ക്ളിക്.......
======
പൂവാകച്ചോട്ടിൽ നാം,
മലമേലെ,കീഴെ
ജലപാതങ്ങളിൽ നാം,
ചാഞ്ഞും ചരിഞ്ഞും
പുണർന്നും
നൃത്തം ചെയ്തും നാം...
''നോക്കൂ,അയാൾ നമ്മെ 'ക്യാപ്ച്വർ'ചെയ്യുന്നുണ്ട്!''
അയാൾ ക്യാപ്ച്വർ ചെയ്യുന്നുണ്ടിനിയും ,
ഇലകളൊരു കൂട്ടത്തെ
സൂര്യനെ,സന്ധ്യയെ,
ആകാശപ്പട്ടത്തെ,
ആകാശത്തെതന്നെ,
ഒരു വെള്ളിപ്പരലിനെയും..
വിരൽ തെന്നിച്ചോടും പരൽ,
കയ്യെത്താപ്പട്ടം,
നിറമില്ലാത്താകാശം,
നിറമില്ലാത്താകാശത്ത്
നിറമില്ലാ ഫോട്ടോ പ്രിന്റുകൾ
നിശ്ചേഷ്ടംഈ ഫോട്ടോ പ്രിന്റുകൾ,
''ഹോ ലൈഫ് ലെസ്സ്'',
സഡൻ സ്നാപ്പുകളെ-
കീറിയെറിഞ്ഞ്
നിരാശയുടെ ഒരു ഫോട്ടോഫ്രെയിം
പണിതൊതുങ്ങി
അയാൾ ..
അയാൾ,
ഫോട്ടോ ഫ്രെയിമിലൊതുങ്ങി-യൊരുറക്കത്തിൽ ,
നിരാശയുടെ ഉറക്കം.
ഉറക്കം നേരെ പറന്നത്,
രാവിറങ്ങി കറുത്ത
മല മേലെ,
നിലാവലിഞ്ഞ
ജലപാതങ്ങളിൽ,
ഇലകളിലൂടൂളിയിട്ട്,
ഒരു പട്ടം പറത്തിപ്പാറിച്ചു വിട്ട്,
ആകാശത്തെയുലച്ച്,
സാന്ധ്യച്ചോപ്പ് കവർന്നണിഞ്ഞ്,
പരലോടൊത്ത് തെന്നി
ഇമകളെ കബളിപ്പിച്ച് ..
ഞൊടിയിട..
ഇമകൾ അടർന്നുമാറി,
ഒരു തിളക്കം
കൺകോണിൽ നിന്ന്
ചൊടിയോടെ
നിലമിറങ്ങി
മലകളെ,ജലപാതങ്ങളെ,
ഇലകളെ,കൈതെന്നും പരലുകളെ,
ആകാശത്തെ,
ആകാശപ്പട്ടത്തെ..
വീണ്ടും നോക്കി,
അവ അനങ്ങി ,ഇളകി,
ഒഴുകിപ്പരന്നവ
ജീവസ്സുറ്റ പ്രതലത്തിലായി,
വെളിച്ചം അളന്നൊഴിച്ച്,
ഒരു ചതുര മാജിക്കിന്നുള്ളിൽ
ഒതുക്കി,ഫോക്കസ് ചെയ്ത
ദൃശ്യങ്ങൾ
നിലാവായി നിറഞ്ഞു,
പരന്നൊഴുകി..
പൂവാകച്ചോട്ടിൽ അവർ
പുണരുകയാണ്,
മല മേലെ രാവുരുമ്മി അവർ
ഇരുളുകയാണ്,
ജലപാതങ്ങളിൽ
നനയുകയാണ്,
അയാൾ നിപുണതയുടെ
''റെക്ടാംഗിൾ ഫിക്സിംഗി'ൽ
വെളിച്ചത്തിന്റെ പാകം ചേർത്ത്,
കൺമുൻപിലെ ഹൃദയാർജ്ജവത്വത്തിലേയ്ക്ക്
ക്യാമറ ഫോക്കസ് ചെയ്തു...
ക്ളിക്...
No comments:
Post a Comment