Thursday, 6 July 2017

പത്തൊമ്പതില്..

പത്തൊമ്പതില്
പാദസരം
പതിവേറെ കിലുക്കുന്നുണ്ടെന്ന്
പഴിച്ചുപഴിച്ചെപ്പോഴും അമ്മ,

പത്തൊമ്പതൊന്നു കഴിഞ്ഞോട്ടെ..
പിടിച്ചു  കെട്ടിച്ചുവിടണമെന്ന്
പിടിപിടീന്നെപ്പോഴും
പറഞ്ഞച്ഛന്‍,

പത്തൊമ്പതിന്റെ പ്രാന്ത്
പിശകാണെന്നമ്മേ തോണ്ടി
പിറുപിറുക്കുന്നമ്മൂമ്മ,

പത്തൊമ്പതായിട്ടേയുള്ളൂ
പാലംകുലുക്കി നടത്തംന്ന്
പുച്ഛിച്ചുപുച്ഛിച്ച് ആളോള്,

പത്തൊമ്പതിന്റെ
പാരമ്പര്യം കാണിച്ചോടിപ്പോയി
പാറുക്കുട്ടിച്ചേച്ചിയേപ്പോലെ
പണിപറ്റിയ്ക്കല്ലേന്ന്,
പത്തൊമ്പതിലും
പത്തിന്റെ ഗുണം പോലുമില്ലെന്ന്,
പത്തൊമ്പത് കഴിഞ്ഞുകിട്ടിയാല്‍
പണി പകുതി തീര്‍ന്നപോലെന്ന്,
പത്തൊമ്പതൊരു വല്ലാത്ത
പരവേശപ്പെടലെന്ന്..

ഒടുക്കം
പത്തൊമ്പതിന്റെ
പരത്തിപ്പറയലില്‍
,പിണങ്ങിമടുത്ത്,
പിരിയിളകി,
പണ്ടെങ്ങോ  ഒരു കാറ്റ് ചെയ്തപോലെ
പാളി തുറക്കാത്ത വാതില്
പൊളിച്ചടുക്കി,
പൂമുഖപ്പടി ചാടി,
പാടവരമ്പിനെ തൊങ്കിത്തൊട്ട്,
പടിഞ്ഞാട്ട് പാഞ്ഞ്
പത്തൊമ്പതിന്റെ
പാട്ട് മൂളുന്നൊരു
പാതിരാച്ചൂളമായി..