I prefer the mushroom,
Not any green plant..
Catharine,
Choices are ours..
Love you,
you are mine,
Make a choice
Between
Me and that piece of fish fried..
Cathy, my dear kitten!
I prefer the mushroom,
Not any green plant..
Catharine,
Choices are ours..
Love you,
you are mine,
Make a choice
Between
Me and that piece of fish fried..
Cathy, my dear kitten!
ഹിന്ദി കവിതാസാഹിത്യത്തിലെ ഛായാവാദി ധാരയിലെ പ്രധാന കവിയാണ് ശ്രീ സൂര്യകാന്ത് ത്രിപാഠി നിരാല..അദ്ദേഹത്തിന്റെ ഒരു കവിത മൊഴിമാറ്റം ചെയ്യാന്‍ ശ്രമിച്ചതിതാ..തോഡ്ത്തീ പത്ഥര്‍
കല്‍പ്പണിക്കാരി
==============
കണ്ടു ഞാനൊരു കല്‍പ്പണിക്കാരിയെ,
ഭംഗിയേറുമലഹബാദിന്‍ വഴീല്‍.
ശ്യാമസൗഭഗയൗവ്വനജ്ജ്വാല തന്‍
തീക്ഷ്ണവേഗങ്ങളാകിലും പാടല-
ച്ഛായ ചോപ്പിച്ചു താഴ്ത്തിയ കണ്‍കളും
വേല കൂര്‍പ്പിച്ചെടുത്ത മനവുമായ്
കണ്ടുഞാന്‍ പണിക്കാരിയെ,ചോര്‍ന്നിടാ-
ഭംഗിയുള്ളോരലഹബാദിന്‍ വഴീല്‍ ..
ഊക്കില്‍ വീശുന്ന ചുറ്റികക്കൈകളാല്‍
പേര്‍ത്തുപേര്‍ത്തങ്ങുടച്ചും വിയര്‍ത്തൊലി-
ച്ചാര്‍ത്തു ചെന്നാ നിഴല്‍സ്പര്‍ശമല്പവു-
മേറ്റിടാ മരച്ചോട്ടിലിരുന്നതാ
നോക്കിടുന്നൂ വിദൂരെ തണല്‍ നീട്ടും
കോട്ട കൊത്തള ലാലസാമോദത്തെ..
സാധ്വി !വേവില്‍ ഹതാശമിരിപ്പവള്‍
ഭംഗിയേറുമലഹബാദിന്‍ വഴീല്‍..
ഉഷ്ണവാതായനങ്ങള്‍ തുറന്നിട്ടൊ-
രുച്ച നീളന്‍പദം വച്ചടുക്കവേ,
ഉദ്ഗമിക്കുന്ന നിര്‍ലജ്ജതാപങ്ങ-
ളുര്‍വി തന്നകം ചുട്ടുപൊള്ളിക്കവെ,
ഏറെയുള്‍ത്തപം നെഞ്ചോടടുക്കിലും
വീറിലായുധം വീശി,നീ ചാട്ടുളി-
പോലെറിഞ്ഞൊരാ നോട്ടമെന്നുള്ളിലേ-
യ്ക്കൂളിയിട്ടതിന്‍ വിഹ്വലദീപ്തിയില്‍,
കണ്ടു ഞാന്‍ യുഗവിപ്ളവത്തീനിറം
കമ്പിതമാകുമാ ഗാത്രമൊക്കെയും.
മെല്ലെ വേര്‍പ്പു തുടച്ചുകൊണ്ടക്ഷണം
കര്‍മമാര്‍ഗത്തില്‍ തല്ലീനയായവള്‍,
ഓതി 'ഞാനൊരു കല്‍പ്പണിക്കാരി', നല്‍-
ച്ചേലില്‍ വിശ്വം പടുത്തുയര്‍ത്തുന്നവള്‍.
പ്രരോദനം
========
'ത്ഫൂ..എന്നൊരാട്ടും
എറിഞ്ഞിട്ടു തന്നു പോയതാണ്..
പടിയിറങ്ങുന്നേരം
അയയിലെ ആ മഞ്ഞസാരി
ഒന്നു കിണുങ്ങിക്കാണും,
അയല്‍പക്കത്തെ ആശാരിച്ചി
വന്നെത്തി നോക്കിക്കാണും,
ഉറപ്പാണ്
കാറ്റ് പുറകെ വന്നു പോകല്ലേ
എന്നു പറഞ്ഞു കാണും,
കാറ്റേ...പെണ്ണേ..
എന്റെ പൊന്നുപെണ്ണേ...
പിന്നല് പൊട്ടിച്ചൊരു മുടിയിഴ
ഈ കട്ട്ലപ്പടിയില്..
ദേ നമ്മുടെ കുറിഞ്ഞി
വിശന്നു ചിണുങ്ങുന്നു,
ഹോ!എടിയേ..
കുറിഞ്ഞിക്ക് പാലു കൊടുത്തില്ല നീ
മീന്‍കൂട്ടാന്‍ അടുപ്പത്ത്,
മുറ്റത്ത് കരിയില പാറി,
തേച്ചു മോറാത്ത പാത്രം നിരന്ന്,
ഒരുമ്പെട്ടോളേ..
തിരിച്ചിങ്ങു വാടീ നീ
തൊഴിച്ചുപറപ്പിക്കും,ങ്ഹാ..
പട്ടയടിച്ച് പെരുവഴിയില്
ഞാന്‍ ഒടിഞ്ഞുകിടക്കും,
ആ ചോപ്പന്‍ അടിപ്പാവാട
കണ്ടംതുണ്ടം കീറി തീയിടും,
മുറ്റത്തെ നിന്റെ മഞ്ഞറോസിന്റെ
ചോട്ടില് ദിവസവും മൂത്രമൊഴിക്കും,
പങ്കജാക്ഷിയുടെ പര്യമ്പുറത്ത്
പരതി നടക്കും....
നിര്‍ത്തി.
നിര്‍ത്തി ഞാന്‍ ,കരള് കത്തണു,
എന്റെ കൊടല് കത്തണു.
പുര കത്തണു.
തൊടി മിണ്ടാതായി,
നിലാവ് ഉതിരാതായി,
ന്റെ കുഞ്ഞോളേ..
എന്റെ കുഞ്ഞോളമേ..
പട്ടയടിച്ച് ഈ പെരുവഴിയില്
ഞാന്‍ ഒടിഞ്ഞുകിടക്കുകയാണ്..
പാട്ട്
******
എസ് ജോസഫ്
--------------
താഴ്വരയിലെ വീട്ടില്‍
ഒരാള്‍ താമസിക്കുന്നു
നേരം മങ്ങുമ്പോള്‍
അയാളുടെ പാട്ട്
മലകളെ ചുറ്റിപ്പോകുന്നതു കേള്‍ക്കാം
എന്തര്‍ത്ഥമിരിക്കുന്നു അതില്‍
എന്നു ചോദിക്കരുത്
അര്‍ത്ഥമോ അര്‍ത്ഥമില്ലായ്മയോ
അതൊക്കെയല്ലേയുള്ളൂ?
നമുക്കയാളുടെ പാട്ടുകേട്ടുകൊണ്ട്
ഈ മരത്തണലിലിരിക്കാം
എത്ര മനോഹരമാണ്
ഈ ലോകവും പ്രകൃതിയും, അല്ലേ?
ഈ മരത്തിലെത്ര ഇലകളുണ്ടെന്നറിയാമോ?
അതുപോലെ എന്തോ ഒന്ന് ആ പാട്ടിലുമുണ്ട്.
Song
......... S.Joseph
translation ..Nisha Narayanan
In that twilight , when he hums..
the song gathers round the hills.
He,the humble singer
Lives in those meadows far .
You listen to him.
Just listen ..
Dont ever ask for further ..
For it's meaning ,
For it's meaninglessness
After all what's in all them ?
Come ..
Let us sit under this birch tree,
And hear him ..
Come dear..
How beautiful are these !
This world ,
Nature,
This tree,
This elegant birch tree ..!
Something in its countless leaves,
The same thing in his song!!
[കളിക്കാന്‍ വിടാന്‍ വേണ്ടി ഓരോന്നു പറയണതാ]
ഭരണമൊരു നേരും
നുണയുമാണമ്മേ,
എനിക്കു ഭരിക്കണ്ട.
മരണം കരള്‍ തൊടും
നീറ്റലാണമ്മേ,
എനിക്കു മരിക്കണ്ട.
പഠനമൊരു തൊല്ലപ്പണി
തന്നെയമ്മേ,
എനിക്കു പഠിക്കണ്ട.
സഹനമൊരെടങ്കേറെ-
ടപാടെന്റമ്മോ,
ഇനിയമ്മ സഹിക്കണ്ട.
അയാളൊരു ബല്ലാത്ത
പഹയനാ അമ്മേ,
ഇന്യമ്മ മിണ്ടണ്ട.
ഉശിരനൊരു വെയിലമ്മേ
പടിഞ്ഞാറ്റേല്‍.
പോയ് കളിച്ചോട്ടെ?
പ്രഥമം
=====
അന്ന് സ്കൂളില്‍വെച്ച്
പ്രണയം പറഞ്ഞു
പുറകെ നടന്നവന്റെ പേരും
ബൈജു എന്നായിരുന്നു.
അവന് നിനക്കുള്ള പോലെ
ബൈക്കൊന്നുമില്ലായിരുന്നു.
പ്രണയം നിറച്ചുവെച്ച
ഒരുനുണക്കുഴി ഉണ്ടായിരുന്നു.
പ്രണയത്തില്‍ വീണ പെണ്‍കുട്ട്യോള്
അതാസ്വദിക്കുന്നതുപോലെ
മുടി കോതുന്നതായി ഭാവിച്ച്,
തിരിഞ്ഞ്,അവനെ ഇടയ്ക്കിടെ
ഒളികണ്ണിട്ടു നോക്കുമായിരുന്നു.
ബൈജു ഉലഹന്നാന്‍ എന്ന്
നിന്നെ നീട്ടിവിളിക്കുന്ന പോലെ
അവന്റെ കൂടെ അപ്പന്‍ പേരോ
വീട്ടുപേരോ ഒന്നുമില്ലായിരുന്നു,
ചക്കീ ചങ്കരീ ന്നൊക്കെ അവന്‍
വിളിക്കുമ്പോള്‍,ങും ങും എന്ന് മൂളിക്കേട്ട്
പേരോ നാളോ പ്രസക്തമല്ലാത്ത
ഒരു തീരത്ത്,ലാവിലലിഞ്ഞ്
ഞങ്ങള്‍ അടിഞ്ഞുകിടക്കുമായിരുന്നു.
ഈ മുടിയിഴകളില്‍
അവനൊരു പുഴ കാണുമായിരുന്നു...
ഡാ ഉലഹന്നാന്‍ മോനേ,
നീ എപ്പോഴെങ്കിലുമത് കണ്ടിട്ടുണ്ടോ?
അവനെങ്ങാനും
ഒന്നിവിടെ വന്നിരുന്നെങ്കില്‍
ആ കൂട്ടുപുരികങ്ങള്‍ക്കിടയില്‍നിന്ന്
എന്റെ പേര് നുള്ളിയെടുക്കാന്‍ നോക്കാന്‍
ഞാന്‍ നിന്നോട് പറഞ്ഞേനെ..