രണ്ടു നാള്‍
അയാള്‍ സുഷുപ്തിയിലായിരുന്നു..
മൂന്നാംദിനമാ
കറുപ്പുമയക്കത്തില്‍ നിന്നും
വെളിപാടുകൊണ്ടെണീറ്റയാള്‍
അദ്ഭുതകരമായി
മണം പിടിക്കാന്‍ തുടങ്ങി!
ആദ്യമമ്പരപ്പില്‍ കുഴങ്ങി
പിന്നെ തന്‍റെ
നാസാരന്ധ്രങ്ങള്‍ ത്വരിതം
തുറക്കുമതിജാലവിദ്യയില്‍
ഊറ്റം കൊണ്ടു..
ഒന്നാമതായ് കിട്ടിയത്
കായല്‍ ചേറിന്‍റെ മണം..
തന്‍റെയുടല്‍ വമിപ്പിച്ചയാ
രാസപ്രവാഹത്തിലലിഞ്ഞയാള്‍
ഒരു പച്ചത്തവളയായി..
രാത്രിയൊരുന്മാദസ്വപ്നത്തില്‍ നി-
ന്നുന്നിദ്രമെണീറ്റ്
സ്വയം ഭോഗിച്ചമൂല്യ-
ജീവകണങ്ങള്‍ പൊഴിച്ചടങ്ങവേ
പെട്ടെന്നാ മൂക്കുകുഴല്‍ തുറന്നു!
അതുറക്കെ പ്രഖ്യാപിച്ചതൊരു
കര്‍പ്പൂരഗന്ധം!?
ഞെട്ടി സാഷ്ടാംഗം പ്രണമിച്ചയാളതിനെ..
അതിദ്രുതം മുഖം ചേക്കേറ്റിയെന്നിട്ടാ
പുതപ്പിന്‍ ലജ്ജയില്‍..
വയലില്‍,വഴിയിടങ്ങളില്‍,
ആശുപത്രി വരാന്തയില്‍
പ്രസവമുറിയില്‍,ഉറവുതിരും
രതിസമ്മേളനങ്ങളില്‍
അപൂര്‍വ്വമണങ്ങളിലുഴറി-
യലിഞ്ഞയാളൊരു ഗന്ധക്കൂട്ടായി..
പ്രേമമുയിര്‍ത്തൊരു രാത്രിയില്‍..
അവളുടെ കുളിക്കാത്ത ഉടലാരണ്യത്തില്‍
മൂക്കു കൂര്‍മ്പിക്കവെ..
പൂത്ത കണ്ണുകള്‍ കൂമ്പിയയാള്‍
പറഞ്ഞു:
''ഇവള്‍ക്ക് പാമ്പിന്‍റെ മണം''.
നേരിന്‍റെ മണങ്ങളൊരു പിടി,യേറ്റി
അയാള്‍ മണക്കുകയാണ്..
[പ്രചോദനംഃഎന്‍റെ ഒരു പ്രിയ സുഹൃത്ത്,അദ്ദേഹം ഒരു ഗന്ധാസ്വാദകനാണ്]