Wednesday, 27 November 2013

പെരുക്കം

എന്റെ കിടക്കയില് നീന്നെ ഞാന് മലര്ത്തിക്കിടത
്തിയിരിക്കുകയാണ്..
അന്നാ നീണ്ടിടനാഴിയില്
വെച്ചെന്റെ കാല്നഖം വഴിയാണ്
നീയെന്നില് കേറി പെരുത്തത്..
എന്റെ പെറ്റിക്കോട്ടിന്റെ വെളുമ്പനകം
അപഹരിച്ചു നീയെന്റെ കണ്മിഴിപ്പിച്ചു..
പ്രഭാതത്തിലെന്റെ നാട്ടുവഴിച്ചുവടുകളില്
കണ്ണെറിഞ്ഞെന്നെ ത്രസിപ്പിച്ചു.
നിന്റെ തൊണ്ടമുഴയിലെയൊരു കുന്ന് ,
കൂര്മ്പന് മൂക്കിന്നറ്റത്തെയൊരു സൂര്യന്..
നെഞ്ചു വിതച്ച മുടി വിത്തുകളിലമരും കാട്..
അതിതീവ്രനിറമൊഴിച്ച് അവയെ ചാലിച്ചൊരു
ക്യാന്വാസിലാക്കി ഞാന് ‍കൊണ്ടുനടന്നു..
രണ്ടാം വരവില് നീ കണ്ട ഞാനൊരു പരിപൂര്ണ..
ആകെ ചുമന്നതിതാരുണ്യത്തിന്റെയൊരിട്ടക്കുഴല്തോക്ക്
..
എന്റെ കാല്മടമ്പുയര്ത്തിക്കാട്ടി
നിന്നില് കൊതിയേറ്റി ഞാനുതിരാന് തുടങ്ങി..
ഉരുമ്മിനിന്ന കാറ്റിനെ ഊതിയെറിഞ്ഞ്
എന്റെ ചെവിയിടുക്കില്
നീ നിന്റെ പടയൊരുക്കം പറഞ്ഞു
അലയൊഴുകുമാ ജടക്കാട് ഞാന് ചവച്ചിറക്കി
ഞെരിയാണിയിലമര്ന്നുയര്ന്ന്
ആ വടിവിടങ്ങളിലുമ്മവച്ചലകു ചാര്ത്തി
നിന്റെ ഊര്ദ്ധ്വപ്രവാഹത്തിന്നൂക്കത്തിലെന്റെ
കാല്മുട്ടിടങ്ങള് ജ്വലിച്ചുണര്ന്നു
ഒരു തീപ്പോളയിഴയറുത്തു വന്നെന്റെ യുടലേറിയപ്പോള്
അടിവയറ്റിലൊരു ഞാണൊലി..
ഇഴപിരിച്ചുമുറുക്കിയൊരു പായിലടിഞ്ഞ്
ഞാനൊടുക്കമെന്റെ പടമുരിഞ്ഞു നിന്നെ പുതപ്പിച്ചു.
ഇന്നു നിന്നെ ഞാനിവിടെ മലര്ത്തിക്കിടത
്തിയിരിക്കുകയാണ്..
അരികത്തതിശൈത്യമുറച്ചൊരു കൂട മഞ്ഞായി ഞാനും..

Thursday, 21 November 2013

രാവാകണം..

രാവാകണം..
ശ്യാമമുരുക്കിയൊഴിച്ച്
കറുപ്പിച്ചൊരു തൊലിനേടണം..

സുഭഗനിലാവിലിരുള്‍-
ചാലിച്ചലിയിച്ചാ-
രുമേ കാണാത്ത
പേരറിയാത്തൊരു നിറം പൂശണം..

രഹസ്യമിണ ചേര്‍ന്നൊടുവി-
ലൊളിവിടം തേടുന്ന
തരുലതാശാഖിതന്‍
ഛായാപടങ്ങളാം
നിഴല്‍ പേറണം..

രാവാകണമെനിക്കു
നിന്നിലെന്‍
കൂര്‍ത്ത രസപ്പല്ലിറക്കി-
യൊരുന്മാദ ഭയമിറു-
ത്തതിന്ദ്രിയ ലയമാകണം..

രാപ്പക്ഷിയൊന്നിെന്റ
കണ്ണുകെട്ടീട്ടങ്ങ്
കൂടുതെറ്റിച്ചിട്ടതിന്
ചാവൊരുക്കും
ചതിച്ചുരുളാവണം

ക്രൗര്യമേറട്ടെയെന്‍
ലോലമാനസ നാട -
പൊട്ടട്ടെയിരുളു -
കേറട്ടെയതിലധികമാം-
കല്മഷ മഷി പടരട്ടെയാകെ -
മാറി മറിയട്ടെ ഞാന്‍..

ആര്‍ക്കുന്നു ഞാ-
നത്ര കറുക്കുവാ-
നിരുളിടവഴിയിലെന്‍
രാജ്യമുറപ്പിക്കാന്‍.

Friday, 18 October 2013

തുരുമ്പിയന്‍

നൂറരിവാളുകളന്നുകോറി
ഇളംവാനില്‍ കരുത്തിന്‍ ചുവപ്പുചിത്രം
നൂറായിരം മിഴിയിന്നു ഹതാശമായ്
തേടുന്നു വാനിലാ ഭഗ്നചിത്രം..

ദൂരമപാരമിനിയുമുണ്ട് താര-
വേഗമായ് താണ്ടുവാനെന്നവണ്ണം
നേരമടരാനിനിയുമുണ്ട് ശീല-
ക്കേടുവറ്റീടുമാക്കാലം വരാന്‍..

പഞ്ഞക്കൊടുംചൂടിന്‍ നോവുകേറി
കോരനിന്നും വയറാകെയാളി നില്‍പ്പൂ..
ചേറുംവിയര്‍പ്പുമുടുമുണ്ട് കീറെ
കാണാമൊരസ്ഥി തന്‍ ദൈന്യരൂപം

ആകെപ്പകച്ചുവിറച്ചലറി-
ക്കേഴൂ, പാളുമാച്ചിന്തയുമായ് യുവത..
കൂരിരുള്‍പ്പാളി ചുമലിലേറ്റി വേച്ചു-
വേച്ചങ്ങലക്ഷ്യം കിതച്ചിടുന്നു..

ഇന്നലത്തെ നിണപ്പാടുകളോ ചോന്നു-
വൊന്നുകൂടിച്ചോര ചേര്‍ന്ന്..
ചിന്തുമാത്തുള്ളി ഞാനൊന്നു-
കണ്ടതാണിന്നലെയെന്‍ തോഴനുള്ളില്‍

മാംസപ്പടുത മതിയാമോ നിന്‍റെ
നിര്‍ലജ്ജനേത്രം മറയ്ക്കാന്‍?
എങ്കിലെടുക്കുകാകാശമേ നീയത്
ഇന്നലെ ചീന്തിയ സ്ത്രീത്വം..

കാലുഷ്യക്കാറിരുള്‍ കാക്കക്കറുപ്പുമായാ-
ളുമുടലുകള്‍ ചൂഴ്ന്നു നില്‍ക്കെ
മിഴിനീട്ടിയുച്ചം വിളിക്കയാണായിരം
നീരറ്റ കണ്ഠങ്ങള്‍ ഘോരഘോരം..
"എവിടെയാണെങ്ങു നീ ചെഞ്ചുവപ്പേ"യങ്ങു-
കടലെടുത്തോ നീരാവിയായോ?
നിരയിടും പന്തങ്ങള്‍ക്കരുണാഭ പകരുവാ-
നിണയാക നീ ചോരച്ചെംചിരാതേ..

മാറട്ടെയീക്കരിമാനപ്പുകച്ചുരുള്‍
പടര്‍ന്നേറട്ടെ ചെന്നിണച്ചാറു ചാലായ്
ഏറട്ടെ കാതുകളിലങ്ങനുസ്യൂതമായ്
വീറിന്‍റെ വിപ്ളവച്ചോപ്പുമന്ത്രം!

Sunday, 6 October 2013

ക്രിസ്തുപര്‍വം

ഇതെത്ര  പടിയാ
കര്‍ത്താവേ!
നിന്നിലേക്കുള്ള
ദൂരം താണ്ടാന്‍ മേല..

റോസ എന്നെ
വെട്ടിച്ചുകേറി
പത്താമത്തെ പടിയില്‍
നിന്നു കിതക്കുന്നു.

മുട്ടിപ്പായി പ്രാര്‍ത്ഥിച്ച്
നിന്‍റെയിടയന്‍മാര്
കോരിയൊഴിച്ചഎണ്ണയില്
കൈവരിയിലെ
വിശുദ്ധ സ്തുതികള്
മുങ്ങിയല്ലോ മിശിഹാ!

ഇന്നലെ ..
കല്ലുപെന്‍സിലൊടിച്ച്
കുരിശുണ്ടാക്കി
കളിക്കാന്‍ കൂടിയെങ്കിലും
'ടോണി'യിന്ന് കൂടെ വന്നില്ല.

അപ്പച്ചനു നീ കൊടുത്ത
നിത്യരോഗപ്പായ്
നോക്കിനോക്കി
കരളുവാട്ടി
നിന്നോടു ശകലം
'കെറുവി'ലാണവന്‍..

നേര്‍ച്ചപ്പെട്ടിയിലൊന്നു ചാരി
വേര്‍പ്പും കിതപ്പുമതില്
കുടയുന്നേര-
മൊരു കുസ്യതിച്ചിന്തഃ
സര്‍വ്വം ത്യജിച്ച നീ-
യിന്നൊരു പുതുപ്പണക്കാരന്‍!

പോരുംവഴി
എസ്തപ്പാന്‍
കള്ളടിച്ച്
നിന്‍റെ സ്തുതി പാടി
കെട്ടിയോളെ
എടുത്തിട്ടടിക്കുന്നതും.,

വചനപ്രഘോഷത്തിന്നിടയില്
മടുത്തൊരു വൈദികന്‍
തലചൊറിഞ്ഞ്
ബോറടി മാറ്റുന്നതും,

ഭരണപ്രമുഖനൊരുവ-
നരിയതാമധികാരയന്ത്രത്തില്‍
തൂങ്ങിക്കിടന്ന്
കുതികാല്‍ വെട്ടി
കാലുമാറി
കാശടിച്ചന്യന്‍റെ
കണ്ണുകെട്ടുന്നതും,

ആഞ്ഞാഞ്ഞിന്ന്
ചോര്‍ന്നെന്‍റെ
നെറുകയില്‍ വീണ
മഴത്തുള്ളിയിലയ്യോ!
ചോര നാറുന്നതും

കാല്‍ക്കീഴിലലസ-
മൊഴുകിയ പുഴ-
യൊരു കാല്‍നിമേഷ-
മലിഞ്ഞു പോകുന്നതു-
മൊക്കെ കണ്ടതു
ഞാന്‍ സഹിച്ചെന്‍റെ
പൊന്നുതമ്പുരാനേ!യെങ്കിലു-
മെന്തിനീ റോസയ്കെന്നോടീ
മത്സരംവൃഥാ?അതിനി
ഞാന്‍ വെച്ചുപൊറിപ്പിക്കില്ല-
യെന്‍റെ കാലടി പോട്ടെ
മുകളിലോട്ടു-
യര്‍ന്നു പറന്നൊരു
തരംഗവേഗത്തിന്നു-
ശിരുമായ്!

കുതിച്ചങ്ങള്‍ത്താരയിലെത്തി-
ക്കുമ്പിടുന്നേര-
മെനിക്കു നീയൊരു
ശുശ്രൂഷയേകണം..

നീ പൊഴിച്ച
വേര്‍പ്പുവേദനകള്
അടിഞ്ഞടിഞ്ഞ്
കനമേറിയയെന്‍റെ
ഹൃദയത്തില്
നീ നിത്യ സമാധാനത്തിന്‍റെ
ലേപനമിറ്റിക്കണം..

ഇരുമ്പാണിവഴിയി-
ലൂടൊലിച്ചു വീണ,
നിന്‍റെ നിണപ്പാടുകള്
ചുവപ്പിച്ചയെന്‍റെ
കവിള്‍ത്തടം
നീ തടവി മഞ്ഞപ്പിക്കണം..

ആകുമോ നിനക്ക-
തെങ്കില്‍ ഞാനെന്‍റെ
ഗതിവേഗം കൂട്ടട്ടെ;അയ്യോ!
റോസ എത്തിയോ
നിന്നിലേക്കാദ്യ-
മതാ,അവളവസാന-
പടിയും കേറി
ഞെളിഞ്ഞു നില്‍ക്കുന്നു!

അസൂയക്കിതപ്പി-
നൊടുവില്‍ ഞാന്‍ എത്തിനിന്ന-
വസാനമാ പിഞ്ചുകാലടി-
പോലെ സ്നിഗ്ദ്ധതയേറുമാ
പരിശുദ്ധ പാദത്തണലില്!

ആദരം മിഴി പൊക്കി
നോക്കിയ ഞാന്‍ തുള്ളി-
യെണീറ്റങ്ങു ചാടി-
യൊരുന്മാദക്കിണറ്റിലേ-
യ്ക്കെന്തന്നറി യുമോ?ഞാന്‍
കണ്ടതൊരു മിന്നലിലെന്ന പോ-
ലാ വെള്ളാരങ്കണ്ണുക-
ളെന്നെ നോക്കുന്നു സാകൂതം!

ജയിച്ച കണ്‍കളോടെ
തിരിഞ്ഞു നോക്കുന്നേരം
കണ്ടു ഞാനെന്‍ കണ്ണില്‍
റോസയെ!ഹൃത്തിലുടലി-
ലെന്‍ മജ്ജയില്‍ മസ്തിഷ്കത്തില്‍..

ആഞ്ഞു ഞാന്‍ പുണര്‍ന്നവളെ-
യാക്കണ്ണീരു തുടച്ചെന്‍റെ
കണ്ണീരാണിതെന്ന-
തിശയമോര്‍ത്തു ഞാന്‍!

Tuesday, 17 September 2013

മരണം.

"ഒരു ജീവിതം മുഴുവന്‍ കെട്ടിപ്പടുത്തുകൊണ്ടുവരുന്ന ഒരാളുടെ ബിംബം എങ്ങനെ അല്പസമയത്തിനുള്ളില്‍ മരണം മാറ്റിക്കളയുന്നു.."

                                             ആനന്ദിന്‍റെ ഈ വരികള്‍ എന്നെ ശൂന്യയാക്കി..ഓരോ മരണവും ഓരോ കയങ്ങള്‍ തരും..മുങ്ങിനിവരാനാവാത്ത അത്യഗാധതകള്‍ ആണവ!എന്‍റെ അച്ഛച്ഛന്‍ ഒരു കഥാസമ്രാട്ട് ആയിരുന്നു..കണക്കില്ലാതെ ഞാന്‍ കഥകള്‍ കേട്ടിട്ടുണ്ട്..അതിരാവിലെ ഓടി ഞാന്‍ അച്ഛച്ഛന്‍റെ മടിയിലിരിക്കും..അദ്ദേഹം ഒരു കരിമ്പടം കൊണ്ടെന്നെ മൂടും..മുഖം മാത്രം വെളിയിലാക്കി കുഞ്ഞുകാത് കൂര്‍പ്പിച്ച് കഥക്കെട്ടെല്ലാം ഞാനെന്‍റെ തലയിലേയ്ക്ക് കുടഞ്ഞിടുവിപ്പിക്കും..ഒരിക്കല് ഒരു ശൂന്യക്കഥ കുടഞ്ഞിട്ടുതന്ന് അദ്ദേഹം പോയി....ഇടക്ക്  ആ കരിമ്പടം പുതച്ചുനോക്കി കഥ കാത്തിരുന്നിട്ടുണ്ട് ഞാന്‍..പക്ഷേ നിശ്ശബ്ദതകള് ഒരു കുന്ന് ചെവിയില് ചൊരിഞ്ഞുതന്ന് അദ്ദേഹം പിടിതരാതങ്ങ് കടന്നുകളയും..
                                                 ആശുപത്രിക്കിടക്കയില് അമ്മ എന്നും ശാന്തയായികിടന്നു..വേദനയെ അമ്മയൊരു സഖിയാക്കി കൂടെക്കിടത്തി..ഇടയ്ക്ക് അവള്‍ അമ്മയുടെ തലയില്‍ കേറും..നീറ്റി രസം തീര്‍ത്തിട്ട് ഇറങ്ങിപ്പോകും..ഒരു ദിവസം അടുത്തിരുന്ന എന്‍റെ കൈയ്ക്ക് അമ്മ മുറുകെപ്പിടിച്ചു..എന്നെ നോക്കി.. തറച്ച്,.ആ സമയം ജീവിതത്തോടുള്ള ആസക്തി മുഴുവന്‍ ആ കണ്ണുകളില് ഞാന്‍ കണ്ടു..എനിയ്ക്ക് അമ്മയോട് വല്ലാതെ പാവംതോന്നി.അമ്മയെ വാരിയെടുത്ത് മരണം വരാത്ത യേതെങ്കിലുമൊരു മറയിടത്തിലേക്കു പായാന്‍ തോന്നി.വിറക്കുന്ന അമ്മയെ കിടത്തിയിട്ട് ഞാന്‍ നഴ്സിംഗ് റൂമിലേക്കോടി. വേണ്ടെന്നു പറഞ്ഞ് ചിറ്റമാരെന്നെ വരിഞ്ഞു പിടിച്ചു.ഇതാണെന്‍റെ പ്രിയപ്പെട്ടതിന്‍റെ മരണം..പക്ഷേ എനിയ്ക്കതപ്പോള് മന‍സ്സിലായില്ല! അമ്മയുടെ സാരികളില്‍ മുഖംപൂഴ്ത്തി ഇന്നും ഞാനമ്മയെ തിരയാറുണ്ട്..ചെറിയ ഓരോ കിതപ്പുകളെനിക്കിടക്കിടെ തന്നിട്ട് അമ്മ സ്ഥലം വിടും..
                                                  മരണം ചീത്തയാണ്.പക്ഷേ ജീവിതം അതിനേക്കാള്‍ നല്ലതൊന്നുമല്ല "എന്ന് ഒരു വിഖ്യാതറഷ്യന്‍നോവലില്‍ തീംക ‍ഷ്തൂകിന്‍ എന്നൊരുറഷ്യന്‍ കഥാപാത്രം  പറയുന്നുണ്ട് .ജീവിതവും മരണാനന്തരജീവിതവും തമ്മിലൊരു പാലമുണ്ടായിരുന്നെങ്കില്‍ ..ഇടയ്ക്കിടെ ആ പാലത്തിലൂടെ കുറെ ദൂരം സഞ്ചരിച്ച് തിരികെ വരാമായിരുന്നു..പക്ഷേ ..

                                                         മരണം അസ്സഹനീയമാണ്.എന്‍റേതല്ലാത്ത ആരുടേയും..

Monday, 16 September 2013

Thursday, 5 September 2013

ഗുരുത്വം..

കുഞ്ഞുന്നാളില് ഒരിയ്കല്
ഞാന് ഒരു വട്ടം വരച്ചു..
അതിന്റെ അ ടി മായ്ച്ച്
ഒരു "റ" യാക്കി
എന്റെ വിലാസിനിട്ടീച്ചറ്
"വിട്ടയക്കുക കൂട്ടില്
നിന്നെന്നെ"യെന്ന്
വിതുമ്പുന്ന
കിളിയോടൊപ്പം
എന്നേം പറത്തി
അരവിന്ദാക്ഷന് സാറ്..
കണക്കു കുതന്ത്രങ്ങളില്‍
കുടുക്കിയെന്റെ
തലകുഴച്ചു മറിച്ചു
സുന്ദരി മേരിട്ടീച്ചറ്..
ജരിതപ്പക്ഷീടെ
ഏങ്ങല് നെഞ്ചിലേറ്റാന്
പഠിപ്പിച്ചത്
നാലിലെ നാരായണന് സാറ്..
ഇതൊക്കയാ ഈ ഞാന്..
ഇവരങ്ങെടുത്തോട്ടെ എന്നെ ..ല്ലേ?