ഹിന്ദി കവിതാസാഹിത്യത്തിലെ ഛായാവാദി ധാരയിലെ പ്രധാന കവിയാണ് ശ്രീ സൂര്യകാന്ത് ത്രിപാഠി നിരാല..അദ്ദേഹത്തിന്റെ ഒരു കവിത മൊഴിമാറ്റം ചെയ്യാന്‍ ശ്രമിച്ചതിതാ..തോഡ്ത്തീ പത്ഥര്‍
കല്‍പ്പണിക്കാരി
==============
കണ്ടു ഞാനൊരു കല്‍പ്പണിക്കാരിയെ,
ഭംഗിയേറുമലഹബാദിന്‍ വഴീല്‍.
ശ്യാമസൗഭഗയൗവ്വനജ്ജ്വാല തന്‍
തീക്ഷ്ണവേഗങ്ങളാകിലും പാടല-
ച്ഛായ ചോപ്പിച്ചു താഴ്ത്തിയ കണ്‍കളും
വേല കൂര്‍പ്പിച്ചെടുത്ത മനവുമായ്
കണ്ടുഞാന്‍ പണിക്കാരിയെ,ചോര്‍ന്നിടാ-
ഭംഗിയുള്ളോരലഹബാദിന്‍ വഴീല്‍ ..
ഊക്കില്‍ വീശുന്ന ചുറ്റികക്കൈകളാല്‍
പേര്‍ത്തുപേര്‍ത്തങ്ങുടച്ചും വിയര്‍ത്തൊലി-
ച്ചാര്‍ത്തു ചെന്നാ നിഴല്‍സ്പര്‍ശമല്പവു-
മേറ്റിടാ മരച്ചോട്ടിലിരുന്നതാ
നോക്കിടുന്നൂ വിദൂരെ തണല്‍ നീട്ടും
കോട്ട കൊത്തള ലാലസാമോദത്തെ..
സാധ്വി !വേവില്‍ ഹതാശമിരിപ്പവള്‍
ഭംഗിയേറുമലഹബാദിന്‍ വഴീല്‍..
ഉഷ്ണവാതായനങ്ങള്‍ തുറന്നിട്ടൊ-
രുച്ച നീളന്‍പദം വച്ചടുക്കവേ,
ഉദ്ഗമിക്കുന്ന നിര്‍ലജ്ജതാപങ്ങ-
ളുര്‍വി തന്നകം ചുട്ടുപൊള്ളിക്കവെ,
ഏറെയുള്‍ത്തപം നെഞ്ചോടടുക്കിലും
വീറിലായുധം വീശി,നീ ചാട്ടുളി-
പോലെറിഞ്ഞൊരാ നോട്ടമെന്നുള്ളിലേ-
യ്ക്കൂളിയിട്ടതിന്‍ വിഹ്വലദീപ്തിയില്‍,
കണ്ടു ഞാന്‍ യുഗവിപ്ളവത്തീനിറം
കമ്പിതമാകുമാ ഗാത്രമൊക്കെയും.
മെല്ലെ വേര്‍പ്പു തുടച്ചുകൊണ്ടക്ഷണം
കര്‍മമാര്‍ഗത്തില്‍ തല്ലീനയായവള്‍,
ഓതി 'ഞാനൊരു കല്‍പ്പണിക്കാരി', നല്‍-
ച്ചേലില്‍ വിശ്വം പടുത്തുയര്‍ത്തുന്നവള്‍.