Tuesday 7 May 2019

സന്മാര്‍ഗം

സന്മാര്‍ഗ്ഗം
=========

ജീരകമിഠായി, തേങ്ങാമിഠായി, പല്ലുമ്മലൊട്ടി  പാൽമിഠായി, ഗ്യാസ് മിഠായി, കോലുമിഠായി..

മേരി ജോസഫ്,യാസ്മീന്‍,ജെസീക്കാ ബ്രൗണ്‍സ്,സരോജിനിഭരദ്വാജ്,മോളിഗോമസ്
ധന്നോ,സുശാന്തികാ..........

*മോഹന്‍കുമാര്‍ തിരക്കിലേയല്ല.
ഈ വിവിധ പര്യടനങ്ങളെപറ്റി
ഒരു ആത്മവിചിന്തനത്തിനും
അദ്ദേഹം മുതിരുന്നുമില്ല.
ഓരോ മിഠായിയേയും
അതതിന്റെ തനതുസ്വഭാവം ഉള്‍ക്കൊണ്ട് അദ്ദേഹം ആസ്വദിക്കുന്നു.

ലൈംഗികത,
ദാഹിച്ചുവെള്ളം കുടിക്കുന്നപോലെ,
മൃഷ്ടാന്നം ഉണ്ണുന്നപോലെ,
വയറുനിറച്ച് ഉറങ്ങുന്നപോലെ ,
രസമുള്ള ഒരു സാധാരണ കാര്യം ;ചുമ്മാ എന്തിനാണീ ഹൈപ്പ്
എന്ന് മോഹന്‍കുമാര്‍ കൂട്ടുകാരോട്
ചോദിക്കുന്നിടത്ത് നോവലിന്റെ
ഒന്നാം അധ്യായം കഴിയുന്നു.

രണ്ടാമധ്യായത്തില്‍ അരസികത്തിയായ
അയാളുടെ ഭാര്യ വന്ന്
അവരു തമ്മില്‍ പോരും കുത്തും
തുടങ്ങിയേടത്തു നിന്ന്,

ഇതെന്തു നോവല്‍
ഇതെഴുതിയവന്‍ ഒരു സുഖജീവിയാണ്.
ഈ വൈകാരിക ജല്‍പനങ്ങള്‍
ഒരു മനോരോഗിയുടേതാണ്
എന്ന് തള്ളിപ്പറഞ്ഞ്
ഒന്നാമധ്യായത്തില്‍ രസിച്ചു
മറിഞ്ഞുപോയത്
ഒരു വൈക്ളബ്യവും കൂടാതെ
പുറകിലേക്ക് തള്ളിമാറ്റി
അവര്‍-ദേവും വിജയും-
ദേവ്ആന്‍ഡ് വിജയ് പബ്ളിഷിംഗ് കമ്പനിയുടെ
ഉടമസ്ഥര്‍-
അതിലെ- ആ നോവലിലെ
ലൈംഗികതയുടെ
പരീക്ഷണോന്മുഖമായ രാഷ്ട്രീയം
കണ്ടില്ലെന്നു നടിക്കുന്നു.

അവര്‍ ദിവസവും
ഒരു പത്തു നോവലുകളിലൂടെയെങ്കിലും
കടന്നുപോകാറുണ്ട്..
നോവലെഴുത്തിലെ പാരമ്പര്യവാദത്തെ
പൊളിക്കുന്ന തെരഞ്ഞെടുപ്പുകളാണ്
ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്
ബോധപൂര്‍വ്വം പറഞ്ഞുകൊണ്ടിരിക്കെത്തന്നെ,
സാമൂഹ്യ രാഷ്ട്രീയ വൈകാരിക ക്ളീഷെകളുടെ,
വര്‍ത്തമാന രൂപങ്ങളെ  വായിക്കുന്നനോവലുകളില്‍
അവര്‍ കണ്ടില്ലെന്നു നടിക്കുന്നു.
മാസ്സിന് സദാചാരം വേണം,അതുകൊണ്ടാ
എന്ന് പരസ്പരം തലകുലുക്കുമ്പോള്‍തന്നെ
പ്രസ്തുത മോഹന്‍കുമാര്‍നോവലിലൂടെ,
ധാര്‍മികസദാചാരം എന്നത്
സാമൂഹ്യഅടിച്ചമര്‍ത്തലിന്റെ
ഭാഗമായുള്ള സോഷ്യല്‍ അജന്‍ഡയാണെന്ന്
നോവലിസ്റ്റ് പറഞ്ഞുവെയ്ക്കുന്നത്
കേമമായെന്ന് -ടിയാനെ
പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.

രതിയുടെ കുത്തൊഴുക്കല്ലേ,
ഇതു ചെയ്യണോ,ആളുകള്‍ സ്വീകരിക്കുമോ
എന്ന് ആശങ്കപ്പെടുന്നിടത്ത്
മൂന്നാമധ്യായം തുടങ്ങുകയും
പൊളപ്പന്‍ചുച്ചൂടന്‍
ലൈംഗികകേളികളിലേയ്ക്കൊരു
ഉംഫ് ഡൈവിലുടെ
മോഹന്‍കുമാറിന്റെ വേഴ്ച ആവേഗങ്ങളെ
ഹോവ്..ഹാ നിശ്വാസങ്ങളിലൂടെ പറത്തിവിട്ട്അവര്‍,കട്ടവായന തുടരുന്നു.
ദേവ് ആന്‍ഡ് വിജയ് പബ്ളിഷിംഗ് കമ്പനി,
നാട്ടിലെ ഏറ്റവും പേരുള്ളത്.
45ഡിഗ്രി ഉയര്‍ച്ചയെ
വിഷമിച്ചടക്കിക്കൊണ്ട് വിജയ്ഃ
''വേണ്ട ദേവ്,നമ്മുടെ പേര് പോം'
അതു ശരിയാണ് വിജയ്''
എന്നു പരസ്പരം നിരുത്സാഹപ്പെടുമ്പോള്‍തന്നെ
പ്രസ്തുത നോവലിന്റെ സെക്ഷ്വല്‍ ഓറിയന്റേഷനെ,
കുറച്ച് വളരെകുറച്ച് മാത്രം അനുവദിച്ച്
അവന്റേയും അവളുടേയും കിടക്കയില്‍
നിയന്ത്രണമിട്ട് ,തന്മൂലം
ലൈംഗിക അരാജകത്വങ്ങളിലേക്ക്
കൂപ്പുകുത്തുന്ന സമൂഹത്തിനുള്ള
ഒരു റെമഡിയായി അതിനെ ചിത്രീകരിച്ച്
ന്യായീകരിക്കാന്‍ പറ്റിയവഴിയുണ്ടോ
എന്ന് ആലോചിക്കുകയും ചെയ്യുന്നു.

മൊറാലിറ്റി പറേണം മച്ചൂ,
മോഹന്‍കുമാര്‍ ഒരു എപ്പിക്യൂറിയന്‍.
എപ്പിക്യൂറിയന്‍ ഫിലോസഫി
കുടുംബത്തിപ്പെറന്നവര്‍ക്ക്
അത്ര സ്യൂട്ടല്ല എന്നു
പറഞ്ഞുവെയ്ക്കുന്നതാണ്
ഈ നോവലെന്ന് സമര്‍ഥിച്ചാലോ
എന്ന് ആശങ്കപ്പെട്ട് ചിന്തിക്കുമ്പോള്‍തന്നെ
നാലാമധ്യായത്തില് തുടങ്ങുന്ന
മോഹന്‍കുമാറിന്റെ ദുരിതങ്ങള്‍ കണ്ട്
സന്തോഷപ്പെട്ട് ദേവും വിജയും,
ഏതാണ്ടൊക്കെ സന്മാര്‍ഗ്ഗകഥയുടെ 
പാറ്റേണ്‍ വരുന്നുണ്ടല്ലോ
എന്ന് ആശ്വസിച്ച് നെടുവീര്‍പ്പിടുന്നു.

നെടുവീര്‍പ്പുകള്‍ അസ്ഥാനത്തായില്ല
മോഹന്‍ കുമാറിന് ഗൊണോറിയയാണ്.
ആഹാ!ഉഷാര്‍!
അടുത്ത പേജില്‍
സന്മാര്‍ഗ്ഗോത്പ്രേരകവരികളുണ്ടെങ്കില്‍
കലക്കി!ഇന്നു തന്നെ
പബ്ളിഷിംഗ് പരിപാടി ആരംഭിക്കാം,
എന്ന് കരുതി  'നോവലിസ്റ്റ്'-[അയാളൊരുബൊഹീമിയനെന്ന്
ഞങ്ങള്‍ക്കല്ലേ അറിയൂ]-തരുന്ന
സന്ദേശം ലൈംഗികത പറയാതേയും
സംസാരിക്കാതേയും ഇരുന്നാല്‍
ചെറുപ്പക്കാര്‍ക്കിടയില്‍
വികലമായ ലൈംഗികധാരണകള്‍
രൂപപ്പെടും ,അതു തടയുക
എന്നതാണെന്ന് ,
നോവലിന്റെഅവതാരികയില്‍
നമുക്ക് അവകാശപ്പെടാമെന്ന്
അവര്‍ ആലോചിച്ച് ഉറപ്പിക്കുന്നു.

പരിശുദ്ധനായ നോവലിസ്റ്റ്!
ലോകം ഇതുവരെ പറഞ്ഞപോലൊക്കെതന്നെ
അയാളും 
സന്മാര്‍ഗ്ഗത്തിന്റെ ശുഭ്രവെളിച്ചം പരത്തുന്നൂ
അല്ലേ? എന്ന് ദേവും വിജയും
പരസ്പരം മുഖംകുലുക്കി
അവകാശപ്പെടുന്നു.
പരിശുദ്ധരായ ദേവ്ആന്‍ഡ് വിജയ് പബ്ളിഷിംഗ് കമ്പനി!
പരിശുദ്ധരായ നമ്മള്‍,ദേവും വിജയും
മുന്‍പത്തേപ്പോലെ തന്നെ
സത്യമാര്‍ഗ്ഗത്തിലേക്ക് വായനക്കാരനെ
സംക്രമിപ്പിക്കുമെന്ന് ഉറപ്പാക്കി
അവര്‍ പരസ്പരം ഊറ്റം കൊള്ളുന്നു.

മോഹന്‍കുമാര്‍
കിടക്കയിലേക്ക് ചാഞ്ഞു.

ക്ഷീണിത സ്വരത്തില്‍
**I wandered lonely as a  cloud എന്നുമൂളി,
നിത്യസുരഭിലമായ
ഡാഫോഡിയന്‍ താഴ്വാരത്തിലേയ്ക്ക്
എന്നെന്നേക്കുമായി
അയാള്‍ തല ചായ്ച്ചു.

*കഥാപാത്രം[The company of women]
**lines-The Daffodils]

No comments:

Post a Comment