Wednesday, 31 January 2018

മിറാഷ്

മിറാഷ്
=====

അതെ,
അവള് അടിപ്പെട്ടുപോയി..

അന്ന്,
അവളൊരു നീല കുര്‍ത്തിയില്‍.
മുടിയൊക്കെ അഴിച്ചിട്ട്,
വെള്ളക്കൈലേസൊന്ന്
വലതുകയ്യില്‍ പിടിച്ച്..

അയാളൊരു സിതാറിസ്റ്റ് ..
നീണ്ട വിരലുകളില്‍
മിര്‍സാബ് ഉരഞ്ഞുണരുന്നു,
താളം മുറുകിമുറുകി,
ഹൃദ്യവാദനം ..
ഇടയില്‍ തലപൊക്കി
അയാള്‍ അവളെ
തറഞ്ഞുനോക്കി,
പെട്ടെന്നാണ് ..
സിതാര്‍ താഴെ വച്ച്,
കൈനീട്ടിഎത്തിപ്പിടിച്ച്
അവളെ
അയാള്‍
കടത്തിക്കൊണ്ടുപോയത്!
എവിടേയ്ക്കോ ,
എങ്ങനെയോ..

..അവള്‍
അയാളെ
കടത്തിക്കൊണ്ടുപോകാന്‍
അനുവദിച്ചു.
അതെ,
അവള് അടിപ്പെട്ടുപോയിരുന്നു,
അവള്,
നീല കുര്‍ത്തി ഊരിമാറ്റി,
കൈലേസ് താഴെയിട്ടു,
മുടിയിഴച്ചുകൊണ്ട്
അയാളുടെ
വെള്ള പൈജാമയ്ക്കുള്ളിലൂടെ
മെല്ലെ നുഴഞ്ഞുകയറി.
എത്ര വിനാഴികകളാണോ
എത്രോളം
നാഴികകള് തന്നെയോ
അങ്ങനെ നിന്നത്
അറിയില്ല..
അങ്ങനെ തന്നെ നിന്നു.

ഓ,,ആര്‍ക്കറിയാം
എത്ര നാളുകളാണ്,
എത്ര രാവും പകലുമാണ്
ആ ഒരുത്തന്റെ കൂടെ,അവള്‍
ചെലവഴിച്ചതെന്ന്..
എത്ര മലകള്‍ക്കുമേലെ,
എത്ര കാടുകള്‍ക്കുമീതെ
അവരങ്ങനെ പറന്നുനടന്നുവെന്ന്..

ഇല്ല,ഒരാള്‍ക്കുമറിയില്ല..
വൈലറ്റ് ലിലാക് പൂക്കള്‍
അയാളവളുടെ
മുടിയില്‍ ചൂടിച്ചതും,
അവള്‍
ലാവണ്യവതിയായി
ഒരു കുന്നിമണി തേടി
നേര്‍ത്തതെങ്കിലും
ബലമുള്ള അയാളുടെ
തണ്ടുകളിലൂടെ
അകംപുറം
കയറിമറിഞ്ഞ്
അലഞ്ഞതും..
ഒരാള്‍ക്കുപോലുമറിയില്ലെന്നേ .
അവര് അന്യോന്യം വളരെ
അടിപ്പെട്ടുപോയിരുന്നു
സത്യം!

മലമുകളില്‍
അന്ന് മഴയായിരുന്നു..
അയാളൊരു സിതാറിസ്റ്റ്,
മഴത്തന്ത്രികളില്‍
അയാളുടെ മിര്‍സാബ്
ഉരഞ്ഞുണര്‍ന്നു..
താളം മുറുകിമുറുകി
ചടുലവാദനം..
അയാള്‍ അവളെ
തറഞ്ഞുനോക്കി,
അവള്‍ അയാളേയും..
അയാളൊരു
പുതിയ രാഗം,
അവള്‍
അതില്‍ നനയുന്നൊരു
മെര്‍മെയ്ഡ്..

പെട്ടെന്നാണത്..
ശക്തിയേറിയ ആ മഴ
അവളെ പൊക്കിയെടുത്തു ..!
തിരിച്ചിവിടെ
കൊണ്ടുവന്നാക്കി.
ഇവിടെ, ഈ മുറിയില്‍.

ഇവിടെ
ഈ മുറിയില്‍..
പ്രശസ്ത സിതാര്‍വാദകന്‍,
അയാളുടെ സുപ്രസിദ്ധചിത്രം!
ചിത്രത്തില്‍
അയാള്‍ സിതാര്‍
വായിച്ചുകൊണ്ടേയിരിക്കുന്നു
നീണ്ട വിരലുകളില്‍
ഏകാഗ്രതയുടെ
മിര്‍സാബ് ഉരഞ്ഞുണരുന്നു!!
കണ്ണുകള്‍ ശാന്തം,
ഉയര്‍ത്തുന്നേയില്ല!
വെള്ളപൈജാമയില്‍
സംഗീതത്തിന്റെ ശുഭ്രത..
ഒരു ഉടവ് പോലുമില്ല!
അവളുടെ നീല കുര്‍ത്തി..
ഒരു ചുളിവ് പോലുമില്ല!
വലതുകയ്യിലെ
കൈലേസ്
ഇടതുകയ്യിലേയ്ക്ക്
ഒന്നു മാറ്റിപ്പിടിച്ചെന്നുമാത്രം!
മുടിയിഴകള്
ശകലം പാറിയെന്നു മാത്രം!
ഒരു പല്ലി,ചുമരിലെ
രണ്ട് മൂല ,ഇഴഞ്ഞു
കടന്നുവെന്നു മാത്രം!
ചിത്രകാരന്‍
തന്റെ ഭാവനയുടെ
രണ്ടു സ്ട്രോക്കുകള്‍
വരഞ്ഞുതീര്‍ന്നെന്നു മാത്രം!

അവള്
പതിയെ മുറിവിട്ടു,
നിരത്തിലെത്തി.

കോണിയിറങ്ങും നേരം,
മുടിയില്‍ നിന്ന്
ഒരു ലിലാക് പൂവ്
ഊര്‍ന്ന്,പടിയില്‍ വീണു.

Sunday, 14 January 2018

Translation

''ഡാഡി''എന്ന മഹേഷ് ഭട്ട് സിനിമയിലെ ഒരു മനോഹരഗാനം,സൂരജ് സനിം എഴുതിയത്,അതിന്റെ ഒരു ട്രാന്‍സ്ലേഷന്‍ ശ്രമം.

മകളോട്..
========

കണ്ണാടിയിന്നെന്നോടു
വല്ലാതെ ചോദിക്കുന്നു,
''കൊണ്ടിങ്ങുവന്നോളൂ നിന്‍
നവ്യമന്നാളിന്‍   രൂപം.

കൊണ്ടുപോരുക കൂടെ,
അടയാളമൊന്നു നീ-
യന്നുണ്ടായിരുന്നയാ-
ളെന്നുകാണിക്കാൻകൈയിൽ..!!''

ഞാനലഞ്ഞിന്നോളവും
മാഴ്ച തന്‍ മരുഭൂവില്‍ ,
കാലമെന്‍ മുഖം കോറി
നഷ്ടക്കണക്കിന്‍ തുമ്പാല്‍.

കണ്ണങ്ങുതട്ടിപ്പോയെന്‍
പ്രൗഢിക്കും പ്രതിഭയ്ക്കും
സ്നേഹവിഭ്രമങ്ങള്‍ തന്‍
മായികോന്മാദങ്ങള്‍ക്കും.

'ബോട്ടിലി'ന്‍ കോര്‍ക്ക് നീട്ടും
മദിരാസവത്തിന്നൂറ്റം
ഏറ്റുവാങ്ങിച്ചെന്‍ പാട്ടു-
പുസ്തകം നനഞ്ഞുപോയ്.

ഇന്നിപ്പോള്‍ തിരിച്ചെത്തി-
യെന്നാലോ ചൊടിതീരെ
വിണ്ടുപോയ് ,ചിരിപോലു-
മില്ലാതെ ദരിദ്രനായ്.

ഇപ്പുരമെന്നെ വിട്ടു,
ഞാനുമങ്ങനെതന്നെ,
എങ്കിലും നിരന്തര-
മന്വേഷിച്ചെന്‍ സ്വത്വത്തെ,

വന്നു നിന്നിച്ചന്തയില്‍
കണ്ടു ഞെട്ടിപ്പോയങ്ങാ-
തെക്കുമൂലയിലെന്റെ
പ്രജ്ഞയെ വിറ്റീടുന്നു!

പ്രാണനെ,വിശ്വാസത്തെ
ഹൃദയത്തുടിപ്പിനെ,
അച്ഛനെ,സ്നേഹച്ചോപ്പിന്‍
ഗര്‍ഭപാത്രത്തെത്തന്നെ,

ഒക്കെയും വിറ്റീടുന്നു
ഞാനുരുക്കത്തോടെന്റെ
ഭിത്തിയില്‍ തൂക്കിച്ചേര്‍ത്ത
ചൈതന്യപ്രപഞ്ചത്തെ,
ഒത്തിരി നോക്കിയെന്നാല്‍
കണ്ടില്ല,ചിലരെങ്ങോ
കൊണ്ടുപോയത്രേ,തീരെ
കെട്ട കാശിനു വില്‍ക്കാന്‍.!

വാങ്ങുന്നു വിറ്റീടുന്നു
വില്‍ക്കുന്നു വാങ്ങീടുന്നു
എന്നിരിക്കിലും കീറ -
ഭാണ്ഡങ്ങള്‍ പേറീടുന്നോര്‍,

''നിസ്തേജന്‍ ,അന്തഃസാര-
ശൂന്യനും;കരള്‍പൂക്ക-
ളൊക്കെയും കൊഴിഞ്ഞു പോം
ഒറ്റയീയച്ഛന്‍, കുഞ്ഞേ,''

പറ്റുകില്‍ കയ്യേല്‍ക്കുക,
നിശ്ചേഷ്ടമെല്ലും കൂടാ-
ണൊക്കുകിലിതിനുള്ളില്‍
പ്രാണനെ നിറയ്ക്കുക.

Friday, 29 December 2017

ഹല്ല പിന്നെ

ഹല്ല പിന്നെ..
=========

അല്ലയീ ഞാന്‍ ബൊളീവിയന്‍ സുന്ദരി,
അല്ലേയല്ല ബൊഹീമിയന്‍ പെണ്‍കൊടി,
നല്ല നാട്ടിന്‍പുറത്തെ തടിയാണു-
കൊല്ലുകില്ലെന്നാല്‍ വല്ലാതെയാക്കിടും.

തെല്ലുകള്ളം പറച്ചില്‍ സഹിച്ചിടു-
മില്ലയെന്നാലപവാദമൊട്ടുമേ,
നല്ല കട്ടപ്പണി തന്നു  വിട്ടിടു-
മില്ലതില്‍ ലവലേശവും സംശയം.

Choices

I prefer the mushroom,
Not any green plant..
Catharine,
Choices are ours..
Love you,
you are mine,
Make a choice
Between
Me and that piece of fish fried..

Cathy, my dear kitten!

Thursday, 7 December 2017

വിവര്‍ത്തനം

ഹിന്ദി കവിതാസാഹിത്യത്തിലെ ഛായാവാദി ധാരയിലെ പ്രധാന കവിയാണ് ശ്രീ സൂര്യകാന്ത് ത്രിപാഠി നിരാല..അദ്ദേഹത്തിന്റെ  ഒരു കവിത മൊഴിമാറ്റം ചെയ്യാന്‍ ശ്രമിച്ചതിതാ..തോഡ്ത്തീ പത്ഥര്‍

കല്‍പ്പണിക്കാരി
==============

കണ്ടു ഞാനൊരു കല്‍പ്പണിക്കാരിയെ,
ഭംഗിയേറുമലഹബാദിന്‍ വഴീല്‍.

ശ്യാമസൗഭഗയൗവ്വനജ്ജ്വാല തന്‍
തീക്ഷ്ണവേഗങ്ങളാകിലും പാടല-
ച്ഛായ ചോപ്പിച്ചു താഴ്ത്തിയ കണ്‍കളും
വേല കൂര്‍പ്പിച്ചെടുത്ത മനവുമായ്
കണ്ടുഞാന്‍ പണിക്കാരിയെ,ചോര്‍ന്നിടാ-
ഭംഗിയുള്ളോരലഹബാദിന്‍ വഴീല്‍ ..

ഊക്കില്‍ വീശുന്ന ചുറ്റികക്കൈകളാല്‍
പേര്‍ത്തുപേര്‍ത്തങ്ങുടച്ചും വിയര്‍ത്തൊലി-
ച്ചാര്‍ത്തു  ചെന്നാ നിഴല്‍സ്പര്‍ശമല്പവു-
മേറ്റിടാ മരച്ചോട്ടിലിരുന്നതാ
നോക്കിടുന്നൂ വിദൂരെ തണല്‍ നീട്ടും
കോട്ട കൊത്തള ലാലസാമോദത്തെ..
സാധ്വി !വേവില്‍ ഹതാശമിരിപ്പവള്‍
ഭംഗിയേറുമലഹബാദിന്‍ വഴീല്‍..

ഉഷ്ണവാതായനങ്ങള്‍ തുറന്നിട്ടൊ-
രുച്ച നീളന്‍പദം വച്ചടുക്കവേ,
ഉദ്ഗമിക്കുന്ന നിര്‍ലജ്ജതാപങ്ങ-
ളുര്‍വി തന്നകം ചുട്ടുപൊള്ളിക്കവെ,
ഏറെയുള്‍ത്തപം നെഞ്ചോടടുക്കിലും
വീറിലായുധം വീശി,നീ ചാട്ടുളി-
പോലെറിഞ്ഞൊരാ നോട്ടമെന്നുള്ളിലേ-
യ്ക്കൂളിയിട്ടതിന്‍ വിഹ്വലദീപ്തിയില്‍,
കണ്ടു ഞാന്‍ യുഗവിപ്ളവത്തീനിറം
കമ്പിതമാകുമാ ഗാത്രമൊക്കെയും.

മെല്ലെ വേര്‍പ്പു തുടച്ചുകൊണ്ടക്ഷണം
കര്‍മമാര്‍ഗത്തില്‍ തല്ലീനയായവള്‍,
ഓതി 'ഞാനൊരു കല്‍പ്പണിക്കാരി', നല്‍-
ച്ചേലില്‍ വിശ്വം പടുത്തുയര്‍ത്തുന്നവള്‍.

Wednesday, 22 November 2017

പ്രരോദനം

പ്രരോദനം
========

'ത്ഫൂ..എന്നൊരാട്ടും
എറിഞ്ഞിട്ടു തന്നു പോയതാണ്..
പടിയിറങ്ങുന്നേരം
അയയിലെ ആ മഞ്ഞസാരി
ഒന്നു കിണുങ്ങിക്കാണും,
അയല്‍പക്കത്തെ ആശാരിച്ചി
വന്നെത്തി നോക്കിക്കാണും,
ഉറപ്പാണ്
കാറ്റ് പുറകെ വന്നു പോകല്ലേ
എന്നു പറഞ്ഞു കാണും,
കാറ്റേ...പെണ്ണേ..
എന്റെ പൊന്നുപെണ്ണേ...
പിന്നല് പൊട്ടിച്ചൊരു മുടിയിഴ
ഈ കട്ട്ലപ്പടിയില്..
ദേ നമ്മുടെ കുറിഞ്ഞി
വിശന്നു ചിണുങ്ങുന്നു,
ഹോ!എടിയേ..

കുറിഞ്ഞിക്ക് പാലു കൊടുത്തില്ല  നീ
മീന്‍കൂട്ടാന്‍ അടുപ്പത്ത്,
മുറ്റത്ത് കരിയില പാറി,
തേച്ചു മോറാത്ത പാത്രം നിരന്ന്,
ഒരുമ്പെട്ടോളേ..
തിരിച്ചിങ്ങു വാടീ നീ
തൊഴിച്ചുപറപ്പിക്കും,ങ്ഹാ..
പട്ടയടിച്ച് പെരുവഴിയില്
ഞാന്‍ ഒടിഞ്ഞുകിടക്കും,
ആ ചോപ്പന്‍ അടിപ്പാവാട
കണ്ടംതുണ്ടം കീറി തീയിടും,
മുറ്റത്തെ നിന്റെ മഞ്ഞറോസിന്റെ
ചോട്ടില് ദിവസവും മൂത്രമൊഴിക്കും,
പങ്കജാക്ഷിയുടെ പര്യമ്പുറത്ത്
പരതി നടക്കും....
നിര്‍ത്തി.
നിര്‍ത്തി ഞാന്‍ ,കരള് കത്തണു,
എന്റെ കൊടല് കത്തണു.
പുര കത്തണു.
തൊടി മിണ്ടാതായി,
നിലാവ് ഉതിരാതായി,
ന്റെ കുഞ്ഞോളേ..
എന്റെ കുഞ്ഞോളമേ..
പട്ടയടിച്ച് ഈ പെരുവഴിയില്
ഞാന്‍ ഒടിഞ്ഞുകിടക്കുകയാണ്..

Wednesday, 15 November 2017

വിവര്‍ത്തനം

പാട്ട്
******
എസ് ജോസഫ്
--------------
താഴ്വരയിലെ വീട്ടില്‍
ഒരാള്‍ താമസിക്കുന്നു
നേരം മങ്ങുമ്പോള്‍
അയാളുടെ പാട്ട്
മലകളെ ചുറ്റിപ്പോകുന്നതു കേള്‍ക്കാം
എന്തര്‍ത്ഥമിരിക്കുന്നു അതില്‍
എന്നു ചോദിക്കരുത്
അര്‍ത്ഥമോ അര്‍ത്ഥമില്ലായ്മയോ
അതൊക്കെയല്ലേയുള്ളൂ?
നമുക്കയാളുടെ പാട്ടുകേട്ടുകൊണ്ട്
ഈ മരത്തണലിലിരിക്കാം
എത്ര മനോഹരമാണ്
ഈ ലോകവും പ്രകൃതിയും, അല്ലേ?
ഈ മരത്തിലെത്ര ഇലകളുണ്ടെന്നറിയാമോ?
അതുപോലെ എന്തോ ഒന്ന് ആ പാട്ടിലുമുണ്ട്.

Song
.........               S.Joseph

                      translation ..Nisha Narayanan

In that twilight , when he hums..
the song gathers round the hills.
He,the humble singer
Lives in those meadows far .

You listen to him.
Just listen ..
Dont ever ask  for  further ..
For it's meaning ,
For it's meaninglessness
After all what's in all them ?
Come ..
Let  us  sit  under this birch tree,
And  hear him ..
Come  dear..
How  beautiful  are  these !
This  world ,
Nature,
This  tree,
This  elegant  birch tree ..!
Something in  its  countless leaves,
The  same  thing in his song!!