Sunday, 10 September 2017

അടുത്ത ബെല്ലോടുകൂടി

അടുത്ത ബെല്ലോടുകൂടി..
.==================

ഇവിടെ
ഈ നഗരസന്ധ്യയില്‍,
മൃദുലച്ചുവപ്പാര്‍ന്ന
നിയോണ്‍വേദിയില്‍,
ഇന്നിത്..
അവസാനത്തെ കളി.

വെയിലാറുന്നു,
ചടുലനൃത്തച്ചുവടുമാ-
യിരുള്‍ വരുന്നു,
നനുത്ത തിരശ്ശീല
മുഗ്ദ്ധരംഗപടം തൂക്കുന്നു,
അഭിനയത്തിന്റെ
ഉഷ്ണാവേഗമാകാന്‍
ഒരരങ്ങ് ത്രസിക്കുന്നു,
തീക്ഷ്ണമേതോ
കനവ് പകരാന്‍ വെമ്പി
അണിയറ ചായമിടുന്നു,
പശ്ചാത്തലത്തി-
ലൊടുവിലത്തെയൊരു
'വയലിന്‍' ഒലി,
മൈക്ക് ടെസ്റ്റിംഗ്,
നിറയുന്ന കാണികള്‍,
ഓള്‍ ലൈറ്റ്സ് ഓഫ്,
അടുത്ത ബെല്ലിന്
നാടകം തുടങ്ങുന്നു,

എവിടെ നീ??

എവിടെയാണ് നീ
അഭിനയഭീമാ....
ഈ ജ്വലിത വേദിയില്‍
നടനവേഗത്തിന്റെ
കനല്‍ പടര്‍ത്താന്‍
വരേണ്ടവനാണ് നീ,
വ്രണിതസര്‍പ്പം പോല്‍
പലവുരു,ഉടലുരിഞ്ഞ്
ഉജ്ജ്വലമുയിര്‍-
പകര്‍ന്നാട്ടം
നടത്തിയതാണ് നീ.

ഇന്നലെയുച്ചയ്ക്ക്,
മെര്‍ക്യുറിക് പകല്-
കത്തുന്നൊരു
കടത്തിണ്ണയില്‍,
നിന്നെയൊടുക്കമായ്
കണ്ടതാണ്...
അഭിനയാകാശമേ..
ഇന്നിതെവിടെ നീയീ-
നട്ടുച്ചയില്‍ പൊള്ളി-
യടര്‍ന്നു വിണ്ടോ,
ഒരു കറുത്ത പാട്ടില്‍
വല്ലാതെയുറങ്ങി വീണോ,
സ്വതന്ത്രമേതോ
ജലനൗകയായ് നീല-
ത്തുരിശുവഴികള്‍
വരച്ചു നീയാഴ-
ക്കടല്‍ കടന്നുവോ?

ഒടുവിലത്തെയലയു-
മൊഴിഞ്ഞിട്ടും
കിതച്ചൊരഴിമുഖം,
അവസാന വണ്ടിയെ-
പ്പൊഴോ പോയിട്ടു-
മൂര്‍ദ്ധ്വം വലിച്ചൊരു
നഗരവഴി;പിണഞ്ഞു-
മടുത്ത റെയിലുകള്‍,
ഒരു വൃദ്ധന്‍,
ഒരു തെരുവു ബാലന്‍
ഒരു വേശ്യാസ്ത്രീ,
മധ്യനിരയിലറ്റത്തിരു-
ന്നുദ്വേഗ ഭരിതനൊരു
നാടകാസക്തന്‍;ആ
ജീവപ്രവാഹങ്ങളി-
ലുടല്‍ ഭാഷകളിലൂ -
ടതാ!ഝടിതിയിലൊഴുകി
നീങ്ങുന്നെന്തോ?ഒരു
മിന്നലാണോ ,
കത്തുമൊരുഷ്ണമോ,
തെളിഞ്ഞൊഴുകുന്നൊരു
മുകില്‍ക്കീറോ?

നീയോ അത്?!

നീ
ഒരു നീലദ്യുതിയായ്
ധിഷണയൂറും ഭാവപ്രഭാവമായ്,
നടനകലയുടെയൊഴുകി
നീങ്ങുമൊരു സുരധാരയായ്,
പ്രപഞ്ചവഴിയിലൊഴുകി നടക്കുന്നു!
ഉടല്‍ഭാഷ്യങ്ങള്‍ തിരഞ്ഞു-
തിരഞ്ഞ്,ഇനിയുമറിയേണ്ട
പാഠങ്ങളെ മറിച്ചുനോക്കുന്നു!
ചുണ്ടില്‍,ഇമയില്‍
കണ്‍കോണില്‍,നെറ്റിമേല്‍
താടിച്ചുഴിയിലൊരു
നടനസൗഭഗത്തി-
ന്നൊളിയിരട്ടിപ്പിക്കാന്‍
അഭിനയോന്നതങ്ങളിലേയ്ക്ക്
കുതിച്ചു ചാടുന്നു!
നീ,
കുടുസ്സുവഴിയില്‍
ഞരങ്ങി നീങ്ങിയും,
വിപുല മൈതാനങ്ങളില്‍
പടര്‍ന്നു പരന്നും,
ഓരോന്നിലും ,ഓരോയിടത്തും
അലിഞ്ഞിഴുകി,യിണങ്ങി-
യിണങ്ങിയൊരഭിനയ-
കലയുടെയുണ്മ ചികയുന്നു!

നീ,
ഒരു നടനാകുന്നു..
Saturday, 5 August 2017

പ്രഥമം

പ്രഥമം
=====

അന്ന്  സ്കൂളില്‍വെച്ച്
പ്രണയം പറഞ്ഞു
പുറകെ നടന്നവന്റെ പേരും
ബൈജു എന്നായിരുന്നു.

അവന് നിനക്കുള്ള പോലെ
ബൈക്കൊന്നുമില്ലായിരുന്നു.
പ്രണയം നിറച്ചുവെച്ച
ഒരുനുണക്കുഴി ഉണ്ടായിരുന്നു.

പ്രണയത്തില്‍ വീണ പെണ്‍കുട്ട്യോള്
അതാസ്വദിക്കുന്നതുപോലെ
മുടി കോതുന്നതായി ഭാവിച്ച്,
തിരിഞ്ഞ്,അവനെ ഇടയ്ക്കിടെ
ഒളികണ്ണിട്ടു നോക്കുമായിരുന്നു.

ബൈജു ഉലഹന്നാന്‍ എന്ന്
നിന്നെ നീട്ടിവിളിക്കുന്ന പോലെ
അവന്റെ കൂടെ അപ്പന്‍ പേരോ
വീട്ടുപേരോ ഒന്നുമില്ലായിരുന്നു,
ചക്കീ ചങ്കരീ ന്നൊക്കെ അവന്‍
വിളിക്കുമ്പോള്‍,ങും ങും എന്ന് മൂളിക്കേട്ട്
പേരോ നാളോ പ്രസക്തമല്ലാത്ത
ഒരു തീരത്ത്,ലാവിലലിഞ്ഞ്
ഞങ്ങള്‍ അടിഞ്ഞുകിടക്കുമായിരുന്നു.
ഈ മുടിയിഴകളില്‍
അവനൊരു പുഴ കാണുമായിരുന്നു...

ഡാ ഉലഹന്നാന്‍ മോനേ,
നീ എപ്പോഴെങ്കിലുമത് കണ്ടിട്ടുണ്ടോ?

അവനെങ്ങാനും
ഒന്നിവിടെ വന്നിരുന്നെങ്കില്‍
ആ കൂട്ടുപുരികങ്ങള്‍ക്കിടയില്‍നിന്ന്
എന്റെ പേര് നുള്ളിയെടുക്കാന്‍ നോക്കാന്‍
ഞാന്‍ നിന്നോട് പറഞ്ഞേനെ..

തുടുത്തയെന്‍ ഹൃദന്തവും
കടുത്തയുള്ളിന്‍   ഗ്രീഷ്മവും
പടുത്തുയര്‍ത്ത സ്വപ്നവും
മടുത്തെറിഞ്ഞ് ഞാനിതാ
കൊടുത്ത  തോള്‍വളകളെ
എടുത്തു ചേര്‍ത്ത കൈകളെ
വിടര്‍ത്തിമാറ്റി വേണ്ടിനി,
അടര്‍ത്തിയെന്നെന്നേയ്ക്കുമായ്..

Thursday, 6 July 2017

പത്തൊമ്പതില്..

പത്തൊമ്പതില്
പാദസരം
പതിവേറെ കിലുക്കുന്നുണ്ടെന്ന്
പഴിച്ചുപഴിച്ചെപ്പോഴും അമ്മ,

പത്തൊമ്പതൊന്നു കഴിഞ്ഞോട്ടെ..
പിടിച്ചു  കെട്ടിച്ചുവിടണമെന്ന്
പിടിപിടീന്നെപ്പോഴും
പറഞ്ഞച്ഛന്‍,

പത്തൊമ്പതിന്റെ പ്രാന്ത്
പിശകാണെന്നമ്മേ തോണ്ടി
പിറുപിറുക്കുന്നമ്മൂമ്മ,

പത്തൊമ്പതായിട്ടേയുള്ളൂ
പാലംകുലുക്കി നടത്തംന്ന്
പുച്ഛിച്ചുപുച്ഛിച്ച് ആളോള്,

പത്തൊമ്പതിന്റെ
പാരമ്പര്യം കാണിച്ചോടിപ്പോയി
പാറുക്കുട്ടിച്ചേച്ചിയേപ്പോലെ
പണിപറ്റിയ്ക്കല്ലേന്ന്,
പത്തൊമ്പതിലും
പത്തിന്റെ ഗുണം പോലുമില്ലെന്ന്,
പത്തൊമ്പത് കഴിഞ്ഞുകിട്ടിയാല്‍
പണി പകുതി തീര്‍ന്നപോലെന്ന്,
പത്തൊമ്പതൊരു വല്ലാത്ത
പരവേശപ്പെടലെന്ന്..

ഒടുക്കം
പത്തൊമ്പതിന്റെ
പരത്തിപ്പറയലില്‍
,പിണങ്ങിമടുത്ത്,
പിരിയിളകി,
പണ്ടെങ്ങോ  ഒരു കാറ്റ് ചെയ്തപോലെ
പാളി തുറക്കാത്ത വാതില്
പൊളിച്ചടുക്കി,
പൂമുഖപ്പടി ചാടി,
പാടവരമ്പിനെ തൊങ്കിത്തൊട്ട്,
പടിഞ്ഞാട്ട് പാഞ്ഞ്
പത്തൊമ്പതിന്റെ
പാട്ട് മൂളുന്നൊരു
പാതിരാച്ചൂളമായി..
Saturday, 27 May 2017

ശിഷ്ടം

ശിഷ്ടം
=====

*നിസ്സാര്‍ അഹമ്മദ്
മുണ്ട് മാടിക്കുത്തി
ശൗചക്കുഴി
കുത്തുന്നതില്‍
ഒരു മാനവികതയുണ്ട്.

എസ്.ജോസഫ്
കവിത ചൊല്ലുമ്പോള്‍
അതിലേയൊരു  പുഴ
കത്തിയൊഴുകുന്നുണ്ട്.

നടവഴിയിലൊരു
സൈക്കിള്‍ ടയറ്,
ആ നാടിന്റെ പാട്
ഉരുട്ടുന്നുണ്ട്.

സന്ധ്യയ്ക്കൊരു
ഇണചേരല്‍-
ശോണിമയുണ്ട്.

കേട്ടോ ചങ്ങായീ,
ഞങ്ങള് കാലടിക്കാര്,
മീന്‍ കറിയിലിപ്പോഴും
മല്ലീം മൊളകും
കല്ലേന്നരച്ചേ ചേര്‍ക്കൂ..

പേര് ഫാഷനാണേലും
''മിന്റു'ക്കുട്ടിയുടെ
പാവാടച്ചോപ്പിന്,
എന്റെയൊക്കെ-
യന്നത്തെ പ്രേമത്തിന്റെ
അതേ ഗുമ്മുണ്ട്,

രാത്രിക്ക്
കൂരിരുട്ടിന്റേയും
പകലിന്
വെളിച്ചത്തിന്റെയും
നൈതികതയുണ്ട് .

ആശ്വാസം!
നാടും **ഞാളും
ഇപ്പോഴും
കുറച്ചൊക്കെ
അങ്ങനൊക്കെത്തന്നെയുണ്ട് .

*ന്റുപ്പുപ്പായ്ക്കൊരാനേണ്ടാര്‍ന്ന് ലെ കേന്ദ്രകഥാപാത്രങ്ങളിലൊരാള്‍.

**ഞങ്ങളും

Wednesday, 24 May 2017

ശിഷ്ടം

ശിഷ്ടം
=====

*നിസ്സാര്‍ അഹമ്മദ്
മുണ്ട് മാടിക്കുത്തി
ശൗചക്കുഴി
കുത്തുന്നതില്‍
ഒരു മാനവികതയുണ്ട്.

എസ്.ജോസഫ്
കവിത ചൊല്ലുമ്പോള്‍
അതിലേയൊരു  പുഴ
കത്തിയൊഴുകുന്നുണ്ട്.

നടവഴിയിലൊരു
സൈക്കിള്‍ ടയറ്,
ആ നാടിന്റെ പാട്
ഉരുട്ടുന്നുണ്ട്.

സന്ധ്യയ്ക്കൊരു
ഇണചേരല്‍-
ശോണിമയുണ്ട്.

കേട്ടോ ചങ്ങായീ,
ഞങ്ങള് കാലടിക്കാര്,
മീന്‍ കറിയിലിപ്പോഴും
മല്ലീം മൊളകും
കല്ലേന്നരച്ചേ ചേര്‍ക്കൂ..

പേര് ഫാഷനാണേലും
''മിന്റു'ക്കുട്ടിയുടെ
പാവാടച്ചോപ്പിന്,
എന്റെയൊക്കെ-
യന്നത്തെ പ്രേമത്തിന്റെ
അതേ ഗുമ്മുണ്ട്,

രാത്രിക്ക്
കൂരിരുട്ടിന്റേയും
പകലിന്
വെളിച്ചത്തിന്റെയും
നൈതികതയുണ്ട് .

ആശ്വാസം!
നാടും **ഞാളും
ഇപ്പോഴും
കുറച്ചൊക്കെ
അങ്ങനൊക്കെത്തന്നെയുണ്ട് .

*ന്റുപ്പുപ്പായ്ക്കൊരാനേണ്ടാര്‍ന്ന് ലെ കേന്ദ്രകഥാപാത്രങ്ങളിലൊരാള്‍.

**ഞങ്ങളും

Wednesday, 10 May 2017

സസ്നേഹം കൊബയാഷി മാഷ്ക്ക്

സസ്നേഹം
*കൊബയാഷി മാഷ്ക്ക്..
===========================

ഇന്നലെ..
നീല സില്‍ക്ക് വിരിപ്പിന്‍റെ സുഭഗതയില്‍
ഇണ ചേര്‍ന്നുറങ്ങിയ ഞങ്ങള്‍,
ഉണര്‍ന്നെണീറ്റത്
പൂഴിമണ്ണിന്‍റെ വിശാലതയിലേക്ക്...!

ഇളംമണ്ണ് വിതാനിച്ച ഉടലുകളേറി
ഞങ്ങള്‍ പ്രഖ്യാപിച്ചു;
''ഇനി പ്രകൃതിയിലേയ്ക്ക്''..

ആദ്യം ഞങ്ങള്‍ നഗ്നരായി..
പാദുകങ്ങളും ആഭരണങ്ങളും
ഊരിയെറിഞ്ഞു..
വെയില്‍ച്ചൂടിലാവോളം
ഊറാടി മറിഞ്ഞു,
സന്ധ്യയില്‍
ഞങ്ങളിഴുകി കറുത്ത്
സുഭഗമോരോ ഇരുള്‍ചിത്രങ്ങളായി.
രാത്രി ,ആശങ്കയേതുമില്ലാതെ
മരച്ചുവട്ടില് പുണര്‍ന്നുകിടന്ന്
വന്യമൊരുറക്കത്തിന്റെ തേരേറി.

ഞാന്‍ പെറുന്നത്,
ഈ മണ്‍പായിലേയ്ക്കായിരിക്കുമെന്നും,
ഉടച്ചുമറിച്ചെന്നെ,ശൂന്യയാക്കി
അവന്‍ എത്തി,
ശേഷം കുതിച്ചാര്‍ക്കുമെന്നും,
പച്ചമീന്‍ തിന്ന്,പുഴയില്‍ മറിഞ്ഞ്,
കരയില്‍ മദിച്ച്,
മരത്തിനോടും മാനിനോടും
ചങ്ങാത്തം കൂടി
ഇവിടെയിങ്ങനെ
ജീവിച്ചുതിമിര്‍ക്കുമെന്നും
ഞങ്ങള്‍ ആലോചിച്ചുറപ്പിച്ചു!

പകലുകളോടിത്തളര്‍ന്നു കിതച്ചു..
രാത്രിയനേകം നക്ഷത്രവെളിച്ചങ്ങളെ
ദത്ത്‌ വാങ്ങി,പലവുരു പകലായി...
കാലം തെറ്റാത്ത മഴയില്‍
പരിവര്‍ത്തനം ചെയ്യപ്പെട്ട്,ബീജങ്ങള്‍
തലനീട്ടി സജീവരായി.

''അമ്മേ..
ഈ മൂവന്തിയ്ക്കെന്തിനാണിത്ര ചോപ്പ്?
ഈ മലകള്‍ മേലെ ആകാശം മുട്ട്വോ?
ചുറ്റിനും കിളികള്‍ പാടുന്നമ്മേ;
ഈ വസന്തമൊടുവില്‍
ഞാന്‍ പാകിയ വിത്ത് മുളക്ക്യോ?

ഹായ്!ദൂരെയതാ ഒരു പുതിയവെട്ടം..
വൈദ്യുതവെട്ടമത്രേ.
അമ്മേ, അവര്‍ കുറെ കുട്ട്യോളാണ്,
അവര്‍ക്ക് നെടുനെടുങ്കന്‍ കുപ്പായങ്ങളുണ്ട്,
അവരുടെ നീളന്‍ കാല്‍ശരായികള്‍
പൊടിപിടിയ്ക്കാതെ തിളങ്ങുന്നുണ്ട്,
കയ്യിലെ കടലാസുകെട്ടുകളില്‍
മുഖം പൂഴ്ത്തി,അവരെപ്പോഴും
എന്തോ ഉരുവിട്ടുകൊണ്ടേയിരിക്കും,
അവര് ചിരിയ്ക്കാറില്ല,
പരസ്പരം നോക്കാറില്ല,
അവര്‍ക്കെല്ലാം മുതുകില്‍
കൂനുകളുണ്ട്;വിളറിയ വിരലുകളും
ഒളിപോയ കണ്ണുകളുമുണ്ട്,
ഇടുങ്ങിയ ചില്ലുപാതയിലൂടെനോക്കി
അവര്
പ്രഭാതങ്ങളെ നിറം കെട്ടവയെന്നും
നദികളെ നിശ്ചേഷ്ടങ്ങളെന്നും
പ്രഖ്യാപിക്കും;കാടെന്താണെന്നും
മനുഷ്യരാരാണെന്നും
അവര് ആക്ഷേപിച്ചുകൊണ്ടേയിരിക്കും.
എന്റെ ചോദ്യങ്ങളൊരു പിടിയുണ്ടമ്മേ,
ഞാനവ പോയി ചോദിക്കട്ടെ''?

ഞങ്ങള്‍ കാടിന്റെ ഉര്‍വ്വരതയിലേയ്ക്ക്
അവനെ കൈചൂണ്ടിക്കാണിച്ചു,
തൊടുത്തുവിട്ട പോലൊരു
കൊള്ളിയാന്‍ പാഞ്ഞപ്പോള്‍
അതിന്റെയനായാസവേഗത്തിനെ
ഇമ വെട്ടാതെ നോക്കാന്‍ പറഞ്ഞു,
പുഴയൊഴുകുന്ന വഴികള്‍,
ദിക്കറിയുന്ന വിധം,
വെള്ളം വെള്ളമായിട്ടിരിക്കുന്നതെങ്ങനെ,
പുതുമഴ മണക്കുന്നതെങ്ങനെ,
പൂവ് കൊഴിയുന്നതെങ്ങനെ..
എല്ലാം തിരയാന്‍ പറഞ്ഞു,
വിളറിയ മരക്കൂട്ടങ്ങളെ
ഹരിതം തേച്ചൊരുക്കാന്‍ പറഞ്ഞു,
പിന്നെ
ഉണങ്ങിയ നനവിടങ്ങളില്‍
അവനെക്കൊണ്ടുറവിന്റെ
വിത്തുപാകിപ്പിച്ചു,
ആകാശത്തൂയലാടിപ്പിച്ചു,
നക്ഷത്രങ്ങളെക്കൊണ്ടുമ്മ വെയ്പിച്ചു,
ഒടുക്കം,
ഉറക്കെയാശ്ളേഷിച്ച്
നിതാന്തനിര്‍വൃതിയിലാഴ്ത്തി..

*പരമ്പരാഗത സ്കൂളിംഗ് രീതികളെ തച്ചുടച്ച ഒരു നല്ല അധ്യാപകന്‍,
ടോട്ടോച്ചാന്‍ ലെ കഥാപാത്രം

സസ്നേഹം കൊബയാഷി മാഷ്ക്ക്

സസ്നേഹം
*കൊബയാഷി മാഷ്ക്ക്..
===========================

ഇന്നലെ..
നീല സില്‍ക്ക് വിരിപ്പിന്‍റെ സുഭഗതയില്‍
ഇണ ചേര്‍ന്നുറങ്ങിയ ഞങ്ങള്‍,
ഉണര്‍ന്നെണീറ്റത്
പൂഴിമണ്ണിന്‍റെ വിശാലതയിലേക്ക്...!

ഇളംമണ്ണ് വിതാനിച്ച ഉടലുകളേറി
ഞങ്ങള്‍ പ്രഖ്യാപിച്ചു;
''ഇനി പ്രകൃതിയിലേയ്ക്ക്''..

ആദ്യം ഞങ്ങള്‍ നഗ്നരായി..
പാദുകങ്ങളും ആഭരണങ്ങളും
ഊരിയെറിഞ്ഞു..
വെയില്‍ച്ചൂടിലാവോളം
ഊറാടി മറിഞ്ഞു,
സന്ധ്യയില്‍
ഞങ്ങളിഴുകി കറുത്ത്
സുഭഗമോരോ ഇരുള്‍ചിത്രങ്ങളായി.
രാത്രി ,ആശങ്കയേതുമില്ലാതെ
മരച്ചുവട്ടില് പുണര്‍ന്നുകിടന്ന്
വന്യമൊരുറക്കത്തിന്റെ തേരേറി.

ഞാന്‍ പെറുന്നത്,
ഈ മണ്‍പായിലേയ്ക്കായിരിക്കുമെന്നും,
ഉടച്ചുമറിച്ചെന്നെ,ശൂന്യയാക്കി
അവന്‍ എത്തി,
ശേഷം കുതിച്ചാര്‍ക്കുമെന്നും,
പച്ചമീന്‍ തിന്ന്,പുഴയില്‍ മറിഞ്ഞ്,
കരയില്‍ മദിച്ച്,
മരത്തിനോടും മാനിനോടും
ചങ്ങാത്തം കൂടി
ഇവിടെയിങ്ങനെ
ജീവിച്ചുതിമിര്‍ക്കുമെന്നും
ഞങ്ങള്‍ ആലോചിച്ചുറപ്പിച്ചു!

പകലുകളോടിത്തളര്‍ന്നു കിതച്ചു..
രാത്രിയനേകം നക്ഷത്രവെളിച്ചങ്ങളെ
ദത്ത്‌ വാങ്ങി,പലവുരു പകലായി...
കാലം തെറ്റാത്ത മഴയില്‍
പരിവര്‍ത്തനം ചെയ്യപ്പെട്ട്,ബീജങ്ങള്‍
തലനീട്ടി സജീവരായി.

''അമ്മേ..
ഈ മൂവന്തിയ്ക്കെന്തിനാണിത്ര ചോപ്പ്?
ഈ മലകള്‍ മേലെ ആകാശം മുട്ട്വോ?
ചുറ്റിനും കിളികള്‍ പാടുന്നമ്മേ;
ഈ വസന്തമൊടുവില്‍
ഞാന്‍ പാകിയ വിത്ത് മുളക്ക്യോ?

ഹായ്!ദൂരെയതാ ഒരു പുതിയവെട്ടം..
വൈദ്യുതവെട്ടമത്രേ.
അമ്മേ, അവര്‍ കുറെ കുട്ട്യോളാണ്,
അവര്‍ക്ക് നെടുനെടുങ്കന്‍ കുപ്പായങ്ങളുണ്ട്,
അവരുടെ നീളന്‍ കാല്‍ശരായികള്‍
പൊടിപിടിയ്ക്കാതെ തിളങ്ങുന്നുണ്ട്,
കയ്യിലെ കടലാസുകെട്ടുകളില്‍
മുഖം പൂഴ്ത്തി,അവരെപ്പോഴും
എന്തോ ഉരുവിട്ടുകൊണ്ടേയിരിക്കും,
അവര് ചിരിയ്ക്കാറില്ല,
പരസ്പരം നോക്കാറില്ല,
അവര്‍ക്കെല്ലാം മുതുകില്‍
കൂനുകളുണ്ട്;വിളറിയ വിരലുകളും
ഒളിപോയ കണ്ണുകളുമുണ്ട്,
ഇടുങ്ങിയ ചില്ലുപാതയിലൂടെനോക്കി
അവര്
പ്രഭാതങ്ങളെ നിറം കെട്ടവയെന്നും
നദികളെ നിശ്ചേഷ്ടങ്ങളെന്നും
പ്രഖ്യാപിക്കും;കാടെന്താണെന്നും
മനുഷ്യരാരാണെന്നും
അവര് ആക്ഷേപിച്ചുകൊണ്ടേയിരിക്കും.
എന്റെ ചോദ്യങ്ങളൊരു പിടിയുണ്ടമ്മേ,
ഞാനവ പോയി ചോദിക്കട്ടെ''?

ഞങ്ങള്‍ കാടിന്റെ ഉര്‍വ്വരതയിലേയ്ക്ക്
അവനെ കൈചൂണ്ടിക്കാണിച്ചു,
തൊടുത്തുവിട്ട പോലൊരു
കൊള്ളിയാന്‍ പാഞ്ഞപ്പോള്‍
അതിന്റെയനായാസവേഗത്തിനെ
ഇമ വെട്ടാതെ നോക്കാന്‍ പറഞ്ഞു,
പുഴയൊഴുകുന്ന വഴികള്‍,
ദിക്കറിയുന്ന വിധം,
വെള്ളം വെള്ളമായിട്ടിരിക്കുന്നതെങ്ങനെ,
പുതുമഴ മണക്കുന്നതെങ്ങനെ,
പൂവ് കൊഴിയുന്നതെങ്ങനെ..
എല്ലാം തിരയാന്‍ പറഞ്ഞു,
വിളറിയ മരക്കൂട്ടങ്ങളെ
ഹരിതം തേച്ചൊരുക്കാന്‍ പറഞ്ഞു,
പിന്നെ
ഉണങ്ങിയ നനവിടങ്ങളില്‍
അവനെക്കൊണ്ടുറവിന്റെ
വിത്തുപാകിപ്പിച്ചു,
ആകാശത്തൂയലാടിപ്പിച്ചു,
നക്ഷത്രങ്ങളെക്കൊണ്ടുമ്മ വെയ്പിച്ചു,
ഒടുക്കം,
ഉറക്കെയാശ്ളേഷിച്ച്
നിതാന്തനിര്‍വൃതിയിലാഴ്ത്തി..

*പരമ്പരാഗത സ്കൂളിംഗ് രീതികളെ തച്ചുടച്ച ഒരു നല്ല അധ്യാപകന്‍,
ടോട്ടോച്ചാന്‍ ലെ കഥാപാത്രം

Wednesday, 12 April 2017

ഒന്നു വേഗം..

ഒന്നു വേഗം...
=========

ഒന്നു വേഗം വേണം,
ഈ നനഞ്ഞ കുപ്പായത്തെ
അയയില്‍ നിന്നു മാറ്റണം.

ഈ നീല ഫിഷര്‍ ചെരുപ്പുകള്‍,
തോരാത്ത ഈ ആഷ്ട്രേ,
പാതി തീര്‍ന്ന ആഫ്റ്റര്‍ ഷേവ്,
യൂഡികൊളോണ്‍ ബാത്ത് ടവല്‍,
പതിയെപ്പാടുന്ന
ഷാബാസ് അമന്‍,
നനഞ്ഞൊരു സന്ധ്യ,
ഒരു വരി
മുഴുമിപ്പിക്കാത്തത്,
ഒരു രാത്രി
തീരാതിരുന്നത്,
ഒരു 'ഷിവാസ് റീഗല്‍' ശ്വാസം,
ഒരു മുടിയിഴ,
ഒരു ചുണ്ടിണ,
ഒരിറുക്ക് ഉമിനീര്‍,
നീറ്റിച്ച ,പൊള്ളിച്ച
ഇന്നലത്തെയൊരു 'ലിപ് ലോക്ക്'

എല്ലാം മാറ്റണം,
കൊണ്ടു പോകണം നീ,
ഒന്ന് വേഗം വേണം,

ഈ കുടുസ്സുമുറിയിലെ
പ്രണയത്തിന്റെ "വാട"യെപ്പറ്റി
പലരും ചോദിക്കുന്നു.

Monday, 20 March 2017

ചിലപരിണാമവ്യഥകള്‍

ചില പരിണാമവ്യഥകള്‍..
-----------------------

നീതിബോധമില്ലാതെ
വളര്‍ന്നാര്‍ക്കുന്ന രോമം
വെട്ടിക്കളയണമെന്ന്
ചെടിച്ചൊരു
കൗമാരസ്വരം!

വളര്‍ച്ചകള്
വേണ്ടാത്ത അധിനിവേശങ്ങളാണെന്ന്..!

അവ,പ്രസരിപ്പിന്‍റെ
സാമ്രാജ്യങ്ങളെ തച്ചുടച്ച്,
മൗനത്തിന്‍റെ കൂട്ടിലടച്ച്
തളര്‍ത്തുമത്രെ..

അവ കണ്ണും കാതും
ആയിരം വീതമുള്ള
നാണമുണ്ടാക്കുന്നുവെന്ന്!

അവ നൈസര്‍ഗ്ഗിക
ബഹിര്‍സ്ഫുരണങ്ങളുടെ
മൂടിയടച്ച്
കൃത്രിമത്വത്തിന്‍റെ
ചതുരവടിവിലടയ്ക്കുമത്രെ!

ബാല്യത്തിന്‍റെ
രസഗുളികകള്‍
തിന്നുതീര്‍ന്നില്ലെന്ന
പരാതിക്കലമ്പലില്‍
ആ മുഖം കനത്ത്,
ശബ്ദം മുതിര്‍ന്നു വലുതായി!

ഇനി ആകസ്മിക കലാപങ്ങള്‍
ഉണ്ടാകുമെന്നും
സാമ്രാജ്യങ്ങള്‍
തമ്മില്‍
ഒച്ചയിട്ടാര്‍ക്കുമ്പോള്‍
പകച്ചു  നിന്നോളണമെന്നും
നനുത്ത മുഖരോമങ്ങള്
പോര്‍ പ്രഖ്യാപിച്ചു..

വാക്ശരങ്ങളുടെ
മൂര്‍ച്ച കുറച്ചുകിട്ടാന്‍
ഒരു മാര്‍ച്ചട്ട
വേഗം പണിതിട്ടോളാന്‍
നിര്‍ദ്ദേശിച്ചു.

ഉപദേശങ്ങള്
അലോസരങ്ങളാണെന്ന്
ഉറക്കെ പ്പറഞ്ഞ്,
അഭി പ്രായങ്ങള്
ചെവിയോര്‍ക്കുന്നില്ലെന്ന്
കലഹിച്ച്,
കടുത്തുപറഞ്ഞ്,കൈചൂണ്ടി,
കാല്‍വിറപ്പിച്ച്
ഉറഞ്ഞു കലമ്പുമ്പോഴും
ഒരു കുഞ്ഞു  ,പാവം വിതുമ്പല്
അവിടെ
ചിറകനക്കുന്നുണ്ട്!

['അമ്മെ,എനിക്ക് വലുതാവണ്ടായിരുന്നു' എന്നെന്‍റെ പതിന്നാലുകാരന്‍
മകന്‍..]

13.2.2014

ക്ളിക്

ക്ളിക്.......
======

പൂവാകച്ചോട്ടിൽ നാം,
മലമേലെ,കീഴെ
ജലപാതങ്ങളിൽ നാം,
ചാഞ്ഞും ചരിഞ്ഞും
പുണർന്നും
നൃത്തം ചെയ്തും നാം...

''നോക്കൂ,അയാൾ നമ്മെ 'ക്യാപ്ച്വർ'ചെയ്യുന്നുണ്ട്!''

അയാൾ ക്യാപ്ച്വർ ചെയ്യുന്നുണ്ടിനിയും ,
ഇലകളൊരു കൂട്ടത്തെ
സൂര്യനെ,സന്ധ്യയെ,
ആകാശപ്പട്ടത്തെ,
ആകാശത്തെതന്നെ,
ഒരു വെള്ളിപ്പരലിനെയും..

വിരൽ തെന്നിച്ചോടും പരൽ,
കയ്യെത്താപ്പട്ടം,
നിറമില്ലാത്താകാശം,
നിറമില്ലാത്താകാശത്ത്
നിറമില്ലാ ഫോട്ടോ പ്രിന്റുകൾ
നിശ്ചേഷ്ടംഈ ഫോട്ടോ പ്രിന്റുകൾ,
''ഹോ ലൈഫ്‌ ലെസ്സ്'',
സഡൻ സ്നാപ്പുകളെ-
കീറിയെറിഞ്ഞ്
നിരാശയുടെ ഒരു ഫോട്ടോഫ്രെയിം
പണിതൊതുങ്ങി
അയാൾ ..

അയാൾ,
ഫോട്ടോ  ഫ്രെയിമിലൊതുങ്ങി-യൊരുറക്കത്തിൽ ,
നിരാശയുടെ ഉറക്കം.
ഉറക്കം നേരെ പറന്നത്,
രാവിറങ്ങി  കറുത്ത
മല മേലെ,
നിലാവലിഞ്ഞ
ജലപാതങ്ങളിൽ,
ഇലകളിലൂടൂളിയിട്ട്,
ഒരു പട്ടം പറത്തിപ്പാറിച്ചു വിട്ട്,
ആകാശത്തെയുലച്ച്,
സാന്ധ്യച്ചോപ്പ് കവർന്നണിഞ്ഞ്,
പരലോടൊത്ത് തെന്നി
ഇമകളെ കബളിപ്പിച്ച് ..

ഞൊടിയിട..
ഇമകൾ അടർന്നുമാറി,
ഒരു തിളക്കം
കൺകോണിൽ നിന്ന്
ചൊടിയോടെ
നിലമിറങ്ങി
മലകളെ,ജലപാതങ്ങളെ,
ഇലകളെ,കൈതെന്നും പരലുകളെ,
ആകാശത്തെ,
ആകാശപ്പട്ടത്തെ..
വീണ്ടും നോക്കി,
അവ അനങ്ങി ,ഇളകി,
ഒഴുകിപ്പരന്നവ
ജീവസ്സുറ്റ പ്രതലത്തിലായി,
വെളിച്ചം അളന്നൊഴിച്ച്,
ഒരു ചതുര മാജിക്കിന്നുള്ളിൽ
ഒതുക്കി,ഫോക്കസ് ചെയ്ത
ദൃശ്യങ്ങൾ
നിലാവായി നിറഞ്ഞു,
പരന്നൊഴുകി..

പൂവാകച്ചോട്ടിൽ അവർ
പുണരുകയാണ്,
മല മേലെ രാവുരുമ്മി അവർ
ഇരുളുകയാണ്,
ജലപാതങ്ങളിൽ
നനയുകയാണ്,
അയാൾ നിപുണതയുടെ
''റെക്ടാംഗിൾ ഫിക്സിംഗി'ൽ
വെളിച്ചത്തിന്റെ പാകം ചേർത്ത്,
കൺമുൻപിലെ  ഹൃദയാർജ്ജവത്വത്തിലേയ്ക്ക്
ക്യാമറ ഫോക്കസ് ചെയ്തു...

ക്ളിക്...

അറ്റം കീറിയ ഭൂപടം നോക്കി
വിലക്കപ്പെട്ട  അയല്‍രാജ്യത്തിന്റെ
അതിര്‍ത്തിവരച്ചു,
അതിരുകള്‍ അടയാളപ്പെടുത്തി,
സഞ്ചരിക്കാന്‍ ഒരിക്കലും സാധ്യതയില്ലാത്ത
റോഡുകള്‍,
ഒത്തുകൂടുമെന്ന് ഒരു പിടിയുമില്ലാത്ത
അവിടത്തെ പൊതുസ്ഥലങ്ങള്‍,
ഒരിക്കലും കാണില്ലെന്നുറപ്പുള്ള
വിനോദകേന്ദ്രങ്ങള്‍,
ചെന്നിറങ്ങാന്‍ ഒരിക്കലുമിടയില്ലാത്ത
വിമാനത്താവളങ്ങള്‍,
തുറമുഖങ്ങള്‍,
എല്ലാം കൃത്യമായി
മനസ്സിലാക്കി,
രേഖപ്പെടുത്തി,

അവന്റെ നെഞ്ചോട് ചേര്‍ന്ന്
ആ ചുണ്ട് കടിച്ചൊരുമ്മ..

തൃപ്പൂണിത്തുറ ഇരുമ്പനം റൂട്ടില്‍ ആലിന്‍ചോട് സ്റ്റോപ്പില്‍ ഇറങ്ങുക. അവിടെയൊരു ഇക്കോഫ്രണ്ട് ലി
റെസ്റ്റോറന്റ് ഉണ്ട്.അവിടത്തെ തെക്കേമൂലയിലെ രണ്ട്  കസേരകള്‍ നമുക്ക് റിസര്‍വ്വ്ഡ് ആണ്.രണ്ട് കോറിയാന്‍ഡര്‍ ബദാം മില്‍ക് ഷേക്  ഓര്‍ഡര്‍ ചെയ്ത്  നമുക്ക്  കണ്ണില്‍ കണ്ണില്‍
നോക്കിയിരിക്കാം..ഇമ കോര്‍ത്തിരിക്കുന്നേരം ഷേയ്ക്ക്
വരും. ഒരു സിപ് കുടിച്ച് ഗ്ളാസുകള്‍ വെച്ചുമാറാം.വിരലുകള്‍ പരസ്പരം  മൃദുവായി തലോടാം. അപ്പോള്‍ കുമാര്‍സാനുവിന്റെ "തൂ മേരി സിന്ദഗി ഹൈ" അവര്‍ പ്ളേ ചെയ്യും. പ്രണയത്തിന്റെ   epitome ആണ് ആ പാട്ട്. കേട്ടിരിക്കാം.നമുക്ക്  പുണരാനൊന്നും പക്ഷേ പറ്റില്ല. വീണിരിയ്ക്കാം..പരസ്പരം വീണിരിയ്ക്കാം..ചിലപ്പോള്‍ ഇടയ്ക്ക് തൊട്ടടുത്ത റ്റേയ്ബിളിലെ  സുന്ദരനായ പയ്യനെ  ഒന്ന് നോക്കിയെന്നിരിക്കും.
ക്യൂരിയോസിറ്റി കൊണ്ടാണ്.
അത് കൊണ്ട് മാത്രം...... ഇഷ്ടമുള്ളതെന്തായാലും അറിയാമല്ലൊ, അടുത്തിരിക്കുന്ന ആളെത്തന്നെയായിരിക്കും.സത്യം.
അതങ്ങനെയല്ലേ ആവൂ.എത്ര നാളായി ഈ ഇഷ്ടം തുടങ്ങിയിട്ട്.
ഭൗമമായ യാതൊന്നും ഈ ഇഷ്ടത്തെ അലട്ടുന്നില്ല.അതു- കൊണ്ടുതന്നെ ഒരുത്തനെ ഒന്നു നോക്കിയെന്നു കരുതി യുദ്ധത്തിനൊന്നും വരണ്ട. ഒന്നിനേയുംകൂട്ടിമുട്ടുന്നില്ലല്ലോ,
പിന്നെ ഒച്ചയനക്കി പോകേണ്ട കാര്യമെന്ത്?നമുക്ക്സംസാരിക്കാം.. നമ്മുടെ പ്രേമപാരവശ്യത്തെപ്പറ്റി,  മനോസംഘട്ടനങ്ങളെപ്പറ്റി,ഇനിയൊരു ദിവസം നമ്മള് ചിലപ്പോള്‍ ഏര്‍പ്പെടാന്‍ പോകുന്ന രതിയേപ്പറ്റി.
അതിനിടയില്‍ ചിലപ്പോള്‍ വീണ്ടും
ആ പയ്യനെ നോക്കിയെന്നിരിക്കും.
അത് കണ്ണങ്ങോട്ട് വെറുതെ   പോകുന്നതാണ്.അല്ലാതെ വേറൊന്നുമല്ല.ചിലപ്പോള്‍  അതുകാരണം  നമ്മള്‍  വഴക്കി-
ട്ടേക്കാം.ചീത്ത വിളിച്ചേക്കാം..ഹോ,
വേണ്ട,വല്ലാത്തൊരു ഹൃദയദ്രവീക-           രണമായേക്കുമത്.അത്  വേണ്ട..let us reconcile എന്നു പറഞ്ഞ് നമുക്ക്  സന്ധിയില്‍ ഏര്‍പ്പെടാം.എന്റെ രാജ്യം എനിക്കും നിന്റെരാജ്യം നിനക്കും മുഫ്ത്ത്...ഫ്രീ..no interfere at all..പരസ്പരം അധിനിവേശപ്പെടാതെ  എന്റെ മഖ്മല്‍ മൊഹബ്ബത്തേ, സ്വതന്ത്രമാകട്ടെ നമ്മുടെ പ്രണയാകാശം..

അപ്പോ പറഞ്ഞപോലെ നാളെ രാവിലെ..

എന്തിനാണിപ്പോള്‍
ഇതൊക്കെ ആലോചിക്കുന്നത്?

എട്ട് മക്കളുണ്ടായിട്ടും
ആ വല്യവീട്ടിലൊറ്റയ്ക്ക് കഴിയുന്ന
വല്യമ്മച്ചിയുടെ കാര്യം,

മണ്ണൊട്ടും നനയ്ക്കാതെ
ഒന്നിനെയുമുണര്‍ത്താതെ
കാലം തെറ്റി വന്ന്,
പെയ്തു തീര്‍ന്നെന്നു
പറഞ്ഞുപോയ
ഇക്കൊല്ലത്തെ മഴകളെ,

നഗരത്തിലിന്നലെ
മത്സരയോട്ടത്തില്
ഒറ്റയിടിയ്ക്ക് തീര്‍ന്ന
രണ്ട് പിച്ചക്കാര് പിള്ളേരെപ്പറ്റി,

കണാരേട്ടന്റെ
മുടിഞ്ഞുപോയ കൃഷിയേയും
ബസ് സ്റ്റോപ്പിലെ
പൂട്ടിപ്പോയ
ഏക പെട്ടിക്കടയേയും കുറിച്ച്..

എന്തിനാണ് ഇതൊക്കെയിപ്പോഴും
ആലോചിക്കുന്നത്?

കുപ്പമഞ്ഞളിന്റെ
ചുവപ്പുമഞ്ഞയെ,
ഉച്ചയ്ക്ക്
കൂട്ടുകാരന്‍ തന്ന
ഉമ്മയെ,
കളഞ്ഞുപോയ
ആ ഓറഞ്ചുപെന്‍സിലിനെ,
എപ്പോഴും പിണങ്ങുന്ന
നാലാം ക്ളാസ്സിലെ
സെലിന്‍ ജോസഫിനെ ,

സെലിന്‍..
അവള് പറയാറുണ്ട്,
നീയൊക്കെ തനി ക്ളീഷേയാണെന്ന് ..
അവളെ കേട്ട്,
ബോബ് ഡിലന്റെ
''ത്യ്രൂ ഇറ്റ് ആള്‍ എവേ''മൂളി,
ചുമ്മാതെയുള്ളൊരു
ജാഥയില്‍
ചുമ്മാതെയൊന്ന് 
കേറിയിറങ്ങി,
ക്ഷീണിച്ച്,

ഒടുക്കം  പിന്നെയും
ഈ കലുങ്കേലിരുന്ന് ,
കുന്നിറങ്ങി വരുന്നൊരു
ചൂട്ടുകററയെ ഓര്‍ത്ത്,
ബി.പി.എല്ലുകാര്‍ക്ക്
വെട്ടിക്കുറച്ച
ഇരുപത് കിലോ
റേഷനരി വീതത്തേപ്പറ്റി
ആലോചിക്കാന്‍ തുടങ്ങി..