Tuesday 7 May 2019

സന്മാര്‍ഗം

സന്മാര്‍ഗ്ഗം
=========

ജീരകമിഠായി, തേങ്ങാമിഠായി, പല്ലുമ്മലൊട്ടി  പാൽമിഠായി, ഗ്യാസ് മിഠായി, കോലുമിഠായി..

മേരി ജോസഫ്,യാസ്മീന്‍,ജെസീക്കാ ബ്രൗണ്‍സ്,സരോജിനിഭരദ്വാജ്,മോളിഗോമസ്
ധന്നോ,സുശാന്തികാ..........

*മോഹന്‍കുമാര്‍ തിരക്കിലേയല്ല.
ഈ വിവിധ പര്യടനങ്ങളെപറ്റി
ഒരു ആത്മവിചിന്തനത്തിനും
അദ്ദേഹം മുതിരുന്നുമില്ല.
ഓരോ മിഠായിയേയും
അതതിന്റെ തനതുസ്വഭാവം ഉള്‍ക്കൊണ്ട് അദ്ദേഹം ആസ്വദിക്കുന്നു.

ലൈംഗികത,
ദാഹിച്ചുവെള്ളം കുടിക്കുന്നപോലെ,
മൃഷ്ടാന്നം ഉണ്ണുന്നപോലെ,
വയറുനിറച്ച് ഉറങ്ങുന്നപോലെ ,
രസമുള്ള ഒരു സാധാരണ കാര്യം ;ചുമ്മാ എന്തിനാണീ ഹൈപ്പ്
എന്ന് മോഹന്‍കുമാര്‍ കൂട്ടുകാരോട്
ചോദിക്കുന്നിടത്ത് നോവലിന്റെ
ഒന്നാം അധ്യായം കഴിയുന്നു.

രണ്ടാമധ്യായത്തില്‍ അരസികത്തിയായ
അയാളുടെ ഭാര്യ വന്ന്
അവരു തമ്മില്‍ പോരും കുത്തും
തുടങ്ങിയേടത്തു നിന്ന്,

ഇതെന്തു നോവല്‍
ഇതെഴുതിയവന്‍ ഒരു സുഖജീവിയാണ്.
ഈ വൈകാരിക ജല്‍പനങ്ങള്‍
ഒരു മനോരോഗിയുടേതാണ്
എന്ന് തള്ളിപ്പറഞ്ഞ്
ഒന്നാമധ്യായത്തില്‍ രസിച്ചു
മറിഞ്ഞുപോയത്
ഒരു വൈക്ളബ്യവും കൂടാതെ
പുറകിലേക്ക് തള്ളിമാറ്റി
അവര്‍-ദേവും വിജയും-
ദേവ്ആന്‍ഡ് വിജയ് പബ്ളിഷിംഗ് കമ്പനിയുടെ
ഉടമസ്ഥര്‍-
അതിലെ- ആ നോവലിലെ
ലൈംഗികതയുടെ
പരീക്ഷണോന്മുഖമായ രാഷ്ട്രീയം
കണ്ടില്ലെന്നു നടിക്കുന്നു.

അവര്‍ ദിവസവും
ഒരു പത്തു നോവലുകളിലൂടെയെങ്കിലും
കടന്നുപോകാറുണ്ട്..
നോവലെഴുത്തിലെ പാരമ്പര്യവാദത്തെ
പൊളിക്കുന്ന തെരഞ്ഞെടുപ്പുകളാണ്
ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്
ബോധപൂര്‍വ്വം പറഞ്ഞുകൊണ്ടിരിക്കെത്തന്നെ,
സാമൂഹ്യ രാഷ്ട്രീയ വൈകാരിക ക്ളീഷെകളുടെ,
വര്‍ത്തമാന രൂപങ്ങളെ  വായിക്കുന്നനോവലുകളില്‍
അവര്‍ കണ്ടില്ലെന്നു നടിക്കുന്നു.
മാസ്സിന് സദാചാരം വേണം,അതുകൊണ്ടാ
എന്ന് പരസ്പരം തലകുലുക്കുമ്പോള്‍തന്നെ
പ്രസ്തുത മോഹന്‍കുമാര്‍നോവലിലൂടെ,
ധാര്‍മികസദാചാരം എന്നത്
സാമൂഹ്യഅടിച്ചമര്‍ത്തലിന്റെ
ഭാഗമായുള്ള സോഷ്യല്‍ അജന്‍ഡയാണെന്ന്
നോവലിസ്റ്റ് പറഞ്ഞുവെയ്ക്കുന്നത്
കേമമായെന്ന് -ടിയാനെ
പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.

രതിയുടെ കുത്തൊഴുക്കല്ലേ,
ഇതു ചെയ്യണോ,ആളുകള്‍ സ്വീകരിക്കുമോ
എന്ന് ആശങ്കപ്പെടുന്നിടത്ത്
മൂന്നാമധ്യായം തുടങ്ങുകയും
പൊളപ്പന്‍ചുച്ചൂടന്‍
ലൈംഗികകേളികളിലേയ്ക്കൊരു
ഉംഫ് ഡൈവിലുടെ
മോഹന്‍കുമാറിന്റെ വേഴ്ച ആവേഗങ്ങളെ
ഹോവ്..ഹാ നിശ്വാസങ്ങളിലൂടെ പറത്തിവിട്ട്അവര്‍,കട്ടവായന തുടരുന്നു.
ദേവ് ആന്‍ഡ് വിജയ് പബ്ളിഷിംഗ് കമ്പനി,
നാട്ടിലെ ഏറ്റവും പേരുള്ളത്.
45ഡിഗ്രി ഉയര്‍ച്ചയെ
വിഷമിച്ചടക്കിക്കൊണ്ട് വിജയ്ഃ
''വേണ്ട ദേവ്,നമ്മുടെ പേര് പോം'
അതു ശരിയാണ് വിജയ്''
എന്നു പരസ്പരം നിരുത്സാഹപ്പെടുമ്പോള്‍തന്നെ
പ്രസ്തുത നോവലിന്റെ സെക്ഷ്വല്‍ ഓറിയന്റേഷനെ,
കുറച്ച് വളരെകുറച്ച് മാത്രം അനുവദിച്ച്
അവന്റേയും അവളുടേയും കിടക്കയില്‍
നിയന്ത്രണമിട്ട് ,തന്മൂലം
ലൈംഗിക അരാജകത്വങ്ങളിലേക്ക്
കൂപ്പുകുത്തുന്ന സമൂഹത്തിനുള്ള
ഒരു റെമഡിയായി അതിനെ ചിത്രീകരിച്ച്
ന്യായീകരിക്കാന്‍ പറ്റിയവഴിയുണ്ടോ
എന്ന് ആലോചിക്കുകയും ചെയ്യുന്നു.

മൊറാലിറ്റി പറേണം മച്ചൂ,
മോഹന്‍കുമാര്‍ ഒരു എപ്പിക്യൂറിയന്‍.
എപ്പിക്യൂറിയന്‍ ഫിലോസഫി
കുടുംബത്തിപ്പെറന്നവര്‍ക്ക്
അത്ര സ്യൂട്ടല്ല എന്നു
പറഞ്ഞുവെയ്ക്കുന്നതാണ്
ഈ നോവലെന്ന് സമര്‍ഥിച്ചാലോ
എന്ന് ആശങ്കപ്പെട്ട് ചിന്തിക്കുമ്പോള്‍തന്നെ
നാലാമധ്യായത്തില് തുടങ്ങുന്ന
മോഹന്‍കുമാറിന്റെ ദുരിതങ്ങള്‍ കണ്ട്
സന്തോഷപ്പെട്ട് ദേവും വിജയും,
ഏതാണ്ടൊക്കെ സന്മാര്‍ഗ്ഗകഥയുടെ 
പാറ്റേണ്‍ വരുന്നുണ്ടല്ലോ
എന്ന് ആശ്വസിച്ച് നെടുവീര്‍പ്പിടുന്നു.

നെടുവീര്‍പ്പുകള്‍ അസ്ഥാനത്തായില്ല
മോഹന്‍ കുമാറിന് ഗൊണോറിയയാണ്.
ആഹാ!ഉഷാര്‍!
അടുത്ത പേജില്‍
സന്മാര്‍ഗ്ഗോത്പ്രേരകവരികളുണ്ടെങ്കില്‍
കലക്കി!ഇന്നു തന്നെ
പബ്ളിഷിംഗ് പരിപാടി ആരംഭിക്കാം,
എന്ന് കരുതി  'നോവലിസ്റ്റ്'-[അയാളൊരുബൊഹീമിയനെന്ന്
ഞങ്ങള്‍ക്കല്ലേ അറിയൂ]-തരുന്ന
സന്ദേശം ലൈംഗികത പറയാതേയും
സംസാരിക്കാതേയും ഇരുന്നാല്‍
ചെറുപ്പക്കാര്‍ക്കിടയില്‍
വികലമായ ലൈംഗികധാരണകള്‍
രൂപപ്പെടും ,അതു തടയുക
എന്നതാണെന്ന് ,
നോവലിന്റെഅവതാരികയില്‍
നമുക്ക് അവകാശപ്പെടാമെന്ന്
അവര്‍ ആലോചിച്ച് ഉറപ്പിക്കുന്നു.

പരിശുദ്ധനായ നോവലിസ്റ്റ്!
ലോകം ഇതുവരെ പറഞ്ഞപോലൊക്കെതന്നെ
അയാളും 
സന്മാര്‍ഗ്ഗത്തിന്റെ ശുഭ്രവെളിച്ചം പരത്തുന്നൂ
അല്ലേ? എന്ന് ദേവും വിജയും
പരസ്പരം മുഖംകുലുക്കി
അവകാശപ്പെടുന്നു.
പരിശുദ്ധരായ ദേവ്ആന്‍ഡ് വിജയ് പബ്ളിഷിംഗ് കമ്പനി!
പരിശുദ്ധരായ നമ്മള്‍,ദേവും വിജയും
മുന്‍പത്തേപ്പോലെ തന്നെ
സത്യമാര്‍ഗ്ഗത്തിലേക്ക് വായനക്കാരനെ
സംക്രമിപ്പിക്കുമെന്ന് ഉറപ്പാക്കി
അവര്‍ പരസ്പരം ഊറ്റം കൊള്ളുന്നു.

മോഹന്‍കുമാര്‍
കിടക്കയിലേക്ക് ചാഞ്ഞു.

ക്ഷീണിത സ്വരത്തില്‍
**I wandered lonely as a  cloud എന്നുമൂളി,
നിത്യസുരഭിലമായ
ഡാഫോഡിയന്‍ താഴ്വാരത്തിലേയ്ക്ക്
എന്നെന്നേക്കുമായി
അയാള്‍ തല ചായ്ച്ചു.

*കഥാപാത്രം[The company of women]
**lines-The Daffodils]

തികച്ചും അസാധാരണനായിരുന്നു അവന്‍.
ഇന്നലെ ഇവിടെ വന്നു.
കണ്ടപാടെ പുണര്‍ന്നു
ചുണ്ടില്‍ സ്പര്‍ശിച്ചു.
മുടിയില്‍ വിരലാഴ്ത്തി
ആ മെലിഞ്ഞ,വൃത്തിയുള്ള കാലുകളില്‍
ഇരുത്തി
എന്നെ ഊഞ്ഞാലാട്ടാന്‍ തുടങ്ങി.
ആട്ടിക്കൊണ്ടേയിരുന്നു.
എത്ര നേരത്തോളം!
എത്ര നേരത്തോളമെന്നൊന്നും
ഞാന്‍ ശ്രദ്ധിച്ചില്ല.
ശ്രദ്ധിച്ചതേയില്ല.
ഞാന്‍ നോക്കിയത്
ആ പാത്രത്തിലേയ്ക്കായിരുന്നു,
അതിലെ സ്ഫടികജലത്തിലേയ്ക്കായിരുന്നു.
അതില്‍
അതാ ആ ലോക്കറ്റ്!
ഒരിക്കല്‍ കാണാതെപോയത്.

അത് തിളങ്ങി.
ഞാന്‍ ചിരിച്ചു.

The lost pendant
=============

You came
With your most uncommon looks.
Hugged
Touched the lips
Caressed the hair
On your legs which are always neat but slender,
You made me sit.
And like in a swing
Made me sway
Sway and sway..
How long you did that
I didnt notice..
I ddnt notice at all.
I was looking into that tumbler near
Into that crystal clear water in it
To the beneath of it..
There saw the pendant
Which i had lost a year back.
It shone.
I smiled.

ഒറ്റ

ഒറ്റ
===

ആകാശത്തേക്കു നോക്കി കിടക്കുകയായിരുന്നു.
രാത്രി പെട്ടെന്ന്കടന്നുപോവുമെന്നും
എങ്കിലും നല്ല നിലാവുണ്ടായിരിക്കുമെന്നും
ഈ രാത്രി തീരുമ്പോള്‍ ഞാനെവിടെയായിരിക്കുമെന്നും
വെറുതെ ഊഹിച്ചുനോക്കി.
പോക്കറ്റില്‍സിഗററ്റ് തപ്പി.
ഒന്നേയുള്ളൂ.
പുകയൂതിയൂതിവിട്ടു.
ഒറ്റയായ ഒരു നക്ഷത്രത്തെയും നോക്കിയിരിക്കുമ്പോഴായിരിക്കും
എന്നും അമ്മയുടെ വിളികേള്‍ക്കുക.
മോനേ,കഴിക്കാന്‍ വാ..
പുക കാറ്റില്‍ അലിഞ്ഞ്
പൊങ്ങിച്ചെന്ന് ഒരു നക്ഷത്രത്തെതൊട്ടു.
വിശക്കുന്നു.
വെറുതെയൊന്നു തിരിഞ്ഞുനോക്കി.
വെറുതെ.
പതുക്കെഎഴുനേറ്റ്,
കൈവീശി ഇറങ്ങിനടന്നു.
നക്ഷത്രമുള്ള ഒരു നല്ല രാത്രിയായിരുന്നു അത്.

ദ്യുതി

ദ്യുതി
=====

അവൾ നടന്നു.
നല്ല കത്തുന്ന പകല്‍.
വഴി വ്യക്തമാകുന്നേയില്ല.
പകലിന്റെ എല്‍ഇഡി ബള്‍ബുകള്‍..!

മാനത്തേക്കുനോക്കി.
കണ്ണടഞ്ഞുപോയി.
കരിയിലകളില്‍ പിണഞ്ഞ്
ഒരുപുല്ലാനിപ്പാമ്പ് കണ്ണുമിഴിച്ചു.
ചുവപ്പിന്റെ നിയോണ്‍കണ്ണുകള്‍!

വഴിയോരം,പച്ച!!
ആലും തമ്പകവും തലയാട്ടി.
ചില്ലകളിലേക്ക്
മുടിനീട്ടിപ്പിന്നി
അവള്‍ റയോട്ട് പാടി..ഗ്രീന്‍ റയോട്ട്!
പച്ച തെളിഞ്ഞുണര്‍ന്നു.
കടും പച്ചയുടെ ഇന്‍കാന്‍ഡിസെന്റ് ബള്‍ബുകള്‍!!

ഞാനൊഴുകുന്ന വഴിയിലൂടെ
ഒരു തോടെങ്കിലും ഒഴുകണമെന്ന്
ഒരു കാറ്റ് അവളോട് ശാഠ്യം പറഞ്ഞു.
കാലുയര്‍ത്തി,തോട് കാലില്‍ ചുറ്റി.
സ്നിഗ്ദ്ധമൊരു പാദസരച്ചുറ്റ്.
തോട്ടുവെള്ളത്തിന്റെ ഫ്ളൂറസെന്റ്ലാമ്പുകള്‍!!

കുറെ നടന്നല്ലോ അവള്‍.
കാടെത്തി; ഇരുട്ടും.
അവള്‍ കത്തി,
തെളിഞ്ഞുകത്തി.
സൗമ്യതയുടെ ഹാലോജന്‍ ലാമ്പുകള്‍!!
ദ്യുതി.
അവളുടെ പേരാണ് ദ്യുതി.