പ്രകാശാ,നിന്റെ സ്ഥിരം വഴികളേതൊക്കെ?
നടപ്പുകൊതി വീണു വീണ്
ചെത്തം കൂടിയ
പള്ളിക്കൂടം വഴിയോ?
പാൽമിഠായി മണമുള്ള
കാദർക്കാടെ പീടികവഴിയോ,
വിരഹം പറ്റിപ്പിടിച്ച് ദീർഘിച്ചുപോയൊരു
കുണ്ടിടവഴിയോ..
പള്ളിപ്പടി തൊട്ട്
ഷാപ്പ് വരെയുള്ള
അര ഫർലോംഗ് വഴി
നിന്റെലഹരിയുടഞ്ഞൊഴുകി
കുതിർന്നുപോയ
ഒരു തുറന്ന പാട്ടാണ്.
ചൂളമടിക്കുന്ന കലുങ്കുവഴിയിൽ
നിന്റെ കൗമാരത്തലപ്പുകൾ
കലഹം പറയുന്നുണ്ട്,
ആരവങ്ങൾ വഴിതിരിഞ്‌ഞ്
സ്ക്കൂൾ ഗ്രൗണ്ടിലേയ്ക്കൊരു
ചാലുവഴി തെളിച്ചിട്ടുണ്ട്,
വനജയുടെ വീട്ടിലേയ്ക്കുള്ള
വഴിയുടെ തുടക്കം
ഒരു ദേവദാരം നിൽപ്പുണ്ട്,
രണ്ട് അണലികൾ, കെട്ടുപിണഞ്ഞൊരു വഴി
വടക്ക്വോറത്ത്
രതി തീരാതെ പുളഞ്ഞുകിടപ്പുണ്ട്,
പ്രണയം ഉതിർന്നു തീർന്ന
വേരുകൾ പിണഞ്ഞൊഴുകിയ മരങ്ങൾ
ഭാര്യവീട്ടിലേയ്ക്കുള്ള വഴിയേ
തണൽ വിരിക്കുന്നുണ്ട്..
അച്ഛന്റെ
സ്ഥിരം നോട്ടം പതിഞ്ഞുരുകിയ
വീട്ടിലേയ്ക്കുള്ള വഴി, പോക്കുവെയിലായിന്ന്
ചാരുകസാലയിൽ കയറിക്കിടപ്പുണ്ട്.
നെറികെട്ട
ചില ആവേഗങ്ങൾ,
തലച്ചോറ് തുളച്ച് കണ്ണുകെട്ടിയപ്പോൾ
നീ പോയ
ആയുസ്സിണങ്ങാത്ത
പിരിയൻവഴി
തെക്കോട്ടായിരുന്നല്ലേ..
അച്ഛനിലേയ്ക്കുള്ള ആ വഴി
നടന്നപ്പോൾ
ചിരിക്കുന്ന മാലാഖമാര്
കൂട്ടുനടന്നുകാണും;പ്രകാശാ
അന്ന് നീ എത്ര കാതം താണ്ടി?