Monday, 20 March 2017

ചിലപരിണാമവ്യഥകള്‍

ചില പരിണാമവ്യഥകള്‍..
-----------------------

നീതിബോധമില്ലാതെ
വളര്‍ന്നാര്‍ക്കുന്ന രോമം
വെട്ടിക്കളയണമെന്ന്
ചെടിച്ചൊരു
കൗമാരസ്വരം!

വളര്‍ച്ചകള്
വേണ്ടാത്ത അധിനിവേശങ്ങളാണെന്ന്..!

അവ,പ്രസരിപ്പിന്‍റെ
സാമ്രാജ്യങ്ങളെ തച്ചുടച്ച്,
മൗനത്തിന്‍റെ കൂട്ടിലടച്ച്
തളര്‍ത്തുമത്രെ..

അവ കണ്ണും കാതും
ആയിരം വീതമുള്ള
നാണമുണ്ടാക്കുന്നുവെന്ന്!

അവ നൈസര്‍ഗ്ഗിക
ബഹിര്‍സ്ഫുരണങ്ങളുടെ
മൂടിയടച്ച്
കൃത്രിമത്വത്തിന്‍റെ
ചതുരവടിവിലടയ്ക്കുമത്രെ!

ബാല്യത്തിന്‍റെ
രസഗുളികകള്‍
തിന്നുതീര്‍ന്നില്ലെന്ന
പരാതിക്കലമ്പലില്‍
ആ മുഖം കനത്ത്,
ശബ്ദം മുതിര്‍ന്നു വലുതായി!

ഇനി ആകസ്മിക കലാപങ്ങള്‍
ഉണ്ടാകുമെന്നും
സാമ്രാജ്യങ്ങള്‍
തമ്മില്‍
ഒച്ചയിട്ടാര്‍ക്കുമ്പോള്‍
പകച്ചു  നിന്നോളണമെന്നും
നനുത്ത മുഖരോമങ്ങള്
പോര്‍ പ്രഖ്യാപിച്ചു..

വാക്ശരങ്ങളുടെ
മൂര്‍ച്ച കുറച്ചുകിട്ടാന്‍
ഒരു മാര്‍ച്ചട്ട
വേഗം പണിതിട്ടോളാന്‍
നിര്‍ദ്ദേശിച്ചു.

ഉപദേശങ്ങള്
അലോസരങ്ങളാണെന്ന്
ഉറക്കെ പ്പറഞ്ഞ്,
അഭി പ്രായങ്ങള്
ചെവിയോര്‍ക്കുന്നില്ലെന്ന്
കലഹിച്ച്,
കടുത്തുപറഞ്ഞ്,കൈചൂണ്ടി,
കാല്‍വിറപ്പിച്ച്
ഉറഞ്ഞു കലമ്പുമ്പോഴും
ഒരു കുഞ്ഞു  ,പാവം വിതുമ്പല്
അവിടെ
ചിറകനക്കുന്നുണ്ട്!

['അമ്മെ,എനിക്ക് വലുതാവണ്ടായിരുന്നു' എന്നെന്‍റെ പതിന്നാലുകാരന്‍
മകന്‍..]

13.2.2014

1 comment:

  1. എല്ലാവർക്കും ഈ തോന്നലുണ്ട്‌.

    ReplyDelete