Thursday, 1 November 2018

Pushp ki abhilasha


चाह नहीं मैं सुरबाला के
                  गहनों में गूँथा जाऊँ,

चाह नहीं, प्रेमी-माला में
                  बिंध प्यारी को ललचाऊँ,

चाह नहीं, सम्राटों के शव
                  पर हे हरि, डाला जाऊँ,

चाह नहीं, देवों के सिर पर
                  चढ़ूँ भाग्य पर इठलाऊँ।

मुझे तोड़ लेना वनमाली!
                  उस पथ पर देना तुम फेंक,

मातृभूमि पर शीश चढ़ाने
                  जिस पर जावें वीर अनेक

- माखनलाल चतुर्वेदी

പൂവിന്റെ ആഗ്രഹം
===============
കവിതഃശ്രീ മാഖന്‍ലാല്‍ ചതുര്‍വ്വേദി
വിവര്‍ത്തനംഃനിഷാ നാരായണന്‍

ഒട്ടുമില്ലഭിലാഷ-
മാരത്നഹാരത്തിന്റെ
വക്കിലായ് കുരുങ്ങുവാന്‍
സുന്ദരീ സുരബാലേ!

ഇല്ലയാശയുമേതു -
മാ പ്രേമമിഥുനം തന്‍
രാഗമാലയില്‍ നവ്യ-
ഗന്ധമായ് വിലസീടാന്‍.

കൊണ്ടെറിഞ്ഞീടൊല്ലെന്നെ,
സമ്രാട്ടിന്‍ മൃതശീത-
മഞ്ഞുകാല്‍കളില്‍ ഈശാ!
മറ്റൊരു തണുപ്പാകാന്‍.

തെല്ലൊരു മോഹം പോലു-
മില്ലില്ല ദേവന്‍മാര്‍തന്‍
മസ്തകചൈതന്യത്തെ
തഴുകും പകിട്ടാകാന്‍.

ഉണ്ടൊരാഗ്രഹം മാത്ര-
മുദ്യാന നോട്ടക്കാരാ,
ശീഘ്രം ,നിന്‍ കയ്യാലെന്നെ
ഇറുത്തങ്ങെടുക്കുക.

എറിഞ്ഞീടുകയെന്നി-
ട്ടാ വഴീല്‍;രാജ്യം കാത്ത
പെരിയോര്‍,മഹാധീര-
രെത്രയോ നടന്നുപോയ്!










എന്നെയങ്ങിറുത്തെടു-
ത്തെറിഞ്ഞേക്കുക,

















For balabhaskar

അലസമേതോ ജനല്‍ക്കാഴ്ച നീട്ടിയ
വിരസരാഗത്തില്‍ കണ്‍മയങ്ങീടവേ
ജ്വലിതദണ്ഡൊന്ന് മിന്നലിന്‍ മൂര്‍ച്ചയാ -
ലരികെവന്നെന്നില്‍  കൗതുകം ചേര്‍ക്കുവാന്‍.

പതിയെയറ്റം പിടിച്ചതിന്നക്കരെ
ഇടറിയെത്തവേ,വിസ്മിതനേത്രയാ-
യരിയ തന്ത്രികളൊന്നിലായ് പഞ്ചമ-
മധുരമന്ത്രണം കേട്ടങ്ങുണര്‍ന്നുപോയ്!

മനമുലഞ്ഞുപോയാ മോഹധാരയില്‍ ,
ഉടലു പൂത്തുലഞ്ഞുത്തുംഗ'ബോ'യതാ-
വയലിനില്‍ കോറുമുന്മാദ വീചിയില്‍,
പ്രിയതരന്‍ കേമനിദ്ദേവവാദകന്‍!!

മൃദുലമാ വിരല്‍ ചുംബിച്ചു,ചുണ്ടിലെ
ഹൃദയരാഗത്തിലാഴ്ന്നൂ,സ്മിതം പൂണ്ട
ചെറിയ കണ്ണിലായഞ്ചിക്കളിക്കുമാ
വിമലസംഗീതഗംഗയില്‍ മുങ്ങി ഞാന്‍.

ഇനിയിതില്ലിനി!ഇല്ല നിന്‍ വാനവ-
മധുനിനാദമിക്കരളു വാടുന്നെടോ..
അനിതരന്‍ സ്വച്ഛവിണ്ണില്‍ നീ മേവുക,
ചെറിയോര്‍ ഞങ്ങളീ മണ്ണില്‍ മരിക്കട്ടെ.


Sunday, 29 July 2018

ലേബല്‍

ലേബല്‍
======

ജോസപ്പേ...
നോക്കെടാ ഈ ലോകം എത്ര സുന്ദരാ...
നെറഞ്ഞ കാടും പച്ചേം
ഓടോടി വീശണ കാറ്റും
അച്ചാലും മുച്ചാലും ആറും തോടും
ചിച്ച്ലം ചിച്ചുലം അണ്ണാന്‍മാരും
പാടണ ചാടണ കിളീം മാനും
കൂട്ടിനാവോളം ഞങ്ങള് കൂട്ടാരും
ഒന്ന് ചിയറപ്പെന്റെ ജോസ്പ്പേ ..
ഡാ..

കൂട്ടരേ,ഞാന്‍ ജോസഫ് മറിയക്കുട്ടി ജോസ്.
ഒളിച്ചുവെയ്ക്കുന്നില്ല,ഞാനൊരു
പാരനോയിയ രോഗിയാണ്.
കുറേപ്പേര്‍ എന്നെ കൊല്ലാന്‍ വരുന്നതായി
ഞാന്‍ നിരന്തരം സങ്കല്‍പിച്ചു,
അതിന്റെ മൂര്‍ധന്യത്തില്‍
ഇന്നലെ വഴിയില്‍ വെറുതെ നിന്ന
ഒരു ഹോം ഗാര്‍ഡിനെ അടിച്ചു കൊന്നു.
ഒളിച്ചുവെയ്ക്കുന്നില്ല ഞാന്‍,
മൂന്നുമാസം മുന്‍പ് തെരുവില്‍ കണ്ട
ഒരു ഗുജറാത്തി വഴിവാണിഭക്കാരിയെ
വലിച്ചിഴച്ചുകൊണ്ടുപോയി
ബലപൂര്‍വ്വം ഭോഗിച്ചു.
അവളുടെ കയ്യിലുള്ള ആ കളിബ്യൂഗിളിന്,
ഹോ!പേടിപ്പിക്കുന്നൊരുതരംശബ്ദമായിരുന്നു.
ഗയ്സ്..ഭീതിരോഗമാണെനിക്ക്,
ഒളിച്ചുവെച്ചിട്ടെന്തു കാര്യം?
ഒരു ഫിക്ഷന്‍ എഴുത്തുകാരനാണ് ഞാന്‍.
കല്‍പിതകഥകളെ കളിയാക്കുന്ന
ഫ്യോദോര്‍ എന്നു വിളിപ്പേരുള്ള തോമസിനെ
മുന്‍പ്,കഴുത്തുഞെരിച്ചു വല്ലാതാക്കി
കോണിപ്പടിയ്ക്കടിയില്‍ വെച്ചു.
ദസ്തയോവ്സ്കി ആസ്വാദനത്തിലൂടെ
അവന്‍ തന്നൊരു *ഖയോസ്;ഓ!പേടിച്ചുപോയി.
ഇനി ഒളിച്ചുവെയ്ക്കാനേ പോകുന്നില്ല,
പേടിരോഗം ഒരു കുറ്റമല്ല.
'ഏതുണ്ടെടാ കാല്‍പന്തല്ലാതെ ഊറ്റം
കൊള്ളാന്‍ വല്ലാതെ'
---അന്ന് സെവന്‍സില്
വിംഗ് ബാക്കിന്റെ നാഭിക്കിട്ട് തൊഴിച്ച്
കലി തീര്‍ത്ത പഴയ ജോസഫല്ല ഞാന്‍ ചങ്ങായീസ്,
-ഇന്നെനിക്ക് നിലാവിനെ വരെ പേടിയാണ്.

...........ജോസഫ്,
നിങ്ങളുണരുകയാണ്,
പൂര്‍വ്വാധികം ഉല്ലാസവാനാണ് നിങ്ങള്‍,
ഉന്മേഷത്തോടെ നിങ്ങളീ മുറിയിലെ
ഓരോ വസ്തുക്കളേയും നോക്കുന്നു.
ഈ ബ്ളിംകിങ്ങ് ലൈറ്റുകള്‍,പെന്‍ഡുലം
പോക്കറ്റ് വാച്ച്..ഒരു ഹിപ്പ് നോട്ടൈസറുടെ
മുറിയില്‍ ഇവ,വേണമെന്നാണ്.

ജോസഫ്,നീ വിദൂരത്തേക്ക് നോക്കുന്നു.
അവിടെ ഏതോ പ്രവിശ്യകള്‍ തമ്മിലുള്ള
അതിര്‍ത്തിപ്രശ്നങ്ങള്‍ക്ക്
ആഗോളമാനം കൊടുത്ത്,ലോകം ആകെമൊത്തം
ഹറാമെന്നും ഹലാലെന്നും തിരിച്ചിരിക്കുന്നു.
പല ചേരികള്‍ ഇവിടെ
വേണമെന്നാണ്.

ജോസഫ്,ഈ പുസ്തകം നോക്കൂ,
നിറയെ പൊരുതലുകളാണ്.
അവയെ  ധര്‍മാധര്‍മ്മങ്ങളുടെ യുദ്ധങ്ങളാക്കി,
ഒടുക്കം ധര്‍മം തന്നെ ജയിക്കുക വേണമെന്നാണ്.

പോരാട്ടങ്ങള്‍ക്കൊടുവില്‍
സാമ്രാജ്യങ്ങള്‍ ഉണ്ടാക്കപ്പെടണമെന്നാണ്,
നായകനെപ്പോഴും സത്വഗുണങ്ങള്‍ വേണമെന്നാണ്.
ചിട്ടപ്പെടുത്തിയ പാട്ടുകള്‍ അതേ രാഗത്തില്‍
തന്നെ തീരണമെന്നാണ്.
നാടകത്തിനൊരു ക്ളൈമാക്സില്ലെങ്കില്‍
പോക്കണംകേടാണെന്നാണ്.
കാടനങ്ങനെയാണെന്നാണ്,
നാടനിങ്ങനെയാണെന്നാണ്,
ഹാ..ജോസഫ്..
ചില ലേബലുകളില്‍ അന്ത്രയോസും
അര്‍ഷിദും അഡോള്‍ഫും മൈക്കേലുമൊക്കെ
പരുവപ്പെട്ടുപോയിരിക്കുന്നു!
പാരനോയിയ എന്ന കമ്പാര്‍ട്ട്മെന്റില്‍..സുഹൃത്തേ,
നീയും വല്ലാതെ
പരുവപ്പെട്ടു പോയിരിക്കുന്നു.

ജോസപ്പേ,എടുത്തുചാട്രാ..
താഴെയിപ്പൊഴും അന്നത്തെ നീരൊഴുക്കാടാ..
കപ്പേം പൂളോന്‍കറീം തിന്ന്,കടുപ്പമൊരു കട്ടനടിച്ച്,ഈ ലേബലങ്ങ് കീറിക്കള മച്ചൂ,
നീ ഇപ്പഴും ഞങ്ങടെ മിന്നും ബാക്ക്സ്റ്റോപ്പറ്..
സാബറ്റാഷ്....




















Monday, 25 June 2018

വായന

വായന
======

മധ്യാഹ്നത്തോളം ഒരു നോവല്‍ വായിക്കുകയായിരുന്നു.
അതിലൊരു പെണ്ണുണ്ട് 'ഇസബെല്‍,
അവളെ 'വാര്‍ബെര്‍ട്ടണ്‍ പ്രഭു പ്രേമിക്കുന്നു
അവളയാളെ തിരസ്കരിക്കുന്നു.
വീണ്ടും അവളെ  'മി.ഗുഡ് വുഡ്  പ്രേമിക്കുന്നു
അയാളേയും അവള്‍ തിരസ്കരിക്കുന്നു.

അവളോടൊരു ഇഷ്ടം തോന്നിത്തുടങ്ങി.
പ്രത്യേകതയുള്ളൊരു പെണ്ണ്,
ഹഹ!
ഞാന്‍അവളാവുമെന്നു തോന്നിപ്പോയി.
അവളെ നിയന്ത്രിക്കാന്‍
പറ്റുമെന്നുതന്നെ കരുതി,
'മി.ഓസ്മോണ്ട് വന്നപ്പോള്‍
അതുകൊണ്ടുതന്നെ ഞാന്‍
വളരെ സ്വസ്ഥയായിരുന്നു.
അവളയാളെയും നിരസിക്കും..
ഉറപ്പല്ലേ
സമാധാനത്തോടെയിരുന്നു,
അയാള്‍ വലിയ വാചാലനായിരുന്നു
കലാകാരനും.
അവളതിലൊന്നും വീണുപോവില്ലെന്ന്
തീര്‍ചയായും വിചാരിച്ച്
വളരെ ലാഘവത്തോടെയാണ്
ഞാന്‍ ബാക്കിവായിച്ചത്..
എന്നാല്‍ മുന്നൂറ്റിമുപ്പതാമത്തെ പേജില്‍
അയാളെ വിവാഹം ചെയ്യാന്‍
അവള്‍ തീരുമാനിച്ചപ്പോള്‍
'റാല്‍ഫിനൊപ്പം ഞാനും
മൂക്കത്തു വിരലുവെച്ചുപോയി
പെണ്ണൊരു ജാതി ഇങ്ങനെയാണ്,
മലക്കം മറിയും.

റാല്‍ഫ്..
റാല്‍ഫ് അവളുടെ കൊച്ചുചേട്ടനാണ്.
ആളുകളെ വിലയിരുത്താന്‍
വളരെ കഴിവുള്ളവനെന്നു തോന്നും.
തുടക്കം മുതലേ
വളരെ ബുദ്ധിപരമായിട്ടാണ്
സംസാരിക്കുന്നത്,
നയത്തോടെയും.

ആ ഘട്ടത്തില്‍
റാല്‍ഫിന്റെ കൂടെ നടക്കാന്‍ തോന്നി ..
ഞാന്‍ അയാളാവുമെന്നു തന്നെ
തോന്നിപ്പോയി..

ഏതു സാഹചര്യത്തിലും
അയാള്‍ സമചിത്തതയോടെ
പെരുമാറുമെന്ന്
ഉറപ്പായും വിചാരിച്ചാണ്
അയാളുടെ അച്ഛന്‍ മരിക്കുന്ന
രണ്ടാം അധ്യായം അവസാനത്തിലും
ഒരു സങ്കടവുമില്ലാതെ
കടലയ്ക്ക കൊറിച്ചുകൊണ്ട്
വായന തുടര്‍ന്നത്.
അയാളുടെ അച്ഛന്‍ 'മി.ടച്ചറ്റ്‌ വളരെ
നല്ലവനായിരുന്നു,
ഉപകാരിയും;
റാല്‍ഫിന്റെ ആ അവസാനപേജിലെ
ആഞ്ഞുകരച്ചിലില്‍,ശ്ശോ..
'മഡാം മേളിനോപ്പം ഞാനും
അന്ധാളിച്ചുപോയി!

മഡാം മേള്‍ നോവലിലെ
പകുതിയാണ് വരുന്നത്,
തുടക്കത്തില്‍ വളരെ
മിടുക്കും വകതിരിവും
അവര്‍ കാണിച്ചിരുന്നു.
അവരുടെ കൗശലം പക്ഷേ
ആദ്യമേ മനസ്സിലായി.
ഞാന്‍ ശ്രദ്ധിച്ചു; എന്റെ തലച്ചോറിന്റെ
വക്രവഴികളിലൂടെയൊക്കെ
അവരും പോകുന്നു!ശരിക്കും
ഞാനെന്ന പോലെ!!
ആ കുറുക്കത്തിയെ ചേര്‍ത്തുപിടിച്ച്
കുറെ ഓടി, അധ്യായം അഞ്ചു വരെ.
ആറാം അദ്ധ്യായത്തിന്റെ
തുടക്കത്തിലവര്‍ക്ക്
അടിപതറി,ചിതറിപ്പൊടിഞ്ഞുപോയി,
ഹോ !ഞാനും തവിടുപൊടിയായി..

രാത്രി,
നവാസിന്റെ വീട്ടിലെ ഇഫ്താര്‍ വിരുന്നില്-
അവിടെ റാല്‍ഫിരിക്കുന്നു!
-അള്ളാഹുമ്മ ലക്ക സൊംതു വ ബിക്ക അമൻതു  വ അലൈക്ക തക്കൽതു  വ അലാ റിസക്കിക്ക  അഫർത്തു...അവന്‍ പ്രാര്‍ഥിക്കുകയാണ്,
മടങ്ങിയപ്പോള്‍ ,നിലാവുപോലെ ,കൂടെ ഇസബെല്‍
പാലം കടക്കുമ്പോഴും
കൈചേര്‍ത്തുപിടിച്ചിരുന്നു.
റയില്‍വേ സ്റ്റേഷനില് മദാം മേള്‍
അടുത്തുവന്നിരുന്ന്,
മി.ഒാസ്മോണ്ടിനോടെന്ന പോലെ
മകള്‍ പാന്‍സിയെപ്പറ്റി
ഉത്കണ്ഠാകുലയായിക്കൊണ്ടിരുന്നു.

ഒരു റാസ്പ്ബെറി പഴത്തിന്റെ കുരു
ചവച്ചുതുപ്പി
*ഹെന്റി ജെയിംസ് ,പുസ്തകത്തിന്‍ മേല്‍
ചടഞ്ഞിരുന്നു.
''ക്ഷീണിച്ചോ,ദാ പിടിച്ചോ'',
എറിഞ്ഞുതന്ന പഴച്ചോപ്പ്
ചുണ്ടിലാക്കി  ,വമ്പത്തത്തിന്റെ
അവസാനകുരുവും തുപ്പിത്തെറുപ്പിച്ച്,
ഷെല്‍ഫില്‍ ,ഞാന്‍ അടുത്ത പുസ്തകം
തെരയാന്‍ തുടങ്ങി.

*അമേരിക്കന്‍ നോവലിസ്റ്റ്
'കഥാപാത്രങ്ങള്‍[The portrait of a young lady  by Henry James]

Saturday, 26 May 2018

ദ്വന്ദ്വം

ടാഗോര്‍ കവിത
------------------------
വിവര്‍ത്തനംഃനിഷാ നാരായണന്‍

ദ്വന്ദ്വം
====

ഒട്ടോടി ഞാനാവഴിയേകനായ് നിന്‍-
നിഷ്കാമ,ദീപ്തമൊളി കാണുവാനായ്
എന്നാലതാരാണിരുള്‍ക്കാടുതാണ്ടി
പിന്നാലെ കാല്‍ച്ചോടുവെച്ചടുക്കുന്നു.

തഞ്ചമല്‍പം ഞാന്‍ വഴിമാറിയെന്നാല്‍
നിര്‍ഗ്ഗുണനില്ലവനൊട്ടൊരു  ജാള്യം,
വല്ലാതെ വമ്പിന്‍ മുനയേറിനാലേ
മണ്ണാകെ  തൂളീയവനോ നടന്നു.
പയ്യെയൊന്നങ്ങു പറഞ്ഞൊരു വാക്കില്‍
ഗര്‍വ്വാലവന്നേറിയുച്ചം വിളിച്ചു
നെഞ്ചാളിയുള്ളാലറിഞ്ഞു സര്‍വ്വേശാ,
ഞാന്‍ താനവന്‍! വേറെയല്ലയെന്‍ ദ്വന്ദ്വം.
എങ്കിലുമില്ലിനി നിന്‍ വാതിലോരം
ഇജ്ജളനെന്‍ കൂടെ നിത്യമുള്ളപ്പോള്‍.

Thursday, 10 May 2018

Yehuda amichai വിവര്‍ത്തനം

കവിഃYehuda Amichai
മലയാളംഃനിഷാ നാരായണന്‍

കണക്കുപുസ്തകത്തിലെ ചോദ്യം
==========================

സ്ഥലം എ യില്‍ നിന്ന്
പുറപ്പെടുന്ന ഒരു ട്രെയിനും
സ്ഥലം ബിയില്‍ നിന്നുള്ള
മറ്റൊരു ട്രെയിനും
എപ്പോഴായിരിക്കും കണ്ടുമുട്ടുക?

കണക്കുപുസ്തകത്തിലെ ഒരു ചോദ്യമായിരുന്നു.

കണ്ടുമുട്ടുന്നേരം എന്തെന്തൊക്കെ?

അവ നിര്‍ത്തിയിടുമോ
ചുമ്മാ കടന്നുപോകുമോ
എങ്ങാനും കൂട്ടിയിടിക്കുമോ..?
ആരും ചോദിച്ചില്ല.

സ്ഥലം എയില്‍ നിന്നുള്ള ട്രെയിനില്‍
ഒരു ആണ് പുറപ്പെട്ടിട്ടുണ്ടോയെന്നും
സ്ഥലം ബി യില്‍ നിന്നുള്ള ട്രെയിനില്‍
ഒരു പെണ്ണ് പുറപ്പെട്ടിട്ടുണ്ടോയെന്നും
ആരും ചോദിച്ചില്ല.

പുറപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ
എന്തെന്തൊക്കെ?

പരസ്പരം കണ്ടേക്കുമോ
കണ്ടേക്കുമെങ്കില്‍ തന്നെ
മിണ്ടിയിരുന്നേക്കുമോ
ആരും അതിനെപ്പറ്റിയൊന്നും
ചോദിച്ചേയില്ല.

ച്ഛായ് !നിര്‍ത്തൂ..
ചോദ്യത്തിന്നുത്തരം പറയൂ
ചോദ്യത്തിനു മാത്രം.
ചോദിക്കപ്പെട്ടതിനു മാത്രം!ഹും..

Friday, 4 May 2018

ആക്ച്വലി

ആക്ച്വലി
========

ഒരു മാംഗോസ്റ്റിന്‍ പഴത്തെപ്പറ്റി കവിതയെഴുതൂ..
ഒരു ചോണനുറുമ്പിന്റെ തിടുക്കംപാച്ചിലിനേക്കുറിച്ചും
രാവിലത്തെ പുഴുക്കം മാറ്റുന്ന
ചെറുകാറ്റിനേക്കുറിച്ചും
ഒരു കവിതയെഴുതൂ..

ഒരുമയേപ്പറ്റിയും
ഇണക്കത്തിലിരുപ്പിനേപ്പറ്റിയും
അങ്ങോട്ടൊരു കവിതയെഴുതിയിടൂ..

ആ ജനാലയും നീലവിരിയുമൊക്കെ
കവിതയില്‍ വരട്ടെ..
ദാ പോണ കാറ്റില്‍ എന്തോരും കവിതയാണ്!

ചുമ്മാ
പാലസ്തീന്‍ ഇസ്രായേല് വഴക്കിനെപ്പറ്റിയും,
സിറിയയില്,ദിനംദിനം കൊല്ലപ്പെടുന്ന,
ആത്മഹത്യാബോംബര്‍മാരായ,
പലായനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന
കുഞ്ഞൂട്ടികളേപ്പറ്റിയും,

ഈയിടെ വിയറ്റ്നാം ചുഴലിക്കാറ്റില്
പറന്നുപോയ ജീവനുകളേപ്പറ്റിയും,
മരിയാ ഹറിക്കെയ്ന്റെ
ഗതിവിഗതികളെകുറിച്ചും
ഒക്കെപ്പറ്റി കലക്കി കടുവറുത്ത്
ഒരു കവിത കാച്ച് ..

റോഹിങ്ക്യന്‍ അഭയാര്‍ഥനകള്
കേള്‍ക്കുന്നുന്നെന്ന് കാണിച്ച്
കരളുരുക്കി ഒരു കവിത ചുട്..

കവിതവിതയങ്ങ് നിരത്തി വിത..
കവിത പറപറത്ത്..
ചൊരുത്ത്..
തൊടുക്ക്,
ഇരുപുറം നോക്കാതെയ്ത് വിട്..

ആക്ച്വലി
കവി ഒരു പണിയുമില്ലാത്തവന്‍.

[പ്രചോദനംഃ ഇന്നത്തെ വാക്കനല്‍ പേജില്‍ വന്ന എറിക് ഫ്രീഡ് കവിത.]