Friday, 23 December 2016

ഒരു പ്രകീര്‍ത്തനം

കണ്ണുകള്‍ കുരുക്കുകള്‍
തീക്ഷ്ണസംവേദനങ്ങള്‍!
ഉടലോരം ഹാ!
അഗാധ സമ്മോഹനക്കടലിടുക്ക്,
ഒരാകാശം
നിലതെറ്റിവീണൊഴുകി നീണ്ട്
മൂക്കിന്നറ്റത്തൂര്‍ന്ന്,
ദ്രുതച്ചാട്ടുളിപ്പരതലുകള്‍
ആവിരലുകള്‍,
ചേര്‍ത്തുടച്ചെടുക്കും
നെഞ്ചൂക്കിന്റെ രസം,
ജടക്കാട്ടില്‍
കാറ്റ് ആറാടിയുഴറി,
ഒതുക്കിച്ചിരിച്ച്,
തെളിഞ്ഞ ധിഷണയില്‍,
ഒരുജ്ജ്വലന്‍,
ഉന്മത്തന്‍,
ആഹാ !നിന്നില്‍ വീണുപോയി ഞാന്‍...

നീ..
ഒരു പ്രണയത്തളപ്പെടുത്ത്
കാല്‍കള്‍ കെട്ടി,
ഞൊടിയിലൊരൊറ്റപ്പിടുത്തത്താ-
ലരക്കെട്ടുകള്‍ തമ്മില്‍ ചേര്‍ത്തുകെട്ടി,
അഴകിടങ്ങളില്‍
ഉമ്മ വച്ചലക് ചാര്‍ത്തി-
യെന്റെ  കാതില്‍ പടയൊരുക്കത്തിന്റെ
കിന്നാരം പറഞ്ഞവന്‍,
അതിസുഭഗന്‍
പ്രണയരസികനെന്റെ
പ്രാണന്‍..
ഹോ!നിന്നില്‍ വീണുപോയല്ലോ  ഞാന്‍..

വെയിലൂര്‍ത്തുന്നു
നിന്റെ ചൂട്,
കടലോരത്തെ ത്രസിപ്പിച്ച്
നിന്റെ ഉപ്പുതിരകള്‍,
അലസമീ വഴിയ്ക്കും
നിന്റെ ചോടുതിരിവുകള്‍,വളവുകള്‍,
ആകെയാകെ നീ!
ഹൊ,ഒരു ഞൊടിയിട-
യൊഴിയുന്നില്ലല്ലൊ നീ..!
പ്രിയമോടിഴുകി-
യൊരുടുപ്പ് നീ,
ഇറുകിയൊട്ടുന്നല്ലോ!
ശ്വാസം  മുറുക്കി, പ്രജ്ഞയെയിടുക്കി-
യുടല്‍ ഞെരിച്ചുടക്കുന്നല്ലോ..
ഹെന്റെ ജീവനേ..

വിടുകയാണ്!
നിന്നെ വിടുകയാണ് ഞാന്‍!
ഊരി എറിയുന്നു ,നിന്നെ!
അത്ര മേല്‍ നിന്നില്‍ വീണുപോയിരിക്കുന്നു ഞാന്‍!!Thursday, 8 December 2016

അതെ,സഹൃദയരെ

അതെ,
സഹൃദയരെ...
==========

കാഥികൻ
കഥ പറഞ്ഞുതുടങ്ങി,

രാത്രി പുറത്ത്
തെരുവിന്റെ പരിയമ്പുറത്ത്
പെണ്ണ് തന്റെ
കൂരവാതിലിന്
ഒരു കൊളുത്തുറപ്പിക്കുകയാണ്,
ആണി വളഞ്ഞുപോയി,
ചുറ്റിക ദൂരെക്കളഞ്ഞ്
അവള്
പായിൽ ഇരിപ്പുറപ്പിച്ചു..
അതാ അങ്ങോട്ടുനോക്കൂ...
കാഥികൻ വിരലറ്റത്ത്
ജീവിതം പൊലിപ്പിച്ചുതുടങ്ങി.

ഉറങ്ങിക്കളയാം,
കതക് വിടവിലേയ്ക്ക്
പതുക്കെപ്പതുക്കെ  അവളുടെ
കൺപൂഴ്ത്തൽ,
കഥയ്ക്കിടെ പാട്ട്,
ഹാർമോണിയക്കട്ട
പെരുപ്പിച്ച്
കാമുകന്റെ വ്യൂപോയിന്റിൽ
കാമുകിയുടെ
അംഗപ്രത്യംഗ വർണന,
കാഥികൻ രണ്ടരക്കട്ടയിൽ
തൊണ്ട പായിക്കുന്നു..
മുഖത്ത് ഭാവാഭിനയതീക്ഷ്ണത.

പെണ്ണ്
സുഖമായി ഒരു
സ്വപ്നത്തിലുറങ്ങിത്തുടങ്ങി.
അപ്പൂപ്പൻതാടിപ്പുറത്ത്
പറന്നുപാറുന്നേരം
അവളൊന്ന് മിടയിറക്കി
ചിരിച്ചു.
മൈക്രോഫോണിന്നു
പുറകിൽ
അമിതാഭിനയ കേളി,
തുപ്പലഭിഷേകം,
നായകന്റെ ദിവ്യപ്രേമം
ഉൾക്കൊണ്ട്
അനുരാഗപരവശനായി
മുഖം വലിച്ചുമുറുക്കും
കാഥികന്റെ
ഭാവസംത്രാസം..

കേൾവിക്കാരില്ലാതെ
പെണ്ണിന്റെ കൂർക്കംവലി,
നല്ല ഉറക്കം,
ഉറക്കം ഒരു കറുത്ത
വ്യാഘ്രമായി
പൊരുന്ന വിട്ടെണീറ്റു,
ഇരയുടെ
കാലുകൾ വലിച്ചകത്തി..

കഥാമധ്യത്തിൽ
കാമുകീ കാമുകരുടെ
വേഴ്ച,
കാഥികൻ
പ്രണയാതുരത കാണിക്കാൻ
പുരികങ്ങൾ പൊക്കുന്നു,
കണ്ണുകളെ
അർധനിമീലിതങ്ങളാക്കി
കവിള് തുടുപ്പിച്ച്
ചുണ്ട് നേർപ്പിച്ച്
വയർ എക്ളിപ്പിച്ച്
കാൽ വിരലൂന്നി
നെഞ്ചുതള്ളിക്കുമ്പോൾ
പ്രണയത്തിന്റെ
രണ്ടാംഘട്ടമായ
പരിശുദ്ധവേഴ്ചയുടെ
ഓവർ എക്സ്പ്രഷനുകളിലേക്ക്
സദസ്സ്
രോമാഞ്ചം ചെലുത്തുന്നു.

ഇരയുടെ അലറിവിളി,
പിടച്ചില്,
ഭ്രാന്തിറുമ്മി വ്യാഘ്രം
ചുണ്ടുകൾ കടിച്ചെറിഞ്ഞു,
''അയ്യോ  അമ്മേ''
തൊണ്ടയമറുന്നു,
കാതില്ലാ ഓർക്കസ്ട്രേഷൻ
കരച്ചിലിന്റെ
ഒടുക്കത്തെ ഒലിയും കൊണ്ട്
പറക്കുകയാണ്.....

അതെ
കാഥികൻ ഇപ്പോൾ
പ്രണയം പാടുന്നു,
മൂന്നാംവരി എടുത്തുപാടി
ഉച്ചസ്ഥായിയിൽ
നാലാംവരി,,
തൊണ്ട നിന്നു!!
നിസ്തേജം മുഖം!
വേദിയിറങ്ങി
കസേരകൾ ചാടിക്കടന്ന്
കഥ പോകുകയാണ്!
നിലാവിനെ നോക്കാതെ
വഴിക്കാഴ്ച കാണാതെ
പാട്ടും താളവും പള്ളേലെറിഞ്ഞ്
കുതികുതിച്ചു,
തെരുവെത്തി ,
അവിടെ
പരിയമ്പുറത്ത്
കുത്തിയിരുന്ന്,
തല കുനിച്ച് ,
ഉടലൂരി,
കൈകാലുകൾ പറിച്ചെറിഞ്ഞ്
കഥ പൊഴിയാൻ തുടങ്ങി,
അതെ സഹൃദയരെ....
കഥ
പൊഴിഞ്ഞുതീരുകയാണ് ......