എന്തിനാണിപ്പോള്‍
ഇതൊക്കെ ആലോചിക്കുന്നത്?
എട്ട് മക്കളുണ്ടായിട്ടും
ആ വല്യവീട്ടിലൊറ്റയ്ക്ക് കഴിയുന്ന
വല്യമ്മച്ചിയുടെ കാര്യം,
മണ്ണൊട്ടും നനയ്ക്കാതെ
ഒന്നിനെയുമുണര്‍ത്താതെ
കാലം തെറ്റി വന്ന്,
പെയ്തു തീര്‍ന്നെന്നു
പറഞ്ഞുപോയ
ഇക്കൊല്ലത്തെ മഴകളെ,
നഗരത്തിലിന്നലെ
മത്സരയോട്ടത്തില്
ഒറ്റയിടിയ്ക്ക് തീര്‍ന്ന
രണ്ട് പിച്ചക്കാര് പിള്ളേരെപ്പറ്റി,
കണാരേട്ടന്റെ
മുടിഞ്ഞുപോയ കൃഷിയേയും
ബസ് സ്റ്റോപ്പിലെ
പൂട്ടിപ്പോയ
ഏക പെട്ടിക്കടയേയും കുറിച്ച്..
എന്തിനാണ് ഇതൊക്കെയിപ്പോഴും
ആലോചിക്കുന്നത്?
കുപ്പമഞ്ഞളിന്റെ
ചുവപ്പുമഞ്ഞയെ,
ഉച്ചയ്ക്ക്
കൂട്ടുകാരന്‍ തന്ന
ഉമ്മയെ,
കളഞ്ഞുപോയ
ആ ഓറഞ്ചുപെന്‍സിലിനെ,
എപ്പോഴും പിണങ്ങുന്ന
നാലാം ക്ളാസ്സിലെ
സെലിന്‍ ജോസഫിനെ ,
സെലിന്‍..
അവള് പറയാറുണ്ട്,
നീയൊക്കെ തനി ക്ളീഷേയാണെന്ന് ..
അവളെ കേട്ട്,
ബോബ് ഡിലന്റെ
''ത്ര്യൂ ഇറ്റ് ആള്‍ എവേ''മൂളി,
ചുമ്മാതെയുള്ളൊരു
ജാഥയില്‍
ചുമ്മാതെയൊന്ന്
കേറിയിറങ്ങി,
ക്ഷീണിച്ച്,
ഒടുക്കം പിന്നെയും
ഈ കലുങ്കേലിരുന്ന് ,
കുന്നിറങ്ങി വരുന്നൊരു
ചൂട്ടുകററയെ ഓര്‍ത്ത്,
ബി.പി.എല്ലുകാര്‍ക്ക്
വെട്ടിക്കുറച്ച
ഇരുപത് കിലോ
റേഷനരി വീതത്തേപ്പറ്റി
ആലോചിക്കാന്‍ തുടങ്ങി..