Tuesday, 24 December 2013

നേര്‍മണങ്ങള്‍


രണ്ടു നാള്‍
അയാള്‍ സുഷുപ്തിയിലായിരുന്നു..

മൂന്നാംദിനമാ
കറുപ്പുമയക്കത്തില്‍ നിന്നും
വെളിപാടുകൊണ്ടെണീറ്റയാള്‍
അദ്ഭുതകരമായി
മണം പിടിക്കാന്‍ തുടങ്ങി!

ആദ്യമമ്പരപ്പില്‍ കുഴങ്ങി
പിന്നെ തന്‍റെ
നാസാരന്ധ്രങ്ങള്‍ ത്വരിതം
തുറക്കുമതിജാലവിദ്യയില്‍
ഊറ്റം കൊണ്ടു..

ഒന്നാമതായ് കിട്ടിയത്
കായല്‍ ചേറിന്‍റെ മണം..
തന്‍റെയുടല്‍ വമിപ്പിച്ചയാ
രാസപ്രവാഹത്തിലലിഞ്ഞയാള്‍
ഒരു പച്ചത്തവളയായി..

രാത്രിയൊരുന്മാദസ്വപ്നത്തില്‍ നി-
ന്നുന്നിദ്രമെണീറ്റ്
സ്വയം ഭോഗിച്ചമൂല്യ-
ജീവകണങ്ങള്‍ പൊഴിച്ചടങ്ങവേ
പെട്ടെന്നാ മൂക്കുകുഴല്‍ തുറന്നു!
അതുറക്കെ പ്രഖ്യാപിച്ചതൊരു
കര്‍പ്പൂരഗന്ധം!?
ഞെട്ടി സാഷ്ടാംഗം പ്രണമിച്ചയാളതിനെ..
അതിദ്രുതം മുഖം ചേക്കേറ്റിയെന്നിട്ടാ
പുതപ്പിന്‍ ലജ്ജയില്‍..

വയലില്‍,വഴിയിടങ്ങളില്‍,
ആശുപത്രി വരാന്തയില്‍
പ്രസവമുറിയില്‍,ഉറവുതിരും
രതിസമ്മേളനങ്ങളില്‍
അപൂര്‍വ്വമണങ്ങളിലുഴറി-
യലിഞ്ഞയാളൊരു ഗന്ധക്കൂട്ടായി..

പ്രേമമുയിര്‍ത്തൊരു രാത്രിയില്‍..
അവളുടെ കുളിക്കാത്ത ഉടലാരണ്യത്തില്‍
മൂക്കു കൂര്‍മ്പിക്കവെ..
പൂത്ത കണ്ണുകള്‍ കൂമ്പിയയാള്‍
പറഞ്ഞു:
''ഇവള്‍ക്ക് പാമ്പിന്‍റെ മണം''.

നേരിന്‍റെ മണങ്ങളൊരു പിടി,യേറ്റി
അയാള്‍ മണക്കുകയാണ്..

[പ്രചോദനംഃഎന്‍റെ ഒരു പ്രിയ സുഹൃത്ത്,അദ്ദേഹം ഒരു  ഗന്ധാസ്വാദകനാണ്]

Monday, 9 December 2013

കിനാവീട്

പൊഴിയടര്‍ന്ന
പായ്മേല്‍
ചുരുണ്ടടങ്ങി
ജോസഫ്
നനുത്ത പല്ലിക്കാലുകള്‍
കിനാക്കണ്ടു..

കാപ്പിമട്ടൂര്‍ത്തിയ
ചവര്‍പ്പ്
തലകറക്കിയപ്പോള്‍
കയ്ചു കാര്‍ക്കിച്ചാ-
ക്കനവിനെയവന്‍
തുപ്പിയോടിച്ചു..

പണിതീരാത്ത
വെട്ടുകല്‍ച്ചുമരില്‍
കുത്തിയിരുന്ന്
വെളുക്കോളം
കൊത്തങ്കല്ല്
കളിച്ചിട്ടിപ്പോള്‍
നടുകടച്ചില്!

നാളത്തെക്കളിയിലാ
മാലാഖക്കൊച്ചിനെ
തോല്‍പിച്ചു
പതം വരുത്തുമെ-
ന്നവനാണയിട്ടു.

ഇന്നലെയടര്‍ന്നു-
വീണ നക്ഷത്ര-
മൊരോമനപ്പാടു -
വീഴ്ത്തിയ നിലംനോക്കി
ആവലാതിപ്പെട്ടൊടുക്കം
ജോസഫ് തന്‍റെ
സ്വപ്നവീട്ടിലെ
മണ്‍തറയില്
നെടുവീര്‍പ്പു കുഴച്ചൊഴിച്ച്
കോണ്‍ക്രീറ്റിട്ടു.

ചുമര്‍ തുഴഞ്ഞേറിയ
പല്ലിക്കാലുകളിടയ്ക്ക്
വഴിമുട്ടി
മുഖംതിരിച്ച്
കണ്‍മിഴിച്ചവനെ
കളിയാക്കിയപ്പോള്‍
അവനാ
പണിതീരാവീട്ടില്
നിസ്സഹായതയുടെ-
യൊടുക്കത്തെ
കട്ട പാകി..

കാടു മടുത്ത
കരിനാഗങ്ങ-
കളകത്തിഴഞ്ഞു കേറി-
യിണ ചേര്‍ന്ന് നിത്യം
പെരുകിയപ്പോള്‍
വേഗമവന്‍
വീട്ടിന്നൊരര-
ക്ഷിതാവസ്ഥയുടെ
കതകുണ്ടാക്കി..

ഇടയ്ക്കൊന്നൂയലാടാന-
കത്തൊളിച്ചു കേറിയ
മേഘക്കുഞ്ഞുങ്ങളെ
കണിശം പുറത്താക്കാ-
നവനാ വീട്ടിനൊര-
പകര്‍ഷതയുടെ
ഷീറ്റു മേഞ്ഞു..

ചുമരില്‍
അനിശ്ചിതത്വത്തിന്‍റെ
വെള്ള പൂശി
ഗതികേടു കറുപ്പിച്ച
കല്ലടുപ്പില്‍
പാലുകാച്ചി
ഇന്നു ജോസഫ് പുരകേറി..

Saturday, 7 December 2013

പനിപ്പേച്ച്..

എന്നില്‍ നിന്നുയിര്‍ത്തെന്നാത്മസ്വരൂപമിന്നലെയുടലിന്നടിയില്‍ നിന്നൊരു ചില്ലുപാടയായ്

ഉച്ചക്കിടക്കയിലെന്‍റെ പനിമാപിനിയിലക്കങ്ങളുച്ചം വിളിച്ചയുന്മത്ത നേരത്ത്..

പൊങ്ങിയതുപോയൊരു ബലൂണിന്നനായാസവേഗത്തിലാ മച്ചിന്‍പുറത്തോട്ടൊരു സ്വാതന്ത്ര്യക്കൊതിയുമായ്..

ഞെട്ടി ഞാന്‍  തട്ടിയെറിഞ്ഞെന്‍പനിച്ചിന്തയെയങ്ങു ചാടി- നോക്കിയൊരുപാടോടിയൊന്നതിനെയൊന്നെ,ത്തിപ്പിടിക്കുവാന്‍..

കിട്ടിയൊടുക്കമെന്നൂക്കനൊരു ചാട്ടത്തിലാഞ്ഞുപിടിച്ചതിനെ കെട്ടിഞാന്‍ മുറുക്കിയെന്‍ പാവാടച്ചരടില്‍

തൊട്ടു ഞാനാക്കാലുമുത്തിയെന്നിട്ടെന്നോടു ചേര്‍ത്തുരിയാടിയിനി
വിട്ടുപോകല്ലെയൊരു നിമിഷാര്‍ത്ഥം പോലും..