Friday 30 August 2013

സ്വത്വം

ഇന്നലെ കാറ്റത്ത്
അയയിലിട്ടിരുന്ന
എന്റെ കുപ്പായം പറന്നുപോയി!

ഓ ,സാരല്ല്യ..
അതിന്റെ രണ്ടു
കുടുക്കുകള്‍ പോയതാ....
കുപ്പായക്കൈ
ശകലം കീറിയതും
നിറം കുറച്ചു മങ്ങിയതുമൊക്കെയാ,..

രാവിലെ
കാറ്റിന്റെ ചിറകിനിടയില്‍
അതിന്റെ കൈ കണ്ടു
ശ്ശോ!നെഞ്ചൊന്നു പിടഞ്ഞു!

തണലിടം പോലെയെത്ര
മേലോടൊട്ടിയതാ..

വെയില് തിന്നെന്റെ
നേര്‍ക്കയക്കുമത്
ഒരു ചെറുചുടുനോട്ടം..

സ്നേഹപ്രാന്തേറി
ഒരു ദിവസമതിനെ
എടീ' എന്നു വിളിച്ചപ്പോള്‍
മറുമൂ ളലില്
ഒരു പെണ്‍സുഗന്ധം!
ആഹാ!എന്നിലൊരു
സഖിത്വം ഊറീട്ടോ..

രാവിലെ ഉണങ്ങാനിടുമ്പോള്‍
അവള്‍ സ്നിഗ്ദ്ധയാകും..
നമ്രതയിലൊട്ടി
നഖംകടിച്ച്..
വൈകിട്ടെന്നെ തോണ്ടി
സൊറ പറയും,

തെക്കേലെ ചെക്കനെയൊന്ന്
കണ്ണടിച്ചതിന്
അവളെന്നെ ഗുണദോഷിച്ചു,.
അവളെ പറിച്ചെറിഞ്ഞന്നു ഞാന്‍
കടുംചീത്ത വിളിച്ചു,..
എനിയ്കു ഗുണദോഷം
പണ്ടേയിഷ്ടല്ല..

എങ്കിലുമവള് പോയല്ലോ
എന്നെയുരിഞ്ഞ്
നാണം കെടുത്തി
ആ മണകുണാഞ്ചന്‍
കാറ്റൊന്നുരുമ്മി-
യെന്നും പറഞ്ഞ്!
ചങ്കു പൊടിയണെന്റെ
ശിവനേ..

വയറൊട്ടിച്ച്
തൊണ്ടയുണക്കി
അവള് കാരണം
കുത്തിയിരുന്നപ്പോള്‍
തീവ്രനൊരുള്‍ചിന്ത,.

ഒരു ഏണിയെടുത്ത്
വലിഞ്ഞുകേറി
''മേഘവായ്  നോക്കി''കളെ
കുടഞ്ഞെറിഞ്ഞ്
എത്തിയൊരു പിടുത്തം..
ഹമ്പടാ!അവളെന്റെ
നെഞ്ചത്ത്!

കണ്ണുരുമ്മി
കൈകോര്‍ത്തൊ-
രേ കിനാക്കണ്ട്..
ഞങ്ങള്‍ രണ്ടു സഖിമാര്‍..

3 comments:

  1. does this explain the delay to update? :P
    well, maybe she was with the wrong company or she thought so and wanted a change and a day out with the wind :D
    this is superb stuff...
    and this image? your creation?

    ReplyDelete
  2. i guess you could be great at teaching malayalam too!
    happy off day...

    ReplyDelete