Friday, 29 January 2016

ഈ പലകുറി പ്രവേശങ്ങള്‍ പറയുന്നത്.........

=======================

ആറ്റുവെള്ളത്തില്
മൂന്നാംവട്ടം
മുടിയുലുമ്പി നിവര്‍ന്നപ്പോഴാണ്
വേദനയുടെ ഒരു മുടിക്കീറ്
അവശേഷിപ്പിച്ച്
പതിന്നാലാമത്തെ പ്രേമവും
ഒഴുകിയകന്നത്..

തൊണ്ടിപ്പഴം പോലെ ചുമന്ന് ഒരു പ്രേമം,
നിലാവിലുതിര്‍ന്ന മറ്റൊന്ന്,
വഴിവക്കില്‍ നിന്നത്,
അയല്‍വക്കത്തെ തൊടിയില്‍ കിളിര്‍ത്തത്,
ആകാശക്കാഴ്ച തന്നത്,
ഇനിയും  പേരിടാതെ,നീലച്ചും
ചോന്നും പോടായും
ഓര്‍മക്കളങ്ങളില്‍
സ്ഥലം പിടിച്ചവയുടെ കൂട്ടായി
ഇന്നീ പതിന്നാലാമത്തേതിനേയും
അക്കമിട്ടിരുത്തി,
സ്വസ്ഥമാക്കി..

എല്ലാ പ്രേമവഴികള്‍ക്കും
കഞ്ചാവിന്‍റെ മണമാണ്,
ഞൊടിയിലവിടെ കാടുകള്‍ പൂക്കും.
വടിവൊത്ത നീളന്‍ കാല്‍പാടുകളുടെപുറകെ പോയാല്‍ മതി,
പൂത്ത ഗന്ധമാദനത്തെയും
വിരല്‍ത്തുമ്പിലാക്കാം,
നിലാവ് കുടിക്കാം,
ലക്കില്ലാതെ ഓടി
നിഴലുകളുമായി കൂട്ടിയിടിക്കാം,
മരച്ചില്ലയില്‍ തൂങ്ങിയാടി,പെരുവിരലെത്തി ച്ച്
ആകാശത്തെ തൊടാം ,
തോന്ന്യാമലകള്‍ ചവിട്ടിക്കയറാം .

ഒരു മുന്‍പ്രേമത്തെ
വീണ്ടും കണ്ടുമുട്ടിയെന്നാല്‍
  അതിന്‍റെ കണ്‍തടങ്ങള്‍  നോക്കുക,
പ്രേമവടുക്കള്‍ കാണും.
പത്താം പ്രേമത്തെ നീണ്ട ഇടവേളക്കു ശേഷം
കണ്ട്,അതിന്‍റെ ദീര്‍ഘിച്ച വടുക്കറുപ്പിലൊന്നില്‍ 
'മര്‍ഹം 'പുരട്ടി ,സന്ധിയായി.

ആദ്യത്തേതും പതിമൂന്നാമത്തേയും
പ്രേമങ്ങള്‍
പിറവിയെടുത്ത വിശുദ്ധ 'സംസം' ഉറവകള്,
ഇലയനക്കം പോലൊരൊമ്പത്,
  ഉന്മാദത്തിന്‍റെ കിണറുകള്‍
തുറന്നു തന്നത് മൂന്നും ആറും,
പതിനൊന്നാം പ്രേമമൊരു
മിഠായിച്ചുവപ്പ്,
അഞ്ചൊരു രാത്രി,പത്ത് പകലുപോലെ
നേരുകേടിന്‍റെ കരിങ്കുപ്പായത്തില്‍
ഒരേഴാം ഇഴ,
രണ്ടിനും നാലിനുമൊരേ പോലുള്ളിരട്ടമുഖങ്ങള്‍,
എട്ടൊരു കിനാവിന്‍റെ ചിരി,
സ്മൃതിവര പോലുമിടാതെയൊരു പന്ത്രണ്ട്!

പ്രേമമൊഴിഞ്ഞ ദിനങ്ങള്‍ക്ക്
ഒരിരുട്ടുമുറിയുടെ തണുപ്പാണ്.
പതിന്നാലാം പ്രേമവുമൊഴിഞ്ഞുപോയ
ആ രാത്രി,
മുഴുവന്‍ പ്രേമങ്ങളും അടുത്തുവന്ന്
കിടക്കയില്‍ ചേര്‍ന്നുകിടന്നു,
അവരുടെ നിശ്വാസങ്ങള്‍ക്ക്
ഒരേ താളമായിരുന്നു,
ഒരേ ശരീരഗന്ധങ്ങള്‍ വമിപ്പിച്ച്
അവര്‍ മുറി നിറച്ചു,
പ്രേമപാടവം  വര്‍ണിച്ച
അവരുടെ കഥകളെല്ലാം
ഒരേ തരമായിരുന്നു,
തിടുക്കത്തിലവര്‍  മുഖംമൂടി  മാറ്റി,
ഒരേ മുഖത്തോടെ അവരുടെ
ചുണ്ടുകള്‍ ഒരേ ചിരി  വരച്ചു,
താടി പിടിച്ചുയര്‍ത്തി,അവരാ ചിരി
ഈ ചുണ്ടില്‍ ചേര്‍ത്തു,കരളില്‍ തലോടി........

മുറ്റത്തെ
മൈലാഞ്‌ചിത്തലപ്പിന്നും  'ബഹാറി'ന്‍റെ ഈണം,
നിലാവ്  പൊഴിയുന്നുണ്ട്,
ഇണയെത്താതെ ഒരു  കാറ്റ്
പുറത്ത്  കാത്തുനില്‍പുണ്ട്,
'നീ'ഒരു നോട്ടം നീട്ടുന്നുണ്ട്,
'ഞാന്‍ '  ഈ  സിത്താറില്‍ ശ്രുതിയിണക്കട്ടെ..