ആക്ച്വലി
========
ഒരു മാംഗോസ്റ്റിന്‍ പഴത്തെപ്പറ്റി കവിതയെഴുതൂ..
ഒരു ചോണനുറുമ്പിന്റെ തിടുക്കംപാച്ചിലിനേക്കുറിച്ചും
രാവിലത്തെ പുഴുക്കം മാറ്റുന്ന
ചെറുകാറ്റിനേക്കുറിച്ചും
ഒരു കവിതയെഴുതൂ..
ഒരുമയേപ്പറ്റിയും
ഇണക്കത്തിലിരുപ്പിനേപ്പറ്റിയും
അങ്ങോട്ടൊരു കവിതയെഴുതിയിടൂ..
ആ ജനാലയും നീലവിരിയുമൊക്കെ
കവിതയില്‍ വരട്ടെ..
ദാ പോണ കാറ്റില്‍ എന്തോരും കവിതയാണ്!
ചുമ്മാ
പാലസ്തീന്‍ ഇസ്രായേല് വഴക്കിനെപ്പറ്റിയും,
സിറിയയില്,ദിനംദിനം കൊല്ലപ്പെടുന്ന,
ആത്മഹത്യാബോംബര്‍മാരായ,
പലായനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന
കുഞ്ഞൂട്ടികളേപ്പറ്റിയും,
ഈയിടെ വിയറ്റ്നാം ചുഴലിക്കാറ്റില്
പറന്നുപോയ ജീവനുകളേപ്പറ്റിയും,
മരിയാ ഹറിക്കെയ്ന്റെ
ഗതിവിഗതികളെകുറിച്ചും
ഒക്കെപ്പറ്റി കലക്കി കടുവറുത്ത്
ഒരു കവിത കാച്ച് ..
റോഹിങ്ക്യന്‍ അഭയാര്‍ഥനകള്
കേള്‍ക്കുന്നുന്നെന്ന് കാണിച്ച്
കരളുരുക്കി ഒരു കവിത ചുട്..
കവിതവിതയങ്ങ് നിരത്തി വിത..
കവിത പറപറത്ത്..
ചൊരുത്ത്..
തൊടുക്ക്,
ഇരുപുറം നോക്കാതെയ്ത് വിട്..
ആക്ച്വലി
കവി ഒരു പണിയുമില്ലാത്തവന്‍.
[പ്രചോദനംഃ ഇന്നത്തെ വാക്കനല്‍ പേജില്‍ വന്ന എറിക് ഫ്രീഡ് കവിത.]
No comments:
Post a Comment