ലേബല്‍
======
ജോസപ്പേ...
നോക്കെടാ ഈ ലോകം എത്ര സുന്ദരാ...
നെറഞ്ഞ കാടും പച്ചേം
ഓടോടി വീശണ കാറ്റും
അച്ചാലും മുച്ചാലും ആറും തോടും
ചിച്ച്ലം ചിച്ചുലം അണ്ണാന്‍മാരും
പാടണ ചാടണ കിളീം മാനും
കൂട്ടിനാവോളം ഞങ്ങള് കൂട്ടാരും
ഒന്ന് ചിയറപ്പെന്റെ ജോസ്പ്പേ ..
ഡാ..
കൂട്ടരേ,ഞാന്‍ ജോസഫ് മറിയക്കുട്ടി ജോസ്.
ഒളിച്ചുവെയ്ക്കുന്നില്ല,ഞാനൊരു
പാരനോയിയ രോഗിയാണ്.
കുറേപ്പേര്‍ എന്നെ കൊല്ലാന്‍ വരുന്നതായി
ഞാന്‍ നിരന്തരം സങ്കല്‍പിച്ചു,
അതിന്റെ മൂര്‍ധന്യത്തില്‍
ഇന്നലെ വഴിയില്‍ വെറുതെ നിന്ന
ഒരു ഹോം ഗാര്‍ഡിനെ അടിച്ചു കൊന്നു.
ഒളിച്ചുവെയ്ക്കുന്നില്ല ഞാന്‍,
മൂന്നുമാസം മുന്‍പ് തെരുവില്‍ കണ്ട
ഒരു ഗുജറാത്തി വഴിവാണിഭക്കാരിയെ
വലിച്ചിഴച്ചുകൊണ്ടുപോയി
ബലപൂര്‍വ്വം ഭോഗിച്ചു.
അവളുടെ കയ്യിലുള്ള ആ കളിബ്യൂഗിളിന്,
ഹോ!പേടിപ്പിക്കുന്നൊരുതരംശബ്ദമായിരുന്നു.
ഗയ്സ്..ഭീതിരോഗമാണെനിക്ക്,
ഒളിച്ചുവെച്ചിട്ടെന്തു കാര്യം?
ഒരു ഫിക്ഷന്‍ എഴുത്തുകാരനാണ് ഞാന്‍.
കല്‍പിതകഥകളെ കളിയാക്കുന്ന
ഫ്യോദോര്‍ എന്നു വിളിപ്പേരുള്ള തോമസിനെ
മുന്‍പ്,കഴുത്തുഞെരിച്ചു വല്ലാതാക്കി
കോണിപ്പടിയ്ക്കടിയില്‍ വെച്ചു.
ദസ്തയോവ്സ്കി ആസ്വാദനത്തിലൂടെ
അവന്‍ തന്നൊരു *ഖയോസ്;ഓ!പേടിച്ചുപോയി.
ഇനി ഒളിച്ചുവെയ്ക്കാനേ പോകുന്നില്ല,
പേടിരോഗം ഒരു കുറ്റമല്ല.
'ഏതുണ്ടെടാ കാല്‍പന്തല്ലാതെ ഊറ്റം
കൊള്ളാന്‍ വല്ലാതെ'
---അന്ന് സെവന്‍സില്
വിംഗ് ബാക്കിന്റെ നാഭിക്കിട്ട് തൊഴിച്ച്
കലി തീര്‍ത്ത പഴയ ജോസഫല്ല ഞാന്‍ ചങ്ങായീസ്,
-ഇന്നെനിക്ക് നിലാവിനെ വരെ പേടിയാണ്.
...........ജോസഫ്,
നിങ്ങളുണരുകയാണ്,
പൂര്‍വ്വാധികം ഉല്ലാസവാനാണ് നിങ്ങള്‍,
ഉന്മേഷത്തോടെ നിങ്ങളീ മുറിയിലെ
ഓരോ വസ്തുക്കളേയും നോക്കുന്നു.
ഈ ബ്ളിംകിങ്ങ് ലൈറ്റുകള്‍,പെന്‍ഡുലം
പോക്കറ്റ് വാച്ച്..ഒരു ഹിപ്പ് നോട്ടൈസറുടെ
മുറിയില്‍ ഇവ,വേണമെന്നാണ്.
ജോസഫ്,നീ വിദൂരത്തേക്ക് നോക്കുന്നു.
അവിടെ ഏതോ പ്രവിശ്യകള്‍ തമ്മിലുള്ള
അതിര്‍ത്തിപ്രശ്നങ്ങള്‍ക്ക്
ആഗോളമാനം കൊടുത്ത്,ലോകം ആകെമൊത്തം
ഹറാമെന്നും ഹലാലെന്നും തിരിച്ചിരിക്കുന്നു.
പല ചേരികള്‍ ഇവിടെ
വേണമെന്നാണ്.
ജോസഫ്,ഈ പുസ്തകം നോക്കൂ,
നിറയെ പൊരുതലുകളാണ്.
അവയെ ധര്‍മാധര്‍മ്മങ്ങളുടെ യുദ്ധങ്ങളാക്കി,
ഒടുക്കം ധര്‍മം തന്നെ ജയിക്കുക വേണമെന്നാണ്.
പോരാട്ടങ്ങള്‍ക്കൊടുവില്‍
സാമ്രാജ്യങ്ങള്‍ ഉണ്ടാക്കപ്പെടണമെന്നാണ്,
നായകനെപ്പോഴും സത്വഗുണങ്ങള്‍ വേണമെന്നാണ്.
ചിട്ടപ്പെടുത്തിയ പാട്ടുകള്‍ അതേ രാഗത്തില്‍
തന്നെ തീരണമെന്നാണ്.
നാടകത്തിനൊരു ക്ളൈമാക്സില്ലെങ്കില്‍
പോക്കണംകേടാണെന്നാണ്.
കാടനങ്ങനെയാണെന്നാണ്,
നാടനിങ്ങനെയാണെന്നാണ്,
ഹാ..ജോസഫ്..
ചില ലേബലുകളില്‍ അന്ത്രയോസും
അര്‍ഷിദും അഡോള്‍ഫും മൈക്കേലുമൊക്കെ
പരുവപ്പെട്ടുപോയിരിക്കുന്നു!
പാരനോയിയ എന്ന കമ്പാര്‍ട്ട്മെന്റില്‍..സുഹൃത്തേ,
നീയും വല്ലാതെ
പരുവപ്പെട്ടു പോയിരിക്കുന്നു.
ജോസപ്പേ,എടുത്തുചാട്രാ..
താഴെയിപ്പൊഴും അന്നത്തെ നീരൊഴുക്കാടാ..
കപ്പേം പൂളോന്‍കറീം തിന്ന്,കടുപ്പമൊരു കട്ടനടിച്ച്,ഈ ലേബലങ്ങ് കീറിക്കള മച്ചൂ,
നീ ഇപ്പഴും ഞങ്ങടെ മിന്നും ബാക്ക്സ്റ്റോപ്പറ്..
സാബറ്റാഷ്....
ഹുയ്യോ............
ReplyDelete