Saturday 23 February 2019

Herman hesse

ഒരു ശ്രമം.

How Heavy The Days


How heavy the days are.
There's not a fire that can warm me,
Not a sun to laugh with me,
Everything bare,
Everything cold and merciless,
And even the beloved, clear
Stars look desolately down,
Since I learned in my heart that
Love can die.

Hermann Hesse

എത്ര മാറാപ്പിന്‍ ക്ളിഷ്ടത പേറിയാ-
ണിദ്ദിനങ്ങള്‍ പൊഴിയുന്നതീയിടെ.
ഇല്ല,തീയൊന്നുമെന്നെ തപിപ്പിക്കാന്‍
ഇല്ലൊരര്‍ക്കനുമൊപ്പം സ്മിതം തൂകാന്‍.
ആകെ നഗ്നം; തണുപ്പിന്റെ ക്രൂരത-
യാലുടൽ വിറച്ചീടുന്നു, ശൂന്യത!
അത്രമേല്‍ പ്രാണനായുള്ള താരകള്‍
നിര്‍വികാരം മിഴികള്‍ താഴ്ത്തീടവേ,
ഓര്‍ത്തു കൃത്യമായോമലേ,സ്നേഹവു-
മാര്‍ക്കുമില്ലാതെ വേരറ്റുപോയിടാം.

Friday 15 February 2019

അവനും അവളും പ്രേമിക്കുമ്പോള്‍

അവനും അവളും പ്രേമിക്കുമ്പോള്‍
==========================

*ഓഡന്‍ കവിതകളെപ്പറ്റി നിരന്തരം പറയുമ്പോഴും
അവള്‍ ഷെല്ലിയുടെ **ബ്ളിത്ത് സ്പിരിറ്റിനെ
ധ്യാനിച്ചുകൊണ്ടിരിക്കും.
ഓര്‍ക്കിഡ് പൂവിന്റെ അപാരവയലറ്റില്‍
കണ്ണലിയിക്കുമ്പോഴും
ശംഖുപുഷ്പത്തിന്റെ നീലകൃസരിയില്‍
വിലയിച്ച് അവളിരിക്കും.
അവളൊരു ആനയിലയന്‍ ഹൈഡ്രാഞ്ചിയയാണ്.

അവള്‍ ഇങ്ങനെപറയുകയാണ്
നിങ്ങളോടു ഞാനിനി മിണ്ടുകയേയില്ല
എന്നെങ്കില്‍
അവളേ...
അവള്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത്
പുറകില്‍ നിന്നെന്നെ വന്നൊന്നു ഇറുക്കെ പൂണരൂ,ഈ കടല്‍ക്കാറ്റേറ്റ് മുക്കാലും നനഞ്ഞിരിക്കുകയാണ് ഞാനെന്നാണ്.
അവള്‍ മിന്നിമിന്നുന്ന ചെയ്ഞ്ച്റോസയാണ്.

അവളെ പ്രേമിക്കുമ്പോള്‍
അവന്‍ മിഠായിത്തെരുവിലെ ഏതെങ്കിലും
ഹല്‍വാക്കടയിലും അവളേതോ
പയ്യെപ്പോകുന്ന മെമു ട്രെയിനിലെ ഏകാന്തതയിലുമായിരിക്കും.
അല്ലെങ്കിലവന്‍ അക്കാഡമിയിലെ
അക്രിലിക് ചിത്രവരയുടെ
അമൂര്‍ത്തതയില്‍ തല മുക്കിയിരിക്കുന്നേരം
അവളൊരു ഇടുങ്ങിയ ബസ് സ്റ്റാന്‍ഡില്‍
വിയര്‍പ്പിന്റെ റിയലിസ്റ്റിക് സ്ട്രോക്കുകള്‍ വരയുകയാവും.
അവനേ..അവനൊരു **ക്യൂപിഡ്ദേവനാണ്.

അവനെ പ്രേമിക്കുമ്പോള്‍,
അവള്‍ വെളുപ്പിനുള്ള രണ്ട്മുപ്പത് മണിയിലൂടെ
ഒരു സ്വപ്നത്തെ തള്ളിനീക്കുകയാകും.
അവനോ അപ്പോള്‍ യുവന്റസിന്റെ
ഗോള്‍വല കുലുക്കിയ തോല്‍വിയുടെ കുപ്പായവും കീറി,ചാനലുകള്‍ സ്ക്രോള്‍ ചെയ്തുകളിക്കുകയാകും.
അവനൊരു
ഒട്ടും തുളുമ്പാത്ത
ഇറാനിയന്‍ ചായയാണ്.

അവനും അവളും പ്രേമിക്കുമ്പോള്‍
ബസ്സ്സ്റ്റാന്‍ഡിന്റെ തെക്കെ മൂലയിലെ
പാരഡൈസ് ഹോട്ടലിനു മുന്നിലെ
നട്ടപ്പ്രവെയിലില്‍, ഒരു കറുത്ത ഫ്രോക്ക്ടൈപ്പ് ചുരിദാറില്‍ അവളും,
അവന്‍-പയറുപച്ചടീഷര്‍ട്ടില്‍ , തന്റെ റെഡ്പജേറോ
പാര്‍ക്ക് ചെയ്യാനുള്ള തത്രപ്പാടില്‍
താലൂക്കാഫീസ് റോഡിലെ
അരമണിക്കൂര്‍ ബ്ളോക്കിന്റെ വാലറ്റത്തുമായിരിക്കും.

''നാ......ന്‍
നനൈന്തിടും തീയാ.....
പെയ്യും നിലാ നീ..യാ..''
നാന്‍,
നീ,
ഞാനുംനീയും,
അവളും അവനും.

ഞാനും നീയും പ്രേമിക്കുമ്പോള്‍,
അവളും അവനും പ്രേമിക്കുമ്പോള്‍,

ഇന്ന് കാലത്ത് പത്തുമണിയായിരിക്കും.
മരങ്ങളെല്ലാം തണുപ്പ് വെടിഞ്ഞുതുടങ്ങിയിരിക്കും.
പൊന്തിത്തുടങ്ങിയ വെയിലില്‍
ഒരു കിളി മാത്രം  ചിറക് വിതാനിച്ചിരിക്കുകയാകും  .
അടുത്ത വീട്ടില്‍നിന്ന് പരിപ്പുകറിയുടെ
കടുകുവറമണം പൊങ്ങുകയാകും.
പ്രേമത്തിലായ ഒരു വിയറ്റ്നാംമേഘവും
ഒരുകനേഡിയന്‍മേഘവും,
അവര്‍
എന്നെങ്കിലുംകണ്ടുമുട്ടുമ്പോള്‍
പങ്കുവെയ്ക്കേണ്ട ദാര്‍ശനികവൈരുദ്ധ്യങ്ങളെപ്പറ്റി
ചിന്തിക്കുകയാകും.
അവള്‍ അവന്റെ കാതില്‍
ഒരു കാരണവുമില്ലാതെ
'യു ഫക്ക്ഡ് മീ വിത്തൗട്ട് കിസ്സിംഗ്'
എന്ന് പുലമ്പുകയാവും.

നിലാവ് പെയ്യുകതന്നെയാണ്..
അവനും അവളും പ്രേമിക്കുമ്പോഴും,
ഞാനും നീയും പ്രേമിക്കുമ്പോഴും,
ഈ ലോകം എത്ര മേല്‍ സ്വാഭാവികമാണെന്നു പറഞ്ഞ്
നാം പിന്നീട് അദ്ഭുതപ്പെടും; ഊറിച്ചിരിക്കും.

*W H  Auden-കവി
**ഷെല്ലിയുടെ west wind എന്ന കവിതയിലെ പ്രയോഗം
***പ്രേമത്തിന്റെ ദേവന്‍