Wednesday 27 November 2013

പെരുക്കം

എന്റെ കിടക്കയില് നീന്നെ ഞാന് മലര്ത്തിക്കിടത
്തിയിരിക്കുകയാണ്..
അന്നാ നീണ്ടിടനാഴിയില്
വെച്ചെന്റെ കാല്നഖം വഴിയാണ്
നീയെന്നില് കേറി പെരുത്തത്..
എന്റെ പെറ്റിക്കോട്ടിന്റെ വെളുമ്പനകം
അപഹരിച്ചു നീയെന്റെ കണ്മിഴിപ്പിച്ചു..
പ്രഭാതത്തിലെന്റെ നാട്ടുവഴിച്ചുവടുകളില്
കണ്ണെറിഞ്ഞെന്നെ ത്രസിപ്പിച്ചു.
നിന്റെ തൊണ്ടമുഴയിലെയൊരു കുന്ന് ,
കൂര്മ്പന് മൂക്കിന്നറ്റത്തെയൊരു സൂര്യന്..
നെഞ്ചു വിതച്ച മുടി വിത്തുകളിലമരും കാട്..
അതിതീവ്രനിറമൊഴിച്ച് അവയെ ചാലിച്ചൊരു
ക്യാന്വാസിലാക്കി ഞാന് ‍കൊണ്ടുനടന്നു..
രണ്ടാം വരവില് നീ കണ്ട ഞാനൊരു പരിപൂര്ണ..
ആകെ ചുമന്നതിതാരുണ്യത്തിന്റെയൊരിട്ടക്കുഴല്തോക്ക്
..
എന്റെ കാല്മടമ്പുയര്ത്തിക്കാട്ടി
നിന്നില് കൊതിയേറ്റി ഞാനുതിരാന് തുടങ്ങി..
ഉരുമ്മിനിന്ന കാറ്റിനെ ഊതിയെറിഞ്ഞ്
എന്റെ ചെവിയിടുക്കില്
നീ നിന്റെ പടയൊരുക്കം പറഞ്ഞു
അലയൊഴുകുമാ ജടക്കാട് ഞാന് ചവച്ചിറക്കി
ഞെരിയാണിയിലമര്ന്നുയര്ന്ന്
ആ വടിവിടങ്ങളിലുമ്മവച്ചലകു ചാര്ത്തി
നിന്റെ ഊര്ദ്ധ്വപ്രവാഹത്തിന്നൂക്കത്തിലെന്റെ
കാല്മുട്ടിടങ്ങള് ജ്വലിച്ചുണര്ന്നു
ഒരു തീപ്പോളയിഴയറുത്തു വന്നെന്റെ യുടലേറിയപ്പോള്
അടിവയറ്റിലൊരു ഞാണൊലി..
ഇഴപിരിച്ചുമുറുക്കിയൊരു പായിലടിഞ്ഞ്
ഞാനൊടുക്കമെന്റെ പടമുരിഞ്ഞു നിന്നെ പുതപ്പിച്ചു.
ഇന്നു നിന്നെ ഞാനിവിടെ മലര്ത്തിക്കിടത
്തിയിരിക്കുകയാണ്..
അരികത്തതിശൈത്യമുറച്ചൊരു കൂട മഞ്ഞായി ഞാനും..

Thursday 21 November 2013

രാവാകണം..

രാവാകണം..
ശ്യാമമുരുക്കിയൊഴിച്ച്
കറുപ്പിച്ചൊരു തൊലിനേടണം..

സുഭഗനിലാവിലിരുള്‍-
ചാലിച്ചലിയിച്ചാ-
രുമേ കാണാത്ത
പേരറിയാത്തൊരു നിറം പൂശണം..

രഹസ്യമിണ ചേര്‍ന്നൊടുവി-
ലൊളിവിടം തേടുന്ന
തരുലതാശാഖിതന്‍
ഛായാപടങ്ങളാം
നിഴല്‍ പേറണം..

രാവാകണമെനിക്കു
നിന്നിലെന്‍
കൂര്‍ത്ത രസപ്പല്ലിറക്കി-
യൊരുന്മാദ ഭയമിറു-
ത്തതിന്ദ്രിയ ലയമാകണം..

രാപ്പക്ഷിയൊന്നിെന്റ
കണ്ണുകെട്ടീട്ടങ്ങ്
കൂടുതെറ്റിച്ചിട്ടതിന്
ചാവൊരുക്കും
ചതിച്ചുരുളാവണം

ക്രൗര്യമേറട്ടെയെന്‍
ലോലമാനസ നാട -
പൊട്ടട്ടെയിരുളു -
കേറട്ടെയതിലധികമാം-
കല്മഷ മഷി പടരട്ടെയാകെ -
മാറി മറിയട്ടെ ഞാന്‍..

ആര്‍ക്കുന്നു ഞാ-
നത്ര കറുക്കുവാ-
നിരുളിടവഴിയിലെന്‍
രാജ്യമുറപ്പിക്കാന്‍.