Friday 30 August 2013

സ്വത്വം

ഇന്നലെ കാറ്റത്ത്
അയയിലിട്ടിരുന്ന
എന്റെ കുപ്പായം പറന്നുപോയി!

ഓ ,സാരല്ല്യ..
അതിന്റെ രണ്ടു
കുടുക്കുകള്‍ പോയതാ....
കുപ്പായക്കൈ
ശകലം കീറിയതും
നിറം കുറച്ചു മങ്ങിയതുമൊക്കെയാ,..

രാവിലെ
കാറ്റിന്റെ ചിറകിനിടയില്‍
അതിന്റെ കൈ കണ്ടു
ശ്ശോ!നെഞ്ചൊന്നു പിടഞ്ഞു!

തണലിടം പോലെയെത്ര
മേലോടൊട്ടിയതാ..

വെയില് തിന്നെന്റെ
നേര്‍ക്കയക്കുമത്
ഒരു ചെറുചുടുനോട്ടം..

സ്നേഹപ്രാന്തേറി
ഒരു ദിവസമതിനെ
എടീ' എന്നു വിളിച്ചപ്പോള്‍
മറുമൂ ളലില്
ഒരു പെണ്‍സുഗന്ധം!
ആഹാ!എന്നിലൊരു
സഖിത്വം ഊറീട്ടോ..

രാവിലെ ഉണങ്ങാനിടുമ്പോള്‍
അവള്‍ സ്നിഗ്ദ്ധയാകും..
നമ്രതയിലൊട്ടി
നഖംകടിച്ച്..
വൈകിട്ടെന്നെ തോണ്ടി
സൊറ പറയും,

തെക്കേലെ ചെക്കനെയൊന്ന്
കണ്ണടിച്ചതിന്
അവളെന്നെ ഗുണദോഷിച്ചു,.
അവളെ പറിച്ചെറിഞ്ഞന്നു ഞാന്‍
കടുംചീത്ത വിളിച്ചു,..
എനിയ്കു ഗുണദോഷം
പണ്ടേയിഷ്ടല്ല..

എങ്കിലുമവള് പോയല്ലോ
എന്നെയുരിഞ്ഞ്
നാണം കെടുത്തി
ആ മണകുണാഞ്ചന്‍
കാറ്റൊന്നുരുമ്മി-
യെന്നും പറഞ്ഞ്!
ചങ്കു പൊടിയണെന്റെ
ശിവനേ..

വയറൊട്ടിച്ച്
തൊണ്ടയുണക്കി
അവള് കാരണം
കുത്തിയിരുന്നപ്പോള്‍
തീവ്രനൊരുള്‍ചിന്ത,.

ഒരു ഏണിയെടുത്ത്
വലിഞ്ഞുകേറി
''മേഘവായ്  നോക്കി''കളെ
കുടഞ്ഞെറിഞ്ഞ്
എത്തിയൊരു പിടുത്തം..
ഹമ്പടാ!അവളെന്റെ
നെഞ്ചത്ത്!

കണ്ണുരുമ്മി
കൈകോര്‍ത്തൊ-
രേ കിനാക്കണ്ട്..
ഞങ്ങള്‍ രണ്ടു സഖിമാര്‍..

Thursday 15 August 2013

ഇത്തിരിച്ചന്തം

------നെഞ്ചോടു  ചേര്‍ക്കെന്നെ...എങ്കില്‍ ഞാനാപ്പനിപൊന്തുമുച്ഛ്വാസത്തി,ലൊന്നു  ശ്വസിച്ചേനെ..,,

--------------------------------------------------------------

പറന്നുപോം അമ്മയെനിയ്ക്കു തന്നൂ ഒരു തീച്ചിറക്
ഉലയിലൂതിയൊരു കവചമാക്കി ഞാനതു മാറിലിട്ടു..

----------------------------------------------------------------

സ്വര്‍ണദണ്ഡ് പിടിച്ചോരു കാലം' ഇങ്ക്വിലാബി'ലും 'വെള്ളി' തേടുന്നുവോ?

ചൂടേറിയ കവിത പകുത്താല്‍ ചുടുജീവിതനുരയതു കാണാം..
----------------------------------2-----------------------------
കടിയ്ക്കും ചിലപ്പോള്‍ നമിക്കു,മിടയ്ക്കിടെ വരിയുമൊരുഷ്ണവേഗമായ്,പിന്നെ നെടുനെടുങ്ങനെയനങ്ങാതെ കിടക്കും ചിലപ്പോളെ,ന്തൊരു കുന്തമീക്കവിത!

------------------------------------------------------------------

ചങ്ങലപ്പൂട്ടിട്ടു പൂട്ടിയിട്ടെന്നെ നീ ചുംബിച്ചതെന്തിന്?

----222-222222222222222222=222222222222222222222222222222222222222
പണ്ടവന് പറഞ്ഞെന്റെ കവിള്മറുകിലൊരു
കവിതയുണ്ടെന്നി,ന്നവന് പറയുന്നതു വെറുമൊരു
കരിമ്പാറക്കൂട്ടം!
-----------------------------------------------------------------
ഇന്നലെ വന്നെന്നെ മൂടിയ വന്തിരയ്കെന്തു പ്രണയമതു
കൊണ്ടുപോയാക്കിയെന്നെയൊരു മോഹച്ചുഴിയില്!

ഇരുളേ,നിന്റെ ശ്യാമവിരലുകള്ക്കെന്തു
നിറ,മതെന്നെ വരിഞ്ഞൊരു കാടാക്കിയല്ലോ!
Just now

ജീവിതം കടിച്ചു തിന്നുന്നെന്നെ,കൊണ്ടുപോ കൃഷ്ണാ!മഥുരയിലേയ്ക്കോ നിന്‍റെ മാനസപ്പെരുവഴിയിലേയ്ക്കോ..

സഖിയേ,നീ ജീവിതക്കടലാഴങ്ങളിലുപ്പു തിരയുമ്പോള്‍ ഞാനോ ഒരു മടിച്ചി!വക്കത്തിരുന്നു ഗോട്ടി കളിക്കുന്നു!

കത്തിനില്‍ക്കുന്നു ചെഗുവേരയൊരുനിതാന്തമാം വിപ്ളവത്തിരിയായ് ന്യായക്കരുത്തായ് ചുവപ്പിന്‍ പ്രകാശമായണ

ഗാന്ധീ നിനക്കിന്നെന്തുപറ്റി..ബാലപുസ്തകപ്പേജില്‍ നീ ചിരിച്ചിരിക്കുന്നുണ്ടെങ്കിലും നിന്‍റെയോര്‍മ്മദിനത്തിലൊരുമധുരമിഠായിയായ് നിന്നെ നുണഞ്ഞിറക്കുന്നുണ്ടെങ്കിലുമെവിടെ നീയിപ്പോള്‍ തുറന്നെത്തുക നീയാ കൊടും മഞ്ഞുമലകളാല്‍ ഞങ്ങള്‍ തീര്‍ത്തൊരു മറവി തന്‍ പടുത..

കാലമേ,നിന്‍റെ സ്വപ്നയാനം നിര്‍ത്തുക,യിടക്കൊന്നു കണ്‍തുറക്കുക,കാണുകയീക്കൊടും ജീവിത വേപഥു..

ആരു നീ?മറയുമൊരൊറ്റ വരയോ,കരിമണല്‍പ്പാടോ,യതൊല്ലയെന്‍ ഭഗ്നമാം നിഴലു താനോ?

Wednesday 7 August 2013

തുരുമ്പിയന്‍..

നൂ റരിവാളുകളന്നു കോറി ഇളംവാനില്‍ കരുത്തിന്‍ ചുവപ്പുചിത്രം...
നൂ റായിരം മിഴിയിന്നു ഹതാശമായ് തേടുന്നു വാനിലാ ഭഗ്നചിത്രം!

Tuesday 6 August 2013

നുണനിറങ്ങള്‍...

എന്റെ പ്രണയത്തിന്റെ
നിറം ചുവപ്പാണ്...
അതിന്റെ വക്കുകളില്‍
ഇളംനീലവരകളുണ്ട്...
ഏറ്റം മുകളിലാദ്യം
അനിശ്ചിതത്വത്തിന്റെ മഞ്ഞയായിരുന്നു,
ശുഭ്രനിറവിന്റെ
ഞൊറികളിലൂ ടെ
സഞ്ചരിച്ച്
മധ്യത്തിലതു
തീച്ചുവപ്പായി
ഇന്നതെന്റെ നെഞ്ചത്ത്...
അതിനെ ഞാന്‍
ഭംഗിയുള്ള
ഇളംപിങ്ക് കൂ ട്ടിലടച്ചു..
കറുത്ത ഹൃദയപ്പൂ ട്ടിട്ട്
ഒളിപ്പിച്ചു!
ഊതനിറമുള്ള
ഞായറുകളില്‍
പച്ചച്ചായമിട്ട
വിരല്‍നഖങ്ങള്‍
അതിനെ തോണ്ടിയെടുത്തു
എന്റെ നീലഞരമ്പില്‍
കുത്തിയിറക്കി!
വെളുത്തുവിളറിയ
എന്റെ പുറംകഴുത്തില്‍
ചുവപ്പുപാടുകള്‍ വരുത്തി
അതൊരു പച്ചപ്പുഴുവായി
തവിട്ടുകാലുകള്‍
ഉടലിലമര്‍ത്തി
ഉയര്‍ന്നുപൊങ്ങി-
യതു മന്ത്രിച്ചു:
"പെണ്ണേ പലനിറ-
ക്കളവാണു ഞാന്‍".