Monday, 25 June 2018

വായന

വായന
======

മധ്യാഹ്നത്തോളം ഒരു നോവല്‍ വായിക്കുകയായിരുന്നു.
അതിലൊരു പെണ്ണുണ്ട് 'ഇസബെല്‍,
അവളെ 'വാര്‍ബെര്‍ട്ടണ്‍ പ്രഭു പ്രേമിക്കുന്നു
അവളയാളെ തിരസ്കരിക്കുന്നു.
വീണ്ടും അവളെ  'മി.ഗുഡ് വുഡ്  പ്രേമിക്കുന്നു
അയാളേയും അവള്‍ തിരസ്കരിക്കുന്നു.

അവളോടൊരു ഇഷ്ടം തോന്നിത്തുടങ്ങി.
പ്രത്യേകതയുള്ളൊരു പെണ്ണ്,
ഹഹ!
ഞാന്‍അവളാവുമെന്നു തോന്നിപ്പോയി.
അവളെ നിയന്ത്രിക്കാന്‍
പറ്റുമെന്നുതന്നെ കരുതി,
'മി.ഓസ്മോണ്ട് വന്നപ്പോള്‍
അതുകൊണ്ടുതന്നെ ഞാന്‍
വളരെ സ്വസ്ഥയായിരുന്നു.
അവളയാളെയും നിരസിക്കും..
ഉറപ്പല്ലേ
സമാധാനത്തോടെയിരുന്നു,
അയാള്‍ വലിയ വാചാലനായിരുന്നു
കലാകാരനും.
അവളതിലൊന്നും വീണുപോവില്ലെന്ന്
തീര്‍ചയായും വിചാരിച്ച്
വളരെ ലാഘവത്തോടെയാണ്
ഞാന്‍ ബാക്കിവായിച്ചത്..
എന്നാല്‍ മുന്നൂറ്റിമുപ്പതാമത്തെ പേജില്‍
അയാളെ വിവാഹം ചെയ്യാന്‍
അവള്‍ തീരുമാനിച്ചപ്പോള്‍
'റാല്‍ഫിനൊപ്പം ഞാനും
മൂക്കത്തു വിരലുവെച്ചുപോയി
പെണ്ണൊരു ജാതി ഇങ്ങനെയാണ്,
മലക്കം മറിയും.

റാല്‍ഫ്..
റാല്‍ഫ് അവളുടെ കൊച്ചുചേട്ടനാണ്.
ആളുകളെ വിലയിരുത്താന്‍
വളരെ കഴിവുള്ളവനെന്നു തോന്നും.
തുടക്കം മുതലേ
വളരെ ബുദ്ധിപരമായിട്ടാണ്
സംസാരിക്കുന്നത്,
നയത്തോടെയും.

ആ ഘട്ടത്തില്‍
റാല്‍ഫിന്റെ കൂടെ നടക്കാന്‍ തോന്നി ..
ഞാന്‍ അയാളാവുമെന്നു തന്നെ
തോന്നിപ്പോയി..

ഏതു സാഹചര്യത്തിലും
അയാള്‍ സമചിത്തതയോടെ
പെരുമാറുമെന്ന്
ഉറപ്പായും വിചാരിച്ചാണ്
അയാളുടെ അച്ഛന്‍ മരിക്കുന്ന
രണ്ടാം അധ്യായം അവസാനത്തിലും
ഒരു സങ്കടവുമില്ലാതെ
കടലയ്ക്ക കൊറിച്ചുകൊണ്ട്
വായന തുടര്‍ന്നത്.
അയാളുടെ അച്ഛന്‍ 'മി.ടച്ചറ്റ്‌ വളരെ
നല്ലവനായിരുന്നു,
ഉപകാരിയും;
റാല്‍ഫിന്റെ ആ അവസാനപേജിലെ
ആഞ്ഞുകരച്ചിലില്‍,ശ്ശോ..
'മഡാം മേളിനോപ്പം ഞാനും
അന്ധാളിച്ചുപോയി!

മഡാം മേള്‍ നോവലിലെ
പകുതിയാണ് വരുന്നത്,
തുടക്കത്തില്‍ വളരെ
മിടുക്കും വകതിരിവും
അവര്‍ കാണിച്ചിരുന്നു.
അവരുടെ കൗശലം പക്ഷേ
ആദ്യമേ മനസ്സിലായി.
ഞാന്‍ ശ്രദ്ധിച്ചു; എന്റെ തലച്ചോറിന്റെ
വക്രവഴികളിലൂടെയൊക്കെ
അവരും പോകുന്നു!ശരിക്കും
ഞാനെന്ന പോലെ!!
ആ കുറുക്കത്തിയെ ചേര്‍ത്തുപിടിച്ച്
കുറെ ഓടി, അധ്യായം അഞ്ചു വരെ.
ആറാം അദ്ധ്യായത്തിന്റെ
തുടക്കത്തിലവര്‍ക്ക്
അടിപതറി,ചിതറിപ്പൊടിഞ്ഞുപോയി,
ഹോ !ഞാനും തവിടുപൊടിയായി..

രാത്രി,
നവാസിന്റെ വീട്ടിലെ ഇഫ്താര്‍ വിരുന്നില്-
അവിടെ റാല്‍ഫിരിക്കുന്നു!
-അള്ളാഹുമ്മ ലക്ക സൊംതു വ ബിക്ക അമൻതു  വ അലൈക്ക തക്കൽതു  വ അലാ റിസക്കിക്ക  അഫർത്തു...അവന്‍ പ്രാര്‍ഥിക്കുകയാണ്,
മടങ്ങിയപ്പോള്‍ ,നിലാവുപോലെ ,കൂടെ ഇസബെല്‍
പാലം കടക്കുമ്പോഴും
കൈചേര്‍ത്തുപിടിച്ചിരുന്നു.
റയില്‍വേ സ്റ്റേഷനില് മദാം മേള്‍
അടുത്തുവന്നിരുന്ന്,
മി.ഒാസ്മോണ്ടിനോടെന്ന പോലെ
മകള്‍ പാന്‍സിയെപ്പറ്റി
ഉത്കണ്ഠാകുലയായിക്കൊണ്ടിരുന്നു.

ഒരു റാസ്പ്ബെറി പഴത്തിന്റെ കുരു
ചവച്ചുതുപ്പി
*ഹെന്റി ജെയിംസ് ,പുസ്തകത്തിന്‍ മേല്‍
ചടഞ്ഞിരുന്നു.
''ക്ഷീണിച്ചോ,ദാ പിടിച്ചോ'',
എറിഞ്ഞുതന്ന പഴച്ചോപ്പ്
ചുണ്ടിലാക്കി  ,വമ്പത്തത്തിന്റെ
അവസാനകുരുവും തുപ്പിത്തെറുപ്പിച്ച്,
ഷെല്‍ഫില്‍ ,ഞാന്‍ അടുത്ത പുസ്തകം
തെരയാന്‍ തുടങ്ങി.

*അമേരിക്കന്‍ നോവലിസ്റ്റ്
'കഥാപാത്രങ്ങള്‍[The portrait of a young lady  by Henry James]

No comments:

Post a Comment