Monday 25 March 2019

Virginia volf

എത്രയോ മെച്ചമാണ്
ഈ മൗനം,
ഈ ചായക്കപ്പ്,
ഈ മേശ.

എത്രയോ ഇരട്ടി മെച്ചമാണ്
ഒറ്റയായ ഒരു കടല്‍പക്ഷിയെപ്പോലെ
ഈ വേലിപ്പത്തലിലിരുന്ന്
ചുമ്മാ ചിറകുകള്‍ വിടര്‍ത്തുന്നത്..

എത്രയെത്രയോ അധികം മെച്ചമാണിതെന്ന്
പറയാതിരിക്കാനാവില്ല.
ഈ വെറും സാധനങ്ങളും
കൊണ്ടിങ്ങനെ,ഒറ്റയ്ക്കിരിക്കുന്നത്.
ഈ ചായക്കപ്പും കൊണ്ട്
ഈ കത്തിയും മുള്ളും കൊണ്ട്
ഈ വെറും വിശിഷ്ട സാധനങ്ങളും കൊണ്ടിങ്ങനെ..

ഈ വെറും എന്നെയും കൊണ്ടിങ്ങനെയിങ്ങനെ...

[വിര്‍ജിനിയാ വൂള്‍ഫിന്റെ ഒരു കവിത
മലയാളംഃനിഷാനാരായണന്‍]

Dorothy parker

എന്തിതിങ്ങനെ,
റോമിലിരിക്കുമ്പോ
വീട്ടില് വരണംന്നു തോന്നും.
നാട്ടിലെത്തിയാലോ
ഇറ്റലീപ്പോണംന്ന് തോന്നും.
എന്തിതിങ്ങനെ ല്ലേ?

പ്രിയനേ,നിന്റെ കൂടെയിരിക്കുമ്പോള്‍
അതിഭീകരമായി നിന്നെ
ബോറടിക്കുന്നെന്നു തോന്നും..
തോന്നലാ കേട്ടോ.
നീ പോയാല്‍ നിനക്കുവേണ്ടി
ഞാനലറിവിളിക്കും..

എന്നാലും
എന്തിതിങ്ങനെയെല്ലാം..ശ്ശ്യോ!

[ഡൊറോത്തി പാര്‍ക്കറുടെ കവിത
വിവര്‍ത്തനംഃനിഷാനാരായണന്‍]

Mandakrantha sen

കവിത: Mandakranta Sen
മലയാളംഃനിഷാനാരായണന്‍

നീ ആവശ്യപ്പെടുംവണ്ണം
ജീന്‍സ് ധരിക്കുന്നത് ഞാന്‍ നിര്‍ത്തിക്കോളാം,
തികച്ചും മറ്റൊരു പെണ്ണായിക്കോളാം,
എണ്ണ തേയ്ക്കാത്ത ,ഇറക്കം കുറഞ്ഞ മുടിയുമായി നടക്കില്ലിനി,
നിന്റെ ആഗ്രഹം പോലെ തന്നെ
നാളെമുതല്‍ ഞാന്‍ പുതിയൊരാളായിരിക്കും.
നീ എന്റെ കൂടെ ഉണ്ടെങ്കില്‍
ഉറപ്പായും നിന്റെ കാല്‍ച്ചോടെ
ഈ നീല ധനിയാഖലി സാരി വിരിച്ചിടും; എടുത്തോളൂ..
ജീന്‍സ് വലിച്ചെറിഞ്ഞുകളഞ്ഞപോലെ
കെട്ടതെല്ലാം കളഞ്ഞോളാം,
ആ കാലുകള്‍ക്കു ചുറ്റും
ഒരു പുഴയായങ്ങുതന്നെ  ഒഴുകിയേക്കാം.

ഞാനൊരു പുഴയാവുകയാണെങ്കില്‍
ചെക്കാ,നിനക്കതില്‍ നീന്താനറിയുമോ?

Anna akhmatova

കവിതഃAnna Akhmatova
മലയാളംഃനിഷാനാരായണന്‍

എത്ര പ്രകാശമാനമാണ് ഈ സായന്തനം!
ആകെ മഞ്ഞനിറം..
ഏപ്രിലാണ്..
ഏപ്രിലിനിപ്പോഴും ഹൃദയാലുവായ ഒരുതണുപ്പ് ബാക്കിയുണ്ട്..ഹാ!
വര്‍ഷം കുറെ കഴിഞ്ഞെങ്കിലും
നീ വന്നല്ലോ..സന്തോഷമുണ്ട്.

ഇരിക്കൂ..
എന്നോട് ചേര്‍ന്നിരിക്കൂ.
എന്നിട്ട് കൗതുകത്തോടെ എന്നെ നോക്കൂ,
ഇതുകണ്ടോ..ഈ നീല നോട്ടുബുക്ക്..
ഇതുനിറയെ കുട്ടിക്കാലത്തെ
എന്റെ കുത്തിക്കുറിക്കലുകളാണ്.

ക്ഷമിക്കൂ..
എന്നോട് ഇനിയൊന്ന് ക്ഷമിക്കൂ...
ഞാന്‍ വേദനയില്‍ ജീവിച്ചു,
സൂര്യവെളിച്ചത്തെ നിരാകരിച്ചു,
മഴയേയും മഞ്ഞിനേയും തമസ്കരിച്ചു.
ഹോ! ക്ഷമിക്കൂ,
ക്ഷമിക്കെന്നോട്..
ഒരുപാട് കാര്യങ്ങളെ
ഞാന്‍ തെറ്റിദ്ധരിച്ചുപോയി..

നിനക്കുവേണ്ടി.

Ozymandias

Ozymandias -BY PERCY BYSSHE SHELLEY
വിവര്‍ത്തനം: നിഷാനാരായണന്‍

അടിമുടിപൊടിമണ്ണു ചൂടിയാകാല്‍കള്‍രണ്ടും
മരുഭുവിലിതു കാണ്മൂ രണ്ടുകപ്പല്‍ കണക്കെ,
ഒരു പ്രതിമ!..ഉടലാകെയെപ്പൊഴോ ധൂളിയായ്
ധരയതിലലിഞ്ഞിരുകാലുകള്‍ മിച്ചമായി.
തലയതുപൊടിഞ്ഞഥ വീണുപോയ്തെല്ലുദൂരെ,
മുഖമതിലിരുണ്ടൊരു
സ്ഥായിയാംക്രൗര്യഭാവം.
നിപുണതയൊടുശില്പി
കേമമായ്കാര്‍ന്നെടുക്കേ ,
കണിശവുമനന്യവുമായതിന്‍ രൂപഭാവം''

പഥികനൊരുവന്‍ഒരു പ്രാക്തനനാട്ടുകാരന്‍,
മിഴിവൊടെകഥചൊല്ലീയാദ്യന്തംസൂക്ഷ്മമായി

''അറിയണമിനിയെങ്കിലാരുടേതീ കുരൂപം,
അടിയിലൊരു വക്കിലായ് കൊത്തിയിട്ടുണ്ടു  പേരും.
അരചന്‍ ഒസിമന്‍ഡീയസ്സ് ,മന്നരില്‍മന്നനാ-
ണറിയുകയവനൊട്ടു കൂസലില്ലൊന്നിനേയും.
സകലരുമൊരുപോലെ പേടിച്ച വീരനാണീ-
മൃതിയുടെ പൊടിമൂടി മൗനമാര്‍ന്നീ കിടപ്പൂ''.
ക്ഷിതിയതില്‍നശ്വരംമര്‍ത്ത്യ! തവ ജീവഭാവം
പെരുമയുമര്‍ഥവുംക്ഷണേന നിരര്‍ത്ഥമാകും.
അരചനൊസിമന്‍ഡീയസ്സെപ്പൊഴേ മണ്‍മറഞ്ഞൂ,
ഇനിയിവിടെയുള്ളശിലാസ്മൃതി മാത്രമായി'' .

ഒരുനിമി!അടര്‍ന്നുപോം ശുഷ്കമീമര്‍ത്ത്യജന്മം ,                              
കല!നിത്യമമരത്വഭംഗിയാലേ  ലസിപ്പൂ!!.