രാഗം ;പ്രണതി
============
വെറുതെ ഇരിക്കുമ്പോള്‍
ഗമപ മപനി പനിസ എന്നു പറഞ്ഞുനോക്കൂ
ബൈലേബിയല്‍ സ്വരസ്ഥാനങ്ങള്‍
ചുണ്ടുകളില്‍നിന്ന് ഊര്‍ന്നിറങ്ങി
തീവണ്ടിക്കൊപ്പം തുള്ളിക്കളിക്കും.
തൊട്ടുനേരെ ഇരിയ്ക്കുന്ന യാത്രികന്‍
ചിലപ്പോള്‍ അവയെ സൂക്ഷം ചോര്‍ത്തിയെടുത്ത്
അമൃതവര്‍ഷിണീരാഗം എന്ന് പ്രഖ്യാപിച്ചേക്കും..
ജീവിതം ഒരു സ്വരമന്ത്രണമാണെന്ന്
പറഞ്ഞ് ഒരു ഗായകന്‍
എന്നും പൂന്തോട്ടത്തിലിരുന്ന് പാടാറുണ്ട്.
അയാളുടെ കൈകളിലെ
അക്കോഡിയനില്‍ നിന്ന്
നീലനിറമുള്ള പൂക്കള്‍ ,പൂന്തോട്ടത്തിലെ
വള്ളികളിലേക്ക് പടര്‍ന്നു കയറുമ്പോള്‍
അയാളൊരു പിറവിയുടെ മ്യൂസിക്കല്‍ റീഡിട്ട്
ചുറ്റുമുള്ള കിളികളെ വിസ്മയിപ്പിക്കും.
പഴങ്ങള്‍ തിന്നുകൊണ്ടിരിക്കുന്ന കിളികള്‍
മനോഹരമായ ലോകത്തെ
ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും.
ജീവിതം വിചിത്രമായ ഒരു സ്വരമന്ത്രണമാണ്!
ആശുപത്രിസ്ട്രക്ചറിലെ
അച്ഛനെ കണ്ട അവള്‍
ചെവി ആ ചുണ്ടുകളോടടുപ്പിച്ചു.
നിലാവു തഴുകുന്നതുപോലെ
ആ തൊണ്ടക്കുഴിയില്‍ നിന്ന്
നേര്‍ത്തൊരു സ്വരമുദ്ര അവസാനമായി
കേട്ടുകഴിഞ്ഞപ്പോള്‍
കാല്‍ക്കലിരുന്ന് പതുക്കെ
ഇളംപച്ച ആശുപത്രിച്ചുമരിലൂടെ വാലനക്കി
നീങ്ങുന്ന ഒരു പല്ലിയെ
വെറുതെ നോക്കിയിരുന്നു.
ജീവിതം ഇഴഞ്ഞുപോയിക്കഴിഞ്ഞിരിക്കുന്നു..
പതിഞ്ഞ ദര്‍ബാരിയില്‍
പുറത്തൊരു വൃദ്ധന്‍ കുടനിവര്‍ത്തി.
കുടയ്ക്കകം ഒരു പുരാതന ഘരാനയായി
വൃദ്ധനെ വലിച്ചുപൊക്കി
പ്രാക്തനമായ ആകാശത്തിന്റെ
കോണിലെ സ്വരരാഗങ്ങള്‍ കേള്‍പ്പിച്ചു.
ജീവിതം ചിലപ്പോഴെങ്കിലും വേദനയുടെ ഒരു സ്വരമന്ത്രണമാണ്!
നിന്റെ സിമട്രിക് ചുണ്ടുകളില്‍ നിന്നടര്‍ന്ന
ഒരു ചിരി
ആ കിടക്കവിരിയില്‍ വീണുകിടപ്പുണ്ട്..
അത് പിങ്ക് നിറമുള്ള നൂലുകൊണ്ട്
കിടക്കവിരിയാകെ മൃദുരാഗങ്ങള്‍
തുന്നിപ്പിടിപ്പിക്കുകയാണ്..
രാത്രിയില്‍,പുറത്താരോ കൊട്ടുന്ന
ഠോലകില്‍ ആ നിശാരാഗങ്ങള്‍ അനങ്ങിയനങ്ങി
മുറിയാകെ സംഗീതം പൊഴിക്കുകയാണ്.
ജീവിതം രാഗസാന്ദ്രമായ ഒരു
സ്വരമന്ത്രണമാണെന്ന് എപ്പൊഴേ അറിഞ്ഞതാണ്.
മണമേ..
ഹൃദയമേ..
നിറമേഘമേ..
ജീവിതത്തിലെന്തിനാണ് നിരാസങ്ങള്‍..
എന്തെന്താണിവിടെ രാഗങ്ങള്‍,സ്വരഭേരികള്‍!
കുഞ്ഞുപ്രണതി ഉരുവിടുകയാണ്:
ദി ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഫോളിംഗ് ഡൗണ്‍,
ഹിക്കറി ഡിക്കറി ഡോക്ക്,
ഇങ്കി പിങ്കി പോങ്കി,..
അവളുടെ ചുണ്ട് മുറിഞ്ഞു,
പപ്പായുടെ ഉടുപ്പിലേയ്ക്ക് മുഖം പൂഴ്ത്തി അവള്‍ ഏതോ മൃദുരാഗത്തില്‍
ചിണുങ്ങിക്കരഞ്ഞു..
അല്ലെങ്കിലും ഈ നഴ്സറി റൈമുകളെല്ലാം
അതിക്രൂരങ്ങളാണ്.
വന്‍പരാജയങ്ങളാണ്.
No comments:
Post a Comment