"ഒരു ജീവിതം മുഴുവന്‍ കെട്ടിപ്പടുത്തുകൊണ്ടുവരുന്ന ഒരാളുടെ ബിംബം എങ്ങനെ അല്പസമയത്തിനുള്ളില്‍ മരണം മാറ്റിക്കളയുന്നു.."
ആനന്ദിന്‍റെ ഈ വരികള്‍ എന്നെ ശൂന്യയാക്കി..ഓരോ മരണവും ഓരോ കയങ്ങള്‍ തരും..മുങ്ങിനിവരാനാവാത്ത അത്യഗാധതകള്‍ ആണവ!എന്‍റെ അച്ഛച്ഛന്‍ ഒരു കഥാസമ്രാട്ട് ആയിരുന്നു..കണക്കില്ലാതെ ഞാന്‍ കഥകള്‍ കേട്ടിട്ടുണ്ട്..അതിരാവിലെ ഓടി ഞാന്‍ അച്ഛച്ഛന്‍റെ മടിയിലിരിക്കും..അദ്ദേഹം ഒരു കരിമ്പടം കൊണ്ടെന്നെ മൂടും..മുഖം മാത്രം വെളിയിലാക്കി കുഞ്ഞുകാത് കൂര്‍പ്പിച്ച് കഥക്കെട്ടെല്ലാം ഞാനെന്‍റെ തലയിലേയ്ക്ക് കുടഞ്ഞിടുവിപ്പിക്കും..ഒരിക്കല് ഒരു ശൂന്യക്കഥ കുടഞ്ഞിട്ടുതന്ന് അദ്ദേഹം പോയി....ഇടക്ക് ആ കരിമ്പടം പുതച്ചുനോക്കി കഥ കാത്തിരുന്നിട്ടുണ്ട് ഞാന്‍..പക്ഷേ നിശ്ശബ്ദതകള് ഒരു കുന്ന് ചെവിയില് ചൊരിഞ്ഞുതന്ന് അദ്ദേഹം പിടിതരാതങ്ങ് കടന്നുകളയും..
ആശുപത്രിക്കിടക്കയില് അമ്മ എന്നും ശാന്തയായികിടന്നു..വേദനയെ അമ്മയൊരു സഖിയാക്കി കൂടെക്കിടത്തി..ഇടയ്ക്ക് അവള്‍ അമ്മയുടെ തലയില്‍ കേറും..നീറ്റി രസം തീര്‍ത്തിട്ട് ഇറങ്ങിപ്പോകും..ഒരു ദിവസം അടുത്തിരുന്ന എന്‍റെ കൈയ്ക്ക് അമ്മ മുറുകെപ്പിടിച്ചു..എന്നെ നോക്കി.. തറച്ച്,.ആ സമയം ജീവിതത്തോടുള്ള ആസക്തി മുഴുവന്‍ ആ കണ്ണുകളില് ഞാന്‍ കണ്ടു..എനിയ്ക്ക് അമ്മയോട് വല്ലാതെ പാവംതോന്നി.അമ്മയെ വാരിയെടുത്ത് മരണം വരാത്ത യേതെങ്കിലുമൊരു മറയിടത്തിലേക്കു പായാന്‍ തോന്നി.വിറക്കുന്ന അമ്മയെ കിടത്തിയിട്ട് ഞാന്‍ നഴ്സിംഗ് റൂമിലേക്കോടി. വേണ്ടെന്നു പറഞ്ഞ് ചിറ്റമാരെന്നെ വരിഞ്ഞു പിടിച്ചു.ഇതാണെന്‍റെ പ്രിയപ്പെട്ടതിന്‍റെ മരണം..പക്ഷേ എനിയ്ക്കതപ്പോള് മനസ്സിലായില്ല! അമ്മയുടെ സാരികളില്‍ മുഖംപൂഴ്ത്തി ഇന്നും ഞാനമ്മയെ തിരയാറുണ്ട്..ചെറിയ ഓരോ കിതപ്പുകളെനിക്കിടക്കിടെ തന്നിട്ട് അമ്മ സ്ഥലം വിടും..
മരണം ചീത്തയാണ്.പക്ഷേ ജീവിതം അതിനേക്കാള്‍ നല്ലതൊന്നുമല്ല "എന്ന് ഒരു വിഖ്യാതറഷ്യന്‍നോവലില്‍ തീംക ഷ്തൂകിന്‍ എന്നൊരുറഷ്യന്‍ കഥാപാത്രം പറയുന്നുണ്ട് .ജീവിതവും മരണാനന്തരജീവിതവും തമ്മിലൊരു പാലമുണ്ടായിരുന്നെങ്കില്‍ ..ഇടയ്ക്കിടെ ആ പാലത്തിലൂടെ കുറെ ദൂരം സഞ്ചരിച്ച് തിരികെ വരാമായിരുന്നു..പക്ഷേ ..
മരണം അസ്സഹനീയമാണ്.എന്‍റേതല്ലാത്ത ആരുടേയും..