നിദ്രയെന്താണ,തിരുട്ടുകോട്ട തന്‍ തളത്തിലൂടോരിരച്ചു പാച്ചിലോ?
മയക്കി നാസാരന്ധ്രംതുറപ്പിക്കും ഗന്ധപ്രവാഹമോ?
കറുപ്പുചാലിച്ചൊരുങ്ങി മേവുന്നൊരു നിശാ ശാലയോ,
കറുപ്പുതിന്നങ്ങു പുളച്ചു പൊങ്ങിയൊരു കൊടുംകാടോ..
കുളിര്‍ന്ന മേടോ നിരന്ന മേഘച്ചടുലപ്രവാഹമോ,
നനുത്ത കാറ്റോ പിറന്ന കുഞ്ഞിന്‍റെ നവമൃദുസ്മേരമോ,
രാവോ നിലാവോ ചിരിയോ സ്വരങ്ങളോ രാക്കിളിപ്പാട്ടോ,
നീരറ്റകണ്ണിന്നൊടുക്കമായൂറിയോ-രശ്രുപ്രവാഹമോ?
തികച്ചുമദ്ഭുതപ്രപഞ്ചമാണെന്നെയുറക്കുമീ നിദ്ര,
കിണഞ്ഞുനോക്കിലും
പിടിതരാത്തൊരു കടംകവിതപോല്‍
കരങ്ങള്‍ മാന്ത്രികം വിരിച്ചുനീട്ടി മയക്കുമക്ഷണം
നയിച്ചുകൊണ്ടങ്ങു കടത്തിടും, മേനി തളര്‍ത്തിടും,പിന്നെ
ഇരുളു പൊന്തുന്ന കാണാക്കയങ്ങളില്‍ നടത്തിടും ,
പല മിഴിഞ്ഞ കാഴ്ചകള്‍ കുടഞ്ഞിടുമെന്‍റെയടഞ്ഞ കണ്‍കളില്‍..
ഉയര്‍ന്ന ചില്ല മേലൂയലാടിച്ചങ്ങു പറത്തിയോടിക്കും,
കുരുന്നു തെന്നലിന്‍ തോളിലേറ്റിച്ച് പാല്‍കാവടിയാട്ടും,
ഇടയ്ക്കിടെ തെല്ലുഭയപ്പെടുത്തുവാന്‍ കണ്ണുകെട്ടിച്ചങ്ങ്,
പറത്തിടും കുന്തമുനയിലേറ്റിയൊരു താരവേഗത്തൊടെ..
പരീക്ഷീണര്‍ ഞങ്ങളുടല്‍- സമരങ്ങളില്‍ മടുത്തുപോയവര്‍
തുടിച്ചു നീന്തിക്കരപറ്റിയിട്ടും പേര്‍ത്തലച്ചിടുന്നവര്‍
അതൊക്കയാവാം നിദ്രേ! നിനക്കു വശംവദര്‍ ഞങ്ങള്‍
കൊതിച്ചിടുന്നു ,സര്‍വ്വം മറന്നാ നിതാന്തനിദ്രക്കായ്ക്കായ്!