Saturday, 26 May 2018

ദ്വന്ദ്വം

ടാഗോര്‍ കവിത
------------------------
വിവര്‍ത്തനംഃനിഷാ നാരായണന്‍

ദ്വന്ദ്വം
====

ഒട്ടോടി ഞാനാവഴിയേകനായ് നിന്‍-
നിഷ്കാമ,ദീപ്തമൊളി കാണുവാനായ്
എന്നാലതാരാണിരുള്‍ക്കാടുതാണ്ടി
പിന്നാലെ കാല്‍ച്ചോടുവെച്ചടുക്കുന്നു.

തഞ്ചമല്‍പം ഞാന്‍ വഴിമാറിയെന്നാല്‍
നിര്‍ഗ്ഗുണനില്ലവനൊട്ടൊരു  ജാള്യം,
വല്ലാതെ വമ്പിന്‍ മുനയേറിനാലേ
മണ്ണാകെ  തൂളീയവനോ നടന്നു.
പയ്യെയൊന്നങ്ങു പറഞ്ഞൊരു വാക്കില്‍
ഗര്‍വ്വാലവന്നേറിയുച്ചം വിളിച്ചു
നെഞ്ചാളിയുള്ളാലറിഞ്ഞു സര്‍വ്വേശാ,
ഞാന്‍ താനവന്‍! വേറെയല്ലയെന്‍ ദ്വന്ദ്വം.
എങ്കിലുമില്ലിനി നിന്‍ വാതിലോരം
ഇജ്ജളനെന്‍ കൂടെ നിത്യമുള്ളപ്പോള്‍.

Thursday, 10 May 2018

Yehuda amichai വിവര്‍ത്തനം

കവിഃYehuda Amichai
മലയാളംഃനിഷാ നാരായണന്‍

കണക്കുപുസ്തകത്തിലെ ചോദ്യം
==========================

സ്ഥലം എ യില്‍ നിന്ന്
പുറപ്പെടുന്ന ഒരു ട്രെയിനും
സ്ഥലം ബിയില്‍ നിന്നുള്ള
മറ്റൊരു ട്രെയിനും
എപ്പോഴായിരിക്കും കണ്ടുമുട്ടുക?

കണക്കുപുസ്തകത്തിലെ ഒരു ചോദ്യമായിരുന്നു.

കണ്ടുമുട്ടുന്നേരം എന്തെന്തൊക്കെ?

അവ നിര്‍ത്തിയിടുമോ
ചുമ്മാ കടന്നുപോകുമോ
എങ്ങാനും കൂട്ടിയിടിക്കുമോ..?
ആരും ചോദിച്ചില്ല.

സ്ഥലം എയില്‍ നിന്നുള്ള ട്രെയിനില്‍
ഒരു ആണ് പുറപ്പെട്ടിട്ടുണ്ടോയെന്നും
സ്ഥലം ബി യില്‍ നിന്നുള്ള ട്രെയിനില്‍
ഒരു പെണ്ണ് പുറപ്പെട്ടിട്ടുണ്ടോയെന്നും
ആരും ചോദിച്ചില്ല.

പുറപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ
എന്തെന്തൊക്കെ?

പരസ്പരം കണ്ടേക്കുമോ
കണ്ടേക്കുമെങ്കില്‍ തന്നെ
മിണ്ടിയിരുന്നേക്കുമോ
ആരും അതിനെപ്പറ്റിയൊന്നും
ചോദിച്ചേയില്ല.

ച്ഛായ് !നിര്‍ത്തൂ..
ചോദ്യത്തിന്നുത്തരം പറയൂ
ചോദ്യത്തിനു മാത്രം.
ചോദിക്കപ്പെട്ടതിനു മാത്രം!ഹും..

Friday, 4 May 2018

ആക്ച്വലി

ആക്ച്വലി
========

ഒരു മാംഗോസ്റ്റിന്‍ പഴത്തെപ്പറ്റി കവിതയെഴുതൂ..
ഒരു ചോണനുറുമ്പിന്റെ തിടുക്കംപാച്ചിലിനേക്കുറിച്ചും
രാവിലത്തെ പുഴുക്കം മാറ്റുന്ന
ചെറുകാറ്റിനേക്കുറിച്ചും
ഒരു കവിതയെഴുതൂ..

ഒരുമയേപ്പറ്റിയും
ഇണക്കത്തിലിരുപ്പിനേപ്പറ്റിയും
അങ്ങോട്ടൊരു കവിതയെഴുതിയിടൂ..

ആ ജനാലയും നീലവിരിയുമൊക്കെ
കവിതയില്‍ വരട്ടെ..
ദാ പോണ കാറ്റില്‍ എന്തോരും കവിതയാണ്!

ചുമ്മാ
പാലസ്തീന്‍ ഇസ്രായേല് വഴക്കിനെപ്പറ്റിയും,
സിറിയയില്,ദിനംദിനം കൊല്ലപ്പെടുന്ന,
ആത്മഹത്യാബോംബര്‍മാരായ,
പലായനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന
കുഞ്ഞൂട്ടികളേപ്പറ്റിയും,

ഈയിടെ വിയറ്റ്നാം ചുഴലിക്കാറ്റില്
പറന്നുപോയ ജീവനുകളേപ്പറ്റിയും,
മരിയാ ഹറിക്കെയ്ന്റെ
ഗതിവിഗതികളെകുറിച്ചും
ഒക്കെപ്പറ്റി കലക്കി കടുവറുത്ത്
ഒരു കവിത കാച്ച് ..

റോഹിങ്ക്യന്‍ അഭയാര്‍ഥനകള്
കേള്‍ക്കുന്നുന്നെന്ന് കാണിച്ച്
കരളുരുക്കി ഒരു കവിത ചുട്..

കവിതവിതയങ്ങ് നിരത്തി വിത..
കവിത പറപറത്ത്..
ചൊരുത്ത്..
തൊടുക്ക്,
ഇരുപുറം നോക്കാതെയ്ത് വിട്..

ആക്ച്വലി
കവി ഒരു പണിയുമില്ലാത്തവന്‍.

[പ്രചോദനംഃ ഇന്നത്തെ വാക്കനല്‍ പേജില്‍ വന്ന എറിക് ഫ്രീഡ് കവിത.]

Wednesday, 2 May 2018

ഏതു രാഗം

ഏതു രാഗം.
=========

എത്രയോ നിശ്ശൂന്യമീ
രാത്രി ഹാ!ഇരുള്‍ പോലും-
നിശ്ചലം വാക്കൈപൊത്തി
നില്‍ക്കയാണന്തസ്താപം.

അത്രയും തമോവൃത-
മാകുമീ നിശീഥത്തില്‍
ഇത്രമേല്‍ ധ്യാനാത്മകം
മൂളുന്ന സ്വരമേതോ?

ദൂരെയാ കുന്നോ കാടോ
ചേണുറ്റൊരാകാശമോ
ചേറണിപ്പുഴക്കയ്യോ
ആ നിശാചരികളോ?

വിസ്മിതമുടലാഴി-
യലപോലുയര്‍ന്നാടി,
മുഗ്ദ്ധമാ ഗാനത്തിന്റെ
നിര്‍ഝരി തേടിച്ചെന്നു.

അക്കുടില്‍ജന്നല്‍പാളി
പയ്യവേ മലര്‍ന്നു ,നല്‍-
താനത്തിലാത്മാലാപം
ചേര്‍ക്കയാണഗ്ഗായകന്‍!!

ആരു നീയൊളി ചേര്‍ത്തു-
വല്ലെങ്കില്‍  കങ്കാളമാം
രാവിതായേനെ; ഏതു
രാഗമാണീ വൈഭവം?
അത്രമേലടുത്തൊരാള്‍
തൊട്ടപോല്‍, പ്രേമാഭ്വത്താല്‍
സ്നിഗ്ദ്ധമാം  ഭാവാലാപ-
മാരു നീ പറഞ്ഞിടൂ..

രാഗിലേ! രാഗാന്വിതേ..
ഭൂപാളമാണീ രാഗം,
സ്നേഹമാണിതിന്‍ നാദം,
സ്നേഹഗായകന്‍ ഞാനും.

അഭ്വം[നാനാഃ]ജലം,പ്രതാപം

Friday, 27 April 2018

സഹജം

സഹജം
======

ഗുരോ,
മുന്‍ബഞ്ചില്‍ ആദ്യമിരിക്കുന്ന
ആ കുട്ടി എന്തുചെയ്യുകയാണ്?

അവനൊരു പ്രബന്ധമെഴുതുകയാണ്.

ആ നീലക്കസേരയില്‍
പുറംതിരിഞ്ഞിരിക്കുന്ന കുട്ടിയോ?

ചരിത്രപുസ്തകത്തിലെ ഒരുപന്യാസം
മനഃപാഠമാക്കുകയാണ്.

അവസാനബെഞ്ചിലെ കുട്ടികള്‍
കണക്കിലെ കൃത്യങ്കനിയമങ്ങള്‍
പലവുരു എഴുതിപ്പഠിക്കുകയാണ്.
ഇടബെഞ്ചിലെ കെന്നഡിയെന്നു
തമാശപ്പേരുള്ള ജോണ്‍
നാളത്തെ അസംബ്ളിയിലേയ്ക്കൊരു
പ്രസംഗം ഉരുവിടുകയാണ്.
സാമും ചിത്രയും ശാസ്ത്രപരീക്ഷണങ്ങള്‍
അതേപടി ബുക്കിലേക്ക് പകര്‍ത്തുകയാണ്‌.
നാലുപേര്,തെക്കേ അറ്റത്ത് പുറകുബഞ്ചില്,
പ്രശ്നോത്തരി കാണാതെ പഠിക്കുകയാണ്.
ചരിത്രസംഭവങ്ങളും അതാത് തീയതികളും
ഓര്‍ത്തുപറഞ്ഞ്,സൈഡ് ബഞ്ചില്
മുഹമ്മദും തെരേസ്സയും മത്സരിച്ചു മുറുകുന്നു.
രമേശ്,സലില,യദു,പ്രിയ അവര്..

ഗുരോ,
തല ജനാലയിലൂടെ
പുറത്തേക്കിട്ടിരിക്കുന്ന ആ കുട്ടി
എന്തുചെയ്യുകയാണ്?
ഓ അവനോ..
അവനൊരു കിളിയുടെ പാട്ട് കേള്‍ക്കുകയാണ്.

അവനെന്റെ ഹൃദയം കൊടുത്തേക്കൂ,
എന്നിട്ടവന്  ചെവിയോര്‍ക്കൂ..

Thursday, 19 April 2018

ഭാവാന്തരം

ഭാവാന്തരം
========

ഇന്നു കണ്ട ആ വരണ്ട ഗോഥിക് സ്വപ്നം...
ഹോ! അതില്‍ നിറയെ പൊടിക്കാറ്റായിരുന്നു.
സമയം പാതിരായും കൂറ്റാക്കൂറ്റിരുട്ടും.
പ്രണയികള്‍ പോലും ഉണര്‍ന്നിരിക്കാത്ത
കറുത്ത രാത്രിയുടെ കൊടും നിറം!
അതിലേയ്ക്ക്
എപ്പൊഴാണയാള്‍ കയറിവന്നത്?

നൂറ്റാണ്ടുകളുടെ അഴുകിയ
ഫൈബ്രിനോജന്‍ ഗന്ധം..
തിരിഞ്ഞുനോക്കി..
കറുത്ത നീണ്ട  തുകല്‍കോട്ട്,
കൂര്‍പ്പിച്ചുയര്‍ത്തിയ ചെവികള്‍,
ചുവപ്പിച്ചെടുത്ത കണ്ണുകള്‍,
ഉയര്‍ത്തിയൊരുക്കിയ നെറ്റി,
ഒട്ടിച്ചുചേര്‍ത്ത ദംഷ്ട്ര..
ദൈവമേ..ലീ..?
*ക്രിസ്റ്റഫര്‍ ഫ്രാങ്ക് ലീ...!
എവിടെയാ ചോരച്ചുവപ്പിന്റെ
കാര്‍പാത്തിയന്‍ രൗദ്രത?
കണ്ണുകളില്‍ പകരമൊരു
വിഷാദസ്വപ്നത്തിന്റെ ആര്‍ദ്രത!
സര്‍,എന്താണിങ്ങനെ?
നോക്കൂ..
ഞാനൊരു ഭരണാധികാരിയുടെ കഥ പറയാം..
അദ്ദേഹം,വാഴ്ത്തപ്പെട്ട മധ്യവര്‍ഗ മിശിഹ..
നാളുകളായ്,കോര്‍പറേറ്റ് ഭീമരുടെ,
പി.ആര്‍ കമ്പനികളുടെ,
പ്രബലപ്രചാരണ വൈഫൈ വഴി
തലച്ചോറുകളില്‍ പ്രക്ഷാളനമഴിച്ചുവിട്ടൊരു
ചണ്ഡമാരുതന്‍..
നയങ്ങളില്‍,ജനവിരുദ്ധതയുടെ
ഗില്ലറ്റിന്‍  ഘടിപ്പിച്ചെന്നു പേരുവീണ
കൗടില്ല്യചിത്തന്‍..
സര്‍,അദ്ദേഹത്തെപ്പറ്റി പറയുമ്പോള്‍
നാവുകള്‍ക്ക് മൂര്‍ച്ച കൂടും,കേള്‍ക്കൂ..
സ്വയം ഉന്മത്തനാകൂ,വിരല്‍മറകള്‍ മാറ്റി ഘോരനഖങ്ങളെ പുറത്തെടുക്കൂ..
ചൊടികളില്‍ ചോര നുണയ്ക്കൂ..

അദ്ദേഹം-
ഒരു സൈക്കോളജിസ്റ്റിന്റെ ഭാഷയില്‍-
ഭരണാഭിനിവേശത്തിന്റെ ഇണ,
വികാരഹീനന്‍,ദ്വന്ദരൂപി..

-ഒരു രാഷ്ട്രതന്ത്രജ്ഞന്റെ ചിന്തയില്‍-
ഭരണനൈപുണ്യന്‍, ^നാലാം റെയ്ശ് പ്രയോക്താവ് ..

ഞാന്‍ പറയുന്നൂ ..ഡിയര്‍ ലീ,
ഈ ഹൈകോളേഡ് തുകല്‍ക്കോട്ടിന്റെ
മധ്യസ്ഥതയില്‍
നീയും അദ്ദേഹവും ഒരേ ചോര!
ഒരേ മാനിഫെസ്റ്റോയുടെ ദിക്പാലകര്‍,
വരിഷ്ഠ **ലെവിയാത്തന്‍മാര്‍,
കറുപ്പിന്‍ ചിറകുള്ള..
ഏഹ്!താങ്കള്‍ക്ക് ചിറക് മുളയ്ക്കുന്നോ?
ചോര നിറയുന്ന ചുണ്ടുകള്‍
പുറം തള്ളിവന്ന നഖങ്ങള്‍
രണ്ട് നീളന്‍കടവാതില്‍ചിറകുകള്‍!
ചിറക് പൊന്തി ..
ജനല്‍ കടന്നു..
ജനലിനപ്പുറം സ്വപ്നം മുറിഞ്ഞു..
ആ വരണ്ട ഗോഥിക് സ്വപ്നം.
സ്വപ്നങ്ങളങ്ങനെ മുറിയുകയാണ്!
അശാന്തി ജനല്‍ കടക്കുകയാണ്..
ഇനി
അധൃഷ്യത..
അകര്‍മ്മത.

*ഡ്രാക്കുളയെ അവതരിപ്പിച്ച നടന്‍

^പുത്തന്‍സാമ്രാജ്യം refers to മൂന്നാം റേയ്ശ്=നാസി ജര്‍മനി

**ഭീമാകാരനായ ഒരു കടല്‍ ജന്തു

Wednesday, 11 April 2018

The melancoly whore

..yes,at last who not want to be a *melancholy whore?വിഷാദം എന്നത് ബ്രോാമൈഡോ വെലേറിയനോ നല്‍കുന്ന ഒരു അര്‍ഥബോധാവസ്ഥയാവാം.ആ രാജ്യത്തില്‍  ഒരു പണിയും ചെയ്യാതെ മയങ്ങിക്കിടക്കുകയേ വേണ്ടൂ,ഒരിക്കലയാള്‍ നിങ്ങളെ കാണാന്‍ വരും.നിങ്ങളെ '**ഡെല്‍ഗഡീന'...എന്നു പ്രേമപൂര്‍വം വിളിക്കും. രാത്രി മുഴുവനും മയങ്ങിക്കിടക്കുന്ന നിങ്ങളുടെ ശരീരം  തലോടിക്കൊണ്ടേയിരിക്കും.നിങ്ങളുടെ മുറിയാകെ ചേതോഹരവസ്തുക്കളെക്കൊണ്ട് നിറയ്ക്കും.നിങ്ങളുടെ മുഖത്തിന് ഏറ്റവും ചേര്‍ന്ന ഇയര്‍ റിംഗുകള്‍ ഉപഹാരമായി തലയിണക്കീഴെ  വെച്ചിട്ടു പോകും.യൂറോകള്‍ ചെലവാക്കി എല്ലാ ദിവസവും അയാള്‍ നിങ്ങളെ കാണാന്‍ വേണ്ടി മാത്രം ദൂരത്തുനിന്നു വരും.യഥാര്‍ഥത്തില്‍ നിങ്ങളുണരേണ്ടെന്നുതന്നെയാണ് അയാള്‍ക്ക്..നേരം പുലരുന്നതുവരെ ഉറങ്ങുന്ന നിങ്ങളെ  വെറുതെ നോക്കിക്കൊണ്ടിരിക്കുക മാത്രം ചെയ്യും.നിങ്ങള്‍ക്കുവേണ്ടി പൊടിപിടിച്ചുകിടക്കുന്ന, തന്റെ വീട് നന്നായിത്തന്നെ തട്ടിക്കുടഞ്ഞെടുക്കും.നിറയെ ചിത്രങ്ങള്‍ തൂക്കും.നിങ്ങള്‍ക്കുവേണ്ടി ബ്രഡ്ടോസ്റ്റ് ഉണ്ടാക്കും.അടുക്കളയില്‍ ഓടിനടന്നുപണിയുന്ന,തുണികള്‍ ഉണക്കുന്ന,വീടു നോക്കുന്ന നിങ്ങളെ അയാള്‍ സ്വപ്നം കാണും.പ്രണയാര്‍ദ്രനായി ,അയാള്‍ നിങ്ങള്‍ക്കെഴുതുന്ന കത്തുകള്‍ ഏതോ ഒരു പ്രാദേശികജേര്‍ണലിലെ  ഡെയ്ലികോളത്തില്‍ അഭിനിവേശത്തിന്റെ അലകളുയര്‍ത്തും.അയാളൊരു കോളമിസ്റ്റാണ്.സത്യം പറയൂ, നിങ്ങള്‍ അയാളെ ശ്രദ്ധിക്കാനേ പോവുന്നില്ലെന്നുണ്ടോ?പാതിബോധത്തില്‍ ഒരു സ്വപ്നമായെങ്കിലും അയാളെ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലേ?ഓര്‍ത്തോളൂ,ഈ തൊണ്ണൂറാം വയസ്സില്‍ ആദ്യമായി അയാള്‍ പ്രണയിക്കുകയാണ്.കേട്ടോളൂ, അയാളെന്നൊരാള്‍ നിങ്ങളുടെ അടിവയറ്റിലെ രോമങ്ങള്‍ വരെ എണ്ണിത്തിട്ടപ്പെടുത്തിവച്ചിട്ടുണ്ട്!Yes.at last who not want to be his melancholy whore..

*എന്റെ വിഷാദവേശ്യക്കൊരു ഓര്‍മക്കുറിപ്പ്- മാര്‍ക്വേസ്

**പിതാവിനാല്‍ പ്രണയിക്കപ്പെട്ട ,ഒരു മെക്സിക്കന്‍ നാടോടിക്കഥയിലെ മകള്‍