Monday, 29 September 2014

വിശുദ്ധം


വിശുദ്ധം
========

കൂട്ടുകാരി.,
നിനക്ക് കന്യാമറിയത്തിന്‍റെ ഛായയുണ്ട്.

ഇന്നലെ,
നിന്നില്‍ നിന്നിറങ്ങീവന്ന
സൗമ്യതയുടെ പൂച്ചക്കുഞ്ഞ്
എന്‍റെ കൈരോമപ്പടികള് കേറി,
ചീകിയൊതുക്കാത്ത
നീളന്‍ മുടിച്ചുരുളുകളില്
കുറെ കളിച്ചു.

രൂപക്കൂട്ടില്‍ ,
കര്‍ത്താവിനെയേറ്റുന്ന
ആ നീലഞരമ്പുകളുടെ ജാലങ്ങള്‍ക്ക്
നിന്‍റെ ആര്‍ദ്രതയുടെ
ജാലവിദ്യയുണ്ടെന്ന്
ഞാന്‍ പറയും.

നിന്‍റെ
ഉടല്‍നീളത്തില്‍
ഞാനൊരു കുപ്പായം തുന്നും.
അതിന്,
ഊനമില്ലാത്ത
നിന്‍റെ സ്നേഹത്തിന്‍റെ
നീലനിറമായിരിക്കും.

അതിനെ,
വിശുദ്ധിയുടെ
വയമ്പും ലവംഗവും
മണക്കും.

അതില്,
തിരുപ്പിറവിയെ
നെഞ്ചോട് ചേര്‍ത്ത്
മറിയമിറ്റിച്ച
വിശുദ്ധമുലപ്പാല്‍ നനവുണ്ടായിരിക്കും.

അതന്ന്,
ഗിലെയാദ് മലഞ്ചരിവുകളില്‍
വീശുന്ന
ഊഷരക്കാറ്റിന്നലകളിലെന്ന പോലെ
ശാന്തമായ്
പറന്നുകളിക്കും.

ഞാനിവിടെ,
ഈ യവപ്പാടത്തിന്നരികില്‍
നില്‍ക്കയാണ്;
നിന്‍റെ ആലയത്തിന്നരികില്‍.
അവിടത്തെ കല്‍ചുമരുകളില്‍
നിന്‍റെ തിരുവെഴുത്തുകളില്
ഞാനെന്‍റെ ലിപി
തിരഞ്ഞോട്ടെ.

നീ,
സ്വസ്ഥമായ്
അവിടെത്തന്നെയിരുന്നുകൊള്ളുക..നമുക്കിനി
ഒരുമിച്ച്
നോവാം,
നീറാം.

ഇണചേരാം
പടവെട്ടാം
എന്നിട്ട്
സന്ധികളില്‍
ഏര്‍പ്പെടാം..
നീ പറഞ്ഞു.

ഞാന്‍ പറഞ്ഞു,
നീറ്റല്
നോവല്
ശരിക്ക്
പൊള്ളിക്കണം

ഇണചേരലില്
നമ്മള്
ഇഴുകണം,

പോരടിക്കല്
ത്രസിപ്പിക്കണം.
എന്നിട്ടൊടുക്കം
ഉടമ്പടികളില്
ഒപ്പിട്ട്
നമുക്ക്
സന്തോഷിക്കാം..

നീയെനിക്ക്
സ്വഭാവികത
തന്നൂ പ്രിയനെ..
ഇന്നേയ്ക്ക് 16 ാമത് വര്‍ഷം തികയുന്നു.

ഒരു നിയമാവലി


-------------

ഇന്ന് വരുമല്ലോ..

ഗേയ്റ്റ് പൂട്ടാറില്ല
എങ്കിലും മതില് ചാടിക്കോ;
പൊക്കം കുറവാണ്.

പൂമുഖവാതിലിന്‍റെ
സാക്ഷ പോയിട്ട്
കുറെയായി.
അകത്തുകടക്കാന്‍
എന്നാലും
പിന്‍വാതില്
തുറന്നിട്ടിട്ടുണ്ട്.

ഒരുതോര്‍ത്തുമുണ്ട്
വെറുതെ
തലവഴിയിട്ടോളൂ..
മിക്കവരും
അങ്ങനെയാണ്.

രീതികള്
തെറ്റിക്കണ്ട..
കാലുറകള്‍
അടുക്കളവരാന്തയില്
ഇടാതെ,
ഗോപ്യത
സൂക്ഷിക്കാന്‍
ഒതുക്കത്തോടവ
കയ്യില്‍
ഊരിപ്പിടിച്ച്
കടന്നു വാ..

പൂച്ചനടത്തം
ഭാവിച്ചാല്‍
നന്ന്.

ഓരോ അടിക്കും
ഒരായിരംവട്ടം
ചുമ്മാ ഒന്ന്
ഇരുപുറംനോക്കിയാല്‍
ഒരു തികവ് വരും.

കതകൊന്നു മാത്രം
തുറന്നിടയിലൂടെ
നൂണ്ട്
കിടപ്പറയെത്താന്‍
ഇന്നലെക്കണ്ട
അമച്വര്‍ നടന്‍റെ
മെയ് വഴക്കം
വേണമെങ്കില്‍
അനുകരിക്കാം.

കാണുമ്പോളുടനടി
പൂണ്ടടക്കം
പിടിക്കുന്നതാണ്
വഴക്കം.
ചെവിയില്‍
എന്തെങ്കിലും
പറയാനുണ്ടെങ്കില്‍
അടക്കിത്തന്നെ മതി;
പതിവുതിടുക്കങ്ങളും
ആവേശമുറകളും
സ്ഥിരം രീതിയില് തന്നെ
പോട്ടെ.
പണ്ടേ പറഞ്ഞുവെച്ച
ശീലങ്ങള് മാറ്റണ്ട.

പുലരുംമുന്‍പെ
തിരിച്ചോ..
ആരും
വെളുക്കുവോളം
നില്‍ക്കാറില്ല.

കറുപ്പും,
മറയും,
മുള്‍വേലിയും,
ആളെ കുഴക്കുംഉള്‍വഴികളും
പ്രിയമുള്ള
എന്‍റെ ജാരാ!
നീ നിയമങ്ങളൊന്നും തെറ്റിക്കണ്ട.

ഇനിയും
ഇരുട്ടത്തു വരിക..
മനസ്സ് തരാതെ
മടങ്ങുക..