ഝര്‍ന*
====== കവി:ശ്രീജയശങ്കര്‍പ്രസാദ്
മലയാളം: നിഷാ നാരായണന്‍
എന്തനുസ്യൂതമിതെന്തു പ്രഭാവിത-
മെന്തതിദീപ്ത തരംഗിത ഭാവം,
എന്തൊരു ചൊടിയി,തിലില്ല ഹലാഹല-
മെന്തിതു രസമേ,സുന്ദരി ഝര്‍നേ..
ഏതു മഹാചലപാളിയടര്‍ന്നതി-
നേതു രഹസ്യതലത്തിലുണര്‍ന്നൂ..
ഏതവിചാരിത സമയരഥത്തി-
ന്നാണിയിടും മേധാവിനി ഝര്‍നേ..
എത്രതിവേഗമുണര്‍ന്നു കവിഞ്ഞിവ-
ളിപ്പുതുമാരിയിലെത്രയുമാഴം!
എത്രശ്ശമപ്പോള്‍ ഹൃത്തുരുവിട്ടവ-
ളത്ര ശുഭാംഗി ,വിലാസിനി ഝര്‍ന.
എവ്വിധമീച്ചെറുധാര, നിരുത്സവ-
മെയ്മന,മനിതരമുര്‍വ്വരമാക്കി,
എങ്ങനെ പ്രേമിനി കന്യയൊരാളുടെ
കണ്‍നിറയിച്ചതിരാഗിണി ഝര്‍നേ..
രാഗിലഭൂവില്‍,വൃക്ഷ,ലതാഹരിത-
ഛദഛായയിലിച്ചുടുജീവനില്‍,
പ്രാണനില്‍,മോഹിനി ഝര്‍നേ...നിന്നുടെ
ശീതളധാരാസവമതു നീളെ,
ഇഭ്ഭുവി,നീയും,മുഴുതിങ്കളുമായൊ-
ത്തൊരു കനവിലുലാവിന ഞാനും..
*അരുവി