡിയര്‍ ലീ,
ഈ ഹൈകോളേഡ് തുകല്‍ക്കോട്ടിന്റെ
മധ്യസ്ഥതയില്‍
നീയും അദ്ദേഹവും ഒരേ ചോര!
ഒരേ മാനിഫെസ്റ്റോയുടെ ദിക്പാലകര്‍,
വരിഷ്ഠ **ലെവിയാത്തന്‍മാര്‍,
കറുപ്പിന്‍ ചിറകുള്ള..
ഏഹ്!താങ്കള്‍ക്ക് ചിറക് മുളയ്ക്കുന്നോ?
ചോര നിറയുന്ന ചുണ്ടുകള്‍
പുറം തള്ളിവന്ന നഖങ്ങള്‍
രണ്ട് നീളന്‍കടവാതില്‍ചിറകുകള്‍!
ചിറക് പൊന്തി ..
ജനല്‍ കടന്നു..
ജനലിനപ്പുറം സ്വപ്നം മുറിഞ്ഞു..
ആ വരണ്ട ഗോഥിക് സ്വപ്നം.
സ്വപ്നങ്ങളങ്ങനെ മുറിയുകയാണ്!
അശാന്തി ജനല്‍ കടക്കുകയാണ്..
ഇനി
അധൃഷ്യത..
അകര്‍മ്മത.
*ഡ്രാക്കുളയെ അവതരിപ്പിച്ച നടന്‍
^പുത്തന്‍സാമ്രാജ്യം refers to മൂന്നാം റേയ്ശ്=നാസി ജര്‍മനി
**ഭീമാകാരനായ ഒരു കടല്‍ ജന്തു
No comments:
Post a Comment