ഏതു രാഗം.
=========
എത്രയോ നിശ്ശൂന്യമീ
രാത്രി ഹാ!ഇരുള്‍ പോലും-
നിശ്ചലം വാക്കൈപൊത്തി
നില്‍ക്കയാണന്തസ്താപം.
അത്രയും തമോവൃത-
മാകുമീ നിശീഥത്തില്‍
ഇത്രമേല്‍ ധ്യാനാത്മകം
മൂളുന്ന സ്വരമേതോ?
ദൂരെയാ കുന്നോ കാടോ
ചേണുറ്റൊരാകാശമോ
ചേറണിപ്പുഴക്കയ്യോ
ആ നിശാചരികളോ?
വിസ്മിതമുടലാഴി-
യലപോലുയര്‍ന്നാടി,
മുഗ്ദ്ധമാ ഗാനത്തിന്റെ
നിര്‍ഝരി തേടിച്ചെന്നു.
അക്കുടില്‍വാതില്‍പാളി
പയ്യവേ മലര്‍ന്നു ,നല്‍-
താനത്തിലാത്മാലാപം
ചേര്‍ക്കയാണഗ്ഗായകന്‍!!
ആരു നീയൊളി ചേര്‍ത്തു-
വല്ലെങ്കില്‍ കങ്കാളമാം
രാവിതായേനെ; ഏതു
രാഗമാണീ വൈഭവം?
അത്രമേലടുത്തൊരാള്‍
തൊട്ടപോല്‍, പ്രേമാഭ്വത്താല്‍
സ്നിഗ്ദ്ധമാം ഭാവാലാപ-
മാരു നീ പറഞ്ഞിടൂ..
രാഗിലേ! രാഗാന്വിതേ..
ഭൂപാളിയാണീ രാഗം,
സ്നേഹമാണിതിന്‍ നാദം,
സ്നേഹഗായകന്‍ ഞാനും.
No comments:
Post a Comment